തോമസ് ചേട്ടന്റെ എഴുത്തുകൾ
മീനച്ചിലാറിന്റെ ഒഴുക്കും തോമസ്ചേട്ടന്റെ എഴുത്തും ഒരുപോലെയായിരുന്നു. ചിലപ്പോൾ കുത്തിയൊലിച്ചും ചിലപ്പോൾ ശാന്തമായും മറ്റു ചിലപ്പോൾ തല്ലിത്തകർത്തും ഒഴുകി. ഒരുകാലത്ത് മലയാളത്തിലെ ഏതെങ്കിലുമൊരു പത്രത്തിലോ മാസികയിലോ അദ്ദേഹത്തിന്റെ ലേഖനങ്ങൾ ഇല്ലാത്ത ദിവസങ്ങൾ വിരളമായിരുന്നു. കൃഷിയും രാഷ്ട്രീയവും സാഹിത്യവുംവരെ അദ്ദേഹം കൈകാര്യം ചെയ്തു. ദീപികയും മനോരമയും മാതൃഭൂമിയും ഉൾപ്പെടെയുള്ള പത്രങ്ങളൊക്കെ ആ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. വായനക്കാർ അതിനോടു പ്രതികരിച്ചു.

അമ്പതുകൾ മുതൽ നാലു പതിറ്റാണ്ടോളം കേരളത്തിലെ പത്രമാസികകളിലെ പ്രധാന പേജുകളിൽ ഒരു ചാരുകസേരയിട്ട് അദ്ദേഹമങ്ങനെ ഇരിക്കുകയായിരുന്നുവെന്നുതന്നെ പറയാം. ഇപ്പോൾ ഭരണങ്ങാനം ഇടമറ്റത്തുള്ള കൊട്ടാരത്തുംകുഴി വീടിന്റെ പൂമുഖത്തിരുന്ന് സംസാരിക്കുകയാണ്. തൊടിയിലെ ഫലവൃക്ഷങ്ങൾക്കു മുകളിൽവീണു മണ്ണിൽ നിപതിക്കുന്ന ചാറ്റൽമഴപോലെ വാക്കുകൾ കേൾവിക്കാരിലേക്ക് പെയ്യുന്നു. കൃഷിയുടെയും എഴുത്തിന്റെയും ഉഴുതുമറിച്ച നിലങ്ങളിലൂടെ ഓർമകൾ അദ്ദേഹത്തോടൊപ്പം നടന്നു.

1956ൽ ദീപികയിൽ ‘കൃത്രിമ റബർ ഫാക്ടറി: കർഷകന്റെ കണ്ഠകോടാലി’ എന്ന പേരിൽ എഴുതിയ ലേഖനമായിരുന്നു തുടക്കം. പിന്നീട് ഏതാണ്ട് ആറു പതിറ്റാണ്ടോളം തോമസ്ചേട്ടൻ എഴുതി. കൂടുതലും കൃഷിയെക്കുറിച്ചും സ്വന്തം നാടായ പാലായെക്കുറിച്ചും. മീനച്ചിലാറിന്റെ ആധികാരിക ചരിത്രകാരൻ എന്ന വിശേഷണമാണ് തോമസ് ചേട്ടനുള്ളത്. റബർ ഉത്പാദിപ്പിക്കുന്ന കർഷകന്റെ ഗതികേടിനെക്കുറിച്ചും ടയർ കമ്പനികളുടെ നേട്ടത്തെക്കുറിച്ചും അന്നു തോമസ് ചേട്ടൻ പറഞ്ഞു. റബറിന്റെ വിലക്കുറവുനിമിത്തം കൃഷിക്കാർ റബർ മരങ്ങൾ വെട്ടിമാറ്റിയിരുന്ന കാലമായിരുന്നു അതെന്നു ലേഖനത്തിലുണ്ടായിരുന്നു. ഏതാണ്ട് ഇന്നത്തേതിനു സമാനമായ കാലം. റബറിനെക്കുറിച്ചു മാത്രമല്ല, കാർഷികമേഖലയിലെ പ്രതിസന്ധികളെക്കുറിച്ചെല്ലാം എഴുതി. വെറും വസ്തുതാ വിവരണം മാത്രമായിരുന്നില്ല അത്. പലതും കർഷകന്റെ വിയർപ്പിന്റെ മണമുള്ള രോഷജനകമായ പ്രബന്ധങ്ങൾ. ഒരു കർഷകനുമാത്രം പറയാനാകുമായിരുന്ന വാക്കുകൾ.

മീനച്ചിലിന്റെ ചരിത്രം ആരെഴുതിയാലും അതിന് തോമസ്ചേട്ടന്റെ കൈയൊപ്പു പതിഞ്ഞിരിക്കും. കാരണം, വ്യത്യസ്ത ലേഖനങ്ങളിലൂടെ മീനച്ചിലിന്റെ ചരിത്രത്തിന് അദ്ദേഹം അടിത്തറയിട്ടു. ആ അടിത്തറയിൽനിന്നുകൊണ്ടാണ് പുതിയ തലമുറ സ്വന്തം മണ്ണിന്റെ പാരമ്പര്യം അറിയുന്നത്. 1965ൽ ‘പാലാ നൂറ്റാണ്ടുകളിലൂടെ’ എന്ന ലേഖനം കേരളഭൂഷണത്തിൽ എഴുതി. 66ൽ മാതൃഭൂമിയിൽ പാലാ വലിയ പള്ളിയും രാക്കുളിതിരുനാളും, 67–ൽ പാലാ മുനിസിപ്പൽ കൗൺസിലിന്റെ സുവനീറിൽ പാലാ ഐതിഹ്യങ്ങളിലൂടെ, 70ൽ കോട്ടയം ടൈംസിൽ പുരോഗതിയിലേക്കു കുതിക്കുന്ന പാലാ, 63–ൽ മലയാള മനോരമയിൽ മീനച്ചിൽ കർത്താക്കന്മാരും നസ്രാണികളും തമ്മിലുള്ള സൗഹൃദത്തിന്റെ സംഭാവന പാലാ വലിയപള്ളി, 69ൽ കലോത്സവം നടക്കുന്ന പാലാ നൂറ്റാണ്ടുകളിലൂടെ, 1977ൽ ദീപനാളത്തിൽ പാലായുടെ സാംസ്കാരിക പാരമ്പര്യം, 1981–ൽ പാലാ വലിയപള്ളിയെ കടന്നുപോയ നൂറ്റാണ്ടുകൾ, 2011ൽ പാലാ രണ്ടേമുക്കാൽ നൂറ്റാണ്ടിന്റെ ചരിത്രവുമായി, പാലാ മതമൈത്രിയുടെ പ്രതീകം തുടങ്ങിയ ലേഖനങ്ങൾ പാലായെക്കുറിച്ച് എഴുതി. ദീപികയിൽ മീനച്ചിൽ ചരിത്രത്തെക്കുറിച്ച് നിരവധി ലേഖനങ്ങൾ എഴുതിയിരുന്നു. 66ൽ മീനച്ചിൽ താലൂക്കും റബർകൃഷിയും, 69ൽ പാലാ വലിയപള്ളിയും രാക്കുളി തിരുനാളും, 73ൽ മീനച്ചിൽ ഇന്ത്യയിലെ റബറിന്റെ ജന്മഭൂമി, 78ൽ അനുഗ്രഹീതമായ പാലാ രൂപത, 2005ൽ ഇടുക്കി അണക്കെട്ടും വിസ്മരിക്കപ്പെടുന്ന രണ്ടു പാലാക്കാരും തുടങ്ങിയ ലേഖനങ്ങൾ മീനച്ചിലിന്റെ ചരിത്രവുമായി ബന്ധപ്പെട്ടുമാത്രം ദീപികയിൽ പ്രസിദ്ധീകരിച്ചു. അടിയന്തരാവസ്‌ഥക്കാലത്ത് കാർഷികാദായനികുതിക്കെതിരേ ലേഖനമെഴുതിയതിന് ഉദ്യോഗസ്‌ഥരുടെ ശത്രുത നേരിടേണ്ടിവന്നിട്ടുണ്ട്.

തൂമ്പയും പേനയും

1931 ജൂലൈ ഒന്നിന് ഭരണങ്ങാനം ഇടമറ്റത്ത് കോക്കാട്ടുകുടുംബത്തിലെ കൊട്ടാരത്തുംകുഴി വീട്ടിൽ തൊമ്മൻ– ഏലി ദമ്പതികളുടെ പുത്രനായി ജനിച്ചു. പരമ്പരാഗത കർഷക കുടുംബം. വല്യപ്പൻ കുരുവിള കേരളത്തിലെ ആദ്യകാല റബർ കർഷകരിൽ ഒരാളായിരുന്നു. *റബർ ടാപ്പിംഗ് നടത്തിയിരുന്നത് മുണ്ടക്കയത്ത് സായിപ്പിന്റെ തോട്ടത്തിൽ പരിശീലനം നേടി വന്ന മലപ്പുറം, തലയോലപ്പറമ്പ് സ്വദേശികളായിരുന്നു.

ഭരണങ്ങാനം സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം. വിശുദ്ധ അൽഫോൻസാമ്മയുടെ ഭൗതികശരീരവും വഹിച്ചുള്ള അന്തിമയാത്ര കടന്നുപോയപ്പോൾ നോക്കിനിന്നത് ഇപ്പോഴും ഓർക്കുന്നു. കുട്ടികളെല്ലാം യഥാസ്‌ഥാനത്തിരിക്കൂയെന്ന അധ്യാപകന്റെ ചൂരൽമുനയിലെ ആജ്‌ഞ ലംഘിച്ച് ജനാലയിൽ തൂങ്ങിനിന്നു കണ്ട ആ കാഴ്ച എങ്ങനെ മറക്കാനാണ്? കാലം ആ സിസ്റ്ററെ ഭരണങ്ങാനത്തിന്റെ മണ്ണിൽനിന്ന് അനന്തവിഹായസിലേക്ക് ഉയർത്തി. അൽഫോൻസാമ്മയെക്കുറിച്ച് തോമസ്ചേട്ടൻ നിരവധി ലേഖനങ്ങളെഴുതി. പിന്നീടെഴുതിയ പലർക്കും ചരിത്രത്തിന്റെ തിരുശേഷിപ്പുകളായി മാറിയ ആ ലേഖനങ്ങൾ പഠിക്കേണ്ടത് ആവശ്യമായി. അൽഫോൻസാമ്മയെക്കുറിച്ചുള്ള ചരിത്രവിവരങ്ങൾ അൽഫോൻസാ കോടതിയുടെ വൈസ് പോസ്റ്റുലേറ്ററായിരുന്ന മോൺ. തോമസ് മൂത്തേടത്തിന്റെ ആവശ്യപ്രകാരം റോമിലേക്ക് അയയ്ക്കുന്നതിന് പ്രബന്ധരൂപത്തിൽ തയാറാക്കിയത് ഇദ്ദേഹമാണ്.

ഹൈസ്കൂളിൽനിന്നിറങ്ങിയത്

ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം കൃഷിയിലേക്കു ശ്രദ്ധ തിരിച്ചു. ഉന്നതവിദ്യാഭ്യാസങ്ങളൊന്നും നേടിയിട്ടില്ലാത്ത ഈ കർഷകൻ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം നടന്നുകയറിയത് പൊന്നുവിളയുന്ന പറമ്പിലേക്കാണ്. നീണ്ടുനിവർന്നുകിടക്കുന്ന കൃഷിയിടങ്ങളിൽ കപ്പയും ചേനയും വാഴയും കാപ്പിയും റബറും കുരുമുളകുമൊക്കെ നട്ടിരുന്ന കാലം. അതിരാവിലെ പണിക്കിറങ്ങും. കൃഷി ഉന്മാദമായിരുന്നു. പകലത്രയും പറമ്പിൽ വിയർപ്പൊഴുക്കി. സന്ധ്യകൾ പക്ഷേ, വിശ്രമിക്കാനുള്ളതായിരുന്നില്ല. മേശകളെയും കസേരകളെയുമൊക്കെ അദ്ദേഹം ഉപേക്ഷിച്ചു. കുടുംബാംഗങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി മുറിയിലോ തിണ്ണയിലോ നിലത്തിരുന്നാണ് അദ്ദേഹം എഴുതിയിരുന്നത്. എഴുതാനുള്ള പ്രചോദനം എന്തായിരുന്നു എന്നു ചോദിച്ചാൽ തോമസുചേട്ടൻ പറയും എഴുതാതിരിക്കാൻ പറ്റില്ലായിരുന്നെന്ന്.

കാരണം കൃഷിമേഖലയിലെ പ്രതിസന്ധികളെക്കുറിച്ച് ഒരു കൃഷിക്കാരന്റെ ചിന്തയും പ്രതികരണങ്ങളുമായിരുന്നു ആ ലേഖനങ്ങൾ. എഴുതുന്നതിനു മുമ്പ് അതേക്കുറിച്ച് ലഭ്യമായ വിവരങ്ങളെല്ലാം ശേഖരിച്ചിരുന്നു. ആളുകളുമായി സംസാരിച്ചും കിട്ടാവുന്നത്ര ലേഖനങ്ങളും പുസ്തകങ്ങളുമൊക്കെ വായിച്ചും അറിവ് വർധിപ്പിച്ചു. കടയിൽനിന്നു സാധനം വാങ്ങിക്കൊണ്ടുവരുമ്പോൾ പൊതിഞ്ഞിരുന്ന കടലാസുകൾപോലുംഅദ്ദേഹം ശ്രദ്ധയോടെ വായിക്കാറുണ്ടായിരുന്നെന്ന് ഭാര്യ മേരിയുടെ സാക്ഷ്യപ്പെടുത്തൽ.

അറിയാനുള്ളതെല്ലാം വിചാരിക്കുന്ന സമയത്ത് ഇന്റർനെറ്റിലൂടെ ലഭ്യമാകുന്ന ഇക്കാലത്ത് എഴുത്ത് കൂടുതൽ എളുപ്പമാണ്. പക്ഷേ, തോമസുചേട്ടന്റെ നൂറുകണക്കിനു ലേഖനങ്ങൾ അന്നത്തെ വാർത്തകളെയാണ് മുഖ്യമായും ആശ്രയിച്ചിരുന്നത്. ബന്ധപ്പെട്ട വിഷയങ്ങളിൽ പുറത്തുവന്ന വാർത്തകളും ലേഖനങ്ങളുമൊക്കെ ശ്രദ്ധയോടെ വായിച്ചും വിദഗ്ധരുമായി സംസാരിച്ചും ലേഖനങ്ങളെഴുതിയ കാലമായിരുന്നു അത്. എന്നിട്ടും കൃത്യതയിലും ആധികാരികതയിലും വിട്ടുവീഴ്ച ചെയ്യാതെ എഴുതാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. വായിക്കുന്നവർക്ക് ഇപ്പോഴും അതു ബോധ്യമാകും.

എഴുതിയത് എല്ലാം തന്നെ കേരളത്തിലെ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചെന്നല്ലാതെ കാര്യമായ അംഗീകാരമൊന്നും അദ്ദേഹത്തിനു ലഭിച്ചില്ല. പുതിയ തലമുറയ്ക്ക് അപരിചിതനാണ് ഈ എഴുത്തുകാരനും അദ്ദേഹത്തിന്റെ എഴുത്തുകളും. പാലായുടെ ചരിത്രത്തെക്കുറിച്ച് നിരവധി ലേഖനങ്ങൾ എഴുതിയെങ്കിലും അവ സമാഹരിച്ചു പുസ്തകമാക്കിയിരുന്നെങ്കിൽ ശ്രദ്ധേയമാകുമായിരുന്നു. അതിനുള്ള ശ്രമത്തിലാണ് തോമസ് ചേട്ടന്റെ പുത്രൻ അഡ്വ. സെബാസ്റ്റ്യൻ തോമസ് കൊട്ടാരത്തുംകുഴി. അപ്പന്റെ ലേഖനങ്ങളുടെ ലഭ്യമായ കോപ്പികൾ ശേഖരിച്ച് അടുക്കിവച്ചിട്ടുണ്ട് സെബാസ്റ്റൻ. നിരവധി ലേഖനങ്ങളുടെ കോപ്പികൾ നഷ്ടപ്പെട്ടെങ്കിലും 500ൽ പരം ലേഖനങ്ങളുടെ ശേഖരം മകന്റെ കൈയിൽ ഇപ്പോഴുണ്ട്. തൂമ്പയും പേനയും ഒരുപോലെ കൊണ്ടുനടന്ന തോമസ് ചേട്ടൻ ചെരിപ്പ് ധരിക്കാൻ തുടങ്ങിയത് അടുത്തകാലത്താണ്. ജീവിതശൈലീരോഗങ്ങളായ ബിപിയും ഷുഗറും കൊളസ്ട്രോളുമൊന്നും ഈ നിമിഷംവരെയില്ല.

വിദ്യാഭ്യാസ പ്രവർത്തകനായിരുന്ന റവ. ഡോ. കുര്യാക്കോസ് കൊട്ടാരത്തുംകുഴി ഇദ്ദേഹത്തിന്റെ ജ്യേഷ്ഠസഹോദരനും വിശുദ്ധ അൽഫോൻസാമ്മയ്ക്ക് ആ പേര് തെരഞ്ഞെടുത്തുകൊടുത്ത റവ. ഫാ. കുരുവിള കൊട്ടാരത്തുംകുഴി പിതൃസഹോദരനുമാണ്. ഭാര്യ മേരി, മേവട എടയ്ക്കര നായ്പുരയിടം കുടുംബാംഗമാണ്. മക്കൾ പയസ്, സെബാസ്റ്റ്യൻ, തോമസ്, ലീന, മഞ്ജു.

തോമസ് ചേട്ടൻ ഇപ്പോൾ എഴുതിയിട്ട് കുറെയായി. ദീപിക, മനോരമ, മാതൃഭൂമി പത്രങ്ങൾ, അവയുടെ ആഴ്ചപ്പതിപ്പുകൾ, കേരള കൗമുദി, കലാകൗമുദി, മംഗളം, ദേശബന്ധു, മലബാർ മെയിൽ, കേരള ഭൂഷണം, കേരള ധ്വനി, റബർ മാസിക, തൊഴിലാളി, ദി എക്സ്പ്രസ്, ദീപനാളം, സത്യദീപം, പ്രേഷിതകേരളം, ജയഭാരതം, കർമല കുസുമം, അസീസി, ദി പാഷൻ ഫ്ളവർ തുടങ്ങിയ പ്രസിദ്ധീകരണങ്ങളും നിരവധി സുവനീറുകളും വാർഷികപ്പതിപ്പുകളുമൊക്കെ പതിറ്റാണ്ടുകളുടെ ചരിത്രസ്മൃതിയും ഗന്ധങ്ങളും സമ്മാനിച്ചുകൊണ്ട് തോമസ്ചേട്ടന്റെ വിളിപ്പാടകലെ...

തയാറാക്കിയത്: ജോസ് ആൻഡ്രൂസ്