ഈ ​​വൈ​​റ​​സി​​നെ തു​​ര​​ത്താം; നാ​​ടി​​നു യ​​ശ​​സ് സ​​മ്മാ​​നി​​ക്കാം
രോ​​​ഗവ്യാ​​​പ​​​നം ത​​​ട​​​യാ​​​ൻ സ​​​ർ​​​ക്കാ​​​രും ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പും ന​​​ൽ​​​കു​​​ന്ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ അ​​​തേ​​​പ​​​ടി പാ​​​ലി​​​ക്കു​​​ന്ന​​​തു ത​​​ന്നെ​​​യാ​​​ണു പൗ​​​രസ​​​മൂ​​​ഹ​​​ത്തി​​​നു ചെ​​​യ്യാ​​​ൻ കഴിയുന്ന പ്ര​​​ധാ​​​ന കാ​​​ര്യം. അ​​​തു സ​​​മൂ​​​ഹ​​​ത്തോ​​​ടു​​​ള്ള ബാ​​​ധ്യ​​​ത​​​യും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​വു​​​മാ​​​ണ്.

അ​​​ത്യ​​​പൂ​​​ർ​​​വ​​​മാ​​​യൊ​​​രു പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി​​​യു​​​ടെ പി​​​ടി​​​യി​​​ലാ​​​ണു ലോ​​​കം ഇ​​​പ്പോ​​​ൾ. മൂ​​​ന്നു​​​മാ​​​സം കൊ​​​ണ്ട് ഒ​​​രു ല​​​ക്ഷ​​​ത്തി​​​ലേ​​​റെ​​​പ്പേ​​​രെ ബാ​​​ധി​​​ക്കു​​​ക​​​യും 3800-ലേ​​​റെ​​​പ്പേ​​​രു​​​ടെ ജീ​​​വ​​​നെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തു. കോ​​​വി​​​ഡ്-19 എ​​​ന്ന പു​​​തി​​​യ കൊ​​​റോ​​​ണ വൈ​​​റ​​​സ്. നൂ​​​റി​​​ലേ​​​റെ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ വ്യാ​​​പി​​​ച്ച ഈ ​​​വൈ​​​റ​​​ൽ ബാ​​​ധ പ്രാ​​​രം​​​ഭ​​​ഘ​​​ട്ട​​​ത്തി​​​ൽ​​​ത​​​ന്നെ കേ​​​ര​​​ള​​​ത്തി​​​ലും എ​​​ത്തി​​​യി​​​രു​​​ന്നു. രോ​​​ഗം പൊ​​​ട്ടി​​​പ്പു​​​റ​​​പ്പെ​​​ട്ട ചൈ​​​ന​​​യി​​​ലെ വു​​​ഹാ​​​നി​​​ൽനി​​​ന്നു വ​​​ന്ന​​​വ​​​രി​​​ലൂ​​​ടെ​​​യാ​​​ണ​​​് ഇ​​​തു കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്. മൂ​​​ന്നു​​​പേ​​​രി​​​ൽ വൈ​​​റ​​​സ് ബാ​​​ധ ക​​​ണ്ടെ​​​ത്തി​​​യെ​​​ങ്കി​​​ലും അ​​​തു പ​​​ട​​​രാ​​​തെ സൂ​​​ക്ഷി​​​ക്കാ​​​ൻ കേ​​​ര​​​ള​​​ത്തി​​​നു സാ​​​ധി​​​ച്ചു. കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രും ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പും മ​​​റ്റ് ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ന​​​ട​​​ത്തി​​​യ ചി​​​ട്ട​​​യാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ജ​​​ന​​​ങ്ങ​​​ൾ അ​​​തി​​​നോ​​​ടു കാ​​​ണി​​​ച്ച സ​​​ഹ​​​ക​​​ര​​​ണ​​​വു​​​മാ​​​ണ് ഈ ​​​വി​​​ജ​​​യ​​​ത്തി​​​നു സ​​​ഹാ​​​യി​​​ച്ച​​​ത്. കേ​​​ര​​​ള​​​ത്തി​​​ലെ പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യ സം​​​വി​​​ധാ​​​ന​​​ത്തി​​​നൊ​​​രു തി​​​ല​​​ക​​​ക്കു​​​റി​​​യാ​​​യി ആ ​​​വി​​​ജ​​​യം കൊ​​​ണ്ടാ​​​ട​​​പ്പെ​​​ട്ടു. പ​​​ല സം​​​സ്ഥാ​​​ന​​​ങ്ങ​​​ളും വി​​​ദേ​​​ശ മാ​​​ധ്യ​​​മ​​​ങ്ങ​​​ളും കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​ജ​​​യ​​​മാ​​​തൃ​​​ക പ​​​ഠി​​​ക്കാ​​​ൻ വ​​​രു​​​ക​​​യും ചെ​​​യ്തു.

ഈ ​​​അ​​​വ​​​സ്ഥ​​​യ്ക്കാ​​​ണു പെ​​​ട്ടെ​​​ന്നു മാ​​​റ്റം വ​​​ന്ന​​​ത്. ഇ​​​റ്റ​​​ലി​​​യി​​​ൽനി​​​ന്നെ​​​ത്തി​​​യ ഒ​​​രു കു​​​ടും​​​ബം ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ കൃ​​​ത്യ​​​മാ​​​യി പാ​​​ലി​​​ക്കാ​​​തി​​​രു​​​ന്ന​​​തു​​​ മൂ​​​ലം മ​​​റ്റു​​​ ചിലരിലേക്കു രോ​​​ഗം പ​​​ട​​​ർ​​​ന്നു. ഒ​​​രാ​​​ഴ്ച​​​യോ​​​ളം ആ ​​​കു​​​ടും​​​ബത്തിലെ അം​​​ഗ​​​ങ്ങ​​​ൾ നി​​​ര​​​വ​​​ധി ആ​​​ൾ​​​ക്കാ​​​രു​​​മാ​​​യി സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലേ​​​ർ​​​പ്പെ​​​ടു​​​ക​​​യും പ​​​ല സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ പോ​​​കു​​​ക​​​യും ചെ​​​യ്തു. അവർ യാ​​​ത്ര ചെ​​​യ്ത വി​​​മാ​​​ന​​​ത്തി​​​ൽ സഞ്ചരിച്ചവർ മു​​​ത​​​ൽ ചി​​​കി​​​ത്സ തേ​​​ടി​​​യ ആ​​​ശു​​​പ​​​ത്രിയിൽ ഉണ്ടായിരുന്നവർ വ​​​രെ എ​​​ത്ര​​​യെ​​​ത്ര പേ​​​രാ​​​ണ് ഇ​​​പ്പോ​​​ൾ രോ​​​ഗ​​​ഭീ​​​തി​​​യി​​​ലാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി​​​ക​​​ൾ ത​​​ട​​​യാ​​​നും കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​നും സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ക്കോ പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കോ മാ​​​ത്ര​​​മാ​​​യി ക​​​ഴി​​​യി​​​ല്ല. സ​​​മൂ​​​ഹം മു​​​ഴു​​​വ​​​നും കൂ​​​ടി അ​​​തി​​​നാ​​​യി ശ്ര​​​മി​​​ക്കു​​​ക​​​യും സ​​​ഹ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യ​​​ണം. ഏ​​​തെ​​​ങ്കി​​​ലും ഒ​​​രാ​​​ൾ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​തി​​​രു​​​ന്നാ​​​ൽ മ​​​തി, സ​​​മൂ​​​ഹം മു​​​ഴു​​​വ​​​ൻ വിഷമത്തിലാ​​​കും. ഇ​​​പ്പോ​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ സം​​​ഭ​​​വി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത് അ​​​താ​​​ണ്.

ത​​​ന്നോ​​​ടും സ​​​മൂ​​​ഹ​​​ത്തോ​​​ടു​​​മു​​​ള്ള ബാ​​​ധ്യ​​​ത​​​ക​​​ളും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ങ്ങ​​​ളും ശ​​​രി​​​യാ​​​യി ഗ്ര​​​ഹി​​​ക്കാ​​​ത്ത ആ​​​ൾ​​​ക്കാ​​​രാ​​​ണ് ഇ​​​ത്ത​​​രം വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​തെ പ്ര​​​ശ്ന​​​ക്കാ​​​രാ​​​യി മാ​​​റു​​​ന്ന​​​ത്. അ​​​തി​​​വേ​​​ഗം പ​​​ട​​​രു​​​ന്ന ഒ​​​രു രോ​​​ഗ​​​ത്തി​​​ന്‍റെ അ​​​ണു​​​ക്ക​​​ൾ താ​​​ൻ വ​​​ഹി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തു​​​വ​​​ഴി മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് ഒ​​​രു പ്ര​​​ശ്ന​​​വും ഉ​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​ൻ ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട​​​ത് അ​​​യാ​​​ൾത​​​ന്നെ​​​യാ​​​ണ്.

പ​​​ല​​​രും ഇ​​​തൊ​​​ന്നും ത​​​ന്നെ ബാ​​​ധി​​​ക്കി​​​ല്ല എ​​​ന്ന അ​​​ഹ​​​ങ്കാ​​​രം കൊ​​​ണ്ടുന​​​ട​​​ക്കു​​​ന്ന​​​വ​​​രാ​​​ണ്. മ​​​റ്റു ചി​​​ല​​​ർ, നി​​​യ​​​മ​​​ങ്ങ​​​ളും ആ​​​രോ​​​ഗ്യവ​​​കു​​​പ്പി​​​ന്‍റെ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​വു​​​മൊ​​​ക്കെ ത​​​നി​​​ക്ക​​​ല്ല, വേ​​​റെ ആ​​​ൾ​​​ക്കാ​​​ർ​​​ക്കാ​​​ണെ​​​ന്ന ധാ​​​ർ​​​ഷ്‌​​​ട്യ​​​വു​​​മാ​​​യി നീ​​​ങ്ങു​​​ന്നു. രോ​​​ഗ​​​ബാ​​​ധ​​​യു​​​ള്ള സ്ഥ​​​ല​​​ത്തു​​​നി​​​ന്നു വ​​​ന്ന​​​താ​​​ണെ​​​ന്നോ ത​​​നി​​​ക്കു രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ഉ​​​ണ്ടെ​​​ന്നോ വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് വ​​​ലി​​​യ മാ​​​ന​​​ക്കേ​​​ടാ​​​യി ക​​​രു​​​തു​​​ന്ന​​​വ​​​രും ഉ​​​ണ്ട്. രോഗസാധ്യതയുള്ള പലരും, അക്കാര്യം വെളിപ്പെടുത്തിയാൽ കുറേക്കാലം ആ​​​ൾ​​​ക്കാ​​​രു​​​മാ​​​യി സ​​​ന്പ​​​ർ​​​ക്കം ഇ​​​ല്ലാ​​​തെ ഒ​​​റ്റ​​​യ്ക്കു ക​​​ഴി​​​യ​​​ണ​​​മ​​​ല്ലോ എ​​​ന്ന ഭ​​​യ​​​പ്പാ​​​ടു​​​മൂലം അതു പുറത്തറിയിക്കാതെ കഴിയും.

ഏ​​​തു കാ​​​ര​​​ണ​​​ത്താ​​​ലാ​​​യാ​​​ലും, പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യ​​​ത്തെ ബാ​​​ധി​​​ക്കു​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ഉ​​​ദാ​​​സീ​​​ന​​​ത​​​യോ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളു​​​ടെ ലം​​​ഘ​​​ന​​​മോ ഉ​​​ണ്ടാ​​​ക​​​രു​​​ത്. കോ​​​വി​​​ഡ്-19 ബാ​​​ധി​​​ച്ച നാ​​​ടു​​​ക​​​ളി​​​ൽനി​​​ന്നു വ​​​രു​​​ന്ന​​​വ​​​ർ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ൽ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ചാ​​​ൽ രോ​​​ഗം പ​​​ട​​​രാ​​​ത്ത​​​വി​​​ധം അ​​​വ​​​രെ നി​​​രീ​​​ക്ഷി​​​ക്കാ​​​നും രോ​​​ഗ​​​ബാ​​​ധ ഉ​​​ണ്ടാ​​​യാ​​​ൽ അ​​​വ​​​ർ​​​ക്ക് പ്ര​​​ത്യേ​​​ക ചി​​​കി​​​ത്സ ന​​​ല്കാ​​​നു​​​മൊ​​​ക്കെ സം​​​സ്ഥാ​​​നം സൗ​​​ക​​​ര്യം ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. അ​​​ത് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക ക​​​ട​​​മ​​​യും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​വു​​​മാ​​​ണ്.

ഇ​​​ത്ത​​​രം ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ സ​​​മൂ​​​ഹ​​​വും കൂ​​​ടു​​​ത​​​ൽ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യ വി​​​ഷ​​​യ​​​ത്തി​​​ലെ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പാലിക്കപ്പെടുന്നതായി ഉ​​​റ​​​പ്പുവ​​​രു​​​ത്താ​​​ൻ ഓ​​​രോ​​​രു​​​ത്ത​​​രും ശ്ര​​​ദ്ധി​​​ക്ക​​​ണം. സാ​​​മൂ​​​ഹ്യ​​​പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കും സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​മൊ​​​ക്കെ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഏ​​​റെ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ ചെ​​​യ്യാ​​​നാ​​​കും. ആ​​​ൾ​​​ക്കൂ​​​ട്ട​​​ങ്ങ​​​ൾ രോ​​​ഗം വ്യാ​​​പ​​​ക​​​മാ​​​യി പ​​​ട​​​രാ​​​വു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മുണ്ടാക്കും. അ​​​തു​​​കൊ​​​ണ്ടാ​​​ണ് ആ​​​ഘോ​​​ഷ​​​ങ്ങ​​​ളും കൂ​​​ട്ടാ​​​യ്മ​​​ക​​​ളും സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളും യാ​​​ത്ര​​​ക​​​ളു​​​മൊ​​​ക്കെ ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നു സ​​​ർ​​​ക്കാ​​​ർ അ​​​ഭ്യ​​​ർ​​​ഥി​​​ക്കു​​​ന്ന​​​ത്. പ​​​ല​​​ർ​​​ക്കും അ​​​സൗ​​​ക​​​ര്യ​​​വും ബു​​​ദ്ധി​​​മു​​​ട്ടും ചി​​​ല​​​പ്പോ​​​ൾ പ​​​ണ​​​ന​​​ഷ്‌​​​ട​​​വും ഉ​​​ണ്ടാ​​​കു​​​മെ​​​ങ്കി​​​ലും ഇ​​​ത്ത​​​രം അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ സ​​​ർ​​​ക്കാ​​​രിന്‍റെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ കൃ​​​ത്യ​​​മാ​​​യി പാ​​​ലി​​​ക്കാ​​​ൻ എ​​​ല്ലാ​​​വ​​​രും ത​​​യ​​​ാറാ​​​ക​​​ണം.

ഇ​​​ന്നു സം​​​സ്ഥാ​​​ന​​​ത്ത് എ​​​സ്എ​​​സ്എ​​​ൽ​​​സി, പ്ലസ്ടു പ​​​രീ​​​ക്ഷ​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ക​​​യാ​​​ണ്. കു​​​ട്ടി​​​ക​​​ൾ രോ​​​ഗ​​​ഭീ​​​തി​​​യി​​​ലാ​​​കാ​​​തെ, ന​​​ല്ല അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ പ​​​രീ​​​ക്ഷ എ​​​ഴു​​​ത​​​ണ​​​മെ​​​ങ്കി​​​ൽ സ​​​മൂ​​​ഹം പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി​​​ക്കെ​​​തി​​​രേ ക​​​രു​​​ത​​​ലോ​​​ടെ നി​​​ൽ​​​ക്കു​​​ന്നു എ​​​ന്ന് അ​​​വ​​​ർ​​​ക്കു ബോ​​​ധ്യം വ​​​ര​​​ണം. ഒ​​​പ്പം, ഏ​​​തെ​​​ങ്കി​​​ലും ത​​​ര​​​ത്തി​​​ൽ അ​​​സ്വ​​​സ്ഥ​​​ത​​​യോ രോ​​​ഗല​​​ക്ഷ​​​ണ​​​ങ്ങ​​​ളോ ഉ​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും വേ​​​ണം.

സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ജാ​​​ഗ്ര​​​ത​​​യും സ​​​ഹ​​​ക​​​ര​​​ണ​​​വും അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​യ മ​​​റ്റൊ​​​രു മേ​​​ഖ​​​ല​​​യാ​​​ണ് ഈ ​​​രോ​​​ഗ​​​ബാ​​​ധ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​ന്ദേ​​​ശ​​​ങ്ങ​​​ളു​​​ടേത്. ഔ​​​ദ്യോ​​​ഗി​​​ക​​​മ​​​ല്ലാ​​​ത്ത വി​​​വ​​​ര​​​ങ്ങ​​​ളും ഉ​​​പ​​​ദേ​​​ശ​​​ങ്ങ​​​ളും പ​​​ങ്കു​​​വ​​​യ്ക്കാ​​​തി​​​രി​​​ക്കു​​​ക എ​​​ന്ന​​​താ​​​ണു ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട​​​ത്. പ​​​ല​​​രും ഉൗ​​​ഹാ​​​പോ​​​ഹ​​​ങ്ങ​​​ളെ വ​​​സ്തു​​​ത എ​​​ന്നമ​​​ട്ടി​​​ല​​​വ​​​ത​​​രി​​​പ്പി​​​ച്ച് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല​​​ട​​​ക്കം പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്. ചി​​​ല​​​ർ ലോ​​​കാരോഗ്യ​​​സം​​​ഘ​​​ട​​​ന​​​യു​​​ടെ​​​യോ ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ​​​യോ ഒ​​​ക്കെ പേ​​​ര് ദു​​​രു​​​പ​​​യോ​​​ഗി​​​ച്ചു വ്യാ​​​ജ​​​സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്നു. ഔ​​​ദ്യോ​​​ഗി​​​ക​​​മ​​​ല്ലാ​​​ത്ത ഒ​​​ന്നും മ​​​റ്റു​​​ള്ള​​​വ​​​രു​​​മാ​​​യി പ​​​ങ്കു​​​വ​​​യ്ക്കാ​​​തി​​​രി​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് ഉ​​​ത്ത​​​ര​​​വാ​​​ദ​​​ബോ​​​ധ​​​മു​​​ള്ള​​​വ​​​ർ ചെ​​​യ്യേ​​​ണ്ട​​​ത്. തെ​​​റ്റാ​​​യ സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ അ​​​നേ​​​ക​​​രു​​​ടെ ജീ​​​വ​​​ൻ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​ക്കുമെ​​​ന്ന് എ​​​ല്ലാ​​​വ​​​രും ഓ​​​ർ​​​മി​​​ക്ക​​​ണം.

ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ലു​​​ള്ള ഒ​​​രു ആ​​​രോ​​​ഗ്യ​​​ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​യാ​​​ണു കോ​​​വി​​​ഡ്-19 മൂ​​​ലം ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നു മ​​​രു​​​ന്നോ പ്ര​​​തി​​​രോ​​​ധ വാ​​​ക്സി​​​നോ ഇ​​​നി​​​യും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ട്ടി​​​ല്ല. ഈ ​​​അ​​​വ​​​സ്ഥ​​​യി​​​ൽ രോ​​​ഗവ്യാ​​​പ​​​നം ത​​​ട​​​യാ​​​ൻ സ​​​ർ​​​ക്കാ​​​രും ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പും ന​​​ൽ​​​കു​​​ന്ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ അ​​​തേ​​​പ​​​ടി പാ​​​ലി​​​ക്കു​​​ന്ന​​​തു ത​​​ന്നെ​​​യാ​​​ണു പൗ​​​രസ​​​മൂ​​​ഹ​​​ത്തി​​​നു ചെ​​​യ്യാ​​​ൻ കഴിയുന്ന പ്ര​​​ധാ​​​ന കാ​​​ര്യം. അ​​​തു സ​​​മൂ​​​ഹ​​​ത്തോ​​​ടു​​​ള്ള ബാ​​​ധ്യ​​​ത​​​യും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​വു​​​മാ​​​ണ്.

ഇ​​​ങ്ങ​​​നെ​​​യൊ​​​രു രോ​​​ഗം പ​​​ട​​​രു​​​ന്പോ​​​ൾ അ​​​തി​​​നെ ചെ​​​റു​​​ത്തു തോ​​​ല്പി​​​ക്കാ​​​നു​​​ള്ള ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ അ​​​വ​​​സ​​​ര​​​മാ​​​ണു കേ​​​ര​​​ള​​​ത്തി​​​നു ല​​​ഭി​​​ക്കു​​​ന്ന​​​ത്. രോ​​​ഗ​​​ബാ​​​ധ സം​​​ശ​​​യി​​​ക്കാ​​​വു​​​ന്ന എ​​​ല്ലാ​​​വ​​​രെ​​​യും നി​​​രീ​​​ക്ഷി​​​ച്ചും വേ​​​ണ്ട​​​വ​​​രെ ഒ​​​റ്റ​​​പ്പെ​​​ടു​​​ത്തി നി​​​ർ​​​ത്തി​​​യു​​​മൊ​​​ക്കെ തു​​​ട​​​ക്ക​​​ത്തി​​​ൽ അ​​​തു സാ​​​ധി​​​ച്ചു. ഇ​​​പ്പോ​​​ൾ വ​​​ന്നി​​​ട്ടു​​​ള്ള ചെ​​​റി​​​യ വീ​​​ഴ്ച​​​യെ കൂ​​​ട്ടാ​​​യ പ​​​രി​​​ശ്ര​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ വേ​​​ഗംത​​​ന്നെ മ​​​റി​​​ക​​​ട​​​ന്നാ​​​ൽ കേ​​​ര​​​ള​​​ത്തി​​​നു പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യ രം​​​ഗ​​​ത്തു വ​​​ലി​​​യ പേ​​​രു നേ​​​ടി​​​യെ​​​ടു​​​ക്കാ​​​നാ​​​വും. നൂ​​​റു​​​ ശ​​​ത​​​മാ​​​നം സാ​​​ക്ഷ​​​ര​​​ത​​​യും ഇ​​​ത്ര​​​യേ​​​റെ മി​​​ക​​​ച്ച ആ​​​രോ​​​ഗ്യപ​​​രി​​​പാ​​​ല​​​ന സൗ​​​ക​​​ര്യ​​​വു​​​മു​​​ള്ള സം​​​സ്ഥാ​​​ന​​​ത്തി​​​ന് അ​​​തു സാ​​​ധി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ ഒ​​​രു സാ​​​ഹ​​​ച​​​ര്യ​​​വു​​​മി​​​ല്ല. കോ​​​വി​​​ഡ് -19നെ​​​തി​​​രാ​​​യ പോ​​​രാ​​​ട്ടം ഓ​​​രോ കേ​​​ര​​​ളീ​​​യ​​​നും സ്വ​​​ന്തം ദൗ​​​ത്യ​​​മാ​​​യി ഏ​​​റ്റെ​​​ടു​​​ക്ക​​​ട്ടെ.