ആത്മാവിന്‍റെ സ്വരം.., ദൈവത്തിനുള്ള പാട്ട്
പണവും പ്രശസ്തിയും തീർച്ചയായും നേടാം., പക്ഷേ നിനക്കുണ്ടാകുന്ന നഷ്ടം അതിനേക്കാൾ അധികമായിരിക്കും- സിനിമയിൽ പാടാൻ അവസരം വന്നപ്പോൾ സംഗീതജ്ഞയായ മകളോട് അവരുടെ ഗുരുകൂടിയായ അമ്മ പറഞ്ഞതാണിത്. വെറുതെ ഉപദേശിക്കുകയല്ല, ദേഷ്യത്തോടെയുള്ള മുന്നറിയിപ്പായിരുന്നു അമ്മയുടേത്. മകളത് അക്ഷരംപ്രതി അനുസരിച്ചു. കിഷോരി അമോങ്കർ എന്നായിരുന്നു ആ മകളുടെ പേര്. ഭാരതീയ ശാസ്ത്രീയ സംഗീതം വിശുദ്ധമാണെന്ന് മകളെ പഠിപ്പിച്ച അമ്മ മോഗുബായ് കുർദികറും.

അമ്മ പഠിപ്പിച്ച പാഠങ്ങളാണ് മരണത്തിന് വിരലിലെണ്ണാവുന്ന ദിവസങ്ങൾക്കു മുന്പുപോലും ആത്മാർപ്പണത്തോടെ കച്ചേരി അവതരിപ്പിച്ച കിഷോരിക്ക് വഴികാണിച്ചത്. ആ മരണത്തോടെ അടർന്നുപോയത് ഹിന്ദുസ്ഥാനി സംഗീത ശാഖയിലെ ഒരു തലമുറയുടെ അവസാന കണ്ണിയും.

<ആ>കണ്ണും ആത്മാവും

കായിക ഇനങ്ങളും വിശേഷിച്ച് ടേബിൾ ടെന്നിസും ഇഷ്ടപ്പെട്ട, ഡോക്ടറാകാൻ ആഗ്രഹിച്ച പെണ്‍കുട്ടിയായിരുന്നു കിഷോരി അമോങ്കർ. പഠനത്തിൽ അവൾ ഒട്ടും മോശമായിരുന്നില്ല. എന്നാൽ ആത്മാവിൻറെ ഭാഗമായിക്കണ്ട സംഗീതംതന്നെയാണ് അവളുടെ ജീവിതമായത്. കൂടുതൽ കർക്കശക്കാരിയാവുക എന്നല്ലാതെ ഗുരുവായ അമ്മ മറ്റു വിദ്യാർഥികളേക്കാൾ ഒരു പരിഗണനയും അമോങ്കറിനു നൽകിയിരുന്നില്ല. ജയ്പുർ ഖരാനയിലെ ഇതിഹാസ ഗായികയായിരുന്നു അമ്മ മോഗുബായ്.

രാഗത്തിൽനിന്നല്ല, സ്വരത്തിൽനിന്നാണ് സംഗീതം ആരംഭിക്കുന്നത്- പൊതുവേ അഭിമുഖങ്ങളിൽനിന്നു മുഖംതിരിച്ചിരുന്ന അമോങ്കർ ഒരിക്കൽ പറഞ്ഞു. ഞാൻ എന്നെത്തന്നെ ആവിഷ്കരിക്കുന്നത് അതിലൂടെയാണ്. എൻറെ അപ്പാർട്ട്മെൻറിൻറെ കാവൽക്കാരനോട് എൻറെ ആദ്യത്തെ ചോദ്യം അയാൾക്ക് ഒരു പ്രത്യേക രാഗം അറിയുമോ എന്നല്ല. അയാൾക്ക് എൻറെ പാട്ട് ഇഷ്ടമായോ എന്നായിരിക്കും. അതിനായി എനിക്ക് ഈ മാധ്യമത്തെക്കുറിച്ച് എല്ലാം മനസിലാക്കേണ്ടതുണ്ട്.

അമ്മയെ കണ്ണും കാതും ആത്മാവുംകൊണ്ട് മനസിലാക്കുകയും പഠിക്കുകയും ചെയ്ത അമോങ്കർ കച്ചേരികൾ തുടങ്ങിയാൽ കണ്ണുകൾ അടയ്ക്കുമായിരുന്നു. അതവർക്ക് അന്ധയായ കലാകാരി എന്ന വിശേഷണംപോലും നൽകി. എന്നാൽ ശ്രോതാക്കളുമായി ആശയസംവേദനം നടത്താനാകുമോ എന്ന ചിന്തയാണ് അമോങ്കറിൻറെ കണ്ണുകൾ അടപ്പിച്ചിരുന്നത്. എത്ര ആത്മാക്കളുമായി സംവദിക്കാനാകും, എത്രപേരെ സന്തോഷിപ്പിക്കാൻ കഴിയും... ഈ ചിന്തകൾ എന്നെ ആശങ്കപ്പെടുത്തിയിരുന്നു. ഒടുവിൽ അതിനൊരു പരിഹാരം ഞാൻ കണ്ടെത്തി- ദൈവത്തിനുവേണ്ടി പാടുക. പരമാത്മാവായ ദൈവം സന്തോഷിക്കുന്നുവെങ്കിൽ സാധാരണക്കാർക്കും ആ സന്തോഷം ഉണ്ടാകുമല്ലോ. അതുകൊണ്ടാണ് ഞാൻ കണ്ണടച്ചു പാടാൻ തുടങ്ങിയത്. അതെ, അവരുടെ സംഗീതം സന്തോഷത്തിലേക്കുള്ള വഴിയായിരുന്നു.

<ആ>സന്തോഷവും ദേഷ്യവും

സംഗീതത്തെ ദൈവത്തിലേക്കുള്ള സഞ്ചാരമായി കണ്ടിരുന്നതുകൊണ്ടുതന്നെ അമോങ്കറിനു ചിലവേളകളിൽ അടക്കാനാകാത്ത ദേഷ്യം വരാറുണ്ട്. ശ്രോതാക്കളുടെ പെരുമാറ്റവും, ശബ്ദസംവിധാനത്തിലെ പ്രശ്നങ്ങളുമൊക്കെയാകും മിക്കപ്പോഴും കാരണം. ഒരിക്കൽ കാഷ്മീരിൽ നടന്ന കച്ചേരിക്കിടയിൽ അന്നത്തെ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയടക്കമുള്ളവരുടെ സാന്നിധ്യത്തിൽ അമോങ്കർ അത്യധികം ക്രോധത്തോടെ സംസാരിച്ചു. താൻ പാടുന്നതിനിടയിൽ ഒരു സ്ത്രീ പാൻ ആവശ്യപ്പെട്ടത് അമോങ്കറെ ചൊടിപ്പിക്കുകയായിരുന്നു. എന്നെ കാണുന്പോൾ നിങ്ങൾക്ക് ഒരു ആട്ടക്കാരിയായി തോന്നുന്നുണ്ടോ എന്നാക്രോശിച്ച് അവർ പാട്ടുനിർത്തുകയും ചെയ്തു.

കിഷോരി എന്ന വാക്ക് ഓർമിപ്പിക്കുന്നത് ഒരു കുഞ്ഞു പെണ്‍കുട്ടിയെയാണ്. വാശിക്കാരിയായ, മിടുക്കിയായ, ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഒരു പെണ്‍കുട്ടിയിൽനിന്ന് ജ്ഞാനവയോധികയായ അമോങ്കറിലേക്ക് അധികം ദൂരമുണ്ടായിരുന്നില്ല. ഇനിയവർ ദൈവത്തിനുവേണ്ടി പാട്ടുതുടരട്ടെ.

<ആ>ഹരിപ്രസാദ്