ഈ പെൺകുട്ടിയും ആ ഫോട്ടോഗ്രാഫറും എന്നും ചിത്രത്തിലുണ്ട്
ലോകത്തിന്റെ കണ്ണുകൾ ഓർമയിൽ ഇടംകൊടുത്ത ആ ഫോട്ടോയും അതിലെ പെൺകുട്ടിയും വീണ്ടും വാർത്തയിൽ തെളിയുകയാണ്. ജ്വലിക്കുന്ന പല ഭാവങ്ങളെ ഒരേ ഫ്രെയിമിൽ ഒപ്പിയെടുത്ത ആ ഫോട്ടോഗ്രാഫറും ഈ ചിത്രത്തോടെ വിഖ്യാതനായിമാറി. അമേരിക്കയിൽനിന്നുള്ള വിഖ്യാതപ്രസിദ്ധീകരണമായ നാഷണൽ ജ്യോഗ്രഫിക് മാഗസിന്റെ 1985 ജൂൺ മാസത്തിലെ മുഖചിത്രമായിരുന്ന പെൺകുട്ടിക്ക് അഫ്ഗാൻ മോണലിസ എന്ന് ലോകം പേരിടുകയും ചെയ്തു.

സ്റ്റീവ് മക്കറി എന്ന ലോകസഞ്ചാരിയായ ഫോട്ടോഗ്രാഫറുടെ കാമറ കണ്ണുകൾ അഫ്ഗാനിസ്‌ഥാനിലെ നാസിർബേഗ് അഭയാർഥി ക്യാമ്പിൽ വച്ചാണ് 1984ൽ പന്ത്രണ്ടു വയസുള്ള ആ ബാലികയെ കാണുന്നത്. അനാഥയായ ആ അഭയാർഥി തന്റെ ഫോട്ടോ എടുത്തയാൾക്കു നേരേ തുറിച്ചുനോക്കുകയായിരുന്നു. അവളുടെ ചിന്തകളിൽ പുകയുന്ന ആധിയും നെഞ്ചിൽ എരിയുന്ന കനലും ആ പച്ചക്കണ്ണുകളിലൂടെ ലോകം കണ്ടു വിലപിച്ചു. അഫ്ഗാൻ അഭയാർത്ഥികളുടെ ദൈന്യതയിലേക്കാണ് അവളുടെ കണ്ണുകൾ ലോകത്തെ കൂട്ടിക്കൊണ്ടുപോയത്. പാറിപ്പറക്കുന്ന ചെമ്പൻമുടി കീറിയ ചുവന്ന ഷാൾ കൊണ്ട് മറച്ച്, തുളഞ്ഞു കയറുന്ന ദേഷ്യത്തോടെ അവൾ നോക്കിയത് എല്ലാവരോടും പകയോടെയാണ്.സോവിയറ്റ് ഹെലിക്കോപ്റ്ററുകളുടെ ആക്രമണത്തിൽ അവളുടെ മാതാപിതാക്കൾ കൊല്ലപ്പെടുകയും അവളുടെ സഹോദരികളും അമ്മൂമ്മയും അഫ്ഗാൻ അതിർത്തിമലകൾ കയറി പാക്കിസ്‌ഥാനിലെ നാസിർബേഗ് അഭയാർഥി കേന്ദ്രത്തിലേക്ക് പോകാൻ നിർബന്ധിക്കപ്പെടുകയുമായിരുന്നു.

യുദ്ധത്താൽ തകർക്കപ്പെട്ട ഒരു രാജ്യത്തിന്റെ ദൈന്യത ആ നോട്ടത്തിൽ പ്രതിഫലിച്ചിരുന്നു. അഭയാർഥികളിൽനിന്ന് നിക്കോൺ കാമറയിൽ പകർത്തിയ പെൺകുട്ടിയുടെ പേര് ഫ്ളാഷ് മിന്നിച്ചശേഷം സ്റ്റീവ് മക്കറി അവിടെയാരോടും അന്വേഷിച്ചിരുന്നില്ല. നാഷണൽ ജ്യോഗ്രഫിക് മാഗസിന്റെ കവർ ചിത്രം സ്റ്റീവിനെ ലോകമെമ്പാടും ലക്ഷോപലക്ഷം വായനക്കാരുടെ അഭിനന്ദനങ്ങൾക്ക് അർഹനാക്കി. അതിന്റെ എഡിറ്റർക്കും ലഭിച്ചു അഭിനന്ദനങ്ങൾ. ആ ഫോട്ടോയുടെ കോപ്പികൾ അന്നുമുതൽ ഇക്കാലംവരെയും പുനരാവിഷ്കരിച്ചുകൊണ്ടിരുന്നു. തട്ടം കൊണ്ട് തലമറച്ച കൗമാരക്കാരിയുടെ പച്ചകണ്ണുകൾ 1980 കളിലെ സോവിയറ്റു യൂണിയന്റെ അഫ്ഗാൻ ഏറ്റുമുട്ടലും ലോകത്താകമാനമുള്ള അഭയാർഥികളുടെ അവസ്‌ഥയും സൂചിപ്പിക്കുന്നതായിരുന്നു.

ഒറ്റ ഫ്രെയിമിലൂടെ പെരുമയുടെ കൊടുമുടി കയറിയ സ്റ്റീവ് മക്കറി അക്കാലം മുതൽ അന്വേഷണത്തിലായിരുന്നു, ആ പെൺകുട്ടി പിന്നീട് എവിടെയുണ്ടെന്നറിയാൻ. ആൾക്കൂട്ടത്തിനിടയിൽ താൻ ഒപ്പിയെടുത്ത ആ പെൺകുട്ടി ആരായിരിക്കും, അവളുടെ പേരെന്താണ്. അന്വേഷിക്കുക, കണ്ടെത്തുക എന്നതാണല്ലോ ജേർണലിസ്റ്റുകളുടെ പ്രഫഷണലിസം. പതിനേഴു വർഷം സ്റ്റീവ് മക്കറി അവളെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. കാമറയിൽ അവൾ ഒരിക്കൽക്കൂടി പതിയപ്പെടുമെന്ന പ്രതീക്ഷയിൽ 2002 ജനുവരിയിൽ നാഷണൽ ജ്യോഗ്രഫിക് മാസിക ആ അഭയാർഥി ബാലികയെ കണ്ടെത്താൻ ഒരു ടീമിനെ നിയോഗിച്ചു, സ്റ്റീവ് മക്കറിയ്ക്കൊപ്പം. പഴയ നാസിർബേഗ് അഭയാർഥികേന്ദ്രത്തിൽ അവശേഷിക്കുന്നവരെ സമീപിച്ച് കാര്യങ്ങൾ ചോദിച്ചപ്പോൾ അവരിൽ ഒരാൾ പെൺകുട്ടിയുടെ സഹോദരനെ പരിചയമുള്ളയാളാണെന്ന് മനസിലാക്കുകയും അവളുടെ ഗ്രാമത്തിലേക്ക് ഈ യാത്രാസംഘത്തിന്റെ സന്ദേശമെത്തിക്കുകയും ചെയ്തു. തങ്ങളാണ് പഴയ ആ അഫ്ഗാൻ പെൺകുട്ടി എന്നുപറഞ്ഞ് പച്ചക്കണ്ണുള്ള നിരവധി വനിതകൾ മുന്നോട്ടുവന്നു. 1985 ലെ മാസികയും കവർ ഫോട്ടോയും കാണിച്ചുകൊടുത്തപ്പോൾ ഗുല തങ്ങളുടെ ഭാര്യയാണെന്ന അവകാശത്തിൽ കുറേ പുരുഷന്മാരും മുന്നോട്ടുവന്നു.

അവസാനം അഫ്ഗാനിസ്‌ഥാന്റെ ഒരു വിദൂരഗ്രാമത്തിൽ സ്റ്റീവും സംഘവും അവളെ കണ്ടെത്തി. അവിടെ അവൾ പേര് വെളിപ്പെടുത്തി– ഷർബത്ത് ഗുല. ലോകം കണ്ടറിഞ്ഞ തന്റെ ഫോട്ടോയും നാഷണൽ ജ്യോഗ്രഫി മാസികയും ഗുല ആദ്യമായി കാണുന്നത് അപ്പോൾ മാത്രമാണ്. പഴയ 13കാരി പെൺകുട്ടിയായിരുന്നില്ല ഷർബത്ത് അന്ന്. 30 വയസു തോന്നിക്കുന്ന ഒരു സ്ത്രീയായി മാറ്റിക്കഴിഞ്ഞിരുന്നു കാലം അവളെ. 1980 കളുടെ ഒടുവിൽ റഹ്മത്ത് എന്ന ബേക്കറി തൊഴിലാളിയെ വിവാഹം ചെയ്ത ഷർബത്ത് അഭയാർഥിക്യാമ്പിൽനിന്നും 1992ൽ അഫ്ഗാനിസ്‌ഥാനിലേക്ക് മടങ്ങിയിരുന്നു. ബയോമെട്രിക് സാങ്കേതികത ഉപയോഗിച്ച് അവളുടെ മുഖഘടന തീർച്ചപ്പെടുത്തിയാണ് പഴയ അഫ്ഗാൻ പെൺകുട്ടി ഇതേ ഗുലതെന്നെയെന്ന് ഫോട്ടോഗ്രാഫർ മക്കറി ഉറപ്പാക്കിയത്. ഗുല അന്ന് മൂന്ന് പെൺകുട്ടികളുടെ അമ്മയാ യിരുന്നു. പ്രസവശേഷം ഒരു ആൺകുട്ടി മരിച്ചുപോയതായും അവർ വെളിപ്പെടുത്തി.

2002ലെ രണ്ടാമൂഴത്തിൽ സ്റ്റീവ് മക്കറി അതേ നിക്കോൺ കാമറയിൽ എടുത്ത ഷർബത്ത് ഗുലയുടെ പടം വീണ്ടും നാഷണൽ ജ്യോഗ്രഫി മാസിക മുഖത്താളിൽ ലോകത്തെ കാണിച്ചുതന്നു. അങ്ങനെ ഗുല ഒരിക്കൽക്കൂടി മാസികയുടെ കവറിൽ ഇടംപിടിച്ചു. ഗുലയെ കണ്ടെത്താൻ നടത്തിയ അന്വേഷണം അത്തവണ കവർ സ്റ്റോറിയുമായി. കഥ തീരുന്നില്ല, പാക്കിസ്‌ഥാനിൽ വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി താമസിക്കുന്ന എന്ന കുറ്റത്തിന് കഴിഞ്ഞ ദിവസം ഗുല അറസ്റ്റിലായി. . അഫ്ഗാനിലെ ആഭ്യന്തര സംഘർഷത്തെത്തുടർന്ന് ഗുല കുടുംബസമേതം പാക്കിസ്‌ഥാനിലെത്തി താമസമാക്കിയിരുന്നു. ഷർബത്ത് ബീവി എന്ന പേരിൽ ഒരേ സമയം അഫ്ഗാനിസ്‌ഥാനിന്റെയും പാക്കിസ്‌ഥാന്റെയും തിരിച്ചറിയൽ കാർഡുകൾ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. ജീവിതത്തിൽ രണ്ടുതവണ മാത്രമെ ഗുലയുടെ ഫോട്ടോ മറ്റാരെങ്കിലും എടുത്തിട്ടുള്ളു. രണ്ടും സ്റ്റീവ് മക്കറി തന്നെ എടുത്തതാണ്. ഒന്ന് അഭയാർഥിക്യാമ്പിലും മറ്റൊന്ന് രണ്ടാമൂഴം അവളെ കണ്ടെത്തിയപ്പോഴും.

കഴിഞ്ഞ വർഷം പാക്കിസ്‌ഥാനിലെ പെഷവാറിൽ ഐ.ഡി കാർഡിനായി ഗുല സമർപ്പിച്ച ഫോട്ടോ 2002ൽ സ്റ്റീവ് മക്കറി എടുത്തതായിരുന്നു. ഇതാണ് ഗുലയെ തിരിച്ചറിയാൻ പാക്കിസ്‌ഥാൻ അധികൃതരെ സഹായിച്ചത്. 2015 ഫെബ്രുവരിയിൽ പാക്കിസ്‌ഥാനിലെ ദേശീയ മാധ്യമങ്ങൾ വ്യാജ തിരിച്ചറിയൽ രേഖകളുമായി ഷർബത് ഗുല പാക്കിസ്‌ഥാനിൽ ജീവിക്കുന്നുണ്ടെന്ന വാർത്ത പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലായിരുന്നു അറസ്റ്റ്.

ആറു ഭൂഖണ്ഡങ്ങളിലായി 30 ലേറെ വർഷമായി ഫോട്ടോകൾ പകർത്തിക്കൊണ്ടിരിക്കുകയാണ് ഷർബത്ത് ഗുലയെ ലോകത്തിന് കാണിച്ചുതന്ന സ്റ്റീവ് മക്കറി. ഇന്ത്യയോടുള്ള അഭിനിവേശത്തിൽ 1978ൽ 250 റോൾ കൊഡാക് ക്രോം ഫിലിം നിറച്ച സ്യൂട്ട് കേസുമായി അദ്ദേഹം ഇന്ത്യയിൽ എത്തിയിരുന്നു. ആറ് ആഴ്ചകൾ താമസിക്കാൻ എത്തിയ അദ്ദേഹം കേരളം ഉൾപ്പെടെ വിവിധ സംസ്‌ഥാനങ്ങളിൽനിന്ന് ചിത്രങ്ങൾ പകർത്തിയ ശേഷമാണ് അന്ന് തിരിച്ചുപോയത്. സ്റ്റീവ് മക്കറിയുടെ ഇന്ത്യയെ കണ്ടെത്തൽ ചിത്രങ്ങളും ഫ്രെയിമുകളിൽ ഏറെ വിഖ്യാതമാണ്.

റെജി ജോസഫ്