സിംഗപ്പൂരിന്റെ ക്രിസ്മസ്; അവർ ആഘോഷം തുടങ്ങി
സാന്താക്ലോസുമാരുടെ നിര! നരസിംഹത്തിന്റെ മുഖം ദേശീയചിഹ്നമായ സിംഗപ്പൂരിന്റെ മുഖം മാറുന്നു. എങ്ങും ക്രിസ്മസ് ആഘോഷങ്ങൾ. ന്യൂഇയർ ജയഭേരികളും. എവിടെ നോക്കിയാലും വർണതോരണങ്ങൾ, ആഘോഷം, തിരുമധുരം, കരോൾഗായകർ ‘ഹാപ്പി ക്രിസ്മസ്, ന്യൂഇയർ‘ ആശ്ലേഷം. ഇവിടത്തെപ്പോലെയല്ല അവിടെ. ഡിസംബർ ഒന്നുമുതൽ വീടുകളും തെരുവുകളും ക്രിസ്മസ് ആഘോഷത്തിലാണ്.

സിംഗൂരികളെന്ന ഗോത്രമാണവിടെയുള്ളത്. സ്‌ഥിരതാമസക്കാർ സങ്കരവർഗവും നല്ലൊരുശതമാനം ചൈനീസുമാണ്. അതുകൊണ്ടാകണം ക്രിസ്തീയ ആഘോഷങ്ങൾ നവചൈതന്യം ചൂടിയതും. ആർഭാഡ ഭ്രമം ധാരാളം! പൈതൃക ക്രിസ്മസ് ഗാനമായ ‘ജിംഗിൾ ബെൽ ജിംഗിൾ ബെൽ‘ വട്ടമൊപ്പിച്ച് വൻ മാളുകളിൽപോലും സംഘടിപ്പിക്കാറുണ്ട്. ശരീരം പെരുപ്പിച്ച സാന്താക്ലോസുകൾക്ക് നിറം ചുവപ്പും കര വെള്ളയും തന്നെ. തലമുഖംമൂടി. വാലുള്ള തൊപ്പി. അഗ്രത്തിൽ നക്ഷത്രതൂക്ക്. കൈയിൽ കുറുവടി. മറുകൈയിൽ സഞ്ചി. സഞ്ചിക്കിഴിയിൽ ചോക്കലറ്റ്. വിതരണത്തേക്കാൾ ഭ്രമം കുട്ടികൾ കൈയിട്ടു വാരുന്നതിലാണ്. വിരോധമില്ല. ഒന്നിൽകൂടുതലൊന്നുമാരും എടുക്കില്ല. മാത്രവുമല്ല പ്ലാസ്റ്റിക് കടലാസുരിഞ്ഞ് വേസ്റ്റ് ബക്കറ്റിൽ ഇടും. മധുരം വായിലോട്ടും. പിന്നെ ചുറ്റുവട്ടം നിന്ന് തുള്ളിച്ചാട്ടം. സാന്താക്ലോസുമായൊരു ആട്ടവും പാട്ടും സല്ലാപവും. വലിയവർ പുറംവരിയിട്ട് വട്ടത്തിൽ നിന്നാലാപനവും കൈയടിയും. ഇമ്പമുള്ള കാഴ്ചകൾ.

ക്രിസ്മസ് കച്ചവടശ്രദ്ധയുള്ള തിരുനാളാണ് വ്യാപാരികൾക്ക്. വിശാലവീഥികളത്രയും അലങ്കരിച്ചിരിക്കും. ദേശീയ ആഘോഷംപോലെ. വിചിത്രമായ ഉത്സാഹം. പർച്ചേസ് മാത്രമല്ല കടകമ്പോളങ്ങളിൽ വ്യാപാര ചാതുരി അമിതവും. ക്രിസ്മസ് ഡിസ്കൗണ്ടുകൾ തൂങ്ങാത്തിടമില്ല. ഫ്രീകോലാഹലവും വില്പനയുടെ ഭാഗമാണ്. കേക്ക് നാനാവിധം. ചൈനീസ് പ്ലം വിചിത്രം. വീട്ടിലുണ്ടാക്കി വിതരണത്തിനിറക്കുന്നു. അണ്ടിപ്പരിപ്പും എസെൻസുമാണ് മുഖ്യചേരുവ. രുചിയിൽ നാവു ഞെട്ടും. വട്ടേപ്പ സംസ്കാരം അവിടെ കുടിയേറിയിട്ടില്ല. പകരം എഗ് മാവുകൊണ്ടൊരു ആവിയപ്പം ചുരുക്കം ചിലർ മുറിക്കുന്നു. അതും വൈനും വായ്ക്ക് രുചിയാർന്ന കോമ്പിനേഷൻ.

സിംഗൂരികളുടെ വിശ്വസ്ത പാർട്ണേഴ്സ് ചൈനക്കാരാണ്. പുരാതനകാലം തൊട്ട് രക്‌തബന്ധമുള്ളൊരു സമീകൃത അടുപ്പം. ജാപ്പനീസിനോട് കൈയകലം കണ്ടുള്ള അടുപ്പം മാത്രം. പോർച്ചുഗീസുകാരോടും അലർജിയില്ല. കുലവംശജരായി ചൈനീസ് ആധിപത്യം പുലർന്നു. മെറി ക്രിസ്മസ് ഹാപ്പി ന്യൂഇയർ നേരാൻ പങ്കാളികളായി ഇരുകൂട്ടർക്കും ദൈവനിശ്ചയമെന്നാണ് ആസ്‌ഥാന സംസാരം. ടൂറിസ്റ്റ് കേന്ദ്രമാണവിടം. ടൂറിസം പ്രോത്സാഹിപ്പിക്കുന്നവരോ ഇന്ത്യക്കാരും. പഴയ ഗൾഫാണ്. പുതിയ ഡോളർ സാമ്രാജ്യവും. ശ്രീലങ്കയിൽ തമിഴർ പുലികളായി. സംഗപ്പൂരിൽ മദിരാശി ഹിന്ദുസ്‌ഥാനികളായി. നൂറുശതമാനം എന്നുതന്നെ പറയാം. മുസ്തഫ നഗർ പ്രശാന്തവും പ്രശസ്തവുമാണ്. മുസ്തഫ മാർക്കറ്റ് ലോകപ്രസിദ്ധവും. ആയിരക്കണക്കിന് ചതുരശ്രയടി വിസ്തീർണത്തിൽ പരന്നുകിടക്കുന്നു. എങ്കിലും ചപ്പുചവറുകളൊരിടത്തും കണ്ണിൽപ്പെടില്ല. വൃത്തിക്കും വെടിപ്പിനും പേരുകേട്ട നാട്. ഡിസിപ്ലിൻസിറ്റി.
മുസ്തഫ നഗറിൽ പള്ളികൾ പലതുണ്ട്. തിരുഹൃദയ മാതാവിന്റെ ആസ്‌ഥാനത്താണ് പലപ്പോഴും തിക്കുംതിരക്കും. നിരവധി മാസ് സർവീസുകളുണ്ട്. തമിഴ്കോളനികളാണ് ചുറ്റുവട്ടം. എല്ലാവരും വിശ്വാസികളും സിംഗപ്പൂരിന്റെ ദേശസ്നേഹികളും. തമിഴ് സംസാരിക്കുമെങ്കിലും കൂറ് ഇടംകൊടുത്ത, തലചായ്ക്കുന്ന നാടിനോടാണ്. കച്ചവടവും ജോലിയുമായി നാട് മറന്നുപോയ അനേകരുണ്ട്. അവരെ പച്ചയായ വിശ്വാസം പഠിപ്പിക്കുന്ന തമിഴ് അച്ചന്മാരും. ദേവാലയങ്ങളുടെ ക്രിസ്മസ് ദിവസം പാതിരാ കുർബാന വിശേഷാൽ. പിന്നീട് പുലരും വരെ. ഓരോ മാസിനും ഫൺ ഫെയർ ട്രീ, സമ്മാനകൂപ്പണുകൾ, ക്രിബ്, വെളിച്ചതോരണങ്ങൾ, സാന്താക്ലോസിനെ മുൻനിരയിൽ നിർത്തിയ പരിപാടികളായിരിക്കും കെങ്കേമം.

കരോൾ വരുമാനം മൊത്തം ഫണ്ടിലേക്കാണ്. രോഗികളെ സേവിക്കലാണ് നീക്കിയിരിപ്പിലെ ഉന്നം. വീടുകളിൽ ബാന്റ്, ആഘോഷം, ഊണ്. മധുരപലഹാരങ്ങളെല്ലാം മുറയ്ക്ക്. എത്ര ക്ഷീണിതരായാലും സന്ധ്യക്ക് സന്റോസ ബീച്ചിൽ എത്തിപ്പെടും. ദ്വീപുപോലുള്ള സ്‌ഥലം. സമുദ്രത്തിനരികെ ഗാലറി കെട്ടി വിവിധതരം കണ്ണഞ്ചിപ്പിക്കുന്ന പ്രോഗ്രാമുകൾ അരങ്ങേറും. ഒടുവിൽ മണിക്കൂറ് നീളുന്ന ദീപാലങ്കാര വെളിച്ചമേള കടൽതിരമാലകളോട് വെല്ലുവിളിച്ച്. ക്രിസ്മസ് അതോടെ സർവാർഥത്തിൽ പൂരിതമാകുന്നു. ദാഹജലമായൊരു ഉദരസംഭാരം കഴിച്ച് പള്ള തട്ടി സ്‌ഥലംവിടാം. തണുത്തുകോച്ചി പരസ്പരം തോളൊട്ടി മടക്കയാത്ര. ഇക്കൊല്ലം സിംഗൂരികൾക്ക് ക്രിസ്മസിന് തുള്ളിച്ചാടാൻ ഡബിൾ എൻജോയ്മെന്റാണ്.
സൺഡേയാണ് ദിനം. ആശ്ചര്യവും ഐശ്വര്യപൂർണവുമായ ക്രിസ്മസ്. അതിനുള്ള വിശേഷാൽ പേരുണ്ട്. സിംഗ് സിംഗ് ക്രിസ്മസ് ബ്രിംഗ് ബേബി ജീസസ്. മൂൺ മൂൺ സൺഡേ മെറിക്രിമസ്. പലവർഷങ്ങൾ കൂടിയാണ് ഇങ്ങനെയൊരു സുവർണാവസരം. തിരുപ്പിറവിക്ക് തിരുമധുരമായി പുൽക്കൂട്ടിലും നക്ഷത്രബിന്ദുക്കളൊരുവേള മാനത്തൊത്തുകൂടും. അസുലഭമായി ആലവട്ടംപോലൊരു ചന്ദ്രതോണി ദൃശ്യമാകും. ജറുസലമിലെ ഉണ്ണിയേശുവിന്റെ പുൽക്കൂട് കാണാമത്രേ. ദൈവാനുഗ്രഹമാണ് ആ കാഴ്ചയെന്ന് സിംഗൂരികളുടെ വിശ്വാസം.

ചേറൂക്കാരൻ ജോയി