യുവത്വത്തിന്റെ ആഘോഷയാത്ര..! ആനന്ദം
‘‘പേരുപോലെ തന്നെ ആനന്ദകരമാണ് ഈ ചിത്രം. ഫീൽ ഗുഡ് ഫിലിം. വിനീതേട്ടനാണ് ‘ആനന്ദം’ എന്നു പേരിട്ടത്. പ്രേക്ഷക മനസുകളിൽ ഈ സിനിമ സന്തോഷം നിറയ്ക്കുമെന്നു പ്രതീക്ഷിക്കുന്നു...’’ ആനന്ദത്തിന്റെ വിശേഷങ്ങളുമായി സംവിധായകൻ ഗണേഷ് രാജ്...

പുതുമകൾ, വ്യത്യസ്തതകൾ...

17–21 ഏജ് ഗ്രൂപ്പിലുള്ള(കമിംഗ് ഓഫ് ഏജ്) കുട്ടികളെക്കുറിച്ച് ഒരു ഫുൾ ഫിലിം വന്നിട്ടു കുറച്ചുനാളായി. ആ പ്രായത്തിലുള്ള കുട്ടികളുടെ ജീവിതത്തിൽ ആ സമയത്ത് എന്താണു സംഭവിക്കുന്നതെന്ന് അന്വേഷിക്കുന്ന സിനിമയാണ് ആനന്ദം. ഫ്രഷ് ഫീൽ നല്കുന്ന ഈ സിനിമ വിഷ്വലായും മികച്ച ട്രീറ്റായിരിക്കും. നേരം, പ്രേമം തുടങ്ങിയ സിനിമകളുടെ കാമറാമാൻ ആനന്ദ് സി. ചന്ദ്രനാണ് ഈ സിനിമ ഷൂട്ട് ചെയ്തത്.

ആനന്ദുമൊത്തുള്ള അനുഭവങ്ങൾ..?

നേരവും പ്രേമവുമൊക്കെ ചെയ്യുന്നതിനു മുമ്പുതന്നെ ആനന്ദ് എനിക്കൊപ്പം കുറേ ഷോർട്ട് ഫിലിംസ്, മ്യൂസിക് വീഡിയോ, പരസ്യങ്ങൾ... ഒക്കെ ചെയ്തിട്ടുണ്ട്. ആറു വർഷമായുള്ള ബന്ധം. ഒരുമിച്ചു വർക്ക് ചെയ്യുമ്പോൾ ഞങ്ങൾക്കൊരു സ്റ്റൈൽ ഉണ്ടാവും. എക്സ്പിരിമെന്റിംഗ് ഉണ്ടാവും. ഇതിലും അത്തരം ചില പരീക്ഷണങ്ങൾക്കു ശ്രമിച്ചിട്ടുണ്ട്.

സംഗീതം, പാട്ടുകൾ...?

സച്ചിൻ വാര്യർ എന്ന ഗായകൻ ആദ്യമായി സംഗീതം നല്കുന്ന ചിത്രം. ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്നുള്ളത് എൻജിനിയറിംഗിന് ഒരുമിച്ചു പഠിക്കുമ്പോൾ മുതലുള്ള സ്വപ്നമായിരുന്നു. പ്ലസന്റായ സംഗീതം ഇഷ്‌ടപ്പെടുന്ന വ്യക്‌തിയാണു സച്ചിൻ. വിനീത് ശ്രീനിവാസൻ, മനു മഞ്ജിത്ത്, അനു എലിസബത്ത് ജോസ് എന്നിവരാണ് പാട്ടുകളെഴുതിയത്. അഞ്ചു പാട്ടുകൾ. സന്തോഷം തന്നെയാണ് എല്ലാ പാട്ടുകളുടെയും പ്രമേയം.

പുതുമുഖങ്ങളെ തേടിയതിനു പിന്നിൽ..?

17– 21 ഏജ് ഗ്രൂപ്പിലുള്ള ആക്ടേഴ്സിനെ വച്ചു ഷൂട്ട് ചെയ്യേണ്ട ചിത്രമാണെന്ന് എഴുതിക്കഴിഞ്ഞപ്പോൾ മനസിലായി. മലയാളത്തിൽ ഈ ഏജ് ഗ്രൂപ്പിലുള്ള എസ്റ്റാബ്ളിഷ്ഡ് ആക്ടേഴ്സ് ഇല്ല. നിലവിലുള്ള എസ്റ്റാബ്ളിഷ്ഡ് ആക്ടേഴ്സിനെ കാസ്റ്റ് ചെയ്താൽ അവരുടെ പ്രായത്തിനു ചേരില്ല. അത് എനിക്കും താത്പര്യമുണ്ടായിരുന്നില്ല. അങ്ങനെയാണ് ഓഡിഷനിലൂടെ ഏഴു പേരെ പ്രധാന വേഷങ്ങളിലേക്കു തെരഞ്ഞെടുത്തത്.

പുതുമുഖങ്ങളെക്കുറിച്ച്...?

നാല് ആൺകുട്ടികളും മൂന്നു പെൺകുട്ടികളും. മൂന്നുപേർ ഇപ്പോഴും കോളജിൽ പഠിച്ചുകൊണ്ടിരിക്കുന്നു. ഒരാൾ ഷൂട്ടിന് ഒരാഴ്ച മുമ്പു കോളജ് പഠനം തീർത്തു. ബാക്കിയുള്ള മൂന്നുപേർ പോയ വർഷങ്ങളിൽ കോളജ് പഠനം കഴിഞ്ഞവരും. നാലു പേർ എൻജിനിയറിംഗ് പഠിച്ചവർ. ഇപ്പോഴത്തെ കോളജ് ജീവിതവും യൂത്തിന്റെ ലൈഫും എന്തെന്നു കൃത്യമായി അറിയാവുന്നവർ. അക്ഷയ് എന്ന കഥാപാത്രമായി തോമസ് മാത്യു. ദിയ ആയി സിദ്ധി മഹാജൻകട്ടി. ബംഗളൂരു സ്വദേശിനി. പക്ഷേ, കഴിഞ്ഞ 10–12 വർഷമായി കേരളത്തിൽ പഠിക്കുന്നതിനാൽ മലയാളം സംസാരിക്കാനറിയാം. ഗൗതമായി റോഷൻ മാത്യു. ദേവികയായി അനു ആന്റണി. വരുണായി അരുൺ കുര്യൻ. കുപ്പി എന്ന കാരക്ടറിൽ വിശാഖ് നായർ. ദർശനയായി അനാർക്കലി മാരിക്കർ.
സിദ്ധി സ്കൂളിൽ എന്റെ ജൂണിയറായിരുന്നു. ഞാൻ 12 ൽ പഠിക്കുമ്പോൾ അവൾ രണ്ടാം ക്ലാസിൽ. സ്മാർട്ടായ, ഫ്യൂച്ചറുള്ള ഒരു കുട്ടി എന്നൊക്കെ അവിടത്തെ ടീച്ചർമാർ അവളെപ്പറ്റി പിന്നീടു പറഞ്ഞുകേട്ടിരുന്നു. ബാക്കി ആറു പേരെയും ഓഡിഷനിലാണ് ആദ്യമായി കാണുന്നത്. ഈ സിനിമയിൽ മിക്കവാറും എല്ലാവരും പുതുമുഖങ്ങളാണ്; ടീച്ചറിന്റെ വേഷത്തിലെത്തുന്ന വിനീത കോശിയും ക്ലാസിലെ മറ്റു കുട്ടികളായി എത്തുന്ന 25ലധികം പേരും.

ഏഴുപേർക്കും തുല്യപ്രാധാന്യമാണോ..?

ഏഴുപേരുടെയും ഫിലിമാണ്. രണ്ടാം പകുതി മുന്നോട്ടു നീങ്ങുമ്പോൾ നായകനും നായികയും ആരെന്നു പ്രേക്ഷകനു മനസിലാവും. ഒന്നു രണ്ടു കാരക്ടേഴ്സിനു ചെറിയ പ്രാധാന്യം കോടുത്തിട്ടുണ്ട്. പക്ഷേ, സാധാരണ ഫിലിമിലേതുപോലെ നായകനും നായികയും ബാക്കിയുള്ളവരെല്ലാം സെക്കൻഡ് കാരക്ടേഴ്സും എന്ന നിലയിലേക്ക് ഒരിക്കലും പോകില്ല ‘ആനന്ദം’.

ഇന്നത്തെ യുവത്വത്തിന്റെ നേർക്കാഴ്ചകളാണോ ആനന്ദം..?

ഇന്നത്തെ കുട്ടികളുടെ ചിന്താഗതി പ്രോഗ്രസീവാണ്. ഔട്ട്ലുക്ക് കുറേക്കൂടി ഓപ്പൺ ആണ്. ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ ഇപ്പോൾ വലിയ വ്യത്യാസമില്ല. ആൺകുട്ടി എങ്ങനെ നടക്കണം, പെൺകുട്ടി എങ്ങനെ നടക്കണം തുടങ്ങിയ കാര്യങ്ങളിലെല്ലാം വിനീതേട്ടനും ഞാനുമൊക്കെ പഠിച്ച കാലത്തുനിന്നു വലിയ വ്യത്യാസമുണ്ട്. ഇപ്പോൾ നമ്മുടെ നഗരങ്ങളിലുള്ള കോളജിലെ ലൈഫ് എന്താണെന്ന അന്വേഷണമാണ് ആനന്ദം. ആ പ്രായത്തിലുണ്ടാകുന്ന വൈകാരിക സമ്മർദങ്ങളും പ്രശ്നങ്ങളുമൊക്കെ അവർ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് ചിത്രം പറയുന്നത്.

കോളജ് ലൈഫിനു പ്രാധാന്യം നല്കുന്ന സിനിമയാണോ..?

കേരളത്തിലെ ഒരു എൻജി. കോളജിലെ കംപ്യൂട്ടർ സയൻസ് കുട്ടികൾ കർണാടകത്തിലേക്കും മറ്റൊരു സംസ്‌ഥാനത്തിലേക്കും നടത്തുന്ന നാലു ദിവസത്തെ ബസ് യാത്രയാണ് ‘ആനന്ദം”’. പകുതിയിലധികം സീനുകളും ബസിലാണ്. ഇവർ വിവിധ ലൊക്കേഷനുകളിൽ എത്തുന്നതിനനുസരിച്ചാണു കഥ മുന്നോട്ടു പോകുന്നത്. ട്രാവൽ മൂവിയുടെ ഫീൽ കഴിയുന്നത്ര നിലനിർത്താൻ ശ്രമിച്ചിട്ടുണ്ട്. ചിത്രത്തിൽ വളറെക്കുറച്ചു മാത്രമാണ് കോളജ് സീനുകൾ. എൻജി. കോളജിൽ ടെക്നിക്കലായി എന്താണു സംഭവിക്കുന്നതെന്ന് അടുത്തിറങ്ങിയ പല സിനിമകളിലും വന്നിട്ടുണ്ട്. എന്നാൽ ആനന്ദം പറയുന്നത് ഒരു കോളജ് പശ്ചാത്തലത്തിൽ ഈ പ്രായത്തിലുള്ള കുട്ടികളുടെ ഇമോഷൻസ്, റിലേഷൻഷിപ്പ് എന്നിവയെ ക്കുറിച്ചാണ്. രണ്ടു പ്രണയങ്ങൾ ആനന്ദത്തിൽ കാണിക്കുന്നുണ്ട്. രണ്ടും ടോട്ടലി വ്യത്യസ്തം.

വിനീത് നിർമാതാവായി വന്നത്...

2012 ൽ തട്ടത്തിൻ മറയത്തിലിന്റെ പ്രീ പ്രൊഡക്്ഷനിലാണ് ആനന്ദത്തിന്റെ കഥ വിനീതേട്ടനോടു പറയുന്നത്. ത്രഡ് ഇഷ്‌ടപ്പെട്ട അദ്ദേഹം എഴുതാനുള്ള ധൈര്യം തന്നു. അഞ്ചാമത്തെ ഡ്രാഫ്റ്റ് വായിക്കുമ്പോഴാണ് അദ്ദേഹത്തിന് ഇഷ്‌ടമായത്. കുറേ പുതിയ ആളുകൾ, ഫ്രണ്ട്ഷിപ്പിനെക്കുറിച്ചു പറയുന്നു, ആ ഒരു ഏജ് ഗ്രൂപ്പ്, കോളജ്... വിനീതേട്ടന് എല്ലാം മലർവാടിയുമായി റിലേറ്റബിൾ ആയി തോന്നി. ഒരു വടക്കൻ സെൽഫി നിർമാതാവ്് വിനോദ് ഷൊർണൂരും പ്രോത്സാഹിപ്പിച്ചു. ഒടുവിൽ വിനീതേട്ടൻ നിർമാണം ഏറ്റെടുത്തു.

വിനീത് ശ്രീനിവാസൻ ഇതിൽ പാട്ടെഴുതിയ സാഹചര്യം...?

വിനീതേട്ടൻ ഡയറക്ട് ചെയ്യുന്ന ഫിലിം അല്ലെങ്കിൽ സ്ക്രിപ്റ്റ് ചെയ്യുന്ന ഫിലിം... അത്തരം സന്ദർഭങ്ങളിൽ മാത്രമേ അദ്ദേഹം പാട്ട് എഴുതിയിരുന്നുള്ളൂ. ആനന്ദത്തിലെ ഒരു പാട്ടു സിറ്റ്വേഷനു ചിലർ എഴുതിയ വരികൾ യോജ്യമെന്നു തോന്നിയില്ല. എന്റെ പടം എന്റത്രയും നന്നായി മനസിലാക്കിയിരിക്കുന്നത് അദ്ദേഹമാണ്. ആ പാട്ട് സിംപിളായ വാക്കുകൾ കൊണ്ടു സന്തോഷം തോന്നിപ്പിക്കുന്നതായിരിക്കണം. ഒടുവിൽ ഞാൻ അദ്ദേഹത്തോടു കാര്യം പറഞ്ഞു. 45 മിനിറ്റിനുള്ളിൽ വളരെ സിപിളായ വാക്കുകൾ കൊണ്ട് ഇമോഷനുകൾ കണക്ട് ചെയ്ത് വിനീതേട്ടൻ എഴുതിയ പാട്ടാണ് ദൂരെയോ...

വിനീത് ശ്രീനിവാസനെക്കുറിച്ച്...?

എനിക്ക് സ്വന്തം ചേട്ടനെപ്പോലെയും ഗുരുവിനെപ്പോലെയുമാണു വിനീതേട്ടൻ; സിനിമയിലും ജീവിതത്തിലും. സിനിമയിലെ എല്ലാ ഡിപ്പാർട്മെന്റിന്റെയും ആദ്യ പഠനം വിനീതേട്ടനിൽ നിന്നാണ്. ഉള്ളിന്റെയുള്ളിൽ എല്ലാവരെയും സ്നേഹിക്കുന്ന, നന്മയുള്ള ഒരാൾ. എല്ലാവരോടും എളിമയോടെ പെരുമാറ്റം. എന്തു സിറ്റ്വേഷൻ വന്നാലും സമ്മർദത്തിലാകാതെ കൈകാര്യം ചെയ്യാനറിയാം. എങ്ങനെ ഒരു നല്ല മനുഷ്യനായി ജീവിക്കണം, ആൾക്കാരോട് എങ്ങനെ പെരുമാറണം അത്തരം കാര്യങ്ങൾ അദ്ദേഹത്തിൽ നിന്നാണു പഠിച്ചത്. പ്രചോദിതമാണ് ആ ജീവിതം.

കഥ ഇതു വരെ...?

താമസം കലൂരിൽ. അച്ഛൻ ബാങ്കിൽ നിന്നു റിട്ടയേർഡായി. അമ്മ ഇപ്പോഴും ബാങ്കിൽ വർക്ക് ചെയ്യുന്നു. ഫിസാറ്റിലെ എൻജി. പഠനശേഷം ഞാൻ ചെയ്ത രണ്ടു ഷോർട്ട് ഫിലിമുകൾ വിനീതേട്ടനു ഫേസ്ബുക്കിൽ മെസേജ് ആയി അയച്ചുകൊടുത്തു. അതു കണ്ടിട്ടാണ് അദ്ദേഹം എന്നെ വിളിക്കുന്നതും അദ്ദേഹത്തിന്റെ അസിസ്റ്റന്റാക്കുന്നതും.

ടി.ജി.ബൈജുനാഥ്