മിന്നാമിന്നിത്തിളക്കം
നീ​ണ്ട 14 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ​പു​ര​സ്കാ​രം മ​ല​യാ​ള​ത്തി​ലേ​ക്കു തിരിച്ചു വന്നി​രി​ക്കു​ന്നു. ചി​ല ക​ളി​ക​ൾ പ​ഠി​ക്കാ​നും... ചി​ലതു പ​ഠി​പ്പി​ക്കാ​നും... മ​ല​യാ​ള​ത്തി​നെ എ​ന്ന​ല്ല തെ​ന്നി​ന്ത്യ​ൻ സി​നി​മ​യ്ക്കു​മ​പ്പു​റം ബോ​ളി​വു​ഡി​നെപ്പോ​ലും ചിലതു പഠിപ്പിക്കാൻ...

മു​ഖ്യ​ധാ​രാ അ​ഭി​നേ​ത്രി​യാ​യോ നാ​യി​ക​യാ​യോ പ്രേ​ക്ഷ​ക​ർ ക​ണ്ടി​ട്ടി​ല്ലാ​ത്ത ഒരു നടിയാണ് ദേ​ശീ​യ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​യാ​യി​രി​ക്കു​ന്നത്. കാ​ര​ണം, അ​തി​നു​ള്ള അ​വ​സ​രം സു​ര​ഭി​ ലക്ഷ്മിയെ​ന്ന അ​ഭി​നേ​ത്രി​ക്കു കി​ട്ടി​യി​രു​ന്നോ എന്നു സംശയമാണ്. രാജ്യത്തെ നൂറുകണക്കിനു ടെലിവിഷൻ ചാ​ന​ലു​ക​ളി​ൽ ഒന്നിൽ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന എം80 ​മൂ​സ എ​ന്ന ഹാ​സ്യ സീ​രി​യ​ലി​ലെ പാ​ത്തൂ​സ് എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​യാ​ണ് സു​ര​ഭി മ​ല​യാ​ളി​ക​ളാ​യ പ്രേ​ക്ഷ​ക​രു​ടെ മാ​ത്രം അ​ടു​പ്പ​ക്കാ​രി​യാ​യ​ത്. മിന്നാമിനുങ്ങ് എന്ന സിനിമയിലെ അഭിനയത്തിന് ദേ​ശീ​യ അ​വാ​ർ​ഡ് നേ​ടി​യ വേ​ള​യി​ലും പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ലേ​ക്ക് സു​ര​ഭി​യു​ടെ മു​ഖം തെ​ളി​ഞ്ഞു വ​രു​ന്ന​തു പാ​ത്തു​മ്മ​യാ​യാ​ണ്. “ഇ​തു​പോ​ലെ ലേ​ക്കും ക​മ​ന്‍റും ഇ​ല്ലാ​ത്ത ഒ​രു മ​നു​സേ​ൻ'' എ​ന്ന പാ​ത്തു​മ്മ​യുടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ എം 80 ​മൂ​സ​യി​ലെ ഡ​യ​ലോ​ഗാ​ണ് സു​ര​ഭി​യെ പ്രേ​ക്ഷ​ക​ർ​ക്ക് ഇ​ത്ര​യ​ധി​കം പ്രി​യ​ങ്ക​രി​യാ​ക്കി​യ​ത്. മി​ക​ച്ച ന​ടി​ക്കു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് സു​ര​ഭി​ക്കു ല​ഭി​ക്കാ​തെ പോയത് അ​ന്നേ​റെ ച​ർ​ച്ച​ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. വി​വാ​ദം കെ​ട്ട​ട​ങ്ങും മു​ന്പേ സു​ര​ഭി​യെ​ത്തേ​ടി ദേ​ശീ​യ പു​ര​സ്കാ​ര​മെ​ത്തി. അ​ത് സു​ര​ഭി​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി. സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡി​ൽ മി​ന്നാ​മി​നു​ങ്ങ് എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ർ​ശ​മാ​യി​രു​ന്നു സു​ര​ഭി​ക്ക് ല​ഭി​ച്ച​ത്.
ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​യ സു​ര​ഭി​യു​ടെ ഫേസ്ബു​ക്ക് പോ​സ്റ്റ് വാ​യി​ച്ചു ന​മു​ക്കു തു​ട​ങ്ങാം.

മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീയ പു​ര​സ്കാ​രം എ​ന്നി​ലേ​ക്ക് എ​ത്തു​ന്പോ​ൾ ഈ ​അം​ഗീ​കാ​രം എ​ന്നെ പി​ന്തു​ണ​ച്ച എ​ല്ലാ മ​ല​യാ​ളി​ക​ൾ​ക്കു​മാ​ണ് ഞാ​ൻ സ​മ​ർ​പ്പി​ക്കു​ന്ന​ത്. എം 80 ​മൂ​സ​യി​ലെ പാ​ത്തു​വി​നു നി​ങ്ങ​ൾ ന​ൽ​കി​യ പൂ​ർ​ണ പി​ന്തു​ണ​യാ​ണ് അ​ഭി​ന​യ​ത്തി​ൽ എ​ന്നെ ഇ​വി​ടെവ​രെ​ എ​ത്തി​ച്ച​ത്. മി​ന്നാ​മി​നു​ങ്ങി​ലൂ​ടെ ഇ​ങ്ങ​നെ ഒ​രു ബ​ഹു​മ​തി കി​ട്ടു​ന്പോ​ൾ എ​ന്നെ തെ​ര​ഞ്ഞെ​ടു​ത്ത എ​ല്ലാ ജൂ​റി അം​ഗ​ങ്ങ​ളോ​ടും എ​ന്‍റെ വി​നീ​ത​മാ​യ ന​ന്ദി അ​റി​യി​ക്കു​ന്നു. എ​ന്നും കൂ​ടെ നി​ൽ​ക്കു​ന്ന കു​ടും​ബ​ത്തോ​ടും സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ടും പ​റ​ഞ്ഞാ​ൽ തീ​രാ​ത്ത ക​ട​പ്പാ​ടു​ണ്ട്. എ​ന്നെ ഇ​വി​ടം വ​രെ​യെ​ത്തി​ച്ച​ത് നി​ങ്ങ​ളു​ടെ പ്രാ​ർ​ഥ​ന​യും സ​പ്പോ​ർ​ട്ടും ഒ​ന്നുത​ന്നെ​യാ​ണ്. ഇ​നി​യും ഒ​രു​പാ​ട് ന​ല്ല വേ​ഷ​ങ്ങ​ൾ ചെ​യ്യാ​ൻ ആ​ഗ്ര​ഹ​മു​ണ്ട്. ഇ​തു​വ​രെ നി​ങ്ങ​ൾ ന​ൽ​കി​യ പി​ന്തു​ണ ഇ​നി​യും എ​ന്നു​മു​ണ്ടാ​കും എ​ന്ന പ്ര​തീ​ക്ഷ​യോ​ടെ... നി​ങ്ങ​ളു​ടെ സ്വ​ന്തം സു​ര​ഭി.

2003-ൽ ​പാ​ഠം ഒ​ന്ന് ഒ​രു വി​ലാ​പം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മീ​രാ ജാ​സ്മി​നാ​ണ് 14 വർഷം മുന്പ് ദേ​ശീ​യ പു​ര​സ്കാ​രം ഒ​ടു​വി​ൽ മ​ല​യാ​ള​ത്തി​ലെ​ത്തി​ച്ച​ത്. 1968-ൽ ​തു​ലാ​ഭാ​ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ലൂ​ടെ ശാ​ര​ദ​യാ​ണ് മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം ആ​ദ്യ​മാ​യി മ​ല​യാ​ള​സി​നി​മ​യി​ലെ​ത്തി​ച്ച​ത്. സ്വ​യം​വ​ര​ത്തി​ലൂ​ടെ 1972-ൽ ​വീ​ണ്ടും ശാ​ര​ദ ഈ ​നേ​ട്ടം ആ​വ​ർ​ത്തി​ച്ചു. 1986-ൽ ​ന​ഖ​ക്ഷ​ത​ങ്ങ​ളി​ലൂ​ടെ മോ​നി​ഷ​യും 1993-ൽ ​മ​ണി​ച്ചി​ത്ര​ത്താ​ഴി​ലെ അ​ഭി​ന​യ​ത്തി​ന് ശോ​ഭ​ന​യും ദേ​ശീ​യ അ​വാ​ർ​ഡ് മ​ല​യാ​ള​ത്തി​ന് സ്വ​ന്ത​മാ​ക്കി.

മ​ക​ൾ​ക്കു വേ​ണ്ടി മാ​ത്രം ജീ​വി​ച്ച ഒ​ര​മ്മ​യു​ടെ ക​ഥ​പ​റ​ഞ്ഞ മി​ന്നാ​മി​നു​ങ്ങ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ 64-ാം ദേ​ശീ​യ അ​വാ​ർ​ഡ് നേടിയ സുരഭി സൺഡേ ദീപികയുമായി സംസാരിക്കുന്നു...

അപ്രതീക്ഷിതം

അവാർഡ് കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പ്രഖ്യാപിക്കുന്ന ദിവസം പോലും എനിക്കറിയില്ലായിരുന്നു. തലേന്നു രാത്രി രണ്ടു മണിവരെ ഷൂട്ട് ഉണ്ടായിരുന്നു. പിന്നീട് വീട്ടിൽ പോയി. പുലർച്ചെ അഞ്ചിന് എയർപോർട്ടിലെത്തി പ്രോഗ്രാമിനായി ഒമാനിലെ സലാലയിലേക്കു പോയി. ഫ്ലൈറ്റ് ഒരു മണിക്കൂർ ലേറ്റായിരുന്നു. അവിടെയെത്തിയപ്പോൾ സംഘാടകർ ഒരു ബൊക്കെ സമ്മാനിച്ച് നാഷണൽ അവാർഡ് വിന്നർ എന്നു സംബോധന ചെയ്തു. എനിക്കൊന്നും മനസിലായില്ല. സ്റ്റേറ്റ് അവാർഡ് കിട്ടിയതിനുള്ള അഭിനന്ദനമാകും എന്നാണ് ഞാൻ കരുതിയത്. പിന്നീടാണ് ദേശീയ അവാർഡ് എനിക്കാണെന്നു മനസിലായത്. ശരിക്കും ഞാൻ ഞെട്ടിപ്പോയി. കരച്ചിൽ നിർത്താൻ പറ്റാതായി. അരമണിക്കൂറോളം സന്തോഷം നിയന്ത്രിക്കാനാകാതെ കരഞ്ഞുപോയി. നാട്ടിലുള്ള എല്ലാവരെയും അപ്പോൾത്തന്നെ കാണണമെന്നും നാട്ടിലേക്കു വരണമെന്നും തോന്നി. പ്രോഗ്രാമിന് വന്നതുകൊണ്ട് നടന്നില്ല. രണ്ടുദിവസം ഒരുവിധത്തിൽ കടിച്ചുപിടിച്ചു നിന്ന ശേഷമാണ് നാട്ടിലെത്തിയത്. അവിടെ നിന്നു വിവിധ സംഘടനകൾ സമ്മാനിച്ച 48 കിലോ ഷീൽഡുമായാണ് നാട്ടിലെത്തിയത്.

നാടോടി സർക്കസുകർക്കൊപ്പം തുടക്കം

കോ​ഴി​ക്കോ​ട് എ​ളേ​റ്റി​ൽ വ​ട്ടോ​ളി​യി​ൽ താ​മ​സി​ക്ക​വേ നാ​ടോ​ടി സ​ർ​ക്ക​സു​കാ​ർ​ക്കൊ​പ്പം നൃ​ത്തം​വ​ച്ചാ​യിരുന്നു ക​ലാ​കാ​രി​യെന്ന നിലയിൽ അ​ര​ങ്ങേ​റ്റം. മൂ​ന്ന​ര വ​യ​സുള്ളപ്പോൾ അ​ച്ഛ​നാണ് എന്നെ സ്റ്റേ​ജി​ൽ ക​യ​റ്റി​യത്. നൃ​ത്തം ഭം​ഗി​യാ​ക്കി​യ​തി​ന് നാ​ട്ടു​കാ​ർ ഒ​രു പാ​ക്ക​റ്റ് ക​ട​ല​യും വ​ത്ത​ക്ക​ ക​ഷ്ണ​വും ന​ൽ​കി. അ​താ​യി​രു​ന്നു ആ​ദ്യ പ്രോ​ത്സാ​ഹ​നം. പി​ന്നെ കു​ടും​ബം ന​രി​ക്കു​നി​യി​ലേ​ക്ക് മാ​റി. അ​ന്പ​ല​ത്തി​ലെ​യും ക്ല​ബ്ബു​ക​ളു​ടെ​യും പ​രി​പാ​ടി​ക്ക് നൃ​ത്തം ചെ​യ്യു​ന്ന​തും നാ​ട​ക​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​തും കു​ട്ടി​ക്കാ​ല​ത്തെ പ​തി​വാ​യി. നാ​ലാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ൾ കം​സ വ​ധ​ത്തി​ലെ ശ്രീ​കൃ​ഷ്ണ​നാ​യി​ട്ടാ​യി​രു​ന്നു ആ​ദ്യ നാ​ട​കാ​ഭി​ന​യം. പി​ന്നീ​ട് സ​മീ​പ​ത്തെ അ​ന്പ​ല​ങ്ങ​ളി​ൽ ഏ​തു നാ​ട​ക​ങ്ങ​ൾ ന​ട​ന്നാ​ലും മു​രു​ക​ൻ, കൃ​ഷ്ണ​ൻ തു​ട​ങ്ങി കു​ട്ടിദൈ​വ​ങ്ങ​ളു​ടെ വേ​ഷം എ​ന്‍റെ കു​ത്ത​ക​യാ​യി മാ​റി.

നൃത്തപരിശീലനം

കലാസം​ഘാ​ട​ക​നാ​യി​രു​ന്ന വി​ജ​യ​ൻ പാ​ലാ​ടി​ക്കു​ഴി​യാ​ണ് എന്നെ ക​ലാ​മ​ണ്ഡ​ലം സ​ത്യ​വ്ര​ത​ന്‍റെ അ​ടു​ത്ത് നൃ​ത്തം പ​ഠി​ക്കാ​ൻ വി​ട്ട​ത്. ഭ​ര​ത​നാ​ട്യ​വും കു​ച്ചി​പ്പു​ടി​യും മോ​ഹി​നി​യാ​ട്ട​വും അ​വി​ടെ നി​ന്നു പ​ഠി​ച്ച ു. പു​ന്ന​ശേ​രി രാ​മ​ൻ​കു​ട്ടി​യു​ടെ ശി​ക്ഷ​ണ​ത്തി​ൽ ഓ​ട്ട​ൻ​തു​ള്ള​ലും പ​ഠി​ച്ചു. നാ​ട്ടി​ൽ നാ​ട​ക​ങ്ങ​ളൊ​ക്കെ ചെ​യ്തി​രു​ന്ന മു​കു​ന്ദ​നാ​ണ് ഈ ​രം​ഗ​ത്ത് അ​വ​സ​രം ന​ൽ​കി​യ​ത്. സ്കൂ​ൾ ക​ലോ​ത്സ​വ വേ​ദി​ക​ളി​ലും ഈ ​കാ​ല​ത്ത് സ​ജീ​വ​മാ​യി​രു​ന്നു.

സിനിമയിലേക്ക്

എന്നെ​ക്കു​റി​ച്ച് സം​വി​ധാ​യ​ക​ൻ ജ​യ​രാ​ജ് സാർ എങ്ങനെയോ അ​റി​യാ​നി​ട​യാ​യി. അ​ദ്ദേ​ഹം ഭാ​ര്യ സ​ബി​ത​യോ​ട് ആ ​സ​മ​യ​ത്ത് ന​ട​ന്ന ക​ലോ​ത്സ​വ​ത്തി​ൽ ന​ട​ക്കു​ന്ന എന്‍റെ മോ​ണോ​ആ​ക്ട് മ​ത്സ​രം കാ​ണാ​നും പ​രി​ച​യ​പ്പെ​ടാ​നും നി​ർ​ദേ​ശി​ച്ചു. അ​ങ്ങ​നെ ജ​യ​രാ​ജ് സം​വി​ധാ​നം ചെ​യ്ത ബൈ ​ദ പീ​പ്പി​ൾ സി​നി​മ​യി​ൽ ചെ​റി​യ വേ​ഷം ല​ഭി​ച്ചു. അ​ങ്ങനെയായിരുന്നു സി​നി​മാ പ്ര​വേ​ശം.

കലോത്സവത്തിലും മികച്ച നടി

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ക​ലോ​ത്സ​വ​ത്തി​ലും മി​ക​ച്ച ന​ടി​യാ​യിട്ടുണ്ട്. ആ സമയത്താണ് നാ​ട​ക​ത്തോ​ട് കൂടുതൽ പ്രി​യം തോ​ന്നി​യ​ത്. ഭ​ര​ത​നാ​ട്യ​ത്തി​ൽ ബി​രു​ദവും എം​എ​ക്ക് നാ​ട​കവും എം.​ജി. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് എം.​ഫി​ലുമെടുത്തു.

ഇ​തി​നി​ടെ സ്വ​കാ​ര്യ ടിവി ചാ​ന​ലി​ലെ ബെ​സ്റ്റ് ആ​ക്ട​ർ റി​യാ​ലി​റ്റി ഷോ​യി​ലും ഒ​ന്നാ​മ​തെ​ത്തി. അ​തോ​ടെ കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ തേ​ടി​യെ​ത്തി. കെ.​കെ. രാ​ജീ​വ് സം​വി​ധാ​നം ചെ​യ്ത ക​ഥ​യി​ലെ രാ​ജ​കു​മാ​രി​യെ​ന്ന സീ​രി​യ​ലി​ൽ അ​ഭി​ന​യി​ച്ചു. പി​ന്നീ​ടാ​ണ് ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച എം 80 ​മൂ​സ​യി​ലെ പാ​ത്തു​വാ​കു​ന്ന​ത്.

വേറിട്ട സംസാരശൈലി

നാ​ട്ടി​ൻപു​റ​ത്തെ അ​റു​പ​തു​വ​യ​സു​ള്ള മു​സ്ലിം സ്ത്രീ​ക​ളു​ടെ ഭാ​ഷ പ്ര​യോ​ഗി​ച്ച​തി​ലൂ​ടെയാണ് എനിക്ക് ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ക്കാനായത്. തി​ര​ക്ക​ഥ, പ​ക​ൽ ന​ക്ഷ​ത്ര​ങ്ങ​ൾ, അ​യാ​ളും ഞാ​നും ത​മ്മി​ൽ തു​ട​ങ്ങി 36 സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചു.

ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന വേ​ഷ​ങ്ങ​ൾ കു​റ​വാ​യി​രു​ന്നു. ഒ​ട്ടേ​റെ ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക​ളി​ലും അ​ഭി​ന​യി​ച്ചു.

മിന്നാമിനുങ്ങ്

കുഞ്ഞുബജറ്റിൽ ചെയ്തൊരു കുഞ്ഞു സിനിമയാണ് മിന്നാമിനുങ്ങ് . സ്വ​ന്ത​മാ​യി ഒ​രു പേ​രു​പോ​ലു​മി​ല്ലാ​ത്ത, ക​ഷ്ട​പ്പാ​ടു​ക​ളി​ൽ ജീ​വി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​യ ഒ​രു നാ​ൽ​പ്പ​ത്തി​യ​ഞ്ചു​കാ​രി​യു​ടെ വേ​ഷ​മാ​ണ് മി​ന്നാ​മി​നു​ങ്ങി​ൽ ചെ​യ്ത​ത്. മ​ക​ളു​ടെ ഭാ​വി​ക്കു​വേ​ണ്ടി ജീ​വി​ക്കാ​ൻ മ​റ​ന്നു​പോ​യ സ്നേ​ഹ​നി​ധി​യാ​യ വിധവയായ ഒര​മ്മ​. അ​മ്മവേ​ഷം ചെ​യ്യു​ന്ന​തി​നൊ​ന്നും ഒ​രു മ​ടി​യു​മി​ല്ല. കി​ട്ടു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ൾ ഭം​ഗി​യാ​യി ചെ​യ്യാ​ൻ ശ്ര​മി​ക്കും. അ​മ്മൂ​മ്മ​യാ​യി അ​ഭി​ന​യി​ക്കാ​ൻ വി​ളി​ച്ചാ​ലും അ​തേ​റ്റെ​ടു​ക്കും. അ​വാ​ർ​ഡ് കി​ട്ടി​യെ​ന്നു ക​രു​തി എ​ന്നെ ഇ​നി ചെ​റി​യ വേ​ഷ​ങ്ങ​ളി​ലേക്ക് വി​ളി​ക്കാ​തി​രി​ക്ക​രു​ത്. എ​ല്ലാ സം​വി​ധാ​യ​ക​രു​ടെ​യും ന​ടന്മാ​രു​ടെ​യും ഒ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ട്.

മണിയൻപിള്ള രാജു പറഞ്ഞാൽ

എ​നി​ക്കു കി​ട്ടി​യ അ​വാ​ർ​ഡ് ഞ​ങ്ങ​ളു​ടെ കു​ഞ്ഞു​സി​നി​മ​യി​ലെ എ​ല്ലാ​വ​ർ​ക്കും കൂ​ടി​യു​ള്ള അ​വാ​ർ​ഡാ​ണ്. മ​ണി​യ​ൻപി​ള്ള രാ​ജു പു​ര​സ്കാ​രം കി​ട്ടു​മെ​ന്നു പ​റ​ഞ്ഞാ​ൽ കി​ട്ടു​മെ​ന്നാ​ണ് എന്‍റെയൊരു ക​ണ്ടെ​ത്ത​ൽ. തി​ര​ക്ക​ഥ എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്പോ​ൾ പ്രി​യാമ​ണി​ക്ക് പു​ര​സ്കാ​രം കി​ട്ടു​മെ​ന്ന് പ​റ​ഞ്ഞു, കി​ട്ടി. എ​നി​ക്കും അ​തുപോ​ലെ ത​ന്നെ സി​നി​മ ക​ണ്ട ശേ​ഷം അ​വാ​ർ​ഡ് ല​ഭി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു..കി​ട്ടി

സിനിമയെ ഒറ്റയ്ക്കു തോളിലേറ്റിയ നടി

ഒ​റ്റ​യ്ക്ക് ഒ​രു സി​നി​മ​യെ തോ​ളി​ലേ​റ്റു​ന്ന​താ​യി​രു​ന്നു മി​ന്നാ​മി​നു​ങ്ങി​ൽ സു​ര​ഭി​യു​ടെ പ്ര​ക​ട​ന​മെ​ന്നാ​യി​രു​ന്നു ജൂ​റി​യു​ടെ വി​ല​യി​രു​ത്ത​ൽ. മി​ന്നാ​മി​നു​ങ്ങ് എ​ന്ന ചി​ത്ര​ത്തി​ൽ സു​ര​ഭി അ​ഭി​ന​യി​ക്കു​ക​യാ​യി​രു​ന്നി​ല്ല, ജീ​വി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് വി​ധി​നി​ർ​ണ​യ​സ​മി​തി​യു​ടെ അ​ഭി​പ്രാ​യം. മ​ല​യാ​ള​ത്തി​ലെ​യ​ല്ല കോ​ടി​ക​ൾ ഒ​രു സി​നി​മ​യ്ക്കു പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന ബോ​ളി​വു​ഡ് ന​ടി​മാ​ർ പോ​ലും ദേ​ശീ​യ​പു​ര​സ്കാ​രം നേ​ടി​യ സു​ര​ഭി ആ​രാ​ണെ​ന്നു തി​ര​ക്കു​ക​യാ​ണി​പ്പോ​ൾ. കാ​ര​ണം കാ​ര്യ​മാ​യ ലൈ​ക്കും ക​മ​ന്‍റു​മി​ല്ലാ​ത്ത ഒ​രു ന​ടി​യാ​ണ​ല്ലോ അ​വ​രെ​യെ​ല്ലാം പി​ന്ത​ള്ളി ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ നെ​റു​ക​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. ബി​സി​ന​സു​കാ​ര​നാ​യ വി​പി​നാ​ണു സുരഭിയുടെ ഭ​ർ​ത്താ​വ്.

പ്ര​ദീ​പ് ഗോ​പി