എത്താമരക്കൊമ്പത്തെ പൂവ്...
1983ലെ ഒരു പുലരി. നേരം വെളുത്തിട്ടില്ല, അഞ്ചു മണിയായതേയുള്ളൂ. തിരുവനന്തപുരത്ത് സ്റ്റുഡിയോയ്ക്കു സമീപമുള്ള ഒരു വാടകവീട്ടിൽ ഹാർമോണിയവുമായി ഇരിക്കുകയാണ് സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ. ഒമ്പതു മണിക്ക് യേശുദാസ് റെക്കോർഡിംഗിനു സ്റ്റുഡിയോയിൽ എത്തുമ്പോഴേക്കും പാട്ട് ശരിയാകണം. ഗാനരചയിതാവിൽനിന്ന് ഏറെ സമയമെടുത്താണ് വരികൾ കിട്ടിയത്. അത് ഇങ്ങനെ തുടങ്ങിയിരുന്നു:

ചിറവരമ്പത്ത് ചിരുതേവിക്കാവ്
ചിരുതേവിക്കാവിലെ തിരുനടത്താക്കോല്
തിരുടനെടുത്തിട്ടോ
കരുമാടിപ്പിള്ളേര് ചിറയിലെടുത്തിട്ടോ
തിരുകിയൊരരയുടെ വികൃതിമടുത്തിട്ടോ
അങ്ങിനെയോ ഇങ്ങിനെയോ എങ്ങിനെയോ
പോയേ.. പോയ്....

ആൽബത്തിലെ അവസാനത്തെ പാട്ടാണ്. വരികൾ കണ്ടിട്ട് ‘ഇതെന്താടോ കവിതയാണോ അതോ കഥയോ’ എന്നു തമാശയായി ചോദിച്ചു വിദ്യാധരൻ മാസ്റ്റർ. കവി മറുപടിയൊന്നും പറഞ്ഞില്ല. വരികളുടെ ചിറവരമ്പിലിരുന്ന് സംഗീതസംവിധായകൻ ഒരു പ്ലാനുണ്ടാക്കി. പാട്ടുപിറന്നു. യേശുദാസ് അതിന്റെ ആത്മാവിൽത്തൊട്ടു പാടുകയും ചെയ്തു. ആൽബത്തിലെ പന്ത്രണ്ടു പാട്ടുകളും സൂപ്പർഹിറ്റ്. എത്ര പതിപ്പുകളിറങ്ങിയെന്നോ, ആരെല്ലാം ഏറ്റുപാടിയെന്നോ, ആരൊക്കെ ഇന്നും നെഞ്ചിൽ ചേർത്തുപിടിക്കുന്നുവെന്നോ ഒരു കണക്കുമില്ല. മുപ്പത്തിമൂന്നു വർഷത്തിനിപ്പുറം ഇന്നും ആ പാട്ടുകൾക്ക് പുതുമയുടെ പച്ചപ്പുണ്ട്. തരംഗിണി പുറത്തിറക്കിയ ഗ്രാമീണഗാനങ്ങളുടെ ആദ്യത്തെ വോള്യമാണ് അത്. ഗാനങ്ങളെഴുതിയ കവി ഇന്നു നമ്മോടൊപ്പമില്ല. നാട്ടുമുല്ലപ്പൂമണമോ നിലാച്ചന്തമോ പോലെ മലയാളത്തിന് അനുഭവിച്ചും ഇഷ്‌ടപ്പെട്ടും മതിവരുത്താതെ അദ്ദേഹം മറഞ്ഞിട്ട് അഞ്ചുവർഷം തികഞ്ഞു– മുല്ലനേഴിയെന്നും ഏറെ സ്നേഹത്തോടെ മുല്ലനെന്നും വിളിക്കപ്പെട്ട മുല്ലനേഴി നീലകണ്ഠൻ...

അമ്പിളിയുടെ വീണപൂവ് എന്ന ചിത്രത്തിൽ കന്നിമാസത്തിലെ ആയില്യം നാളില് എന്നു തുടങ്ങുന്ന ഒരു പുള്ളുവൻപാട്ടുണ്ട്. മുല്ലനേഴി എഴുതി വിദ്യാധരൻ മാസ്റ്റർതന്നെ ഈണമിട്ട ആ പാട്ട് യേശുദാസും ജെൻസിയും ചേർന്നാണ് പാടിയിരിക്കുന്നത്. വരികളും ഈണവും യേശുദാസിന് ഏറെ ഇഷ്‌ടമായി. ‘അതിന് അനുയോജ്യമായ വിധത്തിൽ അനുനാസികം ചേർത്ത് ശബ്ദംമാറ്റി പാടാൻപോലും യേശുദാസ് തയാറായി’– വിദ്യാധരൻ മാസ്റ്റർ ഓർക്കുന്നു. ഒരുപക്ഷേ അത്രയും വ്യത്യസ്തമായ ശബ്ദത്തിൽ യേശുദാസ് വേറൊരു പാട്ടും പാടിയിട്ടില്ല. ഇതുപോലെ സുന്ദരമായ നാടൻ ഈണങ്ങൾ ചേർത്ത് ഒരാൽബം ഒരുക്കിയാലെന്താ എന്ന ചിന്ത യേശുദാസ് വിദ്യാധരനുമായി പങ്കുവച്ചു. അങ്ങനെ അദ്ദേഹംവഴിതന്നെ വരികളെഴുതാനുള്ള ചുമതല മുല്ലനേഴിയിലുമെത്തി. നാട്ടുകാരനും ആത്മമിത്രവുമായ മുല്ലനല്ലാതെ അത്രയും ശുദ്ധിയും ചന്തവുമുള്ള വരികൾ ആരെഴുതാൻ എന്നായിരുന്നു വിദ്യാധരന്റെയുള്ളിൽ.

എന്നാൽ ചെന്നുപറഞ്ഞാൽ ഉടൻ വരികളെഴുതിക്കൊടുക്കുന്നയാളല്ല മുല്ലനേഴി. അദ്ദേഹത്തിനു സ്വന്തം ശരികളും നേരപ്പകർച്ചകളുമുണ്ട്. പിന്നാലെ നടന്നാലേ പാട്ടെഴുതിക്കിട്ടൂ. കയ്യിൽക്കിട്ടിയാൽ ചിപ്പിയിൽനിന്നെടുത്ത മുത്തുമണികളായിരിക്കും വരികൾ. അത്രയ്ക്കുണ്ടാവും തിളക്കവും പൂർണതയും. അങ്ങനെയൊരു പാട്ടാണ് തുടക്കത്തിൽക്കണ്ട ചിറവരമ്പത്തെ ചിരുതേവിക്കാവ്.

പാട്ടുകളുടെ റെക്കോർഡിംഗ് കഴിഞ്ഞപ്പോൾ യേശുദാസ് പൂർണതൃപ്തനായിരുന്നു. ഏറെ സന്തോഷവാനും. സ്റ്റുഡിയോയിൽവച്ച് ഓർക്കസ്ട്ര സംഘത്തിലെ മുതിർന്ന ഒരംഗം വിദ്യാധരൻ മാസ്റ്ററോട് ചോദിച്ചത് ഇങ്ങനെ: ‘എങ്ങനെയാണ് ഇങ്ങനെ പാട്ടുണ്ടാക്കുന്നത്’?! മുല്ലനേഴിയുടെ വരികളാണ് എല്ലാറ്റിനും അടിസ്‌ഥാനമെന്നു പറയും വിദ്യാധരൻ. പന്ത്രണ്ടു പാട്ടുകളിൽ ഒരു വാക്കുപോലും തിരുത്തേണ്ടിവന്നിട്ടില്ല. വരികൾ നൽകിയ പ്രചോദനം പറഞ്ഞറിയിക്കാനാവാത്തതാണ്. അതു നൽകിയ അനുഭൂതിയിലേക്ക് പാട്ടുപ്രേമികളെ എത്തിക്കാൻ, അതിൽ പറയുന്ന ഇടങ്ങളെ പ്രകാശിപ്പിക്കാൻ അത്രവലിയ പരിശ്രമവും വേണ്ടിവന്നിട്ടില്ല. ദേവരാജൻ മാസ്റ്ററുടെ പാത പിന്തുടർന്ന് സാഹിത്യത്തിനു പ്രാധാന്യംകൊടുത്ത്, ആത്മാവറിഞ്ഞ് ഈണമിടുന്നതിനാൽ അതിന്റെ സത്യത്തിൽനിന്നു മാറേണ്ടിവരാറുമില്ല. ഇന്നും മുല്ലനേഴി എന്നുകേട്ടാൽ ആ പാട്ടുകൾ ഓർമവരും. പുറംനാടുകളിലിരുന്ന് പാട്ടുകൾകേട്ട് പലരും ഫോണിൽ വിളിക്കാറുണ്ട്– മാഷേ, ഞങ്ങൾ കേരളത്തിലാണെന്നു തോന്നിപ്പോകുന്നു എന്നാണ് അവർ പറയാറ്. വരികളും സംഗീതവും അത്രയ്ക്കു ചേർന്നുനിന്നിരുന്നു, നാടിന്റെ നന്മയോട്. സത്യത്തിൽ സിനിമാ പാട്ടുകളേക്കാൾ തൃപ്തി നൽകിയവയാണ് അവ. മുല്ലനോടൊപ്പം ഗ്രാമീണഗാനങ്ങൾ ഒരുക്കാനായത് ഒരു പുണ്യമാണ്. ലോകം നശിക്കുന്നതുവരെ ആ പാട്ടുകൾ നിലനിൽക്കും– വിദ്യാധരൻ മാസ്റ്റർ പറയുന്നു.

അച്ഛന്റെ മടിയിലിരുന്ന് ഗ്രാമീണഗാനങ്ങളുടെ ശകലങ്ങൾ ആദ്യമായി കേട്ട ഓർമയുണ്ട് മുല്ലനേഴിയുടെ മകനും ചലച്ചിത്ര സംവിധായകനുമായ പ്രദീപൻ മുല്ലനേഴിക്ക്. ചില പാട്ടുകൾ ഈണമിട്ടത് തൃശൂർ അവിണിശേരിയിലെ കുടുംബവീടായ മുല്ലനേഴി മനയിലെ പകുതി പൊളിഞ്ഞ നാലുകെട്ടിൽവച്ചാണ്. അച്ഛനും, ഹാർമോണിയവുമായി വിദ്യാധരൻ മാഷും മുഖാമുഖം ഇരിക്കും. ചിലപ്പോഴൊക്കെ കഥാകൃത്ത് അശോകൻ ചരുവിലും കവി രാവുണ്ണിയും അരികിലുണ്ടാകും. ആൽബത്തിനു പാട്ടുണ്ടാക്കുകയാണെന്നറിയാനുള്ള തിരിച്ചറിവൊന്നും അന്നത്തെ മൂന്നാംക്ലാസുകാരനില്ല.

ഈണങ്ങൾ സന്തോഷത്തോടെ കേൾക്കും. പെട്ടെന്ന് എല്ലാവരുംകൂടി അംബാസഡർ കാറിൽ കയറിപ്പോകും. പിന്നെ ടേപ്പ് റെക്കോർഡറും കൊണ്ടുവന്ന് പാട്ടുകൾ കേൾക്കും. വീട്ടുകാരെയും അയൽക്കാരെയും കേൾപ്പിക്കും. അന്നുകേട്ടതിൽവച്ച് പാണ്ട്യാലക്കടവും വിട്ട് പാട്ടും കൂത്തും താളോമിട്ട് എന്ന പാട്ടിന്റെ താളമാണ് പ്രദീപന്റെ മനസിൽ ഇപ്പോഴും തങ്ങിനിൽക്കുന്നത്. വീട്ടിലെ ചെറുതല്ലാത്ത പ്രാരാബ്ധങ്ങൾക്കിടയിലും എല്ലാവരും ഒത്തുചേരുന്നത് ഒരാഘോഷമായിരുന്നെന്ന് പ്രദീപൻ പറയുന്നു. മുല്ലാ.., വിദ്യാധരാ.. എന്നിങ്ങനെ പരസ്പരമുള്ള വിളികൾ ഇപ്പോഴും ചെവിയോർത്താൽ കേൾക്കാം...

മുല്ലനേഴി: കവിയും ഗാനരചയിതാവും നാടകകൃത്തും അഭിനേതാവും. 1948 മേയ് 16ന് തൃശൂർ ഒല്ലൂരിനടുത്ത അവിണിശേരിയിൽ ജനിച്ചു. നാടകത്തിനും കവിതയ്ക്കും സാഹിത്യ അക്കാഡമി അവാർഡ്, മികച്ച ഗാനരചയിതാവിനുള്ള സംസ്‌ഥാന ചലച്ചിത്ര അവാർഡ് എന്നിവയടക്കം ഒട്ടേറെ പുരസ്കാരങ്ങൾ നേടി. 22 സിനിമകൾക്കായി 69 ഗാനങ്ങൾ എഴുതി. ഞാവൽപ്പഴങ്ങളിലെ കറുകറുത്തൊരു പെണ്ണാണേ എന്ന പാട്ടിലൂടെ ഏറെ പ്രശസ്തനായി. ഇന്ത്യൻ റുപ്പീ അവസാന സിനിമ. നാടകങ്ങളിലും ഉപ്പ്, പിറവി, സ്വം, കഴകം, നീലത്താമര എന്നിവയടക്കം ഒട്ടേറെ സിനിമകളിലും അഭിനയിച്ചു. രാമവർമപുരം ഗവൺമെന്റ് ഹൈസ്കൂളിൽ അധ്യാപകനായിരുന്നു. 2011 ഒക്ടോബർ 22ന് അറുപത്തിമൂന്നാം വയസിൽ അന്തരിച്ചു. അദ്ദേഹത്തിന്റെ കാവ്യസുഗന്ധം മാഞ്ഞുപോകുവതല്ല., മുല്ലൻ എന്ന ഉള്ളുതൊടുന്ന ഓർമകളും.

ഹരിപ്രസാദ്