ഒഎൻവിയുടെ ഓർമയിൽ
ഒരു കവി പെട്ടെന്ന് യാത്രയാകുന്പോൾ വീടിന്‍റെ മേൽക്കൂര തകർന്നുവീഴുന്നതുപോലെ ഒരനുഭവം ഉണ്ടാകുക. ഏറെക്കാലമായി നമുക്ക് ചാരിനിൽക്കാൻ ഉണ്ടായിരുന്ന ഒരു ചുമർ പെട്ടെന്ന് നഷ്ടമാവുക. അങ്ങനെ ഒരനുഭവം മലയാളികൾക്ക്, സാംസ്കാരിക പ്രവർത്തകർത്തകർക്ക്, കവികൾക്ക് ഉണ്ടായത് ഒഎൻവി യവനിക നീക്കി എങ്ങോട്ടോ പോയ ആ ഫെബ്രുവരി പതിമൂന്നിനാണ്. 2016-ലെ ആ തണുത്ത വൈകുന്നേരത്തിലാണ്. മലയാളത്തിനു കാവ്യങ്ങളുടെ ഒരു മഹാസാഗരം നൽകുകയും സ്വന്തം ഹൃദയത്തിൽ ആരും കാണാത്തിടത്ത് ഒരു കിളിക്കൂട് കാത്തുസൂക്ഷിക്കുകയും ചെയ്ത പ്രഫ.ഒ.എൻ.വി കുറുപ്പ് യാത്രയായിട്ട് നാളെ ഒരുവർഷം തികയുന്നു. ആരാധകരുടെ, ആസ്വാദകരുടെ ഉള്ളകങ്ങളിൽ പക്ഷേ ആ വേർപാടിന്‍റെ വേദന ഇന്നും നീറിനിൽക്കുന്നു.

ആസ്വാദകരോടു വളരെ അടുത്തു പെരുമാറുന്ന ഒരു കവിയായിരുന്നില്ല ഒഎൻവി തീർച്ചയായും എല്ലാവരിൽനിന്നും ഒരു നിശ്ചിത അകലം കവി സൂക്ഷിക്കുകയും െചയ്തു. ഒഎൻവി തന്നെ പറഞ്ഞിരുന്നതുപോലെ ശിഷ്യന്മാരുടെ തോളിൽ കൈയിട്ട് നടക്കുന്ന ഒരധ്യാപകനും ആയിരുന്നില്ല അദ്ദേഹം. എങ്കിലും കഴിഞ്ഞ ഫെബ്രുവരി 13-ന് പ്രണയദിനത്തിനു തൊട്ടുമുൻപ് അനന്തപുരിയുടെ ഹൃദയത്തിൽ കവി മിണ്ടാതെ കിടന്നപ്പോൾ ഒരു വലിയ ശൂന്യത മലയാളത്തിൽ നിറയുകയായിരുന്നു. നിലച്ചു, മലയാളത്തിന്‍റെ മാണിക്യവീണ, എന്നും ""നഷ്ടവസന്തത്തിൻ തപ്തനിശ്വാസമേ...'' എന്നും "മറക്കില്ല മലയാളം' എന്നും "ശാന്തം കാവ്യസാഗരം' എന്നും പത്രങ്ങളും മാധ്യമങ്ങളും എഴുതി. മനുഷ്യരോട് താൻപോലുമറിയാതെ കവി സൂക്ഷിച്ചിരുന്ന ഒരു ഉള്ളടുപ്പംതന്നെയായിരുന്നു ഇതിനു കാരണം. മലയാളികളുടെ മുഴുവൻ കൈത്തലം സ്വന്തം കൈകൾക്കുള്ളിൽ എടുത്തുവച്ച് "മരിക്കുംവരെ ഞാൻ കവിയായിരിക്കും' എന്നു പലതവണ പറഞ്ഞിട്ടുണ്ട് ഒഎൻവി. വൈകാരികമായ ആവേശത്തിൽ പെട്ട് ആസ്വാദകർക്കുവേണ്ടി , മലയാളികൾക്കുവേണ്ടി ഞാൻ എഴുതും എന്നൊന്നും കവി പറഞ്ഞില്ലെങ്കിലും മലയാളി അറിഞ്ഞു ആ കവിതകൾ തങ്ങൾക്കുവേണ്ടിയാണെന്ന്, ഈ ഭൂമിക്കു വേണ്ടിയാണെന്ന്, നമ്മുടെ പ്രാണവായുവിനുവേണ്ടിയാണെന്ന്. സ്നേഹവും ആർദ്രതയും അളവറ്റ ആത്മാർഥതയുംകൊണ്ടുതന്നെ
"വാഴ്വിനെ സ്നേഹിപ്പൂ
ഞാനതിൽ ദുഃഖിപ്പൂ
ഞാൻ
ആവില്ല മറ്റൊന്നുമേ
യതിനാൽ പാടുന്നു
ഞാൻ.'
എന്ന് എഴുതിയ ഒഎന്‍വിയുടെ വാക്കുകളുടെ സത്യവും അവർ എന്നേ മനസിലാക്കിയിരുന്നു. സ്വന്തം നെഞ്ചു പിളർന്ന് തന്‍റെ ആത്മാംശത്തെ മറ്റുള്ളവരുടെ കൈയിൽ എൽപിച്ച് എങ്ങോ വീണടിയാൻ വിധിക്കപ്പെട്ട ചിപ്പി. കവി ആര് എന്ന ചോദ്യത്തിന് ഒഎൻവി നൽകിയിരുന്ന മറുപടിയാണിത്.

മുത്തല്ല, അഗ്നിയായിരുന്നു കവി. കവിയുടെ ഉള്ളിലെ സ്നേഹവും അഗ്നിയായിരുന്നു. ആ അഗ്നി അക്ഷരങ്ങളായി മാറി. ആ ആഗ്നേയാക്ഷരങ്ങൾ ഇന്നും മലയാളിയുടെ നെഞ്ചിലുണ്ട്. വ്യക്തിജീവിതത്തിൽ തന്‍റേതായ ഒരു നേർരേഖയിലൂടെ മാത്രം സഞ്ചരിച്ചു ഒഎൻവി. എന്നാൽ കാവ്യലോകത്ത് കവി സ്വതന്ത്രനായിരുന്നു. നേരിട്ടു പറയാൻ കഴിയാത്ത തന്‍റെ സ്വപ്നങ്ങളും സ്നേഹവും, ആത്മസംഘർഷങ്ങളും, ഉന്മാദവും , ഭൂമിയെക്കുറിച്ചും മനുഷ്യനെക്കുറിച്ചുമുള്ള ആകുലതകളും കവി തന്‍റെ കവിതകളിലൂടെ പറഞ്ഞു. ഭൂമിക്കുവേണ്ടിയും അപമാനിക്കപ്പെടുന്ന സ്ത്രീകൾക്കുവേണ്ടിയും കവി കരഞ്ഞു, പാടി. ശാർങ്ഗ പക്ഷിയെപ്പോലെ ഭൂമിയുടെ ഹൃദയത്തുടിപ്പ് അന്തരിന്ദ്രിയം കൊണ്ടറിഞ്ഞു.

"ഇനി ഞാൻ ഉണർന്നിരിക്കാം നീയുറങ്ങുക...' എന്നു നമ്മെ ആശ്വസിപ്പിച്ച് ഈ ഭൂമിക്കു കാവലായി. "എങ്ങു മനുഷ്യനുചങ്ങല കൈകളിലങ്ങെൻ കൈയുകൾ നൊന്തിടുന്നു.'എന്നു പറയാനുള്ള മഹാകാരുണ്യവും ആ അന്തരാത്മാവിൽ ഉണ്ടായിരുന്നു. പുറമേ അൽപം കാർക്കശ്യമൊക്കെ കാണിച്ചിരുന്നെങ്കിലും ഈ ആത്മാർഥ മലയാളം തിരിച്ചറിഞ്ഞു, കവിയെപ്പോലെതന്നെ ആറാം ഇന്ദ്രിയംകൊണ്ട് തൊട്ടറിഞ്ഞു.
തിളങ്ങുന്ന കണ്ണുകളും നനുത്ത മീശയും രണ്ടായി പകുത്ത് ചീകിവച്ച ചുരുണ്ട മു
ടിയുമുള്ള ഒരു കൗമാരക്കാരൻ കൈരളിയുടെ മഹാവാതിൽക്കൽ ഒരിക്കൽ കാത്തുനിന്നു, "മുന്നോട്ട്' എന്ന കാവ്യാക്ഷരങ്ങളുമായി. നിഷ്കളങ്കനായ ആ കൗമാരക്കാരന്‍റെ തലയിൽ കൈവച്ച് പ്രപഞ്ചത്തിലെ ഏതോ അദൃശ്യശക്തി മന്ത്രിച്ചുകാണും മുന്നോട്ട്...മുന്നോട്ട്. കവി മുന്നോട്ടുപോയി, ആകാശത്തോളം, അതിനുമപ്പുറം.... ആയിരം പൂർണചന്ദ്രന്മാരെ കണ്ട നിർവൃതിയോടെ; ഗംഗയെയും വോൾഗയെയും ഒരുപോലെ അറിഞ്ഞ ചാരിതാർഥ്യത്തോടെ; കാളിദാസനെയും മാർക്സിനെയും ഹൃദയത്തിൽ പ്രതിഷ്ഠിച്ചതിന്‍റെ പുണ്യത്തോടെതന്നെയായിരുന്നു ആ പടിയിറക്കവും.
കവിതകളിലൂടെ, ഗാനങ്ങളിലൂടെ, ആത്മകഥയിലൂടെ (പോക്കുവെയിൽ മണ്ണിലെഴുതിയത്) സ്വന്തം ജീവിതം ഒരു വെട്ടിത്തിരുത്തലുമില്ലാതെ നമുക്കു മുന്നിൽ വച്ചിട്ടുതന്നെയാണ് കവിയുടെ പടിയിറക്കം.

അച്ഛൻ ഒ.എൻ.കൃഷ്ണക്കുറുപ്പിന്‍റെ കൊല്ലത്തെ സന്പന്നമായ കുടുംബത്തിൽനിന്ന് ചവറയിലെ നാട്ടിൻപുറത്തെ സാധാരണവീട്ടിലേക്കു പറിച്ചു നടപ്പെട്ട കൊച്ച് അപ്പുവിനെ, സ്വന്തം ബാല്യകാലത്തെ ഒഎൻവി എന്ന ജ്ഞാനപീഠം ജേതാവ് തന്നെയല്ലേ നമുക്ക് കാട്ടിത്തന്നതും. ചവറയിലെ ഒറ്റപ്ലാക്കൽ കുടുംബവീട്ടിൽ മടങ്ങിയെത്തിയ വിധവയായ സ്വന്തം അമ്മയുടെ കണ്ണീർ, ബന്ധുക്കളുടെ പരിഹാസം, അപ്പുവിന്‍റെ ഒറ്റപ്പെടൽ. കളിക്കൂട്ടുകാരില്ലാത്ത അപ്പുവിനു മുന്നിൽ വിടർന്നുവന്ന മുക്കുറ്റിപ്പൂവ്...എല്ലാം മലയാളി കണ്ടു.

ചവറയിലെ കരിമണൽ ഫാക്ടറിയിൽനിന്ന് ശരീരം മുഴുവൻ ഒരു ലോഹപുതപ്പുപോലെ കരിമണൽ മൂടി വേച്ചുവേച്ചു നടന്ന പട്ടിണിക്കാരനായ തൊഴിലാളി, പാടത്ത് നിലം ഉഴുതുമറിക്കാൻ കാളവണ്ടിയുടെ ഒരുവശത്ത് കാളയ്ക്കു പകരം തൊഴിലാളിയെ പൂട്ടുന്ന അതിക്രൂരമായ ജന്മിത്ത വ്യവസ്ഥിതി. ഇതൊക്കെ ബാല്യ-കൗമാരങ്ങളിൽ നേരിൽ കണ്ട കവി വിപ്ലവത്തിന്‍റെ ചെങ്കനലിൽ കാലെടുത്ത് അമർത്തുകയായിരുന്നു.
നമ്മൾ കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ... എന്ന് ഒരു വെളിപാടിന്‍റെ അദ്ഭുതശക്തിയോടെ പാടിയ കവി ആ സ്വപ്നം സത്യമാകുന്നതും കണ്ടു.
ആറു പതിറ്റാണ്ടിലധികം നീണ്ട ആ കാവ്യസപര്യയിൽ കാലം മറിഞ്ഞതും ഉരുണ്ടുകളിച്ചതും ആ കണ്ണിനു മുന്നിലൂടെയായിരുന്നു.

"പൊന്നരിവാൾ അന്പിളിയിൽ കണ്ണുനട്ട്...' പെണ്ണിനെക്കുറിച്ചു പാടിയ ഒഎൻവിതന്നെ ഭൂമിയെ പിളർക്കുന്ന പുതിയ ഫ്ളാറ്റിനെക്കുറിച്ചും എഴുതി. പ്രണയത്തിന്‍റെ സൂര്യകാന്തിപ്പൂക്കളെ കണ്ട് ആയിരക്കണക്കിനു പ്രണയകാവ്യങ്ങൾ എഴുതിയ കവി, I Luvuda' എന്ന മൊബൈൽഫോൺ ഇന്‍റർനെറ്റ് പ്രണയഭാഷയുടെ പുതിയ കോമരത്തുള്ളലുകൾ വകഞ്ഞുമാറ്റി നടന്നു. അറുപതുവർഷം മുൻപ് എഴുതിയ പ്രണയതീക്ഷ്ണതയോടെ സ്നേഹത്തുടിപ്പോടെ സ്നേഹിച്ചുതീരാത്തവരെക്കുറിച്ചെഴുതി.

ഇടതുപക്ഷവിശ്വാസിയായിരുന്നു ഒഎൻവി. ഈശ്വരഭക്തിയും ആത്മീയതയും പ്രകടിപ്പിച്ചില്ലെങ്കിലും ഈശ്വരനെയും മനുഷ്യനെയും പ്രപഞ്ചശക്തികളെയും സർവജീവജാലങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു മഹാശക്തിയെ മനസുകൊണ്ട് അറിഞ്ഞതാണ്. "തെങ്ങിന്‍റെ തിരുജടയിൽ ഇളനീർ ഒളിപ്പിക്കുന്ന'പ്രകൃതിയുടെ, പ്രപഞ്ചത്തിന്‍റെ മായാവിലാസം കണ്ടറിഞ്ഞ കവിക്ക് ഒരു ആത്മീയത ഉണ്ടായിരുന്നു. കവിയുടെ അക്ഷരങ്ങളിൽ സൂര്യശക്തി പകർന്നിറങ്ങുന്നതിനുള്ള കാരണവും മറ്റൊന്നല്ല.
""ഒരുദിവസം ഭൂമിയെന്ന ഈ വാടകവീടൊഴിഞ്ഞു പോകുന്പോൾ എന്‍റെ ഏറ്റവും ചൈതന്യവത്തായൊരംശം ഞാൻ ഇവിടെ ഉപേക്ഷിച്ചുപോകുന്നു - അതാണെന്‍റെ കവിത.''

ഒരിക്കൽ ഒഎൻവി ഇങ്ങനെ പറഞ്ഞു. നമുക്ക് ഇങ്ങനെ തിരുത്തി എഴുതാം; ഒഎൻവി - അങ്ങ് ഈ ഭൂമി വിട്ട് എങ്ങും പോയിട്ടില്ല. കവിതയും, മമധുരമായ ഗാനങ്ങളും മാത്രമല്ല ഒഎൻവിയും ഇവിടെത്തന്നെയുണ്ട്. ഈ മൺതരികളിലും ഇന്നും എവിടെയോ വിടരുന്ന മുക്കുറ്റിപ്പൂവിലും ഇപ്പോഴും ശ്രുതി താഴ്ത്തി പാടുന്ന പൂങ്കുയിലിലും ഞങ്ങൾ കവിയെ കാണുന്നുണ്ട്. ആത്മാർഥമായ സ്നേഹവും പ്രണയവും ഓരോ നിമിഷവും അറ്റുപോകുന്ന ഈ ചൂടുള്ള പകലുകളിൽ
""കുറുമൊഴിമുല്ലപ്പൂവേ
എന്നാത്മാവിലാകെ
വനജ്യോത്സനപോലെ
ചിരിക്കൂ നീ...''
എന്ന അങ്ങയുടെ പാട്ട് കേൾക്കുന്നുണ്ട്.

എസ്. മഞ്ജുളാദേവി