യാത്രയായി
1996ൽ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഭരണഘടനയിൽ ചെറിയൊരു ഭേദഗതി വരുത്തി. മദർ തെരേസയ്ക്ക് തന്റെ പിൻഗാമിയുടെ പേര് നിർദേശിക്കാമെന്നും തെരഞ്ഞെടുപ്പ് ഒഴിവാക്കാമെന്നുമായിരുന്നു ഭേദഗതി. ആ വർഷം നവംബറിൽ മദറിനു ഹൃദയശ്സ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ശസ്ത്രക്രിയയ്ക്കു മുൻപായി മദർ തന്റെ പിൻഗാമിയെ നാമനിർദേശം ചെയ്യുകയോ തന്റെ മനസിലുള്ള പേര് മാർപാപ്പയോടു രഹസ്യമായി വെളിപ്പെടുത്തുകയോ ചെയ്യുമെന്നു പലരും പ്രതീക്ഷിച്ചു.

എന്നാൽ, അതുണ്ടായില്ല. 1997 ഓഗസ്റ്റ് 31ന് ബ്രിട്ടനിലെ ഡയാന രാജകുമാരി പാരീസിൽ കാറപകടത്തിൽ മരിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അതീവ തത്പരയായിരുന്ന ഡയാന മദർ തെരേസയുമായി വളരെ അടുത്ത ബന്ധമാണു പുലർത്തിയിരുന്നത്. കൽക്കട്ടയിലെ മദർഹൗസിൽ കിടക്കയിലും അല്ലാത്തപ്പോൾ വീൽചെയറിലുമായി കഴിയുമ്പോഴാണ് മദർ തന്റെ സ്നേഹിതയുടെ മരണത്തെ ക്കുറിച്ച് അറിയുന്നത്. തന്റെ മക്കൾക്ക് മിഷനറീസ് ഓഫ് ചാരിറ്റിയുടെ പ്രവർത്തനങ്ങൾ മനസിലാക്കി ക്കൊടുക്കാൻ അവരുമായി കൽക്കട്ടയിൽ ഉടൻ എത്തുമെന്നു രാജകുമാരി പറഞ്ഞിരുന്നതു മദർ ഓർത്തു. രാജകുമാരന്മാരെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തത്പരരാക്കാൻ ഡയാന ആഗ്രഹിച്ചു. രാജകുമാരി വളരെ പെട്ടെന്നു യാത്രയുടെ അവസാനത്തിൽ എത്തിയിരിക്കുന്നു. മദർ നീണ്ടനേരം മൗനപ്രാർഥനയിലാണ്ടു. പിന്നീട്, സെപ്റ്റംബർ അഞ്ചിനു വൈകുന്നേരം മദർ ഹൗസിൽ ഡയാനയ്ക്കുവേണ്ടി പ്രാർഥനാ ശുശ്രൂഷ നടത്താൻ ഏർപ്പാടുചെയ്യുകയും ചെയ്തു.

സെപ്റ്റംബർ അഞ്ചിനു രാവിലെ മദറിനു നെഞ്ചുവേദന അനുഭവപ്പെട്ടു. മദറിന്റെ പ്രത്യേക ഡോക്ടറായ ഡോ.അഷിം ബർധാൻ എത്തി പരിശോധിച്ചു. വേദന കുറയുന്നില്ലെന്നുവന്നപ്പോൾ, മിഷനറീസുമായി അടുത്ത ബന്ധമുള്ള അമേരിക്കക്കാരനായ ഡോ.ആൽഫ്രഡ് വുഡ്വേർഡിനെ വരുത്തി.

അബോധാവസ്‌ഥയിലായിരുന്ന മദർ അബോധ ത്തിന് അപ്പുറമുള്ള ഒരു ബോധാവസ്‌ഥയിൽ തന്റെ ജീവിതം മുഴുവൻ കാണുകയായിരുന്നിരിക്കണം. സംഭവബഹുലമായ സ്കോപ്യേ മുതൽ ജനബഹുലവും കർമബഹുലവുമായ കൽക്കട്ടവരെ യുള്ള നീണ്ടകാലം ഒരുപക്ഷേ നിമിഷങ്ങൾക്കു ള്ളിൽ കാണുകയായിരുന്നിരിക്കാം.
‘‘മകളേ...’’
തിരിച്ചറിയാൻ കഴിയുന്ന സ്വരം. ദൈവത്തിന്റെ സ്വരം.
‘‘ഞാൻ വരണം, അല്ലേ?’’
‘‘നീ മിടുക്കിയാണല്ലോ, ആഗ്നസ്. വളരെ നല്ലവളും. വളരെ വളരെ. അതേ, സമയം വന്നിരിക്കുന്നു.’’
‘‘അങ്ങയുടെ ഇഷ്ടം.’’
‘‘എല്ലാം എന്റെ ഇഷ്ടംപോലെ ചെയ്തവളേ, വരൂ.’’
അപ്പോൾ സമയം രാത്രി 9.30. മദറിന്റെ നെഞ്ചിലമർത്തിയിരുന്ന ഡോ.വുഡ്വേർഡിന്റെ സ്റ്റെതസ്കോപ് നിശബ്ദമായി. അദ്ദേഹം മറ്റു കന്യാസ്ത്രീകളുടെ മുഖത്തേക്കു നോക്കി. അവരുടെ കണ്ണുകൾ നിറഞ്ഞു കവിയുകയും അവരുടെ ചുണ്ടുകളിലെ പ്രാർഥന മൗനംവിടുകയും ചെയ്തപ്പോൾ ഡോക്ടർ മദറിന്റെ കണ്ണുകൾ തിരുമ്മിയടച്ചു.

ദേഹി യാത്രയായ ദേഹം എംബാം ചെയ്തശേഷം, നഗരത്തിലെ സെന്റ് തോമസ് ദേവാലയത്തിലേക്കു മാറ്റി. അവിടെ സ്ഫടിക പേടകത്തിനുള്ളിൽ, ഒരാഴ്ച എല്ലാവർക്കും കാണ്മാനായി.

അവസാനമില്ലെന്നു തോന്നിച്ച മനുഷ്യനിരയുടെ നിശബ്ദതയ്ക്കു മുമ്പാകെ, പറഞ്ഞാൽ തീരാത്തത്ര സംഭവങ്ങളുടെ ഭദ്രപേടകമായി, സ്വർഗീയമായൊരു പ്രശാന്തതയായി, മാലാഖമാർ ഭൂമിയിൽനിന്നു പൊട്ടിച്ചെടുക്കാൻ കൊതിച്ചെത്തുന്ന സുഗന്ധപുഷ്പമായി അമ്മ ശയിച്ചു.

കൽക്കട്ട നഗരം സെന്റ് തോമസ് ദേവാലയത്തിലൂടെ ഒഴുകുമ്പോൾ രാജ്യം വിലപിക്കുകയായിരുന്നു. പ്രധാനമന്ത്രി ഐ.കെ. ഗുജ്റാൾ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ദേശീയ പതാക താഴ്ത്തിക്കെട്ടി രാജ്യം ലോകാദരണീയയെ വന്ദിച്ചു. ചുളിഞ്ഞുണങ്ങിയ കൈപ്പത്തികൾക്കുള്ളിൽ ജപമാല തെരുപ്പിടിച്ചു മദർ ജനകോടികൾക്കായുള്ള പ്രാർഥനയായി മയങ്ങി.

സെപ്റ്റംബർ 13 ശനിയാഴ്ചയായിരുന്നു സംസ്കാരം. രാഷ്ട്രത്തിന്റെ പരമോന്നത പദവിയിൽ ഇരുന്നവർക്കു മാത്രം നൽകാറുള്ള സമ്പൂർണ ദേശീയ ബഹുമതികളോടെ. എട്ടു സൈനിക ഓഫീസർമാർ ചേർന്നാണു മദറിന്റെ ഭൗതികശരീരം ഗൺകാര്യേജിൽ നേതാജി ഇൻഡോർ സ്റ്റേഡിയത്തിലേക്കു വഹിച്ചത്. മഹാത്മാഗാന്ധിയുടെ ഭൗതികദേഹം വഹിച്ച അതേവാഹനം. വെള്ളപ്പട്ടുകൊണ്ടു പൊതിഞ്ഞ പെട്ടിയിൽ, നീലക്കരകളുള്ള വെളുത്തപരുക്കൻ സാരിയുടുത്ത്, കർമബഹുലതയ്ക്കു ശേഷമുള്ള പ്രശാന്ത ശയനത്തിൽ അമ്മ. ദേശീയ പതാക പെട്ടിക്കുമേൽ വിരിച്ചിരുന്നു. ഗൺകാര്യേജിനെ വഹിക്കുന്ന സൈനിക വാഹനത്തിൽ സിസ്റ്റർ നിർമലയും സമ്പൂർണ യൂണിഫോം അണിഞ്ഞ സൈനിക ഓഫീസർമാരും.

പാതയുടെ ഇരുവശങ്ങളിലുമായി ലക്ഷങ്ങൾ. ചിലർ കരയുന്നുണ്ടായിരുന്നു. പലരും ’അമ്മ....അമ്മ...’ എന്നു വിളിക്കുന്നുണ്ടായിരുന്നു. അനേകം പേർ പ്രാർഥിക്കുന്നുണ്ടായിരുന്നു.

നേതാജി സ്റ്റേഡിയത്തിൽ, വെള്ളയും നീലയും നിറമുള്ള പൂക്കളാൽ അലങ്കരിക്കപ്പെട്ടിരുന്ന വേദിയിൽ മദർ ശയിക്കുന്ന പെട്ടി പ്രതിഷ്ഠിക്കപ്പെട്ടു. അവിടെ ക്രൂശിത രൂപത്തിൽ എഴുതിവച്ചിരുന്നു: ‘എനിക്കു ദാഹിച്ചു; നിങ്ങളെനിക്കു കുടിക്കാൻതന്നു.‘
മാർപാപ്പയുടെ പ്രതിനിധിയായി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ ആഞ്ചലോ സൊഡാനോ മദറിന്റെ ഭൗതിക ശരീരത്തിനരികിൽനിന്നു. അരികിൽ കർദിനാൾമാരുടെയും ആർച്ച്ബിഷപ്പുമാരുടെയും മിഷനറീസ് ഓഫ് ചാരിറ്റി ഭവനങ്ങളിൽനിന്നുള്ള പ്രതിനിധികളായ കന്യാസ്ത്രീകളുടെയും നിരകൾ. കൂടാതെ, മദർ തെരേസയ്ക്കു ഭൂമിയിൽ അവശേഷിക്കുന്ന ഏക രക്‌തബന്ധുവായ സഹോദരപുത്രി ആഗി ലാസർ ബൊയാജിയു.

രാഷ്ട്രപതി കെ.ആർ. നാരായണൻ, പ്രധാനമന്ത്രി ഐ. കെ. ഗുജ്റാൾ, സോണിയ ഗാന്ധി, അമേരിക്കയുടെ പ്രഥമവനിത ഹിലരി ക്ലിന്റൺ, ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ജോൺ പ്രിസ്കോട്ടും കെന്റ് പ്രഭ്വിയും, ഇറ്റാലിയൻ പ്രസിഡന്റ് സ്കൽഫാരോ, സ്പെയിനിലെ സോഫിയ രാജ്‌ഞി, ജോർദാനിലെ നൂർ രാജ്‌ഞി, ഫ്രഞ്ച് പ്രസിഡന്റിന്റെ പത്നി ബെർണദത്ത് ഷിറാക്, കനേഡിയൻ പ്രധാനമന്ത്രിയുടെ പത്നി അലൈൻ ക്രെറ്റ്യൻ തുടങ്ങിയ പ്രമുഖരുടെ നിര മദറിന് ആദരാഞ്ജലിയർപ്പിച്ചു. വിവിധ രാജ്യങ്ങളിൽനിന്നും പ്രസ്‌ഥാനങ്ങളിൽനിന്നുമായി പതിനായിരത്തിലേറെപ്പേർ.

‘‘കൽക്കട്ടയുടെ മദർ തെരേസ സ്നേഹത്തിന്റെ സുവിശേഷം പൂർണമായി ഗ്രഹിച്ചു; തന്റെ അജയ്യമായ ചൈതന്യത്തിന്റെ ഓരോ ഇഴകൊണ്ടും തന്റെ മെലിഞ്ഞ ശരീരത്തിലെ ഊർജത്തിന്റെ ഓരോ ഔൺസ്കൊണ്ടും ഗ്രഹിച്ചു. മുഴുവൻ ഹൃദയത്തോടെയും കരങ്ങളുടെ ദൈനംദിന അധ്വാനത്തിലൂടെയും അതു പ്രാവർത്തികമാക്കുകയും ചെയ്തു,’’ കർദിനാൾ സൊഡാനോ പറഞ്ഞു.

ആംഗ്ലിക്കൻ സഭയുടെയും ഹിന്ദു, ഇസ്ലാം, സിക്ക്, പാഴ്സി, ബുദ്ധ മതങ്ങളുടെയും പ്രതിനിധികൾ പ്രസംഗിച്ചു.
‘‘മദർ തെരേസ തന്റെ കഴിവിന്റെ പരമാവധി യേശുവിന്റെ വിളി നിറവേറ്റി. തന്നെ യേശുവിനു സമ്പൂർണമായി സമർപ്പിച്ചു. അതിനാൽ കർത്താവു ലക്ഷക്കണക്കിന് അദ്ഭുതങ്ങൾ പ്രവർത്തിച്ചു. അതിനു ഞങ്ങൾ സാക്ഷികളാണ്,’’ സിസ്റ്റർ നിർമല പറഞ്ഞു.

മിഷനറീസ് ഓഫ് ചാരിറ്റിയുടെ വിവിധ ഭവനങ്ങളുടെ പ്രതിനിധികളായി ഒരു അനാഥബാലനും മാനസാന്തരപ്പെട്ട ഒരു തടവുകാരിയും ഒരു കുഷ്ഠരോഗിയും ഭിന്നശേഷിയുള്ള ഒരു ബാലനും മദറിനു പൂക്കൾ അർപ്പിച്ചു.
ഭൗതിക ശരീരം ഇനി മദർ ഹൗസിലേക്ക്. അവിടത്തെ പഴയ ഊണുശാലയിൽ മദറിനു പിന്നാലെ മദറിന്റെ കന്യാസ്ത്രീകൾ മാത്രം പ്രവേശിച്ചു. ശുശ്രൂഷകൾക്കു ശേഷം, അവിടെയൊരുക്കപ്പെട്ടിരുന്ന കല്ലറയിലേക്ക് ആ ചെറിയ ശരീരം, യേശുവിനും അവിടുത്തെ പാവങ്ങളിൽ പാവങ്ങൾക്കുമായി മാത്രം ജീവിച്ച ശരീരം, ഇറങ്ങിയപ്പോൾ, അനേകം കണ്ണുകളിൽനിന്നു നീർപൊഴിഞ്ഞുകൊണ്ടിരിക്കേ, ഇരുപത്തൊന്നു വെടിയൊച്ചകൾ മുഴക്കി രാഷ്ട്രം ആ ജീവിതത്തിനുമേൽ ആദരം ചാർത്തി. പിന്നെ നാലു സൈനികർ ബ്യൂഗിൾ ഊതി ചടങ്ങിന്റെ സമാപനമറിയിച്ചു.

കാളിഘട്ടിലെ മരണാസന്നരുടെ ഭവനത്തിൽ, സംസ്കാരച്ചടങ്ങിൽ പങ്കുകൊള്ളാതെ ശുശ്രൂഷയിലേർപ്പെട്ടിരുന്ന ഏതാനും കന്യാസ്ത്രീകളുടെ കൈയിൽനിന്നു ചുണ്ടിൽ ഇറ്റുവീണ ജലവുമായി ഒരു അന്തേവാസി അന്ന് ഈ ലോകം വിട്ടു. അമ്മയെ സ്വർഗത്തിൽ കാണാൻ തിടുക്കപ്പെട്ടായിരിക്കാം അയാൾ പോയത്.

(അവസാനിച്ചു)
ജോൺ ആന്റണി