യുവജന വിശ്വാസോത്സവം
Sunday, August 13, 2023 1:18 AM IST
പരിശുദ്ധ പിതാവിന്റെ ഓരോ വാക്കുകളെയും ഹര്‍ഷാരവത്തോടെ സ്വീകരിച്ച ജനലക്ഷങ്ങള്‍. പാപ്പയുടെ ശ്ലൈഹിക ആശിര്‍വാദത്തിനും പ്രബോധനത്തിനുമിടയില് വീവാ ഇൽ പാപ്പ (മാര്‍പാപ്പ നീണാള്‍ വാഴട്ടെ) വിളികള്‍കൊണ്ട് ലിസ്ബണ്‍ നഗരം പ്രകമ്പനംകൊണ്ടു.
ആഗോള കത്തോലിക്കാസഭയുടെ പരിച്ഛേദം എന്നു വിശേഷിപ്പിക്കാവുന്നവിധം അഞ്ചു ഭൂഖണ്ഡങ്ങളിൽനിന്നുള്ള യുവവിശ്വാസികളുടെ സംഗമം. ഭാഷയിലും വേഷത്തിലും ഭാവത്തിലും നിറത്തിലും വ്യത്യസ്തരെങ്കിലും വിശ്വാസത്തില്‍ പതിനഞ്ചു ലക്ഷത്തിലേറെ യുവജനങ്ങള്‍ തോള്‍ചേര്‍ന്നു നിന്ന പുണ്യദിനങ്ങള്‍. യുവതയാണു സഭയുടെ കരുത്തും കരുതലുമെന്ന ഉറച്ച ബോധ്യം പങ്കുവച്ച് ആഗോളസഭയുടെ ശ്രേഷ്ഠ ഇടയന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മഹനീയ പങ്കാളിത്തവും പ്രബോധനങ്ങളും. അതായിരുന്നു പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണില്‍ കാണാനായത്.
ആകാശ മേൽക്കൂരയ്ക്കു കീഴില്‍ വിശ്വസാഹോദര്യത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും കരുത്തില്‍ രാപകല്‍ വ്യത്യാസമില്ലാതെ യുവസാഗരം ഒരേ പാര്‍ക്കിൽ ചെലവഴിച്ചു. ദേശത്തിന്റെ പതാകകള്‍ കൈകളിലേന്തി ഓരോ രാജ്യത്തിന്റെയും തനിമയുള്ള സംഗീത-സാംസ്കാരിക വിരുന്നുകളുമായി അവരൊക്കെ നഗരവീഥികളില്‍ വര്‍ണമേളങ്ങളുടെ താളക്കൊഴുപ്പൊരുക്കി.
വലിയ ഇടയനായ ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകള്‍ക്കു കാതോര്ത്തവര് കരഘോഷത്തോടെ ആ ഉപദേശങ്ങള്‍ വിശ്വാസത്തില്‍ ഉള്‍ച്ചേര്‍ത്തു. അതിരുകളില്ലാത്ത ലോകത്തില്‍ ഓരോ രാജ്യക്കാരും സൗഹൃദങ്ങളുണ്ടാക്കിയും ഒരേ വിശ്വാസത്തില്‍ പ്രാര്‍ഥിച്ചും നിലകൊണ്ടു. യൗവനത്തിന്റെ ആര്‍ജവത്വം ക്രൈസ്തവ വിശ്വാസസാക്ഷ്യത്തിന്റെ നേര്ബിംബമായി നിറച്ച് ലോക യുവജനദിനം 2023 ചരിത്രത്തിന്റെ തങ്കലിപികളില്‍ ഇടംപിടിച്ചു.
ചരിത്രവഴികള്‍
1984. രക്ഷയുടെ വിശുദ്ധ വര്‍ഷത്തിന്റെ സമാപനത്തില്‍ തന്റെ ക്ഷണം സ്വീകരിച്ചു വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ നടന്ന ആഗോള യുവജന ജൂബിലിയില്‍ ഒത്തുകൂടിയ മൂന്നു ലക്ഷത്തോളം യുവജനങ്ങളെ പ്രതീക്ഷയുടെ വാഗ്ദാനമായി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പ ദര്‍ശിച്ചു.
ലോകം മുഴുവന്‍ ക്രിസ്തുസ്നേഹത്തിന്റെ സന്ദേശവാഹകരാകാന്‍ തെരഞ്ഞെടുക്കപ്പെട്ട ജനതയാകാന്‍ പരിശുദ്ധ പിതാവ് അവരെ ക്ഷണിച്ചു. ഐക്യരാഷ്ട്രസഭ യുവജനങ്ങളുടെ അന്താരാഷ്ട്ര വര്‍ഷമായി ആചരിക്കുന്നതോടനുബന്ധിച്ചു പിറ്റേ വര്‍ഷത്തെ ഓശാന ഞായര്‍ ദിനത്തില്‍ പാപ്പ ഒരിക്കല്‍ക്കൂടി ലോകയുവതയെ റോമിലേക്കു ക്ഷണിച്ചു.
1985 ഡിസംബര്‍ 20നു ലോക യുവജനസംഗമം പ്രഖ്യാപിക്കുകയും യുവതയിലാണ് സഭയുടെ ഭാവിയെന്നത് ഉദ്ഘോഷിക്കാനും യുവജന പ്രേഷിതത്വത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്താനുമായി 1986 മുതല്‍ ലോക യുവജനദിന ആഘോഷങ്ങള്‍ ആരംഭിക്കുകയും ചെയ്തു. രൂപതതലത്തിലുള്ള സമ്മേളനങ്ങളാണു തുടക്കത്തില്‍ വിഭാവനം ചെയ്തതെങ്കിലും 1991 മുതല്‍ രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ ആഗോളതലത്തിലെ സംഗമങ്ങളായി ഇത് രൂപപ്പെട്ടു.
അര്‍ജന്റീനയിലെ ബുവനോസ് ഐരെസ്, സ്പെയിനിലെ സാന്റിയാഗോ ദേ കോംപെസ്തെല്ല, പോളണ്ടിലെ ചെസ്റ്റോചോവ, അമേരിക്കയിലെ ഡെന്‍വര്‍, ഫിലിപ്പൈന്‍സിലെ മനില, ഫ്രാന്‍സിലെ പാരിസ്, ഇറ്റലിയിലെ റോം, കാനഡയിലെ ടൊറന്റോ, ജര്‍മനിയിലെ കൊളോണ്‍, ഓസ്ട്രേലിയയിലെ സിഡ്നി, സ്പെയിനിലെ മാഡ്രിഡ്, ബ്രസീലിലെ റിയോ ദേ ജനെയേറോ, പോളണ്ടിലെ ക്രാകൊവ്, പനാമയിലെ പനാമ സിറ്റി എന്നിവിടങ്ങളിലാണ് ഇതോടകം ലോക യുവജനദിന സംഗമങ്ങള്‍ നടന്നത്. 2022 ഓഗസ്റ്റില്‍ നടത്തേണ്ടിയിരുന്ന സംഗമം കോവിഡ് മഹാമാരിമൂലം 2023 ഓഗസ്റ്റിലേക്ക് മാറ്റുകയായിരുന്നു. അടുത്ത ലോകയുവജന സംഗമത്തിനു ദക്ഷിണകൊറിയയിലെ സിയൂള്‍ 2027ല്‍ വേദിയാകും.
പുണ്യാത്മാക്കളും പ്രതീകങ്ങളും
പരിശുദ്ധ കന്യകാമറിയം, വിശുദ്ധരായ ജോണ്‍ പോള്‍ രണ്ടാമന് മാർപാപ്പ , ഡോണ്‍ ബോസ്കോ, ജോണ്‍ ബ്രിട്ടോ, വിന്‍സെന്റ് ഓഫ് സര്‍ഗോസ, പാദുവയിലെ അന്തോണീസ്, ബര്‍ത്തലോമിയോ, വാഴ്ത്തപ്പെട്ടവരായ ജൊവാന ഓഫ് പോര്‍ച്ചുഗല്‍, രക്തസാക്ഷി ജോവോ ഫെര്‍ണാണ്ടസ്, മരിയ ക്ലാര ഡെല്‍ നിനോ ജീസസ്, പിയര്‍ ജോര്‍ജിയോ ഫ്രാസാത്തി, മാര്‍സെല്‍ കാലോ, കിയാര ബദാനോ, കാര്‍ലോ അക്യുറ്റിസ് എന്നിവരായിരുന്നു ലിസ്ബണ്‍ സമ്മേളനത്തിലെ പ്രതീകാത്മക രക്ഷാധികാരികള്‍.
ഇതില്‍ ഏഴു പേര് ആതിഥേയരാഷ്ട്രമായ പോര്ച്ചുഗല്കാരായിരുന്നു. വിഖ്യാതമായ ‘ഡബ്ല്യുവൈഡി' കുരിശും ദൈവമാതാവിന്റെ ഐക്കണ്‍ ചിത്രവും ഫാത്തിമാമാതാവിന്റെ തിരുസ്വരൂപവും സമ്മേളന വേദിയില്‍ വിശ്വാസത്തിന്റെ ചൈതന്യ പ്രതീകങ്ങളായി.
ആസൂത്രണ വൈഭവം
കൃത്യമായ തയാറെടുപ്പോടെ നടപ്പാക്കാനായ മഹാസമ്മേളനത്തിന്റെ ലക്ഷ്യ സാക്ഷാത്കാരമാണ് ലിസ്ബണ്‍ സമ്മേളനത്തിന്റെ വിജയം. 2020 നവംബര്‍ 22നു വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ക്രിസ്തുരാജത്വ തിരുനാള്‍ വി. കുർബാന മധ്യേ മുന്‍വര്‍ഷത്തെ ആതിഥേയരായ പനാമയില്‍നിന്നുള്ള പ്രതിനിധിയില്‍നിന്ന് പോര്‍ച്ചുഗല്‍ പ്രതിനിധികള്‍ ‘ഡബ്ല്യുവൈഡി' കുരിശും ദൈവമാതാവിന്റെ ഐക്കണ്‍ ചിത്രവും ഏറ്റുവാങ്ങിയതോടെ ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു.
ഗര്‍ഭിണിയായ ഏലീശ്വായെ പരിശുദ്ധ മറിയം സന്ദര്‍ശിക്കാന്‍ പോയതിനെ ആസ്പദമാക്കി തിരഞ്ഞെടുത്ത ‘മറിയം തിടുക്കത്തില്‍ പുറപ്പെട്ടു' എന്ന തിരുവചനമായിരുന്നു ആപ്തവാക്യം. കുരിശടയാളം, പരിശുദ്ധ കന്യകാമറിയം, ജപമാല, ദൈവസന്നിധിയിലേക്കുള്ള പാത (പരിശുദ്ധാത്മാവിന്റെ പ്രതീകമായ വെള്ളരിപ്രാവിന്റെ രൂപം) പോര്‍ച്ചുഗലിന്റെ ദേശീയ പതാക എന്നിവ ചേര്‍ന്ന ലോഗോ. ‘ഈ സ്ഥലത്ത് ഒത്തുകൂടാന്‍ ദൂരെനിന്ന് ഞങ്ങള്‍ ചിറകുകള് വിരിച്ചു, ഞങ്ങള്‍ ഇതാ...' എന്ന് തുടങ്ങുന്ന തീം സോംഗ്...
180 രാജ്യങ്ങളില്‍ നിന്നുള്ള പതിനഞ്ചു ലക്ഷം യുവജനങ്ങള്‍, കര്‍ദിനാള്‍മാര്‍, മെത്രാന്മാര്, വൈദികര്‍, സന്യസ്തര്‍, അത്മായ പ്രേഷിതര്‍ എന്നിവര്‍ ക്രിസ്തുവിശ്വാസത്തിലും കത്തോലിക്കാ സഭയുടെ ഐക്യത്തിലും ഒരുമിച്ച ധന്യവേള. ഇന്ത്യയില്‍നിന്ന് ആയിരത്തിലേറെ പേരുടെ സാന്നിധ്യം. സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് കംബൈന്‍ഡ് മിഷന്റെ നേതൃത്വത്തില്‍ നാനൂറോളം പേര്. ജീസസ് യൂത്തിന്റെയും സന്യാസ സമൂഹങ്ങളുടെയും പ്രതിനിധികളായി വേറെയും ഇന്ത്യക്കാര്‍... ലോകം ലിസ്ബണില്‍ ഒന്നായ അനുഭവം.
അവിസ്മരണീയ ദിനങ്ങള്‍
മുന്നൊരുക്കങ്ങളെല്ലാംതന്നെ ഫലപ്രാപ്തിയിലെത്തിയതിനു പിന്നില്‍ സംഘാടക മികവു തന്നെ. ഓണ്‍ലൈന്‍ രജിസ്ട്രേഷന് നേരത്തെ നടത്തി ചെക്ക് ഇന്‍ സ്ഥലത്തെത്തിയപ്പോള്‍ തന്നെ ബാഗ്, ബാഡ്ജ്, ടി ഷര്‍ട്ട്, തൊപ്പി, ഫുഡ് കൂപ്പണ്‍, യാത്രാ പാസ് എന്നിവയുടെ കിറ്റ് സംഘാടകര്‍ സമ്മാനിച്ചു. തെരഞ്ഞെടുത്ത ഹോട്ടലുകളില്‍ എവിടെയും ഭക്ഷണം കഴിക്കാം.
നഗരം മുഴുവന്‍ മെട്രോ, ബസ്, ട്രെയിന്‍, ട്രാം എന്നിവയില്‍ സഞ്ചരിക്കാം. തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ വൈദികര്‍ക്ക് കുര്‍ബാന കുപ്പായങ്ങള്‍. മഹാസമ്മേളനം ലോകത്തെ അറിയിക്കാന്‍ വിപുലമായ മാധ്യമ സംവിധാനം.
നേരിയ സുരക്ഷാ വീഴ്ചപോലും ഉണ്ടാകാത്ത ക്രമീകരണങ്ങള്‍. ആദ്യദിനങ്ങളിലെ പരിപാടികള്‍ക്കു വേദിയായ എഡ്വേര്‍ഡോ ഏഴാമന് പാര്‍ക്കും അനിതരസാധാരണമായ സ്റ്റേജും ജാഗരണ പ്രാര്‍ഥനയും സമാപനവേളയിലെ വി. കുർബാനയും സമ്മേളനവും അവിസ്മരണീയമാക്കിയ തേജോ പാര്‍ക്കും ആസൂത്രണത്തിന്റെ മികവായിരുന്നു.
നഗരം മുഴുവന്‍ സംഘാടക പ്രതിനിധികള്‍. വിപുലമായ താമസസൗകര്യം. അകമഴിഞ്ഞ ആതിഥേയത്വമായി പോര്‍ച്ചുഗീസ് ജനത. അവിസ്മരണീയമായ കടപ്പാടുകളോടെ മാത്രമേ ഇനിയൊരിക്കല്‍ക്കൂടി ലിസ്ബണിലേക്കു കടന്നുചെല്ലാനാകൂ. ഒരാള്‍ക്കും മറക്കാനാവാത്ത ആറു ദിവസങ്ങള്‍.
വിശുദ്ധ കുര്‍ബാന, ആരാധന, കുമ്പസാരം, സാക്ഷ്യങ്ങള്‍ തുടങ്ങി ധന്യത പകര്‍ന്ന അനുഭവങ്ങള്‍. ഇതിനൊപ്പം കോണ്‍ഫറന്‍സുകള്‍, സിനിമകള്‍, എക്സിബിഷനുകള്‍, നൃത്ത-സംഗീത പരിപാടികള്‍ തുടങ്ങി സന്തോഷിക്കാനും ആസ്വദിക്കാനും ഒരുപാട് സൗകര്യങ്ങള്‍.
വീവാ ഇല് പാപ്പ
യുവലക്ഷങ്ങള്ക്ക് ആവേശവും പ്രചോദനവുമായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മഹനീയ സാന്നിധ്യം.
പിതാവിന്റെ ഓരോ വാക്കുകളെയും ഹര്‍ഷാരവത്തോടെ സ്വീകരിച്ച ജനലക്ഷങ്ങള്‍. പാപ്പായുടെ ശ്ലൈഹിക ആശിര്‍വാദത്തിനും പ്രബോധനത്തിനുമിടയില് വീവാ ഇൽ പാപ്പ (മാര്‍പാപ്പ നീണാള്‍ വാഴട്ടെ) വിളികള്‍കൊണ്ട് ലിസ്ബണ്‍ നഗരം പ്രകമ്പനംകൊണ്ടു. പാപ്പായുടെ സാന്നിധ്യം എപ്പോഴൊക്കെയുണ്ടായോ അപ്പോഴൊക്കെ ആവേശം അലതല്ലിക്കൊണ്ടിരുന്നു. പാപ്പായുടെ വാക്കുകളിലെല്ലാം നിറഞ്ഞുനിന്നത് യേശു എന്ന യുവ സന്തതസഹചാരിക്കൊപ്പമുള്ള കൂട്ടുയാത്രയുടെ ഊഷ്മളമായ അനുഭവങ്ങളാണ്. ‘സഭയില്‍ എല്ലാവര്ക്കും ഇടമുണ്ട്.
ആരും ഒഴിവാക്കപ്പെടുന്നില്ല. ഓരോ യുവാവും യുവതിയും സ്നേഹിക്കപ്പെട്ടവരായതുകൊണ്ട് പേരുചൊല്ലി വിളിക്കപ്പെട്ടവരാണ്. ദൈവം പ്രത്യേകം ദൗത്യത്തിനായി ക്ഷണിക്കുന്നു. ദൈവം വിസ്മയങ്ങള്‍ ഒരുക്കിവച്ചാണ് നമ്മെ ക്ഷണിക്കുന്നത്. ദൈവം നമ്മെ സ്നേഹിക്കുന്നു. സംഗമത്തിന്റെ മൂന്നാം ദിന സന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചു. വാതിലുകള്ക്കപ്പുറമല്ല തങ്ങളെന്ന ബോധ്യത്തില്‍ ആവേശക്കടലായിമാറി നഗരമൈതാനം.
‘യേശുവിനെ നോക്കുക. അവിടന്ന് നമുക്കൊപ്പം നടക്കുന്നുണ്ട്, അവിടത്തോടു ചേര്‍ന്ന് നമുക്കും നടക്കാം. ഏകാന്തതകളിലും വേദനകളിലും നമ്മോടൊപ്പമായിരുന്ന് നമുക്കൊപ്പം കണ്ണീര് പൊഴിക്കുന്നവനാണ് ക്രിസ്തു. മറ്റാരും കാണാത്ത കണ്ണീര് തുടയ്ക്കാനും ഏകാന്തതകളില്‍ ആശ്വസിപ്പിക്കാനും ഭയത്തില്‍നിന്ന് വിടുവിക്കാനും അവിടന്ന് നമുക്കൊപ്പമുണ്ടായിരിക്കും.' ആശ്വാസവാക്കുകളുമായി കുരിശിന്റെ വഴിയില്‍ പാപ്പ നിറഞ്ഞു.
ഈ ദിനങ്ങളില്‍ പാർക്കോ ഡോ ഇംപേരിയോ ചത്വരത്തിനു സമീപത്തെ ജാര്‍ഡിം വാസ്കോ ഡി ഗാമ ഗാര്‍ഡനില്‍ ക്രമീകരിച്ച കാരുണ്യോദ്യാനത്തില്‍ മൂന്നു യുവജനങ്ങളെ കുമ്പസാരിപ്പിച്ചു പാപ്പ കാരുണ്യത്തിന്റെ നിറവായി.
‘വീഴാന്‍ സാധ്യതയുള്ള കാലഘട്ടമാണ് യുവത്വം. സ്നേഹിക്കുന്ന ദൈവത്തിന്റെ കരുതലില്‍ വീണിടത്തുനിന്ന് എഴുന്നേല്‍ക്കാനും വീണവനെ എഴുന്നേല്‍പ്പിക്കാനും ശ്രമിക്കുന്നവരാണ് ക്രിസ്തു അനുയായികള്‍. സന്തോഷിക്കുക, എഴുന്നേല്ക്കുക, അനുഗമിക്കുക എന്നീ വാക്കുകളാണ് പ്രേഷിതത്വത്തിന്റെ അടിസ്ഥാനം.'
ജാഗരണ പ്രാര്‍ഥനയില്‍ പാപ്പ പറഞ്ഞു. ' വീണവന്റെ വേദനകളില്‍ നോവോര്മകളോടെ മുഖം താഴ്ത്താന്‍ ശ്രമിച്ചവര്‍ ഉണര്ന്നെഴുന്നേല്ക്കുകയായിരുന്നു. പ്രശോഭിക്കുക, കേള്ക്കുന്നവരാകുക, ഭയപ്പെടാതിരിക്കുക. അനീതിയും അസ്വസ്ഥതയും ഉള്ളിടത്ത് ഭയപ്പാടില്ലാതെ ക്രിസ്തുസ്നേഹത്തിന്റെ വെളിച്ചം നിറയ്ക്കുന്നവരാകണം യുവജനങ്ങള്‍.'
മഹാസമ്മേളനത്തിന്റെ സമാപന ദിനത്തില്‍ വലിയ ഇടയന് ആഹ്വാനം ചെയ്തു. ‘ഇരുളകറ്റാന്‍ ഇന്നു വെളിച്ചം വേണം. ക്രിസ്തുവിന്റെ വെളിച്ചത്തില്‍ പ്രകാശിതരാകാന്‍ യുവാക്കള്‍ക്ക് കഴിയണം. സ്നേഹത്തിന്റെ വഴി പഠിപ്പിക്കുന്ന ക്രിസ്തുവിനെ കേള്ക്കുന്നവരാകുക. ലോകത്തെ മാറ്റിമറിക്കാന്‍ വിളിക്കപ്പെട്ടവരാണ് നിങ്ങള്‍. നിങ്ങളാണ് ഭൂമിയുടെ മണ്ണും വെള്ളവും. ലോകത്തിന്റെ ഇന്നും നാളെയും നിങ്ങളാണ്.
ഭയം കൂടാതെ ഭൂമിയെ പുഃനസൃഷ്ടിക്കുന്നവരാകണം. ചോര തിളയ്ക്കുന്ന ഞെരമ്പുകളില്‍ സ്നേഹ വിപ്ളവത്തിന്റെ കനല് നിറയ്ക്കണം. യുദ്ധക്കെടുതി അനുഭവിക്കുന്ന യുക്രെയ്നെക്കുറിച്ചുള്ള ആകുലതയും യുവതലമുറയ്ക്കു വിശ്വാസം കൈമാറുന്നതില്‍ നിര്‍ണായകപങ്കു വഹിച്ച പൂര്വപിതാക്കന്മാര്ക്കുള്ള കൃതജ്ഞതയും പാപ്പ അറിയിച്ചത് കരുതലിന്റെ അലിവായി നിറഞ്ഞു.
സംഗീത-സംസ്കാരിക വിസ്മയം
സംഗീത വിസ്മയമായിരുന്നു യുവജന സംഗമം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രമുഖ ബാന്റ് ഗ്രൂപ്പുകള്‍ ഒരുക്കിയ ആത്മീയ സംഗീത വിരുന്ന് ദേശഭേദങ്ങള്ക്കപ്പുറം ഒന്നുചേര്‍ന്നവര്‍ ആവോളം ആസ്വദിച്ചു.
ഉദ്ഘാടന ദിനത്തില്‍തന്നെ വൈവിധ്യങ്ങളുടെ അരങ്ങുണര്‍ന്നു. സംഗീത നൃത്ത പശ്ചാത്തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട യുവാക്കളുടെ പ്രാരംഭ പ്രാര്‍ഥന. തുടര്‍ന്ന് ആശംസകളും പ്രാര്‍ത്ഥനകളും പ്രത്യേക പേടകത്തിലാക്കി വലിയ ഇടയന് യുവസന്യാസിനി ഏവരുടെയും പ്രതിനിധിയായി സമര്‍പ്പിച്ചു. തുടര്‍ന്ന് ഹെബര്‍ മാര്‍ക്വെസ് അവതരിപ്പിച്ച ‘ഉം ദിയാ ഡി സോള്‍' എന്ന ഗാനത്തിന്റെ അകമ്പടിയോടെ 180 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ അവരവരുടെ ദേശീയപതാകയുമായി വേദിയിലേക്ക് എത്തി.
തുടര്‍ന്ന് സംഗമത്തിന്റെ പ്രത്യേക കുരിശും പരിശുദ്ധ അമ്മയുടെ തിരുരൂപവും പ്രദിക്ഷണമായി പ്രധാന വേദിയില്‍ പ്രതിഷ്ഠിച്ചു. ലോകജനത നേരിടുന്ന പ്രശ്നങ്ങളും അതില്‍നിന്ന് മുക്തരാകാനുള്ള നിയോഗങ്ങളും കോര്‍ത്തിണക്കി നാടകീയമായി ദൃശ്യവത്കരിച്ച കുരിശിന്റെവഴി വികാരസാന്ദ്രമായിരുന്നു.
അഞ്ചു ഭൂഖണ്ഡങ്ങളില്‍ നിന്നായി 100 സംഗീത ഗ്രൂപ്പുകള്‍ ഒന്‍പതു വേദികളിലായി ‘റോക്ക്', ‘പോപ്', ‘റാപ്പ്', ‘ക്ലാസിക്കല്‍', ‘ഫോക്ക്'തുടങ്ങിയ സംഗീതപ്രപഞ്ചം നഗരത്തിലുടനീളം മുഴക്കി. കേരളത്തില്‍ ആരംഭിച്ച് പൊന്തിഫിക്കല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ജീസസ് യൂത്തിന്റെ അഞ്ച് ബാന്‍ഡുകള്‍ വിവിധ സ്റ്റേജുകളിലായി 10 സംഗീത വിരുന്നുകള്‍ അവതരിപ്പിച്ചു.
ക്രിസ്തുവിനെ നാഥനും നായകനും രക്ഷകനുമായി ഏറ്റുപറയുകയും കത്തോലിക്കാ വിശ്വാസപ്രമാണങ്ങളെ ജീവശ്വാസമായി മാറ്റുകയും ചെയ്ത യുവതീയുവാക്കളുടെ സംഗമം മഹാസംഭവംതന്നെ. ലിസ്ബണില്‍ ഉയര്‍ന്ന യുവആരവം പ്രതീക്ഷയും പ്രത്യാശയും ലോകത്തിനു സമ്മാനിച്ചു. സഭ ഈ യുവതീയുവാക്കളുടെ കരുത്തിലും കരുതലിലും സുരക്ഷിതമാണെന്ന ബോധ്യം ലോകത്തെ അറിയിച്ച ദിനങ്ങളായിരുന്നു അത്.
ഫാ. ജോമി തോട്ട്യാന്‍