എല്ലാം ദൈവത്തിനറിയാം
കോയമ്പത്തൂരിലെ ആ തിയറ്റർ അങ്കണം ആഘോഷത്തിമിർപ്പിലായിരുന്നു. തമിഴകത്ത് ഇളയ ദളപതി വരവറിയിച്ച പൂവൈ ഉനക്കാകെ എന്ന ചിത്രത്തിന്റെ നൂറാം ദിനാഘോഷത്തിന് നായിക എത്തുന്നതും കാത്തിരിക്കുകയായിരുന്നു ജനക്കൂട്ടം. ആരവങ്ങൾക്കിടയിലേക്കു നായികയെത്തി. മലയാളിയായ അഞ്ജു അരവിന്ദ്. നടൻ നാഗേഷും സുകുമാരിയും ചേർന്നു പൊന്നാടയണിയിച്ചു നായികയെ സ്വീകരിച്ചു. അരികിൽ ചെറുചിരിയോടെ നായകൻ വിജയ്. തമിഴ് അറിയാത്തതുകൊണ്ട് ഇംഗ്ലീഷിലായി രുന്നു അന്ന് അഞ്ജുവിന്റെ മറുപടി പ്രസംഗം. സിനിമയിലെ ആനന്ദം...ആനന്ദം... പാടും മാനം... എന്ന പാട്ടു പാടിയപ്പോൾ ജനം ഇളകിമറിഞ്ഞു. മലയാളത്തിൽ ഒരുപിടി സിനിമകളിൽ അഭിനയിച്ച ശേഷം തമിഴകത്ത് സ്വപ്നതുല്യമായ അരങ്ങേറ്റം കുറിച്ച അഞ്ജുവിന്റെ സിനിമയെക്കുറിച്ചുള്ള ഓർമകൾ ഇവിടെത്തുടങ്ങുന്നു.

കണ്ണൂർ കൂത്തുപറമ്പിനടുത്ത് ഉരുവച്ചാൽ അരവിന്ദാക്ഷന്റെയും കാഞ്ചനയുടെയും മകളായിപ്പിറന്ന അഞ്ജു ചെറുപ്പത്തിൽ തന്നെ കലാരംഗത്തു സജീവമായിരുന്നു. സുധീഷ് നായകനായ ആകാശത്തേക്കൊരു കിളിവാതിൽ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. എന്നാൽ സുരേഷ് ഗോപിയുടെ സഹോദരിയായി അഭിനയിച്ച അക്ഷരമാണ് ആദ്യം പുറത്തുവന്നത്. മലയാളത്തിനും തമിഴിനും പുറമേ തെലുങ്ക് സിനിമയിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത അഞ്ജു വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേളയെടുത്തു.

സിനിമയിലും സീരിയലിലും പ്രേക്ഷകരുടെ പ്രിയമുഖമായിരുന്ന അഞ്ജു പെട്ടെന്നാണ് വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തു നിന്ന് അപ്രത്യക്ഷയായത്. നിയമപരമായി ബന്ധം വേർപിരിഞ്ഞില്ലെങ്കിലും ഭർത്താവുമായി അകന്നു മകൾക്കൊപ്പം ബംഗളൂരുവിലാണ് ഇപ്പോൾ താമസം. സിനിമയിൽ നിന്നു കുറച്ചു കാലമായി വിട്ടുനിന്ന അഞ്ജു ത്രീ കിംഗ്സ് എന്ന ചിത്രത്തിൽ ഡബ്ബ് ചെയ്തുകൊണ്ടു മടങ്ങിയെത്തി. പിന്നീട് സിനിമയിലും സീരിയലിലും നല്ല വേഷങ്ങൾ ഈ നടിയെ തേടിയെത്തിക്കൊണ്ടിരിക്കുന്നു. രണ്ടാം വരവിൽ ആദ്യനായകൻ സുധീഷിന്റെ നായികയായി അഭിനയിച്ച അതിജീവനം എന്ന സിനിമയും അടുത്തയിടെ തിയറ്ററുകളിലെത്തി. ഒപ്പം നൃത്തത്തിന്റെ ലോകത്തേക്കും ഈ കലാകാരി സജീവമാവുകയാണ്. അഞ്ജുവിന്റെ വിശേഷങ്ങളിലേക്ക്.

കരിയറിൽ ബ്രേക്ക്

കല്യാണം... മോളുടെ ജനനം... അതാണ് അഭിനയരംഗത്ത് ഒരു ബ്രേക്കുണ്ടാകാൻ കാരണം. പിന്നെ മകൾ ഇത്തിരി വലുതായതിനു ശേഷമാണ് വീണ്ടും സിനിമയിൽ സജീവമാകുന്നത്. എന്റെ മനസിനു തൃപ്തി തോന്നുന്ന കഥാപാത്രങ്ങൾ മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്.

നഷ്‌ടബോധം

കരിയറിൽ ചെറിയൊരു ബ്രേക്ക് ഉണ്ടായതിൽ നഷ്‌ടബോധമൊന്നും തോന്നുന്നില്ല. വിധിയാണ് എല്ലാം എന്നു വിശ്വസിക്കുന്നയാളാണ് ഞാൻ. തലയിലെഴുത്ത് മാറ്റാൻ പറ്റില്ലല്ലോ. വരാനുള്ളതും കിട്ടാനുള്ളതും എന്നാണെങ്കിലും കിട്ടുമെന്നു വിശ്വസിച്ചു മുന്നോട്ടു പോകുന്നു. നഷ്‌ടബോധം തോന്നിയാൽ അതേപ്പറ്റിയോർത്തു വിഷമിച്ചിരിക്കാനല്ലേ പറ്റൂ.

ആദ്യമായി കാമറയ്ക്കു മുന്നിൽ

ഞാൻ പ്രീഡിഗ്രിക്കു പഠിക്കുന്ന സമയത്ത് ഒരു സിനിമയുടെ 111ാം ദിനാഘോഷത്തിനു പോയി. അന്നു കൊമ്പയറിംഗ് ഒന്നുമുണ്ടായിരുന്നില്ല. പിജിവി അങ്കിൾ സമ്മാനം വിതരണം ചെയ്യാൻ ഒന്നു വന്നു നിൽക്കാമോ എന്നെന്നോടു ചോദിച്ചു. അവിടെ നിന്നപ്പോൾ മധു അങ്കിൾ എന്നെപ്പറ്റി വളരെയേറെ പുകഴ്ത്തി. ഈ കുട്ടിക്കു നല്ലൊരു ഭാവിയുണ്ടാകും എന്നൊക്കെ പറഞ്ഞു. ഇതേപ്പറ്റി ഏതോ ഒരു മാഗസിനിലൊക്കെ വന്നു. പിന്നെ ഒരു വിഷു സ്പെഷൽ മാസികകയിൽ എന്റെ ഫോട്ടോ കവർപേജായും വന്നു ഇതു രണ്ടുമാണ് ഈ ഇൻഡസ്ട്രിയിലേക്കു ഞാൻ വരാൻ നിമിത്തമായത്. അച്ഛന്റെ സുഹൃത്ത് ഒരു സിനിമ നിർമിക്കുകയും അതിൽ ഒരു കോളജ് വിദ്യാർഥിനിയെ ആവശ്യമായി വരികയും ചെയ്തപ്പോൾ എം.ടി. അജയഘോഷാണ് എന്നെ ശിപാർശ ചെയ്തത്. അങ്ങനെ സുധീഷിന്റെ നായികയായി ആകാശത്തേക്കൊരു കിളിവാതിൽ എന്ന സിനിമയിലൂടെ ആദ്യമായി കാമറയ്ക്കു മുന്നിലെത്തി.

മടങ്ങിവരവ്

സിനിമയിൽ നിന്നു ബ്രേക്കെടുത്ത സമയത്തും ഞാൻ വെറുതെയിരിക്കുകയല്ലായിരുന്നു. ആ സമയത്ത് ഭരതനാട്യത്തിൽ പിജിയെടുത്തു. സിനിമയിൽ ആരുമായും വലിയ കോൺടാക്ട് കീപ്പ് ചെയ്യുന്ന ആളായിരുന്നില്ല ഞാൻ. സഹനിർമാതാവായ അജി മേടയിൽ ഞങ്ങളുടെ കുടുംബസുഹൃത്താണ്. അദ്ദേഹമാണ് ഒരു സിനിമയിൽ ഡബ്ബ് ചെയ്യാൻ വരുമോ എന്നെന്നോടു ചോദിച്ചത്. അങ്ങനെയാണ് ത്രീ കിംഗ്സ് എന്ന സിനിമയിലെ നായിക സന്ധ്യക്കു വേണ്ടി ഡബ്ബ് ചെയ്തത്. പിന്നീട് ഗോഡ്സ് ഓൺ കൺട്രി എന്ന സിനിമയിൽ ശ്രീനിവാസന്റെ ഭാര്യയായി അഭിനയിച്ചു. പിന്നീട് ശൃംഗാരവേലനിൽ നായിക വേദികയുടെ അമ്മയായി, നെടുമുടി വേണു അങ്കിളിന്റെ മകളുമായി അഭിനയിച്ചു.

തമിഴിൽ അരങ്ങേറ്റം

1994ലാണ് സിനിമാരംഗത്തെത്തുന്നത്. മൂന്നുനാലു മലയാളം സിനിമയിൽ അഭിനയിച്ചുനിൽക്കുന്ന സമയത്താണ് വേറൊരു നായികയെ തിരക്കി പൂവൈ ഉനക്കാകെ എന്ന സിനിമയുടെ അണിയറക്കാർ ഗുരുവായൂരു വന്നത്. അവരുടെ കൂടെ എന്നെ കണ്ടപ്പോൾ എന്നെയും സ്ക്രീൻ ടെസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് അവർ താത്പര്യം പ്രകടിപ്പിച്ചു. ഫോട്ടോഷൂട്ട് നടത്തി പോയി. ഇതേസിനിമയുടെ സോംഗ് ഷൂട്ടിനു ചെന്നൈയിലെ സ്റ്റുഡിയോയിലെത്തിയപ്പോൾ അവർ എന്നെ കാണുകയും പിന്നീടവർ ഞാൻ താമസിക്കുന്ന സ്‌ഥലത്തെത്തി നായികയാകാൻ എന്നെ ക്ഷണിക്കുകയുമായിരുന്നു. വിജയ് അന്നു വലിയ നടനൊന്നുമായിട്ടില്ല. ഒടുവിൽ ഞാൻ സമ്മതം മൂളുകയായിരുന്നു. അങ്ങനെ വിജയ്യുടെ നായികയായി അരങ്ങേറ്റം കുറിച്ചു. 125 ദിവസം വരെ ഓടി ആ സിനിമ സൂപ്പർഹിറ്റായി. കോയമ്പത്തൂരിലെ തിയറ്ററിൽ വലിയ വിജയാഘോഷമൊക്കെ നടത്തി. അതൊരിക്കലും മറക്കാൻ പറ്റാത്ത അനുഭവമാണ്. പിന്നീട് 12 തമിഴ് ചിത്രങ്ങൾ ചെയ്തു. അതിൽ പത്തും സൂപ്പർഹിറ്റായി. മലയാളത്തിലേതിനേക്കാൾ നല്ല വേഷങ്ങൾ തമിഴിൽ ലഭിച്ചു.

സീരിയലിലും സജീവം

സിനിമയിലും സീരിയലിലും ഒരേസമയം ഞാൻ സജീവമായിരുന്നു. ചലർ പറയുമായിരുന്നു സിനിമ ചെയ്യുമ്പോൾ സീരിയൽ ചെയ്യരുത് എന്നൊക്കെ. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം അന്നും ഇന്നും സിനിമയും സീരിയലുമെല്ലാം ഒരുപോലെയാണ്. കായംകുളം കൊച്ചുണ്ണി സീരിയലിന്റെ രണ്ടാം ഭാഗം ഇപ്പോൾ ചെയ്യുന്നുണ്ട്. അതിനൊപ്പമാണ് സ്വർണക്കടുവ എന്ന സിനിമയും ചെയ്തത്. മുമ്പു നായികാവേഷം ചെയ്തിട്ട് ഇപ്പോൾ ക്യാരക്ടർ വേഷങ്ങൾ ചെയ്യുന്നതിൽ ഒരു ബുദ്ധിമുട്ടും എനിക്കു തോന്നിയിട്ടില്ല. അഭിനയത്തിനൊപ്പം സ്റ്റേജ് പ്രോഗ്രാമുകളും ചെയ്യുന്നു.

വീട്, കുടുംബം

ഇപ്പോൾ ഞാൻ മകൾക്കൊപ്പം ബംഗളൂരുവിലാണ് താമസം. സിനിമയിൽ കൂടുതൽ സജീവമായതിനാൽ തിരുവനന്തപുരത്തേക്കോ എറണാകുളത്തേക്കോ താമസം മാറാനുള്ള തയാറെടുപ്പിലാണ്. എറണാകുളത്ത് എനിക്കു ഫ്ളാറ്റുണ്ട്. എന്നാൽ സിനിമ യിൽ സജീവമാകാൻ കൂടുതൽ മെച്ചം തിരുവനന്തപുരം തന്നെയാണെന്നു തോന്നുന്നു. മകൾ അൻവി ബംഗളൂരുവിൽ മൂന്നാം ക്ലാസിൽ പഠിക്കുന്നു.

വിവാദങ്ങളിൽ

മണിച്ചേട്ടന്റെ മരണവുമായി ബന്ധപ്പെട്ട് എങ്ങനെയാണ് എന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടത് എന്നെനിക്ക് ഇപ്പോഴുമറിയില്ല. അതേക്കുറിച്ചു കൂടുതൽ സംസാരിക്കാൻ പോലും എനിക്കു താത്പര്യമില്ല. ഒരു അഭിമുഖത്തിൽ ഞാൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ചാണ് അച്ചടിച്ചു വന്നത്. മണിച്ചേട്ടൻ എനിക്കു ഫ്ളാറ്റ് വാങ്ങിത്തന്നു എന്നു വരെ വാർത്തകൾ വന്നു. രണ്ടേകാൽ വർഷം മുമ്പാണ് ഞാൻ ഫ്ളാറ്റ് വാങ്ങിയത്. അതു രേഖകൾ പരിശോധിച്ചാൽ മനസിലാകും. അതുകഴിഞ്ഞ് എത്രയോ നാളുകൾ കഴിഞ്ഞാണ് മണിച്ചേട്ടനൊപ്പം ഞാൻ പ്രോഗ്രാമുകൾ ചെയ്തത്. ആദ്യ പ്രോഗ്രാമിൽ അദ്ദേഹത്തോടൊപ്പം മറ്റൊരാളാണ് നൃത്തം ചെയ്യേണ്ടിയിരുന്നത്. എന്നെ പങ്കെടുപ്പിക്കുന്നതിൽ അദ്ദേഹത്തിനു താത്പര്യവുമില്ലായിരുന്നു. കാരണം ഞാൻ ക്ലാസിക് ഡാൻസാണ് ചെയ്യുന്നത്. നാടൻപാട്ടിനൊപ്പം ഡാൻസ് ചെയ്യാൻ എനിക്കു കഴിയില്ലെന്നാണ് അദ്ദേഹം കരുതിയിരുന്നത്. എന്നാൽ പകരക്കാരിയായി ആ പ്രോഗ്രാമിൽ നൃത്തം ചെയ്യേണ്ടി വന്നു. എന്നാൽ ആ പ്രോഗ്രാം വളരെ നന്നാവുകയും മണിച്ചേട്ടന് എന്നിൽ വിശ്വാസം വരികയും ചെയ്തു. അന്നു ഞാൻ അദ്ദേഹത്തോട് ഞാനിപ്പോൾ കൂടുതൽ സിനിമയും സീരിയലുമൊന്നും ചെയ്യുന്നില്ലെന്നും സ്റ്റേജ് ഷോകളാണു ചെയ്യുന്നതെന്നും പറഞ്ഞു. സഹായിക്കാനുള്ള മനോഭാവമുള്ളയാളായതുകൊണ്ട് മണിച്ചേട്ടൻ പിന്നീട് അദ്ദേഹത്തിന്റെ അഞ്ചാറു പ്രോഗ്രാമുകളിലേക്ക് എന്നെ വിളിച്ചു. മരിക്കുന്നതിന് ആറുമാസം മുമ്പാണ് ഞാൻ അദ്ദേഹത്തെ അവസാനമായി കണ്ടത്. അദ്ദേഹം മരിക്കുന്ന സമയം എന്റെ സഹോദരന്റെ ഗൃഹപ്രവേശം നടക്കുകയായിരുന്നു. ഞാൻ അവിടെയായിരുന്നു. എന്നിട്ടും മരണസമയത്ത് ഞാൻ പാഡിയിലുണ്ടായിരുന്നു എന്നു വരെ വാർത്ത വന്നു. ആ മാഗസിൻ വായിച്ചു കഴിഞ്ഞപ്പോഴാണ് ഇങ്ങനെയൊക്കെയും ഗോസിപ്പ് എന്നെപ്പറ്റിയുണ്ടായിരുന്നു എന്നു പോലും ഞാൻ അറിയുന്നത്. ഒരു പെൺകുട്ടിയുടെ കുടുംബം തകർത്തിട്ടാവരുത് ഒരു മാഗസിന്റെ പ്രചാരം വർധിപ്പിക്കേണ്ടത്. എല്ലാം ദൈവത്തിനറിയാം. ആരെ പേടിച്ചില്ലെങ്കിലും ദൈവം എന്നൊരാളെ പേടിക്കണമെന്നു പറയാറില്ലേ, അതിൽ വിശ്വസിക്കുന്നയാളാണു ഞാൻ. ഒരാളെയും ഞാൻ ദ്രോഹിക്കാൻ പോയിട്ടില്ല. എന്നിട്ടും... ഇങ്ങനെ... എല്ലാം കാലം തെളിയിക്കട്ടെ...

പ്രദീപ് ഗോപി