സമരം തന്നെ ജീവിതം
ജീവിത സമരങ്ങൾക്കിടെ ദിലീപ് കുമാർ ഷായുടെയും ഭാര്യ കിരണിന്റെയും ഇനിയും പേരിട്ടിട്ടില്ലാത്ത നാലാമത്തെ പെൺകുട്ടി പിറന്നത് ജന്തർമന്തറിലെ സമരപ്പന്തലിലെ താമസത്തിനിടെയാണ്. ചുട്ടുപൊള്ളുന്ന ഡൽഹിയിലെ ചൂടിലുരുകിയും കൊടുംതണുപ്പിൽ കോച്ചി വിറച്ചും കഴിഞ്ഞ ഒരു വർഷമായി ദിലീപും കുടുംബവും ജന്തർമന്തറിലെ സമരവേദിയിൽ നീതിക്കായി കാത്തുകിടക്കുന്നു.

പശ്ചിമ ബംഗാളിലെ 118 ലെയ്ൻ ബാലി ഹൗറ സ്വദേശിയാണ് ദിലീപ് കുമാർ ഷായും കുടുംബവും. കൊൽക്കത്ത നഗരപ്രാന്തത്തിലെ ബാലി ഹൗറയിലെ മഹാദേവ് ചണമില്ലിലെ തൊഴിലാളിയായിരുന്ന ദിലീപ്, 12 വർഷം മില്ലിൽ ജോലി ചെയ്തു. അച്ഛനും മുത്തച്ഛനും ഇതേ മില്ലിലെ ജോലിക്കാരായിരുന്നു. 2015 ഫെബ്രുവരിയിലാണ് ദിലീപിന്റെ ഭാര്യ കിരൺ കുമാരിയെ തൃണമൂൽ കോൺഗ്രസിന്റെ പ്രാദേശിക നേതാവും ചണമില്ലിലെ തൊഴിലാളിനേതാവുമായ വിശ്വനാഥ് ഗിരിയും അയാളുടെ സുഹൃത്ത്, ബല്ലഭ് ഭട്ടാചാര്യയും ചേർന്ന് മാനഭംഗപ്പെടുത്തിയത്. രാത്രി 10.45 ന് ദിലീപ് മില്ലിൽ ജോലിക്കു പോയ സമയത്താണ് അക്രമികൾ വീടിന്റെ വാതിൽ തകർത്ത് കിരൺ കുമാരിയെ മാനഭംഗപ്പെടുത്തിയത്. അടുത്തുള്ള വീട്ടുകാർ കണ്ടെങ്കിലും ജീവൻ പേടിച്ച് പ്രതികരിച്ചില്ല. കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി തനിയെ മില്ലിലെത്തിയാണ് കിരൺ, ദിലീപിനെ വിവരം അറിയിച്ചത്.

സംഭവത്തെക്കുറിച്ചു ദിലീപും ഭാര്യയും പോലീസിൽ പരാതി നൽകിയെങ്കിലും പരാതി സ്വീകരിക്കാൻ വിസമ്മതിച്ച പോലീസ്, നാടു വിട്ടോടാനാണ് ആദ്യം ഉപദേശിച്ചത്. ഒടുവിൽ ദിലീപിന്റെ നിർബന്ധത്തിനു വഴങ്ങി പോലീസ് കേസെടുത്തു. മില്ലിലും വെളിയിലും നല്ല സ്വാധീനമുള്ളവരായിരുന്നു വിശ്വനാഥ് ഗിരിയും സുഹൃത്തും. അവർ ദിലീപിന്റെ വീട് അടിച്ചു തകർത്തു. ഭീഷണികളെത്തുടർന്നു ജീവിക്കാൻ കഴിയാതെ വന്നതോടെയാണ് ദിലീപും ഭാര്യയും മൂന്നു കുട്ടികളുമായി ജീവനുംകൊണ്ടോടി ഡൽഹിയിലെത്തിയത്.

ഭാര്യയെ മാനഭംഗം ചെയ്തവർക്കെതിരേ കേസ് കൊടുത്തതിന്റെ പേരിൽ തൊഴിലും ജീവനോപാധിയും നഷ്ടപ്പെട്ട ദീലിപ് ഒരു വർഷമായി ഡൽഹിയിലെ ജന്തർ മന്തറിലെ പാതയോരത്ത് കുടിൽ കെട്ടി സമരത്തിലാണ്. കൂടെ ഭാര്യ കിരൺ ദേവിയും നാലുമക്കളുമുണ്ട്. മൂത്ത കുട്ടി ആറുവയസുകാരൻ രാഹുൽ, രണ്ടാമൻ വിശാൽ നാലരവയസ്, മൂന്നാമൻ ധരംവീർ മൂന്നുവയസ്, നാലാമത്തെ കുഞ്ഞ് ഡൽഹിയിലെ സമരപന്തലിൽ ജനിച്ച പെൺകുഞ്ഞ് നാലു മാസം പ്രായമായി. ഡൽഹിയിലെ ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജിലാണ് ഇളയ കുട്ടിയുടെ ജനനം. പ്രസവം കഴിഞ്ഞ് ആശുപത്രിയിൽ നിന്നു വന്നത് ജന്തർമന്തറിലെ സമരപന്തലിലേക്കായിരുന്നു. ഡൽഹിയിലെ പാതയോരത്തെ തുറന്ന സമര പന്തലിലും ദിലീപും കുടുംബവും പല തവണ ആക്രമിക്കപ്പെട്ടു. രാത്രിയിൽ മുതിർന്ന കുട്ടിയെ ടോയ്ലറ്റിൽ കൊണ്ടുപോയ സമയം കിരൺ കുമാരിക്ക് നേരേ ആക്രമണമുണ്ടായി. അന്ന് ആറു മാസം ഗർഭിണിയായിരുന്നു കിരൺ. ഒരിക്കൽ രണ്ടാമത്തെ കുട്ടി വിശാലിനെയും ആരോ വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു. ബോധംകെട്ടുപോയ കുട്ടി ആശുപത്രിയിൽ ചികിൽസ നേടി.

കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, കേന്ദ്ര ആഭ്യന്തരമന്ത്രി, വനിതാക്ഷേമ മന്ത്രി, ബംഗാൾ മനുഷ്യാവകാശകമ്മീഷൻ, ദേശീയ മനുഷ്യാവകാശകമ്മീഷൻ എന്നിവർക്കു പരാതി നൽകിയെങ്കിലും നാളിതുവരെ ആരും തന്നെ കാണാൻ വരികയോ പരാതിയെക്കുറിച്ച് അന്വേഷിക്കുകയോ ചെയ്തിട്ടില്ലെന്നു ദിലീപ് ഷാ പറയുന്നു.

അടുത്തുള്ള സിക്ക് ഗുരുദ്വാരയിൽ നിന്നു ലഭിക്കുന്ന ഭക്ഷണമാണ് ഇവരുടെ വിശപ്പടക്കുന്നത്. ഒരു രാഷ്ട്രീയപാർട്ടിയിലും അംഗമല്ലാത്ത ദിലീപിനും ഭാര്യ കിരൺ കുമാരിക്കും രണ്ട് ആഗ്രഹങ്ങളേയുള്ളു. കിരണിനെ മാനഭംഗപ്പെടുത്തിയവരെ ശിക്ഷിക്കണം. പിന്നെ തന്റെ അച്ഛനും മുത്തച്ഛനും ഉൾപ്പെടെ മൂന്നു തലമുറകൾ ജീവിച്ച കൊച്ചുവീട് തങ്ങൾക്ക് തിരികെ കിട്ടണം.

ജോൺ മാത്യു