ഉണ്ണികൾക്ക് തുണയായിവന്ന ഉണ്ണിയേശു
പതിറ്റാണ്ടുകൾക്കു മുൻപുള്ള ആ ക്രിസ്മസ് രാത്രി തണുപ്പുള്ളതായിരുന്നു. നല്ല ഇരുട്ടും. ഞങ്ങൾ കൊച്ചുകുട്ടികളുടെ അവകാശവും ആനന്ദവുമാണ് പാതിരായ്ക്കുള്ള ദിവ്യബലി. പാട്ടും പ്രാർഥനയും പടക്കവും കതിനയും പുൽക്കൂടും തോരണങ്ങളും. മൂത്തസഹോദരൻ പതിനഞ്ചുവയസുള്ള ജോസൂട്ടിയുടെ നേതൃത്വത്തിൽ ഞങ്ങൾ പള്ളിയിലേക്കു പുറപ്പാടായി. അയലത്തുള്ളവരും വീട്ടിൽ വിരുന്നു വന്നവരും എല്ലാമായി പത്തുപന്ത്രണ്ടു പേരുടെ ഒരു കുട്ടിപ്പട്ടാളം. ഏറ്റം പ്രായം കൂടിയവനെന്ന ബോധവും പിള്ളേരെ നോക്കിക്കോണം എന്ന ചാച്ചന്റെ തീട്ടൂരം കൈയിലുണ്ടെന്ന ഭാവവും ജോസൂട്ടിയുടെ മുഖത്തുണ്ട്. കത്തിച്ച ചൂട്ടുകറ്റ പിടിക്കാനുള്ള അനിഷേധ്യ പദവി അയാൾക്കുള്ളതാണ്. അടുത്ത സ്‌ഥാനം തനിക്കു കിട്ടണമെന്ന മത്സരത്തിലായിരുന്നു അയൽക്കാരായ ബാവയും ജോണും. മിച്ചമുള്ള കറ്റകൾ ചുമക്കാനുള്ള അവകാശം കിട്ടിയാൽ ഒരു കൊച്ചു കമാൻഡറാകാം. ബാവയുടെ കൈയിലേക്കു ജോസൂട്ടി കറ്റകൾ ഏൽപിച്ചപ്പോൾ മത്തായിക്കു തോന്നിയ നീരസം അവൻ ഉണ്ണീശോയ്ക്കു കാഴ്ചവച്ചു. അവന്റെ ഉള്ളിലെ പുൽക്കൂട്ടിൽ ചേർത്തുവയ്ക്കാൻ ഒരു റോസപ്പൂ നേടിയെടുത്തു. 25 ദിവസത്തെ ആശയടക്കങ്ങൾ, ത്യാഗങ്ങൾ, സുകൃതജപങ്ങൾ, ഉപവിപ്രവൃത്തികൾ എല്ലാംകൊണ്ട് ആത്മാവിൽ ഒരുക്കി അലങ്കരിച്ച പുൽക്കൂടുംകൊണ്ടാണ് ഞങ്ങൾ ഉണ്ണിയേശുവിനെ സ്വീകരിക്കാൻ പോകുന്നത്.

ഊടുവഴിയിലൂടെ കുന്നിറങ്ങി ഒറ്റവരിയായി ഞങ്ങളുടെ കൊച്ചുനിര മുൻപോട്ടു പോയി. കത്തിച്ച ചൂട്ടിന്റെ ഇത്തിരിവെട്ടത്തിലാണ് നടന്നുനീങ്ങുന്നത്. ജോസൂട്ടിയാണെങ്കിൽ മഹാലുബ്ധൻ. കറ്റയുടെ ഇടക്കെട്ടുകൾ അഴിച്ചുവിട്ട് ആളിക്കത്തിച്ച് നല്ല വെളിച്ചം തരില്ല. എന്റെ കുഞ്ഞനുജത്തിമാരായ ബ്രിജിറ്റും സാലിമ്മയും എന്റെ ഉടുപ്പിൽ പിടിച്ചാണ് കാലെടുത്തുവയ്ക്കുന്നത്. ഹോ, ആശ്വാസം! കാളവണ്ടിയും കാറും പോകുന്ന വീതിയുള്ള വഴിയിൽ കയറി ഞങ്ങൾ. അവിടെ എത്തിയപ്പോൾ നേതാവിന് ഒരു ഭൂതോദയം. റോഡിൽക്കൂടിതന്നെ നടന്നാൽ ദൂരക്കൂടുതലാണ്. മടവീണു മണൽ കയറിക്കിടക്കുന്ന വിശാലമായ പാടമുണ്ട്. അതിലൂടെ കടന്നാൽ പെട്ടെന്നു പള്ളിയിലെത്താം. പുൽക്കൂടിനടുത്തുതന്നെ സ്‌ഥാനം പിടിക്കാം. എന്റെ ചങ്കിടിക്കാൻ തുടങ്ങി. കാരണം, പാടത്തിനരികെയുള്ള ജന്മിയുടെ വീട്ടിൽ ഒരു ഭയങ്കരൻ പട്ടിയുണ്ട്. അവന്റെ കുര വളരെ ദൂരെവരെ കേൾക്കാം. നാട്ടുകാരെല്ലാം അവനെ വിളിക്കുന്നതു ലൂസിഫർ എന്നാണ്. രാത്രിയിലെങ്ങാൻ തുറന്നുവിട്ടിരിക്കുമോ? സാലിമ്മ ചിണുങ്ങാൻ തുടങ്ങി.

‘എന്തിനാ പെൺപിള്ളാരേ നിങ്ങൾ പേടിക്കുന്നത്? ഞാനില്ലേ കൂടെ? ആ അൾസേഷൻ എങ്ങാനും ചാടിവന്നാൽ തേ, ഈ ചൂട്ടുകറ്റയുടെ തീ അതിന്റെ കണ്ണിലേക്കുതന്നെ ഞാൻ കുത്തിക്കൊടുക്കും.‘ ജോസൂട്ടിയുടെ വീമ്പിളക്കൽ. പേടികൊണ്ടോ ഭക്‌തികൊണ്ടോ കൂട്ടത്തിൽ വിവേകമതിയായ മേഴ്സി എല്ലാവരോടുമായി പറഞ്ഞു, ‘നമുക്ക് സുകൃതജപം ചൊല്ലാം. ഉണ്ണീശോയ്ക്കു കുറേ മുല്ലപ്പൂക്കൾകൂടി ഉണ്ടാക്കാം. അമ്മിണിയും സെലീനാമ്മയും പിന്താങ്ങി. എന്റെ അമ്മേ, എന്റെ ആശ്രമേ, അമലോത്ഭവ കന്യകയേ... ആലിക്കുട്ടി ആദ്യഭാഗം ചൊല്ലിത്തന്നുകൊണ്ടിരുന്നു.

‘ഓടിക്കോ, ജീവൻ വേണേൽ ഓടിക്കോ...‘ ഉച്ചത്തിൽ ജോസൂട്ടിയുടെ കമാൻഡ്! ഉണ്ണീശോയെ എന്തു സംഭവിച്ചു? അടുത്തനിമിഷം ഞങ്ങൾ കാണുന്നത് ചൂട്ടുകറ്റ ദൂരെയെറിഞ്ഞ് ഓടുന്ന കമാൻഡറെയും പട്ടാളവീരന്മാരെയുമാണ്. പാതി ചാരിയ ഗേറ്റിനുള്ളിൽനിന്ന് ലൂസിഫറിനെ പ്രകോപിപ്പിച്ചത് ആരെന്നറിയില്ല. അവൻ മണൽപ്പാടത്തെത്തിക്കഴിഞ്ഞു. മങ്ങിയ വെളിച്ചം. മങ്ങിയ വെളിച്ചം. കരിമണൽ. കുഞ്ഞിക്കാലുകൾ. സർവശക്‌തിയുമെടുത്തുള്ള ഓട്ടം. അതിനേക്കാൾ ശക്‌തിയിൽ കുരച്ചുകൊണ്ട് ലൂസിഫർ പിറകേ. ഏറ്റവും തടിയുണ്ടായിരുന്ന ഞാൻ പിറകിലായി. തൊട്ടു മുൻപിൽ കുഞ്ഞുസാലി. ആൺകുട്ടികളുടെ പൊടിപോലും കാണാനില്ല. ഓടിപ്പോകുന്ന പെൺകുട്ടികളെ മങ്ങിയ വെളിച്ചത്തിൽ കാണാം. ശ്വാനന്റെ ശ്വാസോച്ഛ്വാസംപോലും ഞങ്ങൾക്കു കേൾക്കാവുന്നത്രയടുപ്പത്തിൽ എത്തി. ഉണ്ണീശോയേ, ഉണ്ണീശോയെ... തൊണ്ട പൊട്ടുമാറുച്ചത്തിൽ ബ്രിജിറ്റും സാലിമ്മയും. പള്ളിയടുക്കാറായി. പക്ഷേ എന്തുപറയാൻ, ഒരു തോടും അതിനു കുറുകേ ഒരു പാലവും. കുറുക്കുവഴി തേടി വന്നതല്ലേ! മുൻപിൽ പോയ മിടുക്കരെല്ലാം ഒറ്റച്ചാട്ടത്തിനു തോട് മുറിച്ചുകടന്നു. ഞങ്ങളുടെ കുഞ്ഞിക്കാലുകൾ തളർന്നു. ഒന്നുകിൽ പാലത്തിൽ ഓരോരുത്തരായി കയറുക. അതല്ലെങ്കിൽ ഒഴുക്കുനീറ്റിൽ എടുത്തുചാടുക. എവിടെയായാലും ലൂസിഫർ ഞങ്ങളെ കടിച്ചുകീറും. എല്ലാ നാവിൽനിന്നും ഒരേ സ്വരത്തിൽ വിളിയുയർന്നു. ഉണ്ണീശോയെ രക്ഷിക്കണേ...

അദ്ഭുതം, മഹാദ്ഭുതം... ഓർക്കാത്തതു സംഭവിച്ചു. പള്ളിയിൽനിന്ന് വലിയ ശബ്ദത്തിൽ കതിനാവെടി. ഭൂമിയാകെ പ്രകമ്പനംകൊണ്ട പ്രതീതി. ഞെട്ടിവിറച്ചുപോയി. പിന്നെ, ലൂസിഫറിന്റെ കാര്യം പറയാനുണ്ടോ? അവൻ ഭയന്നുവിറച്ച് വാലും ചുരുട്ടി തിരിഞ്ഞൊരു ഓട്ടംവച്ചുകൊടുത്തു.
അതല്ല രസം. ഒന്നാം വെടി വയ്ക്കേണ്ട സമയത്തിന് അഞ്ചുമിനിറ്റു മുൻപാണ് അന്ന് കതിന പൊട്ടിച്ചത്! വെടിക്കാരനെ ശാസിച്ച കൈക്കാരൻ അറിയുന്നുണ്ടോ അവനെക്കൊണ്ട് ആ ‘തെറ്റ്’ ചെയ്യിച്ച ദിവ്യശക്‌തി വേറെയാണെന്ന്.

‘കുഞ്ഞുമനസിന്റെ നൊമ്പരങ്ങൾ ഒപ്പിയെടുക്കാൻ വന്നവനേ, ഈശോയേ...’ ഇന്ന് എന്റെ കൊച്ചുമകൾ ഈ പാട്ട് നീട്ടിപ്പാടുമ്പോൾ അതിന്റെ ഈണത്തിൽ കയറി ഞാൻ വർഷങ്ങൾ പിറകോട്ടു പോകാറുണ്ട്. കുഞ്ഞുങ്ങളായ ഞങ്ങളുടെ നൊമ്പരം ഒപ്പിയെടുത്ത നല്ല യേശുവിന്റെ ജന്മദിനത്തിന്റെ ആശംസകൾ എല്ലാവർക്കും നേരട്ടെ.

സിസിലിയാമ്മ പെരുമ്പനാനി