സാമൂഹികബന്ധം ആഡംബരമല്ല; അനിവാര്യത
Thursday, July 3, 2025 12:00 AM IST
ആരോ പറഞ്ഞതുപോലെ, ഇരുട്ടിൽ ഒരു പുതപ്പു വലിച്ചിട്ട് നിശബ്ദതയിൽ ചുരുണ്ടുകൂടി, നിങ്ങൾ ഇവിടെയില്ലെന്നു സ്വയം അഭിനയിക്കുന്നതാണ് ഏകാന്തത. അവിടെയാണ് നിശബ്ദതയുടെ വിലാപം തിരിച്ചറിയുന്ന നമ്മളുണ്ടാകേണ്ടത്; അപരന്റെ വാക്കുകൾ സംഗീതംപോലെ ആസ്വദിക്കുന്ന മനുഷ്യരുണ്ടാകേണ്ടത്.
ജനനം മുതൽ മരണം വരെ മനുഷ്യാവസ്ഥയോടു ചേർന്നുനിൽക്കുന്നതാണ് ഏകാന്തത. വിശപ്പെന്ന ഏറ്റവും പ്രാഥമികമായ ചോദന കഴിഞ്ഞാൽ മനുഷ്യരെ വരിഞ്ഞുമുറുക്കി ശ്വാസംമുട്ടിക്കുന്ന വികാരം. അതിനെ മറികടക്കാനും അതിജീവിക്കാനും വരുതിയിലാക്കാനുമുള്ള പിടയലാണ് മനുഷ്യജന്മത്തിലെ തീരാവ്യഥയെന്നതും നാമറിയുന്ന സത്യം.
എല്ലാ ബന്ധങ്ങളും ഏകാന്തതയ്ക്കെതിരായ അവസാനമില്ലാത്ത പോരാട്ടമാണ്. ആത്മീയവും ഭൗതികവുമായ എത്രയെത്ര വഴികളിലൂടെയാണ് നാം ദിവസവും ഏകാന്തതയെന്ന നിശബ്ദനായ കൊലയാളിയെ നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നിട്ടും എത്രയോ പേർ സമൂഹത്തിന്റെയും വ്യക്തിബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും ദൈവത്തിന്റെപോലും ആശ്ലേഷങ്ങളിൽനിന്ന് കുതറിമാറി നരകവഴികളിലും മരണത്തിന്റെ താഴ്വരയിലും അലയുന്നു.
ലോകാരോഗ്യ സംഘടനയുടെ സാമൂഹികബന്ധങ്ങൾക്കായുള്ള കമ്മീഷൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ബൃഹത്തായ റിപ്പോർട്ട് ഈ വസ്തുതയ്ക്ക് അടിവരയിടുന്നതാണ്. ‘ഏകാന്തതയിൽനിന്ന് സാമൂഹികബന്ധങ്ങളിലേക്ക്: ആരോഗ്യകരമായ സമൂഹങ്ങളിലേക്കുള്ള ഒരു പാത’എന്ന പേരിലുള്ള ഈ സുപ്രധാന റിപ്പോർട്ട്, സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും ആഗോള ആരോഗ്യം, ക്ഷേമം, സമൂഹം എന്നിവയിലുണ്ടാക്കുന്ന വ്യാപകവും എന്നാൽ, പലപ്പോഴും ശ്രദ്ധിക്കപ്പെടാത്തതുമായ സ്വാധീനം എടുത്തുകാണിക്കുന്നതാണ്.
നമ്മെ വല്ലാതെ അലോസരപ്പെടുത്തുന്നതാണു പ്രശ്നത്തിന്റെ വ്യാപ്തി. ലോകമെന്പാടും നോക്കിയാൽ ആറിലൊരാൾ ഏകാന്തത അനുഭവിക്കുന്നുണ്ട്. എല്ലാ പ്രായക്കാരും ദേശക്കാരും ഇതിലുണ്ട്. എങ്കിലും, വരുമാനം കുറഞ്ഞ രാജ്യങ്ങളിലും കൗമാരക്കാരിലും യുവജനങ്ങളിലുമാണ് ഏറ്റവും സാധാരണമെന്ന് റിപ്പോർട്ട് പറയുന്നു. ഈ പ്രശ്നത്തിന്, പലപ്പോഴും തിരിച്ചറിയപ്പെടാത്ത, വലിയ സ്വാധീനമുണ്ട്.
പുതിയ കണക്കനുസരിച്ച്, ഓരോ വർഷവും ഒന്‍പതു ലക്ഷത്തോളം പേരുടെ മരണത്തിന് ഏകാന്തത കാരണമാകുന്നു. അതായത്, മണിക്കൂറിൽ ഏകദേശം നൂറുമരണം. ശാരീരികാരോഗ്യ പ്രശ്നങ്ങൾക്കും ഏകാന്തത കാരണമാകുന്നു. ഹൃദയസംബന്ധമായ അസുഖങ്ങൾ, ടൈപ്പ് 2 പ്രമേഹം, പക്ഷാഘാതം എന്നിവ ഇതിൽപ്പെടുന്നു.
ഇവയ്ക്കു പുറമെയാണ് വിഷാദം, ഉത്കണ്ഠ, സ്വയംപീഡനം, ആത്മഹത്യ തുടങ്ങിയ മാനസികപ്രശ്നങ്ങൾ. വ്യക്തികൾക്കുണ്ടാകുന്ന അസ്വസ്ഥതകൾ സ്വാഭാവികമായും സമൂഹത്തിലേക്കും വ്യാപിക്കുന്നു. വിദ്യാഭ്യാസം, തൊഴിൽ, സാന്പത്തികവളർച്ച എന്നിവയൊക്കെ പ്രതിസന്ധിയിലാകുന്നു. ഇതുവഴി തൊഴിലുടമകൾക്കും വ്യക്തികൾക്കുമുണ്ടാകുന്ന സാന്പത്തിക ചെലവുകളും ഗണ്യമാണ്.
മോശം ആരോഗ്യം, കുറഞ്ഞ വരുമാനം, വിദ്യാഭ്യാസം, ഏകാന്തവാസം, അപര്യാപ്തമായ സാമൂഹിക അടിസ്ഥാന സൗകര്യങ്ങളും പൊതുനയങ്ങളും, ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങൾ ഏകാന്തദുരിതങ്ങളെ പർവതസമാനമാക്കുന്നു. അമിതമായ സ്ക്രീൻ സമയവും നെഗറ്റീവ് ഓൺലൈൻ ഇടപെടലുകളും യുവജനങ്ങളുടെ മാനസികാരോഗ്യത്തിലും ക്ഷേമത്തിലും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അതിനെതിരേ ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡബ്ല്യുഎച്ച്ഒ റിപ്പോർട്ട് ഊന്നിപ്പറയുന്നുണ്ട്.
ഈ റിപ്പോർട്ട് പ്രശ്നം തിരിച്ചറിയുക മാത്രമല്ല, സാമൂഹികബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെ ആരോഗ്യകരമായ സമൂഹങ്ങളിലേക്കുള്ള ഒരു പാതയുടെ രൂപരേഖയും മുന്നോട്ടു വയ്ക്കുന്നു. വിവിധ തലങ്ങളിലുള്ള ഫലപ്രദമായ പരിഹാരങ്ങൾ നിർദേശിക്കുന്നുമുണ്ട്. നയം, ഗവേഷണം, ഇടപെടൽ, വിവരശേഖരണം, പങ്കാളിത്തം എന്നിങ്ങനെ അഞ്ച് തന്ത്രപരമായ മേഖലകളിൽ ആഗോള ഇടപെടലിനുള്ള വഴിയാണ് റിപ്പോർട്ടിലൂടെ തെളിയുന്നത്.
സാമൂഹികബന്ധങ്ങൾക്കായുള്ള കമ്മീഷൻ സാമൂഹികബന്ധത്തെ ഒരു ആഗോള പൊതുജനാരോഗ്യ മുൻഗണനയായി അംഗീകരിക്കാനും അതിന് വിഭവങ്ങൾ ലഭ്യമാക്കാനും ലക്ഷ്യമിടുന്നു. അതോടൊപ്പം ശാരീരിക, മാനസികാരോഗ്യത്തിനു നൽകുന്ന അതേ പ്രാധാന്യത്തോടെ ഇതിനെയും പരിഗണിക്കണമെന്നു വാദിക്കുന്നു.
സാമൂഹികബന്ധം ഒരു ആഡംബരമല്ല, മറിച്ച് ആരോഗ്യപരമായ ഒരു അനിവാര്യതയാണ് എന്നതാണ് ഇതെല്ലാം ഊന്നിപ്പറയുന്നത്. സർക്കാരിനും സാമൂഹിക, രാഷ്ട്രീയ സംഘടനകൾക്കും ഇക്കാര്യത്തിൽ നിർണായക പങ്കു വഹിക്കാനുണ്ട്. ലോകാരോഗ്യ സംഘടനയും സർക്കാരും ചെയ്യേണ്ടതു ചെയ്തോട്ടെ. ഇക്കാര്യത്തിൽ നമ്മളോരോരുത്തർക്കും ചെയ്യാൻ ഏറെയുണ്ട്.
ഒരു നോട്ടം, ഒരു കാരുണ്യസ്പർശം, ഒരു ചേർത്തുനിർത്തൽ... ഇതൊക്കെയുണ്ടാക്കുന്ന പോസിറ്റീവ് എനർജി അപാരമാണ്. അതിനു വൈലോപ്പിള്ളി എഴുതിയതുപോലെ, കണ്ണടച്ചിരുട്ടാക്കി നടന്നുചെന്ന് അവനവന്റെ ഓട്ടുരുളിയിലെ വിഷുക്കണിയിലെ ഐശ്വര്യസമൃദ്ധി മാത്രം കണ്ടാൽ പോരാ. കണികാണാൻ പോകുംവഴി കണ്ണുതുറന്ന് പാതിതുറന്ന ജനലിലൂടെ അയൽക്കാരന്റെ വീട്ടിലെ ഇരുളും കാണണം. തന്നെപ്പോലെ തന്റെ അയൽക്കാരനെയും പരിഗണിക്കാൻ മനസുണ്ടാകണം.
പ്രപഞ്ചം മുഴുവന്‍ ഏകാന്തതയുടെ ഒരു കാറ്റ് സദാ വീശുന്നതായി ജാപ്പനീസ് ഹൈക്കു കവി ബാഷോ കരുതിയിരുന്നു. “അനാഥശിശുവിനോടൊപ്പം ഉറങ്ങാന്‍ കിടക്കുന്ന തണുത്ത കാറ്റ്” എന്നും അദ്ദേഹത്തെ വ്യാകുലപ്പെടുത്തിയിരുന്നു. ഇരുട്ടിൽ ഒരു പുതപ്പു വലിച്ചിട്ട് നിശബ്ദതയിൽ ചുരുണ്ടുകൂടി, നിങ്ങൾ ഇവിടെയില്ലെന്നു സ്വയം അഭിനയിക്കുന്നതാണ് ഏകാന്തത എന്നു പറയാറുണ്ട്.
അവിടെയാണ് നിശബ്ദതയുടെ വിലാപം തിരിച്ചറിയുന്ന നമ്മളുണ്ടാകേണ്ടത്; അപരന്റെ വാക്കുകൾ സംഗീതംപോലെ ആസ്വദിക്കുന്ന മനുഷ്യരുണ്ടാകേണ്ടത്. ഒരുമിച്ചായിരിക്കുമ്പോള്‍ ഞങ്ങളെ ഒറ്റയാകാന്‍ അനുവദിക്കരുതേയെന്നും ഒറ്റയ്ക്കായിരിക്കുമ്പോള്‍ ഞങ്ങളെ ഒരുമിച്ചായിരിക്കാന്‍ പഠിപ്പിക്കണമേയെന്നുമുള്ള പ്രാര്ഥനയാകട്ടെ നമ്മുടെ ജീവിതം.