കൃഷിഭൂമിക്കൊരു ചരമഗീതം
Saturday, July 5, 2025 12:00 AM IST
കൃഷിയിടത്തിൽ തളിക്കാൻ വച്ചിരിക്കുന്ന കീടനാശിനിയോ കന്നുകാലികളുടെ കഴുത്തിൽനിന്നഴിച്ച കയറോ എടുത്ത് ജീവിതത്തിൽനിന്നിറങ്ങുന്ന കർഷകരുടെ എണ്ണം വർധിക്കുന്നു. വിത്തുപോലെ മണ്ണിലടക്കപ്പെട്ട അവരുടെ ശരീരങ്ങൾ പൊട്ടിമുളച്ച് ഒരുനാളുമൊരു വിപ്ലവത്തിനിറങ്ങില്ലെന്നു സർക്കാരുകൾക്കറിയാം.
ഒരുവശത്ത് കാർഷികമേഖലയെ വലിയ സംഭവമാക്കിയെന്ന് അവകാശപ്പെടുന്ന സർക്കാർ പരസ്യങ്ങൾ, മറുവശത്ത് കൃഷി നഷ്ടമായതുകൊണ്ട് ആത്മഹത്യ ചെയ്ത, വന്യജീവികൾ കൊന്നൊടുക്കിയ, സർക്കാർ സംഭരിച്ച വിളകളുടെ വില കിട്ടാൻ കാത്തിരിക്കുന്ന, വിലയ്ക്കു പകരം വായ്പയായി ലഭിച്ച പണം സർക്കാർ തിരിച്ചടയ്ക്കാത്തതിനാൽ മറ്റൊരു വായ്പയ്ക്കും അപേക്ഷിക്കാനാവാത്തവിധം ക്രെഡിറ്റ് സ്കോർ താഴ്ന്ന... കർഷകരുടെ വാർത്തകൾ! എന്തോ പന്തികേടു തോന്നുന്നില്ലേ? മൂന്നുമാസത്തിനിടെ മഹാരാഷ്ട്രയിൽ ആത്മഹത്യ ചെയ്തത് 767 കർഷകരാണെന്ന കണക്കുകൾ രാജ്യത്തിനുള്ള മുന്നറിയിപ്പാണ്.
അതവിടെയല്ലേ, കേരളം നന്പർ വൺ ആണെന്നു പറയരുത്. മക്കളുടെ ജോലിയിൽനിന്നുള്ളത് ഉൾപ്പെടെ മറ്റു വരുമാനങ്ങൾ ഉള്ളതുകൊണ്ടു മാത്രമാണ് കേരളത്തിലെ പാവപ്പെട്ട കർഷകരിലേറെയും ജീവിച്ചിരിക്കുന്നത്. നഷ്ടമായ കാർഷികവൃത്തിയെക്കുറിച്ചോ ഉപേക്ഷിക്കപ്പെട്ട കൃഷിയിടങ്ങളെക്കുറിച്ചോ കൃഷിവകുപ്പിനു വല്ല ബോധ്യവുമുണ്ടോ? ഇതിനൊക്കെപുറമേ, ഇന്ത്യയിലെ കൃഷി-ക്ഷീര മേഖലകൾ തീരുവയില്ലാതെ തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെടുന്ന ഇന്ത്യ-അമേരിക്ക കരാറും ആശങ്കയായി. അതേ, ഡൽഹിയിലും മുംബൈയിലും തിരുവനന്തപുരത്തുമൊക്കെയിരുന്ന് അവരെഴുതുകയാണ്, കൃഷിഭൂമിക്കൊരു ചരമഗീതം!
നഷ്ടം സഹിച്ച് ഉത്പാദനം നടത്തുന്നതു കർഷകർ മാത്രമാണ്. സർക്കാർ സ്ഥാപനങ്ങളോ പൊതുമേഖലാ സ്ഥാപനങ്ങളോ എത്ര നഷ്ടത്തിലായാലും അതിന്റെ പിന്നിലുള്ള പണിക്കാർക്ക് വരുമാനത്തിൽ നയാപൈസ കുറയില്ല. ജനസംഖ്യയുടെ പകുതിയോളം പേർക്ക് തൊഴിൽ നൽകുന്നത് കാർഷികമേഖലയാണ്. നൂറിലേറെ രാജ്യങ്ങളിലേക്കു നാം കാർഷികോത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. കാർഷികമേഖല മാത്രമാണ് കഴിഞ്ഞ സാമ്പത്തികവർഷത്തെ ജിഡിപി (മൊത്തം ആഭ്യന്തര ഉത്പാദനം) വളർച്ചയിൽ മികവു കാട്ടിയത്. പറഞ്ഞുവരുന്പോൾ വലിയ സംഭവമാണ്. പക്ഷേ, കർഷകനു മെച്ചമില്ല.
ഇക്കൊല്ലം ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്നു മാസത്തിനുള്ളിൽ മഹാരാഷ്ട്രയില്‍ 767 കര്‍ഷകർ ആത്മഹത്യ ചെയ്തെന്നാണ് സർക്കാർ നിയമസഭയിൽ പറഞ്ഞത്. ഇതിൽ 376 കര്‍ഷകർക്കാണ് നഷ്ടപരിഹാരം ലഭിച്ചത്. ഒരു ലക്ഷം രൂപയുടെ ആ ‘നക്കാപ്പിച്ച’ പോലും 200 കര്‍ഷകര്‍ക്കില്ല. കൃഷി നഷ്ടമായതിന്റെ പേരിൽ ആത്മഹത്യ ചെയ്തവരിലേറെയും കുടുംബങ്ങളുടെ ഏക അന്നദാതാവായിരുന്നു. പക്ഷേ, കൃഷിയിടത്തിൽ തളിക്കാൻ വച്ചിരിക്കുന്ന കീടനാശിനിയോ കന്നുകാലികളുടെ കഴുത്തിൽനിന്നഴിച്ച കയറോ എടുത്ത് ജീവിതത്തിൽനിന്നിറങ്ങുന്ന കർഷകർ സർക്കാരുകളെ അലോസരപ്പെടുത്തുന്നില്ല. വിത്തുപോലെ മണ്ണിലടക്കപ്പെട്ട അവരുടെ ശരീരങ്ങൾ പൊട്ടിമുളച്ച് ഒരുനാളുമൊരു വിപ്ലവത്തിനിറങ്ങില്ലെന്നു സർക്കാരുകൾക്കറിയാം.
നഷ്ടപരിഹാരം കുറവാണെന്നും ഉള്ളതുപോലും സാങ്കേതികത്വം പറഞ്ഞ് ഉദ്യോഗസ്ഥർ നിഷേധിക്കുകയുമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന്, മഹാരാഷ്ട്രയിലെ എൻഡിഎ സർക്കാരിന്റെ മറുപടി കേൾക്കൂ: “പിഎം കിസാന്‍ സമ്മാന്‍ പദ്ധതിയിലൂടെ 6,000 രൂപയും മനഃക്ലേശം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് മനഃശാസ്ത്ര സഹായവും നല്‍കുന്നുണ്ട്.” ആരോടു പറയാൻ? കേരളത്തിൽ കൃഷികൊണ്ടു ജീവിക്കാമെന്ന വ്യാമോഹമില്ലാത്ത കർഷകർ മക്കളെ മറ്റു ജോലികൾക്കു വിടുകയാണ്. നാട്ടിൽനിന്നോ വിദേശത്തുനിന്നോ ഉള്ള അത്തരം വരുമാനമാണ് കർഷകഭവനങ്ങളുടെ അതിജീവനമാർഗം. കേരളത്തിന്റെ മലയോരമേഖലകളിലെല്ലാം കുടിയിറക്കം വ്യാപകമായി.
നിസാര വിലയ്ക്കാണെങ്കിലും കൃഷിയിടങ്ങൾ വിട്ടുകൊടുത്ത് വനംവകുപ്പിന്റെ ‘സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി’യിൽ ചേരുന്നവരുടെ എണ്ണം കൂടി. വന്യജീവിശല്യമാണു പ്രധാന കാരണം. വന്യജീവികളെ നിയന്ത്രിക്കാത്തതും വനാതിർത്തിയിലെ കർഷകരെ കള്ളക്കേസിൽ കുടുക്കുന്നതുമൊക്കെ കൃഷിഭൂമി തട്ടിയെടുക്കാനുള്ള ഗൂഢാലോചനയല്ലേയെന്ന് അന്വേഷിക്കണം. വനം വർധിപ്പിച്ചുണ്ടാക്കുന്ന കാർബൺ ക്രെഡിറ്റ് സന്പാദ്യം പുഴുങ്ങിത്തിന്നാനാകില്ലെന്ന് തിരിച്ചറിയുന്നവർ സർക്കാരിലില്ലാതെ പോയി. നിലവിൽ അരിയും പച്ചക്കറിയും പലചരക്കുമൊക്കെ ഇതര സംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന നാം പൂർണ പരാശ്രയത്വത്തിലേക്ക് എടുത്തെറിയപ്പെടുകയാണ്.
മലയോരങ്ങളിലെ ഉപേക്ഷിക്കപ്പെട്ട കൃഷിയിടങ്ങളെക്കുറിച്ചു നമ്മുടെ കൃഷിവകുപ്പിനു വല്ല കണക്കുമുണ്ടോ? ഒരിക്കൽ കേരളത്തെ കൈപിടിച്ചുയർത്തിയ റബർതോട്ടങ്ങൾ തുറന്ന ദുരന്തമ്യൂസിയമായി കിടക്കുന്നു. റബർ കർഷകരും തൊഴിലാളികളും ഒടുവിലത്തെ റബറുകളാണ് വെട്ടിക്കൊണ്ടിരിക്കുന്നത്. പ്രകടനപത്രികയിലെ താങ്ങുവില ഒരു കറുത്ത ഫലിതമായി. നെൽക്കർഷകർ ഓരോ വിതയ്ക്കും കൊയ്ത്തിനും സമരത്തിലാണ്. സപ്ലൈകോ മുഖേന സംഭരിച്ച നെല്ലിന്റെ പണം മാസങ്ങൾ കഴിഞ്ഞാലും കിട്ടുമെന്നുറപ്പില്ല. നെല്ല് സംഭരിച്ചശേഷം നൽകുന്ന രസീതും പിആർഎസും കൊടുത്താൽ ബാങ്കുകളിൽനിന്നു വായ്പയായി പണം നൽകിയിരുന്ന സംവിധാനവും താറുമാറായി. ആ വായ്പത്തുകയും പലിശയും സർക്കാർ കൊടുക്കാത്തതിനാൽ ക്രെഡിറ്റ് സ്കോർ കുറഞ്ഞ കർഷകർക്കു പുതിയൊരു വായ്പയുമില്ല.
കാർഷികോത്പന്നങ്ങൾക്കു വല്ലപ്പോഴും ഭാഗ്യത്തിനു കിട്ടുന്ന ഉയർന്ന വിലയല്ല. ലാഭമുറപ്പാക്കുന്ന സ്ഥിരവിലയാണു വേണ്ടത്. കൃഷിനാശത്തിന് യഥാസമയം നഷ്ടപരിഹാരം കൊടുക്കണം. സംഭരണവില വായ്പയായി കൊടുക്കുന്ന ചതി അവസാനിപ്പിക്കണം. വനമല്ല, കൃഷിയിടമാണ് വർധിക്കേണ്ടതെന്ന ദീർഘവീഷണം കൃഷി-വനം വകുപ്പുകൾക്കില്ലെങ്കിൽ സർക്കാരിനെങ്കിലും ഉണ്ടാകണം. മറ്റെല്ലാ വഴികളും പരാജയപ്പെട്ട സ്ഥിതിക്കു പരിഷ്കൃത രാജ്യങ്ങളിലേതുപോലെ മനുഷ്യനു ഭീഷണിയാകുന്ന വന്യജീവികളെ കൊന്നൊടുക്കണം. ഭൂമിക്കു പച്ചക്കുടയൊരുക്കിയ കർഷകരെ പരിസ്ഥിതിവിരുദ്ധരാക്കരുത്.
ത്വരിതഗതിയിലായ കർഷക കുടിയിറക്കങ്ങളുടെ ഭവിഷ്യത്തുകൾ പഠനവിധേയമാക്കണം. മലയോര കർഷകർക്ക് ഏറ്റവും ദ്രോഹമായി മാറിയ വനംവകുപ്പെന്ന നാഥനില്ലാക്കളരിയിലെ ഉദ്യോഗസ്ഥർ താറുമാറാക്കിയ സിസ്റ്റത്തെ വീണ്ടെടുക്കണം. അല്ലെങ്കിൽ കൃഷിയിടങ്ങളെ വനങ്ങളും തരിശുനിലങ്ങളുമാക്കിയവർ നാളെ കേരളത്തിന്റെ കൃഷിഘാതകരായി വിചാരണ ചെയ്യപ്പെടും. നശിക്കുന്ന ഓരോ കൃഷിയിടത്തിലും ഒരു ആത്മഹത്യാക്കുറിപ്പുണ്ട്; ഭരണാധികാരികളുടെ പേരുവച്ചെഴുതിയ കുറ്റപത്രം!