തെരഞ്ഞെടുപ്പു സമിതിയിൽ ഒരംഗത്തിന്റെ ഒഴിവുണ്ടെങ്കിലും തീരുമാനം അസാധുവാകില്ലെന്നാണ് അറിയുന്നത്. അതായത്, പ്രതിപക്ഷനേതാവ് ഇല്ലാതെയും കമ്മീഷണർമാരെ തെരഞ്ഞെടുക്കാനാകും. ചുരുക്കത്തിൽ, ബിൽ പാസായാൽ പ്രധാനമന്ത്രി തീരുമാനിക്കുന്നയാളുകൾ മാത്രമാകും തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഉണ്ടാകുക.
പൊതുതെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയ നേരത്ത്, അതിന്റെ നടത്തിപ്പുകാരായ, കമ്മീഷനിൽ തങ്ങൾക്കു വിധേയരല്ലാത്തവർ ഉണ്ടാകരുതെന്ന് ഉറപ്പാക്കാൻ കേന്ദ്രസർക്കാർ രാജ്യസഭയിൽ അവതരിപ്പിച്ച ബിൽ സംശയകരം. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറെയും കമ്മീഷണർമാരെയും തെരഞ്ഞെടുക്കുന്ന സമിതിയിൽനിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കുന്നതിനുള്ള ബില്ലാണ് അവതരിപ്പിച്ചിരിക്കുന്നത്.
സുപ്രീംകോടതിയെയും പ്രതിപക്ഷത്തെയുമൊക്കെ വിശ്വാസമില്ലെന്നോ ഭയമാണെന്നോ വരുന്നതും ഇഷ്ടക്കാരെ തിരുകിക്കയറ്റി തെരഞ്ഞെടുപ്പു കമ്മീഷനിൽ ഇടപെടാൻ ശ്രമിക്കുന്നതും, ഭരണകൂടം ജനങ്ങളെയും ജനാധിപത്യത്തെയും ഭയപ്പെടുന്നതിനു തുല്യമാണ്. ജനാധിപത്യമാർഗത്തിലൂടെയാണ് ഒരു സർക്കാർ അധികാരത്തിലെത്തിയത് എന്നു പറയാനാകുന്നത് തെരഞ്ഞെടുപ്പിന്റെ സുതാര്യതയെക്കുറിച്ച് വോട്ടർമാർക്ക് സംശയം ഇല്ലാതിരിക്കുന്പോൾ മാത്രമാണ്.
2023 മാർച്ചിലെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയെ മറികടക്കാനാണു കേന്ദ്രം പുതിയ ബിൽ അവതരിപ്പിച്ചിരിക്കുന്നത്. സർക്കാർ നിയമനിർമാണം നടത്തുന്നതുവരെ തെരഞ്ഞെടുപ്പു കമ്മീഷണർമാരെ രാഷ്ട്രപതിക്കു ശിപാർശ ചെയ്യുന്ന സമിതിയിൽ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എന്നിവർ അംഗങ്ങളായിരിക്കണമെന്ന് ജസ്റ്റീസ് കെ.എം. ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. എന്നാൽ, പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ്, പ്രധാനമന്ത്രി നിർദേശിക്കുന്ന കേന്ദ്ര കാബിനറ്റ് മന്ത്രി എന്നിവരാണ് പുതിയ ബിൽ പ്രകാരം സമിതിയിലുള്ളത്. അതിന്റെ പേര്, മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണറും മറ്റു തെരഞ്ഞെടുപ്പു കമ്മീഷണർമാരും (നിയമനം, സേവനവ്യവസ്ഥ, സർവീസ് കാലാവധി) ബിൽ 2023 എന്നാണ്. കേന്ദ്രസർക്കാരിന്റെ കളിപ്പാവയാകില്ലെന്ന് ഉറപ്പുള്ള സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിനു പകരം കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തിയതാണ് മാറ്റം. സമിതിയുടെയും സെർച്ച് കമ്മിറ്റിയുടെയും ഘടനയും സ്വഭാവവും ശ്രദ്ധിച്ചാൽ കാര്യങ്ങളുടെ പോക്ക് എവിടേക്കാണെന്നു മനസിലാക്കാവുന്നതേയുള്ളൂ.
കാബിനറ്റ് സെക്രട്ടറിയും മറ്റു രണ്ട് സെക്രട്ടറിമാരും അടങ്ങുന്ന മൂന്നംഗ സെർച്ച് കമ്മിറ്റിയാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ പരിഗണനയ്ക്കായി അഞ്ചു പേരുകൾ നിർദേശിക്കേണ്ടത്. ഈ സെർച്ച് കമ്മിറ്റിയെ തീരുമാനിക്കുന്നതു സർക്കാരാണെന്നതും സെർച്ച് കമ്മിറ്റി നിർദേശിക്കാത്ത പേരും പ്രധാനമന്ത്രി ഉൾപ്പെടുന്ന സമിതിക്ക് പരിഗണിക്കാമെന്നതും മറ്റൊരു തമാശ. ഈ ബില്ലനുസരിച്ച്, തെരഞ്ഞെടുപ്പു സമിതിയിൽ ഒരംഗത്തിന്റെ ഒഴിവുണ്ടെങ്കിലും തീരുമാനം അസാധുവാകില്ലെന്നാണ് അറിയുന്നത്. അതായത്, പ്രതിപക്ഷനേതാവ് ഇല്ലാതെയും കമ്മീഷണർമാരെ തെരഞ്ഞെടുക്കാനാകും. ചുരുക്കത്തിൽ, ബിൽ പാസായാൽ പ്രധാനമന്ത്രി തീരുമാനിക്കുന്നവർ മാത്രമാകും തെരഞ്ഞെടുപ്പു കമ്മീഷനിൽ ഉണ്ടാകുക. അപ്പോൾ പിന്നെ സുതാര്യതയെയും നിഷ്പക്ഷതയെയുംകുറിച്ചുള്ള ചർച്ചകൾക്കുതന്നെ പ്രസക്തിയില്ലല്ലോ. നിഷ്പക്ഷരായ വ്യക്തികൾ തെരഞ്ഞെടുക്കപ്പെട്ടാൽ പോലും അവരെ സംശയനിഴലിലാക്കുന്ന നിയമനരീതിയാണിത്.
സുപ്രീംകോടതി വിധിയെ മറികടക്കാന്‍ ഡല്‍ഹി ഭരണനിയന്ത്രണ ബില്ല് അവതരിപ്പിച്ചെടുത്തതിനു സമാനമാണിത്. മുന്‍പും ഇത്തരത്തിലുള്ള രീതിയാണ് ഇലക്ഷൻ കമ്മീഷൻ നിയമനത്തിൽ രാജ്യത്ത് തുടര്ന്നുപോന്നിരുന്നതെങ്കിലും വലിയ ആക്ഷേപങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ, 2019ലെ തെരഞ്ഞെടുപ്പിൽ പെരുമാറ്റച്ചട്ടം ലംഘിച്ച പ്രധാനമന്ത്രി മോദിക്കും അമിത് ഷായ്ക്കുമെതിരേ നടപടിയെടുക്കാതിരുന്നതും കേന്ദ്രം ഭരിക്കുന്നവരുടെ താത്പര്യമനുസരിച്ച് സംസ്ഥാന തെരഞ്ഞെടുപ്പു തീയതി നിശ്ചയിക്കുന്നതും ഉൾപ്പെടെ കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്ന നിരവധി ആരോപണങ്ങള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നു. കമ്മീഷന്റെ സർക്കാർ അനുകൂല തീരുമാനത്തോട് വിയോജിപ്പു പ്രകടിപ്പിച്ച കമ്മീഷനംഗം അശോക് ലാവാസയുടെ ഭാര്യയുടെ പേരിൽ ഇഡി അന്വേഷണം നടത്തിയതും വിവാദമായിരുന്നു. അദ്ദേഹം പിന്നീട് രാജിവച്ചു.
കഴിഞ്ഞ മാർച്ചിൽ ഈ കേസ് പരിഗണിച്ച ഭരണഘടനാബഞ്ച് പറഞ്ഞതിങ്ങനെ: “തെരഞ്ഞെടുപ്പു കമ്മീഷന് സ്വതന്ത്രമാണെന്ന് അവകാശപ്പെടുകയും അന്യായമായ രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. ഭരണകൂടത്തോട് ബാധ്യതയുള്ള ഒരു വ്യക്തിക്ക് സ്വതന്ത്രമായ ഒരു മാനസികാവസ്ഥ സൂക്ഷിക്കാന്‍ കഴിയില്ല. സ്വതന്ത്ര വ്യക്തി ഒരിക്കലും അധികാരത്തിലിരിക്കുന്നവര്‍ക്ക് പാദസേവ ചെയ്യുകയുമില്ല.
ജനാധിപത്യത്തിന്റെയും അതിന്റെ വാഗ്ദാനങ്ങളുടെയും ഭാവി, സർക്കാരിന്റെ ഏറാൻമൂളിയായ ഒരാൾ നിശ്ചയിക്കുമെന്ന ചിന്തപോലും തെരഞ്ഞെടുപ്പു കമ്മീഷൻ നിയമനത്തിൽ നിഴൽ വീഴ്ത്തരുത്” തങ്ങളുടെ ചൊൽപ്പടിക്കു നിൽക്കുന്നവരല്ലാതെ മറ്റൊരാളും തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഉണ്ടാകരുതെന്ന് ഉറപ്പാക്കാൻ ബിൽ കൊണ്ടുവരുന്പോൾ സുപ്രീം കോടതിയുടേതിനേക്കാൾ വലിയ മുന്നറിയിപ്പൊന്നും നൽകാനില്ല.