ലോകം അമ്മയെ തിരിച്ചറിയുന്നു
ദൈവത്തെ ഏറെ സ്തുതിച്ചുകൊണ്ടാണ് മദർ കൽക്കട്ടയിൽ മടങ്ങിയെത്തിയത്. തങ്ങളുടെ പ്രവർത്തനങ്ങൾക്കു വിദേശരാജ്യങ്ങളിൽനിന്നു കിട്ടിയിരിക്കുന്നതും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നതുമായ സഹായങ്ങൾ ദൈവപരിപാലനയിൽ മദറിന്റെ അനുയായികൾക്കുള്ള വിശ്വാസം ഉറപ്പിക്കുന്നതായിരുന്നു. 1964ൽ ദിവ്യകാരുണ്യ കോൺഗ്രസിനുവേണ്ടി ബോംബെയിൽ എത്തിയ പോൾ ആറാമൻ മാർപാപ്പ അവിടെ തന്റെ യാത്രകൾക്ക് ഉപയോഗിച്ച കാഡിലക് കാർ മദർ തെരേസയ്ക്കു സമ്മാനിച്ച ശേഷമാണു മടങ്ങിയത്. മദറാകട്ടെ ആ കാർ ലേലംചെയ്ത് 4,60,000 രൂപ സമ്പാദിച്ചു.

പൊന്തിഫിക്കൽ പദവിക്കുവേണ്ടിയുള്ള മിഷണറീസ് ഓഫ് ചാരിറ്റിയുടെ അപേക്ഷ 1965 ഫെബ്രുവരിയിൽ പോൾ ആറാമൻ മാർപാപ്പ അംഗീകരിച്ചു. ഇത്രവേഗത്തിൽ ആ പദവി കിട്ടിയതു വലിയ അദ്ഭുതമായാണു മദർ കണ്ടത്. ദൈവപരിപാലനയുടെ മറ്റൊരു ദൃഷ്ടാന്തം. ആദ്യമായി ഏതു രാജ്യത്തേക്കാണു തന്റെ കന്യാസ്ത്രീകളെ അയയ്ക്കേണ്ടതെന്നു മദറിനു സംശയമുണ്ടായിരുന്നില്ല. വെനിസ്വേലയിലെ ഒരു രൂപത അവിടത്തെ തീരെ ദരിദ്രരുടെയിടയിൽ സേവനമനുഷ്ഠിക്കാൻ ഇന്ത്യയിൽനിന്നു കുറേ കന്യാസ്ത്രീകളെ അയയ്ക്കണമെന്നു മാർപാപ്പയുടെ ഡൽഹി പ്രതിനിധിയോട് അപേക്ഷിക്കുന്നുണ്ടായിരുന്നു. വിദ്യാഭ്യാസമെന്നല്ല, വിശപ്പടക്കാൻ മാത്രം ഭക്ഷണമോ ചികിത്സാസൗകര്യങ്ങളോ മനുഷ്യർക്കു യോജിച്ച പാർപ്പിടമോ ഇല്ലാത്ത ഒരുവിഭാഗം പാവങ്ങൾക്കുവേണ്ടിയാണു സേവനം ആവശ്യപ്പെട്ടത്. അതിന് ഏറ്റവും യോജിച്ചത് മിഷനറീസ് ഓഫ് ചാരിറ്റിയാണെന്ന് ഇന്റർനുൺഷ്യോയ്ക്കു തീർച്ചയായിരുന്നു.

ഇതിനകം ഡാർജിലിംഗ്, ജാംഷഡ്പുർ, പനാജി, തിരുവനന്തപുരം, ജബൽപുർ, ഭഗൽപുർ, അമരാവതി, ചണ്ഡീഗഡ് തുടങ്ങിയ സ്‌ഥലങ്ങളിൽ മിഷണറീസ് ഓഫ് ചാരിറ്റി ഭവനങ്ങൾ തുറന്നിരുന്നു. പശ്ചിമബംഗാളിലെ അസൻസോളിൽ കുഷ്ഠരോഗികൾക്കുവേണ്ടി തുടങ്ങിയിരുന്ന മൊബൈൽ ക്ലിനിക് വികസിച്ച് ആ രോഗികൾക്കായി ശാന്തിനഗർ എന്നൊരു കൊച്ചുപട്ടണമായി മാറിയിരുന്നു. വെനിസ്വേലയിൽ സേവനം ചെയ്യാനുള്ള ക്ഷണം മദർ സ്വീകരിച്ചു. അവിടെ കൊക്കൊറോട്ട് എന്നൊരു ചെറുപട്ടണമാണു ഭവനത്തിനായി മദർ തെരഞ്ഞെടുത്തത്. അവിടെ ചെറിയൊരു പള്ളിയും വൈദികനും മഠമാക്കാൻ ഉതകുന്ന ചെറിയൊരു സെമിനാരിക്കെട്ടിടവും ഉണ്ടായിരുന്നു. പ്രവർത്തനങ്ങൾക്കുള്ള പണം അമേരിക്കയിൽ ബ്രൂക്ലിനിലെ കത്തോലിക്കാ വനിതകളുടെ സംഘടന വാഗ്ദാനം ചെയ്തു. ഇന്ത്യയിലെ മിഷനറീസ് ഓഫ് ചാരിറ്റി ഭവനങ്ങളുടെ മാതൃകയിലാണു വെനിസ്വേലയിലെ മഠവും പ്രവർത്തിച്ചത്. ആദ്യം നാലു കന്യാസ്ത്രീകളെ മാത്രമേ ഇന്ത്യയിൽനിന്ന് അയച്ചുള്ളൂവെങ്കിലും താമസിയാതെ മൂന്നുപേരെക്കൂടി അയച്ചു. അവർക്ക് അവിടെ വളരെയേറെ പണികൾ ചെയ്യാനുണ്ടായിരുന്നു.

1967ൽ കൊളംബോയിലും പിറ്റേവർഷം ഓഗസ്റ്റിൽ റോമിലെ ചേരിപ്രദേശത്തും സെപ്റ്റംബറിൽ ടാൻസാനിയയിലെ ടബോറയിലും ഉപവിയുടെ മിഷനറിമാർ ഭവനങ്ങൾ ആരംഭിച്ചു. 1969ൽ ഓസ്ട്രേലിയയിലെ ബൂർക്കിൽ അവിടത്തെ ആദിവാസികൾക്കുവേണ്ടി ഒരെണ്ണം തുടങ്ങി. പിന്നീടങ്ങോട്ട് ആറുമാസം കൂടുമ്പോൾ ലോകത്ത് എവിടെയെങ്കിലും ഒരു ഭവനം തുറക്കുകയായി.

മിഷനറി ബ്രദേഴ്സ്

മിഷനറീസ് ഓഫ് ചാരിറ്റിയുടെ പ്രവർത്തനങ്ങൾ പിഞ്ചെല്ലാൻ ആഗ്രഹിക്കുന്ന യുവാക്കൾക്കുവേണ്ടി ഒരുവിഭാഗം തുടങ്ങാൻ 1963ൽ കൽക്കട്ടയിലെ ആർച്ച്ബിഷപ് അനുവാദം നൽകി. മിഷനറി ബ്രദേഴ്സ് ഓഫ് ചാരിറ്റി എന്ന പേരിൽ പന്ത്രണ്ടു യുവാക്കളും ഒരു വൈദികനുമായി തുടങ്ങിയ ഈ വിഭാഗത്തിന്റെ പ്രവർത്തനം കൽക്കട്ടയിൽ വിശന്നലയുന്ന ബാലന്മാരുടെ ഇടയിലായിരുന്നു. ഒരു പുരുഷസഭയുടെ നേതൃസ്‌ഥാനത്ത് ഇരിക്കാൻ മദർ തെരേസയ്ക്ക് അനുവാദമില്ലായിരുന്നു. 1966ൽ ഈശോസഭയിൽനിന്നു പിരിഞ്ഞ ഓസ്ട്രേലിയക്കാരനായ ഫാ.ഇയാൻ ട്രവേർസ് ബോൾ തന്റെ പേരു ബ്രദർ ആൻഡ്രു എന്നു മാറ്റിക്കൊണ്ട് മിഷനറി ബ്രദേഴ്സിന്റെ ചുമതല ഏറ്റെടുത്തു.

മിഷനറീസ് ഓഫ് ചാരിറ്റിയുടേതിൽനിന്നു വ്യത്യസ്തമായ രീതികളാണ് ബ്രദർ ആൻഡ്രു മിഷനറി ബ്രദേഴ്സിനു നൽകിയത്. ഈ സഭാംഗങ്ങൾക്ക് യൂണിഫോം ആവശ്യമായിരുന്നില്ല, ഓരോരുത്തർക്കും ഇഷ്ടമുള്ള വേഷം ധരിക്കാം. എല്ലാവരും സഭാകേന്ദ്രത്തിൽത്തന്നെ പരിശീലനം നടത്തണമെന്നില്ല, പ്രവർത്തനം നടത്തുന്നതു കൽക്കട്ടയിൽ ആയിരിക്കണമെന്നുമില്ല. മിഷനറീസ് ഓഫ് ചാരിറ്റിയുടേതിൽനിന്നു വേറിട്ട ഒരു ഭരണഘടനയാണു ബ്രദർ ആൻഡ്രു രൂപപ്പെടുത്തിയത്. പലകാര്യങ്ങളിലും ഭിന്നതയുണ്ടായിരുന്നെങ്കിലും പരസ്പരം സഹായിച്ചുകൊണ്ട് ഇരുവിഭാഗങ്ങളും പാവങ്ങളെ ശുശ്രൂഷിച്ചു. മരണാസന്നർക്കുവേണ്ടിയുള്ള ഭവനത്തിന്റെ പുരുഷവിഭാഗത്തിലും മറ്റും ബ്രദർമാരുടെ സേവനം വിലപ്പെട്ടതായി.

കുഷ്ഠരോഗികളെ ശുശ്രൂഷിക്കുന്നതിലാണു മിഷനറി ബ്രദേഴ്സ് പ്രത്യേക താത്പര്യമെടുത്തത്. കൽക്കട്ട നഗരത്തിനു പുറത്തുള്ള ടിറ്റാഗഡിൽ ഒരു കുഷ്ഠരോഗ കോളനി ഉണ്ടായിരുന്നു. അവിടെ ഒരു ഭവനവും ചികിത്സാകേന്ദ്രവും സ്‌ഥാപിക്കാനുള്ള ഭൂമി ടിറ്റാഗഡ് മുനിസിപ്പാലിറ്റി മദർ തെരേസയ്ക്കു നൽകി. അങ്ങനെ സ്‌ഥാപിക്കപ്പെട്ട ലെപ്രസി സെന്ററിന്റെ ചുമതല ബ്രദർമാർ പൂർണമായി ഏറ്റെടുത്തു. ഗാന്ധിജി പ്രേംനിവാസ് എന്നു പേരുകൊടുത്ത സെന്ററിന്റെ പ്രവർത്തനം 1975–ലെ ഗാന്ധിജയന്തി ദിനത്തിലാണ് തുടങ്ങിയത്. പശ്ചിമബംഗാൾ ഗവർണറും ഭാര്യയും ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിക്കുകയും രോഗികളുമായി ഇടപഴകുകയും ചെയ്തു.

ഡോക്ടർമാരും ആൺനഴ്സുമാരും ഒക്കെ ഉൾപ്പെട്ട ഒരുവലിയ സംഘമായി വളർന്നു മിഷനറി ബ്രദേഴ്സ് ടിറ്റാഗഡിലെ കുഷ്ഠരോഗികളുടെ ജീവിതത്തിൽ വലിയ മാറ്റമാണുണ്ടാക്കിയത്. ഒരുവശത്തു രോഗികളെ ചികിത്സിക്കുകയും പരിചരിക്കുകയും ചെയ്യുമ്പോൾ, മറുവശത്ത് തൊഴിൽചെയ്യാവുന്ന രോഗികളെ പലതരം തൊഴിലുകൾ അഭ്യസിപ്പിക്കുകയും കൃഷി, കന്നുകാലിവളർത്തൽ, മീൻവളർത്തൽ തുടങ്ങിയവയിൽ അവരെ സഹായിക്കുകയും ചെയ്തു. എന്തിന്, മാലിന്യങ്ങളേറെയുള്ള പട്ടണമായ ടിറ്റാഗഡിലെ ഏറ്റവും വൃത്തിയുള്ള ഭാഗമായി കുഷ്ഠരോഗികളുടെ കോളനി മാറി.

പാവങ്ങൾക്കായി പുരസ്കാരങ്ങളും വിറ്റു

1962 മുതൽ മദർ തെരേസയ്ക്കു പല ബഹുമതികളും അവാർഡുകളും കിട്ടിക്കൊണ്ടിരുന്നു. പദ്മശ്രീയും മാഗ്സെസെ അവാർഡുമായിരുന്നു ആദ്യം. കാഷ് അവാർഡുകൾ മദറിനെ സന്തോഷിപ്പിച്ചു. അത്രയും തുക പാവങ്ങൾക്കുവേണ്ടി ഉപയോഗിക്കാമല്ലോ. 1968–ൽ ബിബിസി ടെലിവിഷന്റെ മതവിഷയവിഭാഗം തലവനായിരുന്ന ഒലിവർ ഹങ്കിനിൽനിന്ന് ഒരു സന്ദേശം മാൽക്കം മഗറിജ് എന്ന പത്രപ്രവർത്തകനു ലഭിച്ചു. ബിബിസിക്കുവേണ്ടി മദർ തെരേസയുമായി ഒരു അഭിമുഖം നടത്താമോ എന്നു ചോദിക്കുന്നതായിരുന്നു സന്ദേശം. “മദർ തെരേസയോ? അതാര്?” മഗറിജ് ചോദിച്ചു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന, വളരെയൊന്നും പ്രശസ്തയല്ലാത്ത ഒരു കന്യാസ്ത്രീയാണ്. ഏതാനും ദിവസം ലണ്ടനിലുണ്ടാവും. മദർ തെരേസയുടെ കുറേ പ്രവർത്തനങ്ങൾ ഹങ്കിൻ വിവരിച്ചു.

ഭമാഞ്ചസ്റ്റർ ഗാർഡിയൻ’ പത്രത്തിൽ പ്രവർത്തിച്ച ശേഷം ഭകൽക്കട്ട സ്റ്റേറ്റ്സ്മാൻ’ പത്രത്തിനുവേണ്ടിയും ഇംഗ്ലണ്ടിൽ മടങ്ങിയെത്തിയശേഷം ഭഈവനിംഗ് സ്റ്റാൻഡേർഡിനു’ വേണ്ടിയും ജോലിചെയ്തിട്ടുള്ള മാൽക്കം മഗറിജ് പത്രപ്രവർത്തനം നിർത്തി സാഹിത്യത്തിൽ താത്പര്യമെടുത്തിരുന്ന കാലമായിരുന്നു അത്. ലണ്ടനിലെ സാഹിത്യവൃത്തങ്ങളിലൊക്കെ അറിയപ്പെടുന്ന വ്യക്‌തി. മതത്തിലൊന്നും വിശ്വാസമില്ലാത്ത, അല്പം കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന, എന്നാൽ ജീവിതത്തിന്റെ അർഥം അന്വേഷിച്ചുകൊണ്ടിരുന്ന, മഗറിജിനെ ബിബിസി ക്ഷണിച്ചത് അദ്ദേഹം കൽക്കട്ടയിൽ ചെറിയൊരു കാലം ജീവിച്ചിട്ടുള്ളതുകൊണ്ടാകാം. വലിയ താത്പര്യമൊന്നുമില്ലാതെയാണു മഗറിജ് അഭിമുഖത്തിനു സമ്മതിച്ചത്. ബിബിസിയുടെ ലൈബ്രറിയിൽനിന്നു മദറിനെക്കുറിച്ചുള്ള വിവരങ്ങൾ വായിച്ചു മനസിലാക്കി കുറേ ചോദ്യങ്ങൾ തയാറാക്കി. സംഭാഷണത്തിനിടെ മദറിന്റെ ഏതെങ്കിലും വാക്കുകളിൽ പിടിച്ചുകയറാം, തർക്കിക്കാം, സാധിച്ചാൽ എന്തെങ്കിലുമൊരു പൊതുവിവാദമുണ്ടാക്കാം എന്നൊക്കെയായിരുന്നു മഗറിജിന്റെ കണക്കുകൂട്ടൽ.

പക്ഷേ, മദറുമായുള്ള അഭിമുഖത്തിൽ മഗറിജിന്റെ പല പ്രതീക്ഷകളും പൊടിഞ്ഞു. ചോദ്യങ്ങൾക്കൊക്കെ വളരെ വ്യക്‌തവും കൃത്യവുമായ ഉത്തരങ്ങളാണു മദർ നൽകിയത്. ദൈവത്തെയോ യേശുക്രിസ്തുവിനെയോ കത്തോലിക്കാസഭയെയോകുറിച്ചുള്ള ചോദ്യങ്ങളിൽ മദറിനെ കുഴയ്ക്കാമെന്നു പ്രതീക്ഷിച്ചെങ്കിലും മദറിന്റെ ഉത്തരങ്ങൾ തികച്ചും വ്യക്‌തമായിരുന്നു. കാരണം, മദറിന് എല്ലാ കാര്യങ്ങളിലും ഉറപ്പുണ്ടായിരുന്നു, വ്യക്‌തതയുണ്ടായിരുന്നു. തീർച്ചയുള്ള ഒരാളോട് എങ്ങനെ തർക്കിക്കാൻ? അങ്ങനെ തീരെ സംതൃപ്തിയില്ലാതെയാണു മഗറിജ് അഭിമുഖം പൂർത്തിയാക്കി ബിബിസിക്കു നൽകിയത്. ഒരു തണുപ്പൻ അഭിമുഖമെന്നാണ് ഹങ്കിനിനും തോന്നിയത്. എന്നെങ്കിലും സമയം കിട്ടുമ്പോൾ സംപ്രേഷണം ചെയ്യാം.

എന്നാൽ, മഗറിജിന്റെ ഹൃദയത്തിൽ മദറിന്റെ രൂപം പതിഞ്ഞിരുന്നു. മദറിന്റെ വാക്കുകളും. ആ മുഖത്തിന് എന്തോ ദിവ്യത്വം ഉള്ളതായി തോന്നിക്കൊണ്ടിരുന്നു. എത്ര ഉറപ്പോടെയാണ് മദർ ഓരോ വാക്കും പറഞ്ഞത്! എത്ര ഉറച്ചതാണ് അവരുടെ വിശ്വാസം! ഒന്നിലും സംശയമില്ല. താനാകട്ടെ, സംശയങ്ങളുടെ ആളാണ്. കൗമാരത്തിൽ വൈദികനാകാൻ ആഗ്രഹമുണ്ടായിരുന്നു. പിന്നെ മതത്തെയും ദൈവത്തെയുംകുറിച്ചു സംശയങ്ങളായി. ഒന്നിലും ഒരർഥവുമുള്ളതായി തോന്നിയില്ല. ജീവിതം എന്ത്, സത്യം എന്ത് എന്ന് ഒരിടത്തുനിന്നും വ്യക്‌തമായില്ല. ജഡികസുഖങ്ങൾ തേടിയെങ്കിലും അതും സന്തോഷം നൽകിയിട്ടില്ല. എന്നാൽ, ഈ സ്ത്രീക്ക് ഒന്നിലും സംശയമില്ല, അവ്യക്‌തതയില്ല. സന്തോഷവതിയായി അഭിനയിക്കുകയല്ല, യഥാർഥത്തിൽ സന്തോഷവതിയാണ്. മഗറിജിന് മദറിനെക്കുറിച്ച് അദ്ഭുതം തോന്നി.

ബിബിസി അഭിമുഖം

1968 മേയിൽ ബിബിസിക്കു സൗകര്യം കിട്ടിയ ഒരു രാത്രി ആ അഭിമുഖം സംപ്രേഷണം ചെയ്തു. സംപ്രേഷണം അവസാനിച്ചു മിനിറ്റുകൾക്കകം ബിബിസിയിലേക്കു ഫോൺവിളികളുടെ പ്രവാഹമായി. ആ അഭിമുഖം തങ്ങളെ ആഴത്തിൽ സ്പർശിച്ചുവെന്നായിരുന്നു പ്രേക്ഷകരുടെ സന്ദേശം. മദറിന്റെ വാക്കുകൾ അവർക്ക് അസാധാരണമായ അനുഭവമായി. മിഷനറീസ് ഓഫ് ചാരിറ്റിയിൽ എത്തിക്കാനായി ബിബിസിയിലേക്കു സംഭാവനകളും പ്രവഹിച്ചു. പത്തുദിവസംകൊണ്ട് എത്തിയത് പതിനായിരത്തിലേറെ പൗണ്ട്. ഈ പ്രതികരണം ബിബിസിയെയും മഗറിജിനെയും വിസ്മയിപ്പിച്ചു. ബിബിസി താമസിയാതെ ആ അഭിമുഖം ഒരിക്കൽക്കൂടി സംപ്രേഷണം ചെയ്തു. അതാകട്ടെ, പൂർവാധികം പ്രതികരണവും സംഭാവനകളുടെ ഒഴുക്കും സൃഷ്ടിച്ചു.

താൻ നിസംഗതയോടെ നടത്തിയ ആ അഭിമുഖത്തിന്റെ അനിതരസാധാരണമായ വിജയത്തിനു കാരണം മദർ തെരേസ എന്ന വ്യക്‌തിത്വത്തിന്റെ അതുല്യതയാണെന്നു മഗറിജിന് ആരും പറഞ്ഞുകൊടുക്കേണ്ടതില്ലായിരുന്നു. കൽക്കട്ടയിലെ മദറിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിർമിക്കാൻ ബിബിസിയുടെ സഹകരണത്തിനു മഗറിജ് അപേക്ഷിച്ചു. ബിബിസിക്കു സമ്മതം. പീറ്റർ ഷേഫർ എന്ന പ്രൊഡ്യൂസറെയും കെൻ മാക്മില്ലൻ എന്ന പ്രസിദ്ധനായ കാമറമാനെയും അവർ വിട്ടുകൊടുത്തു. ഡോക്യുമെന്ററിയുടെ നിർമാണവും തുടർന്നുള്ള കാര്യങ്ങളും പഴയതിനേക്കാൾ വലിയ അദ്ഭുതങ്ങൾ സൃഷ്ടിച്ചു.

ജോൺ ആന്റണി
(തുടരും)