പ്രകാശം പരത്തുന്ന മാളവിക
വെളിച്ചമേ നയിച്ചാലും എന്ന നാടകം അവതരിപ്പിച്ചുകൊണ്ട് അമ്പതാണ്ടു മുമ്പു തുടക്കം കുറിച്ച വൈക്കം മാളവിക എന്ന നാടകസമിതി ആദ്യനാടകത്തിന്റെ പേരുപോലെ കേരളക്കരയാകെ പ്രകാശം പരത്തുന്ന പെൺകുട്ടിയായി ഇന്നും പ്രയാണം തുടരുന്നു...

മലയാളസാഹിത്യത്തിലെ യുഗസ്രഷ്‌ടാക്കളായ തകഴി ശിവശങ്കരപ്പിള്ള, പി. കേശവദേവ്, പൊൻകുന്നം വർക്കി... ഇവരിൽ കോട്ടയത്തിന്റെ സ്വന്തം കഥാകാരൻ പൊൻകുന്നം വർക്കിയടക്കം നിരവധി മഹാരഥന്മാരെഴുതിയ കഥകൾക്ക് രംഗഭാഷ്യം ചമച്ച നാടകസമിതിയാണ് വൈക്കം മാളവിക.

പ്രശസ്ത നാടക നടനും സംവിധായകനുമായ ടി.കെ. ജോണിന്റെ നേതൃത്വത്തിലാണ് വൈക്കം മാളവിക എന്ന നാടകസമിതി രൂപം കൊണ്ടത്. മലയാളത്തിന്റെ സ്വന്തം കഥാകാരന്മാരായ പൊൻകുന്നം വർക്കിയുടെ തിരുവാതിര, പി.ജെ. ആന്റണിയുടെ പ്രളയം, വൈക്കം ചന്ദ്രശേഖരൻ നായരുടെ മാറ്റുവിൻ ചട്ടങ്ങളെ, സുന്ദരൻ കല്ലായിയുടെ അങ്കം, സിന്ധുഗംഗ കാദംബരി തുടങ്ങിയ കഥകൾ നാടകമാക്കി രംഗത്ത് അവതരിപ്പിച്ച് കേരളമാകെ വൈക്കം മാളവിക എന്ന നാടകസമിതി തരംഗമായി. ഇന്ന് അമ്പതാം വർഷത്തിലും ജൈത്രയാത്ര തുടരുകയാണ്...

ടി.കെ. ജോൺ എന്ന നാടകനടനെയും സംവിധായകനെയും പുതുതലമുറയ്ക്ക് ഒരു പക്ഷേ അറിയില്ലായിരിക്കാം. മലയാളസിനിമയിൽ പ്രേംനസീർ സൂപ്പർസ്റ്റാർ ആയിരുന്ന കാലത്ത് മലയാളനാടകരംഗത്തെ സൂപ്പർസ്റ്റാർ ആയിരുന്നു ടി.കെ. ജോൺ. പ്രമുഖ നാടകസമിതിയായ കാളിദാസ കലാകേന്ദ്രത്തിൽ നിന്നു പുറത്തുവന്ന ജോൺ 1965–ലാണ് വൈക്കം മാളവിക എന്ന നാടകസമിതിക്കു തുടക്കം കുറിച്ചത്. സാഹിത്യകാരനും നാടകകൃത്തുമായ വൈക്കം ചന്ദ്രശേഖരൻ നായർ എഴുതിയ വെളിച്ചമേ നയിച്ചാലും എന്ന നാടകമാണ് വൈക്കം മാളവിക ആദ്യം രംഗത്ത് അവതരിപ്പിച്ചത്. മികച്ച തുടക്കമാണ് ഈ നാടകം മാളവികയ്ക്കു നൽകിയത്. ആ വെളിച്ചം അണയാതെ ഇന്നും കാത്തുപോരുകയാണ് ഇതിന്റെ അണിയറക്കാർ.

വൈക്കം മാളവികയ്ക്കു വേണ്ടി പിന്നീട് കെ.ടി. മുഹമ്മദ് രചിച്ച മുത്തുച്ചിപ്പി എന്ന നാടകം കേരളക്കരയാകെ തരംഗമായി മാറി. ടി.കെ. ജോൺ തന്നെയാണ് ഈ നാടകത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. നാടകത്തിന്റെ ജനപ്രീതിയറിഞ്ഞ സംവിധായകൻ ഹരിഹരൻ നാടകം കാണുകയും അതു സിനിമയാക്കൻ തീരുമാനിക്കുകയും ചെയ്തു. പിന്നീട് മുത്തുച്ചിപ്പി എന്ന ആ നാടകം ഹരിഹരൻ രാജഹംസം എന്ന പേരിൽ സിനിമയാക്കി. ടി.കെ. ജോൺ നാടകത്തിൽ ചെയ്ത നായക കഥാപാത്രത്തെ വെള്ളിത്തിരയിൽ അവതരിപ്പിച്ചത് മലയാളത്തിന്റെ നിത്യവസന്തം പ്രേംനസീറായിരുന്നു. രാജഹംസത്തിലെ ‘സന്യാസിനി നിൻ പുണ്യാശ്രമത്തിൽ ഞാൻ സന്ധ്യാ പുഷ്പവുമായി നിന്നു...’ എന്ന ഗാനം മലയാളത്തിലെ നിത്യഹരിതഗാനമായി ഇന്നും നിലനിൽക്കുന്നു. മാളവികയുടെ തേരോട്ടം വീണ്ടും തുടർന്നു...

വൈക്കം മാളവികയുടെ ഇടുങ്ങിയ ഓഫീസിലിരുന്ന് താടിവച്ച ഒരു കഥാകാരൻ ജീവിതഗന്ധിയായ മുഹൂർത്തങ്ങളും മലയാളികൾ കേൾക്കാൻ കൊതിച്ച സംഭാഷണങ്ങളും ഏറെക്കാലം കുറിച്ചിട്ട കാലമുണ്ടായിരുന്നു. അതു മറ്റാരുമല്ല, പിന്നീട് മലയാളസിനിമയിൽ എഴുത്തിന്റെയും സംവിധാനത്തിന്റെയും പുതിയ വാതായനങ്ങൾ തുറന്നിട്ട സാക്ഷാൽ ലോഹിതദാസ്. മാളവികയുടെ ഓഫീസ് മുറിയിലിരുന്ന് കട്ടൻചായ മാത്രം കുടിച്ച് നാടകമെഴുതിയ ലോഹിയെന്ന ചെറുപ്പക്കാരൻ പിന്നീട് മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറി. അമരവും ഭരതവും കിരീടവുമെഴുതി മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും എക്കാലത്തെയും നല്ല സിനിമകളുടെ എഴുത്തുകാരനായി ലോഹി. സ്വപ്നം വിതച്ചവർ, സിന്ധു ശാന്തമായൊഴുകുന്നു, അതിഥി എന്നീ മൂന്നു നാടകങ്ങളാണ് വൈക്കം മാളവികയ്ക്കു വേണ്ടി ലോഹിതദാസ് രചിച്ചത്. ടി.കെ. ജോൺ തന്നെയായിരുന്നു ഈ മൂന്നു നാടകങ്ങളും സംവിധാനം ചെയ്തത്. ഈ നാടകങ്ങളുടെ സാമ്പത്തികവിജയവും നിരൂപകശ്രദ്ധയുമാണ് ലോഹിയെ ചലച്ചിത്രലോകത്തേക്കു നയിച്ചത്. ഇവർക്കു പുറമേ ഈ അമ്പതു വർഷത്തിനുള്ളിൽ സി.കെ. ശശി, ജയൻ തിരുമന തുടങ്ങി മുപ്പതോളം പ്രതിഭകൾ വൈക്കം മാളവികയ്ക്കു വേണ്ടി നാടകങ്ങളെഴുതി.

മലയാളത്തിന്റെ സ്വന്തം മെഗാതാരം സാക്ഷാൽ മമ്മൂട്ടി അഭിനയിക്കാൻ കൊതിച്ചിരുന്ന നാടകസമിതി കൂടിയായിരുന്നു വൈക്കം മാളവിക. വൈക്കത്തിനടുത്ത് ചെമ്പിൽ ജനിച്ച മമ്മൂട്ടി, മാളവികയുടെ നാടകങ്ങളെല്ലാം അക്കാലത്ത് കണ്ടിരുന്നു. മാളവികയിൽ അഭിനയിക്കാനുള്ള മോഹം സമിതിക്കാരെ അറിയിച്ച കാലത്താണ് അദ്ദേഹത്തിന് ലോ കോളജിൽ പ്രവേശനം ലഭിച്ചത്. സീസൺ കാലത്ത് എല്ലാദിവസവും തന്നെ നാടകമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ പഠനവും അഭിനയവും ഒന്നിച്ചു കൊണ്ടുപോകാൻ കഴിയാതെ വന്നതോടെ മമ്മൂട്ടിയുടെ ആ മോഹം സഫലമാകാതെ പോവുകയായിരുന്നു. പിന്നീടു മലയാളസിനിമയിലെ അതികായനായി വളർന്നപ്പോഴും വൈക്കം മാളവികയോടുള്ള ആദ്ദേഹത്തിന്റെ സ്നേഹം അവസാനിച്ചില്ല. മാളവികയുടെ അമ്പതാമത് നാടകം ‘മിന്നുന്നതെല്ലാം പൊന്നല്ല’ ഉദ്ഘാടനം ചെയ്യാനെത്തിയത് സാക്ഷാൽ ഭരത് മമ്മൂട്ടിയായിരുന്നു.

മലയാള നാടകവേദിയിലെ ഹിറ്റ്മേക്കറും സംസ്‌ഥാന സർക്കാർ അവാർഡ് ജേതാവുമായ ഫ്രാൻസിസ് ടി. മാവേലിക്കര എഴുതിയ മിന്നുന്നതെല്ലാം പൊന്നല്ല എന്ന നാടകമാണ് സുവർണജൂബില വർഷത്തിൽ വൈക്കം മാളവിക വിജയകരമായി രണ്ടാം വർഷവും മുന്നോട്ടു കൊണ്ടുപോകുന്നത്. വൽസൻ നിസരിയാണ് സംവിധാനം. കഴിഞ്ഞ വർഷം 150 വേദികളിൽ അവതരിപ്പിച്ച ഈ നാടകം ഈ വർഷം ഇതുവരെ 185 വേദികളിൽ അവതരിപ്പിച്ചുകഴിഞ്ഞു. 30 അവാർഡുകളും ഈ നാടകത്തിന് ലഭിച്ചു.

അന്നന്നത്തെ അന്നത്തിനുള്ള വക കണ്ടെത്താനായി കഷ്‌ടപ്പെടുന്ന ഒരു ബാർബർ തൊഴിലാളിയാണ് കേന്ദ്രകഥാപാത്രം. കുറ്റവാളിയാണെന്നറിയാതെ ഒരാളുടെ താടിയും മുടിയും വെട്ടേണ്ടി വന്നതിന്റെ പേരിൽ ഇയാളും കുടുംബവും അനുഭവിക്കേണ്ടി വരുന്ന ദുരന്തങ്ങളാണ് ഉദ്വേഗജനകമായി... ഹൃദയസ്പർശിയായി... ഈ നാടകം പറയുന്നത്.

മിന്നുന്നതെല്ലാം പൊന്നല്ല എന്ന നാടകത്തിൽ ബാർബർ കുമാരനായി എത്തുന്നത് ഇപ്പോൾ വൈക്കം മാളവികയുടെ സാരഥി പ്രദീപ് മാളവികയാണ്. സംസ്‌ഥാന സർക്കാരിന്റേതടക്കം നിരവധി അവാർഡുകൾ കരസ്‌ഥമാക്കിയ പ്രദീപ്, വൈക്കം മാളവികയുടെ സാരഥ്യം ഏറ്റെടുക്കുന്നത് 1999–ലാണ്. സമിതിയുടെ സ്‌ഥാപകൻ ടി.കെ. ജോൺ തന്നെയാണ് 40 വർഷത്തെ നാടക പാരമ്പര്യമുള്ള വൈക്കം മാളവികയുടെ കടിഞ്ഞാൺ പ്രദീപിനെ ഏൽപ്പിക്കുന്നത്. സ്കുൾതലം മുതൽ അമച്വർ നാടകരംഗത്തുള്ള പ്രദീപ് മാളവിക പ്രഫഷണൽ നാടകരംഗത്ത് എത്തിയിട്ട് 17 വർഷം പിന്നിട്ടു. ഇതിനിടെ നിരവധി നാടകങ്ങളിൽ പ്രധാന വേഷത്തിലെത്തി കേരളക്കരയാകെ നിറഞ്ഞുനിന്നു. ഒപ്പം നാലു ടെലിഫിലിമുകളിലും ഒരു മെഗാസീരിയലിലും പത്തു സിനിമകളിലും അഭിനയിച്ചു. ഓൾ ഇന്ത്യാ റേഡിയോയുടെ അമ്പതോളം നാടകങ്ങൾക്ക് ശബ്ദവും നൽകി. ഇതിനിടെ തോപ്പിൽ ഭാസി, മദർ തെരേസ മെമ്മോറിയൽ തുടങ്ങി മുപ്പത് നാടക അവാർഡുകൾ ലഭിച്ചു.

സാമൂഹിക തിന്മകളും അനീതികളും തുറന്നുകാട്ടുന്ന ശക്‌തമായ പ്രമേയങ്ങളിലൂടെ നന്മയുടെ വെളിച്ചം വിതറിയ നാടകങ്ങളായിരുന്നു വൈക്കം മാളവിക അര നൂറ്റാണ്ടായി വേദിയിൽ അവതരിപ്പിച്ചു പോരുന്നത്. സുവർണജൂബിലി വർഷത്തിലും ആ മൺചെരാത് കെടാതെ സൂക്ഷിക്കുകയാണ് തങ്ങളെന്നു പ്രദീപ് മാളവിക പറയുന്നു.

സിനിമയും സീരിയലും എത്തിയെങ്കിലും നാടകത്തിന് ഇന്നും പ്രേക്ഷകരുണ്ടെന്നു പ്രദീപ് മാളവിക പറയുന്നു. നാടകങ്ങൾ ഇന്നു നേരിടുന്ന പ്രധാന വെല്ലുവിളി അത് അവതരിപ്പിക്കപ്പെടുന്ന സമയമാണ്. അർധരാത്രിക്കു ശേഷം തുടങ്ങി പുലർച്ചെ വരെ നീളുന്ന നാടകം കാണുന്നവർ ഇന്നില്ല. സാഹചര്യം അതിന് അനുകൂലമല്ല. നാടകത്തെ പ്രൈം ടൈമിലേക്കു കൊണ്ടുവരണം. അത്തരത്തിൽ രാത്രി ഏഴിനു മുമ്പ് തുടങ്ങുന്ന നാടകവേദികളിൽ ഇപ്പോഴും ആസ്വാദകർ ഏറെയാണ്. നാടകം ബുക്ക് ചെയ്യാൻ എത്തുന്നവരോട് ഇക്കാര്യം പറഞ്ഞു ബോധ്യപ്പെടുത്താറുണ്ട്. ഈ കലാരൂപത്തിന്റെ നിലനിൽപ്പിന് ഇത് അത്യാവശ്യമാണ്– പ്രദീപ് മാളവിക പറയുന്നു.

പ്രദീപ് ഗോപി