ഇത്തിരി പുളിക്കും
Saturday, October 7, 2023 10:11 PM IST
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷത്തോളം രൂപയുടെ വരുമാനമാണ് പുളിക്കത്തടം നിവാസികള്‍ക്കു കുടംപുളി സമ്മാനിച്ചുകൊണ്ടിരിക്കുന്നത്.
പുളിയെന്നു ചിന്തിക്കുന്പോൾത്തന്നെ പലർക്കും നാവിൽ വെള്ളമൂറും... അപ്പോൾ ഒരു ദേശത്തിന്റെ പേരിലും പെരുമയിലും പെരുമാറ്റത്തിലും വരുമാനത്തിലുമെല്ലാം പുളി നിറഞ്ഞാലോ? അതിനിത്തിരി പുളിക്കുമെന്നാണോ? എങ്കിൽ നേരേ പോരൂ, ഇടുക്കി ജില്ലയിലെ പുളിക്കത്തടം ഗ്രാമത്തിലേക്ക്.
ഇവിടെയെല്ലാം പുളിമയമാണ്. നാടിന്റെ പേരിൽ മാത്രമല്ല, നാട്ടുകാരെ തീറ്റുന്നതും പോറ്റുന്നതുമെല്ലാം പുളിതന്നെ. ഇനിയും വിശ്വാസമായില്ലെങ്കിൽ തൊടുപുഴ- മൂലമറ്റം- വാഗമൺ റോഡിൽ ഇടാടുനിന്ന് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ പുളിക്കത്തടം ഗ്രാമമായി.
മൂലമറ്റത്തുനിന്ന് 13.5 കിലോമീറ്റര്‍ മാത്രം. കിലുകിലെ ചിരിച്ചു പാലരുവിയായി ഒഴുകുന്ന നീര്‍ച്ചാലുകള്‍, എവിടെയും പച്ചപ്പിന്റെ പുതപ്പ്, പുലർച്ചെ കോടമഞ്ഞിന്റെ തണുപ്പ്, സുഖശീതളമായ കാലാവസ്ഥ, വശ്യമനോഹരമായ ഗ്രാമം.
ആർക്കും പരാതിയില്ല
പ്രകൃതി തൊട്ടനുഗ്രഹിച്ച നാടാണിത്. ബഹുഭൂരിപക്ഷവും കർഷക കുടുംബങ്ങൾ. എന്നാൽ, കാലാവസ്ഥാ വ്യതിയാനത്തിന്റെയും കൃഷിനാശത്തിന്റെയുമൊന്നും കഥ ഇവിടെ കേൾക്കാനില്ല. കൃഷി നഷ്ടമാണെന്ന പരിഭവമില്ല, വന്യജീവികൾ വന്നു കൃഷി നശിപ്പിച്ചെന്ന പരാതിയും ആർക്കുമില്ല.
ഇനി കാട്ടുപന്നി അടക്കമുള്ള വന്യജീവികൾ ഇരച്ചുകയറി വന്നു ശ്രമിച്ചാലും തങ്ങളുടെ കൃഷി നശിപ്പിക്കാനാവില്ലെന്നു ചെറുപുഞ്ചിരിയോടെ ഇവർ പറയും. കാരണം ഇവരുടെ കൃഷി കപ്പയും ചേനയും കാച്ചിലുമൊന്നുമല്ല, പുളിയാണ്, നല്ല കുടംപുളി.
കണ്ണെത്താ ദൂരത്തോളം<\b>
പുളിക്കത്തടം ഗ്രാമത്തിന്റെ മുഖ്യകൃഷിയാണ് കുടംപുളി. ഒന്നും രണ്ടുമല്ല ഗ്രാമത്തിലെ നാല്പതോളം കുടുംബങ്ങളുടെ ഉപജീവനവും വരുമാനവും അഭിമാനവുമാണ് ഇന്നു കുടംപുളി. ഇങ്ങനെ കൂട്ടായി കുടംപുളി കൃഷി ചെയ്തിട്ടുള്ള മറ്റേതെങ്കിലും ഗ്രാമം കേരളത്തിൽ ഉണ്ടോയെന്നും സംശയമാണ്.
പല പുരയിടങ്ങളിലും കൃഷിയിടങ്ങളിലുമൊക്കെ രണ്ടോ മൂന്നോ വീതം കുടംപുളി മരങ്ങൾ നിൽക്കുന്നതു നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ, ഈ ഗ്രാമത്തിലെ കുടംപുളി കൃഷിയുടെ വ്യാപ്തി അറിയുന്പോൾ നമ്മൾ അദ്ഭുതപ്പെട്ടുപോകും. ഇവിടെ ഏതാണ്ട് അന്‍പത് ഏക്കറിലേറെ പ്രദേശത്തു തല ഉയർത്തി നിൽക്കുകയാണ് നൂറുകണക്കിനു കുടംപുളി മരങ്ങൾ. കുടംപുളി കൃഷിയില്ലാത്ത വീടുകൾ ഈ ഗ്രാമത്തിൽ ഇല്ലെന്നുതന്നെ പറയാം.
125 വർഷങ്ങൾ<\b>
മലയാളിയുടെ ഇഷ്ടവിഭവമായ മീൻകറിക്കു രുചി കൂട്ടണമെങ്കിൽ കുടംപുളി അനിവാര്യം. ശരീരഭാരം നിയന്ത്രിക്കാൻ കുടംപുളി ജ്യൂസ് ഉത്തമം. കുടംപുളിയുടെ സത്ത് പല ആയുർവേദ മരുന്നുകളിലും ചേരുവയാണ്. ഇനി തീൻമേശയിൽ രുചിയേറും മീൻകറി വിളന്പുന്പോൾ ഒാർക്കുക; ഒരുപക്ഷേ, മീൻകറിക്കു രുചിയേറ്റുന്ന കുടംപുളി മിക്കവാറും പുളിക്കത്തടം ഗ്രാമക്കാരുടെ സംഭാവനയാകും.
നോക്കെത്താ ദൂരത്തോളം നിറഞ്ഞുനിൽക്കുകയാണ് ഇവിടെ പുളിമരങ്ങൾ. പുളിക്കത്തടംകാരുടെ പുളിപ്രേമം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 125 വർഷങ്ങൾക്കു മുന്‍പേ ഗ്രാമം പുളിയുടെ രസം തിരിച്ചറിഞ്ഞിരുന്നു. അന്നു തുടങ്ങിയ കൃഷിയാണ് ഗ്രാമമാകെ ഇപ്പോൾ പടർന്നുപന്തലിച്ചു നിൽക്കുന്നത്.
പുളി നൽകുന്ന മധുരം<\b>
ഗ്രാമത്തിലെ എല്ലാ കുടുംബങ്ങളുടെയും പ്രധാന വരുമാന മാർഗങ്ങളിലൊന്നു കുടംപുളിയാണെന്ന് അറിയുന്പോഴാണ് ഈ പുളിയുടെ രസം നമുക്കും പിടികിട്ടിത്തുടങ്ങുന്നത്. ഈ ഗ്രാമത്തെ ഒന്നാകെ ഹരിതാഭമാക്കി കുളിർമ പകരുന്നതിനു പുളിമരങ്ങൾ നൽകുന്ന സംഭാവന ചെറുതല്ല. കാരണം, എത്ര വേനൽക്കാലത്തും ഇവയുടെ ഇല കാര്യമായി കൊഴിയില്ല.
ആകാശത്തുനിന്നു നോക്കിയാൽ പച്ചക്കരിന്പടം പുതച്ചതുപോലെ ഗ്രാമത്തിൽ നീണ്ടുപരന്നുകിടക്കുകയാണ് പുളിമരക്കൃഷി. കായ് പഴുത്താൽ കൊഴിഞ്ഞുവീഴും. എന്നാൽ, അതിനു മുന്‍പേ കർഷകർ ഇതു മരത്തിൽ കയറി പറിച്ചെടുക്കും. പൂവിടുന്ന സമയത്ത് ചാറ്റൽ മഴ ഉണ്ടായില്ലെങ്കിൽ നല്ല കായ്ഫലം ലഭിക്കുമെന്ന് ഇവർ പറയുന്നു.
അട്ടിയുള്ള വീടുകൾ<\b>
പുളിമരവും കുടംപുളിയുമാണ് ഇവരുടെ ജീവിതത്തെത്തന്നെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഓരോ വീട്ടിലും പുളി ഉണങ്ങാനുള്ള അട്ടി സ്ഥാപിച്ചിട്ടുണ്ട്. 400 മുതല്‍ ആയിരം കിലോ വരെ ഉണങ്ങിയെടുക്കാവുന്ന അട്ടികളാണ് ഇവിടെയുള്ളത്.
പണ്ടൊക്കെ വീടുകളിൽ അടുപ്പിനു നേരേ മുകളിലായി വിറകും മറ്റും ഉണക്കിയെടുക്കാൻ ഉണ്ടായിരുന്ന ചേരിനു സമാനമായ സംവിധാനമാണ് അട്ടി. വിറക് ഉപയോഗിച്ചു തീയിട്ടാണ് അട്ടിയുടെ മുകളില്‍ നിരത്തുന്ന പുളി ഉണങ്ങിയെടുക്കുന്നത്.
പഴുത്ത കായ് പറിച്ചുനിരത്തിക്കഴിഞ്ഞാൽ അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഇവ ഉണങ്ങിയെടുക്കാന്‍ കഴിയുമെന്നു കര്‍ഷകനായ തച്ചുപാറയില്‍ ടി.എസ്. രവീന്ദ്രന് പറയുന്നു. താരതമ്യേന സുരക്ഷിതമായ കൃഷിയാണിതെന്ന് ഇവിടത്തെ കർഷകർ ആവേശത്തോടെ പറയുന്നു.
കാരണം, മറ്റു വിളകള്‍ക്കു രോഗബാധ മൂലം വ്യാപക കൃഷിനാശം ഉണ്ടാകാറുണ്ടെങ്കിലും രോഗങ്ങളൊന്നും പുളിയെ ബാധിക്കാറില്ല. പറിച്ചെടുക്കുക എന്ന ഒരു അധ്വാനം ഒഴിച്ചാൽ പുളിയോട് ഒരു കാര്യത്തിനും മല്ലിടാൻ പോകേണ്ട എന്നതാണ് പ്രധാന മെച്ചം.
നോക്കിനിന്നാൽ മതി
അന്‍പതു വർഷത്തിലേറെയായി കൃഷി നടത്തുന്ന തച്ചുപാറയിൽ രവീന്ദ്രനു മുപ്പത്തഞ്ച് പുളിമരമുണ്ട്. ഇതില്‍നിന്ന് വർഷം ഒരു ടണ്‍ പുളി ലഭിക്കും. കിലോഗ്രാമിന് 175 രൂപയാണ് വിപണിയില്‍ ലഭിക്കുന്ന ശരാശരി വില. അങ്ങനെ ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷത്തോളം രൂപയുടെ വരുമാനമാണ് പുളിക്കത്തടം നിവാസികള്‍ക്കു കുടംപുളി സമ്മാനിച്ചുകൊണ്ടിരിക്കുന്നത്.
ഇനിയുമുണ്ട് മറ്റ് കർഷകരെ അസൂയപ്പെടുത്തുന്ന കാര്യങ്ങൾ. മറ്റു പല വിളകൾക്കും കൃത്യമായ ഇടവേളകളിൽ കൊത്തിക്കിളയും മരുന്നടിയും വളപ്രയോഗവുമൊക്കെ വേണ്ടിവരുന്പോൾ നാടൻ കുടംപുളിക്ക് ഇതൊന്നും ആവശ്യമില്ല. നിങ്ങൾ വെറുതെ നോക്കിനിന്നു സന്തോഷിച്ചാൽ മാത്രം മതി, കുടംപുളി കായ്ച്ചോളും.
പിന്നെ കായ് പഴുത്തു താഴെ വീഴുന്നതിനു മുന്‍പ് പറിച്ചെടുക്കണമെന്നു മാത്രം. താഴെ വീണാൽ ചതഞ്ഞുപോകാൻ സാധ്യതയുണ്ട്. ഇത്രയുമൊക്കെ തരുന്നില്ലേ, അതെങ്കിലും ചെയ്തുകൂടേയെന്ന് ഉടമയോടു ചോദിക്കുന്ന മട്ടിലാണ് പുളിമരങ്ങളുടെ നിൽപ്പ്.
സംസ്കരിച്ചെടുത്ത കുടംപുളി ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുമെന്നതാണ് മറ്റൊരു മെച്ചം. പുളിയിൽ ഉപ്പും വെളിച്ചെണ്ണയും ചേർത്തു തിരുമ്മി ദീർഘകാലം സൂക്ഷിക്കാമെന്നു പറയാറുണ്ടെങ്കിലും പുളിക്കത്തടംകാർക്ക് അതിനോടു യോജിപ്പില്ല. അതു പുളിയുടെ ഗുണനിലവാരത്തെ ബാധിക്കുമെന്നാണ് അവരുടെ പക്ഷം. വെറുതെ ഉണക്കി സൂക്ഷിക്കുന്നതാണ് ഇവിടത്തെ രീതി.
കാർന്നോന്മാരുടെ പുണ്യം!<\b>
എന്താണ് പുളിക്കത്തടത്തിലെ പുളിക്കൃഷിയുടെ രഹസ്യമെന്നു ചോദിച്ചാൽ മണ്ണും കാലാവസ്ഥയും എന്നാണ് നാട്ടുകാരുടെ മറുപടി. ഫലഭുയിഷ്ഠമാണ് ഇവിടുത്തെ കറുത്ത മണ്ണ്. കുടംപുളി കൂടാതെ രവീന്ദ്രൻ ഗ്രാമ്പു, കൊക്കോ, ജാതി എന്നിവ പേരിനു മാത്രം കൃഷി ചെയ്തിട്ടുണ്ട്.
ഗ്രാമത്തിലെ മറ്റു കര്‍ഷകര്‍ പുളിയല്ലാതെ മറ്റൊരു വിളയും കൃഷി ചെയ്യുന്നില്ല. എന്നാൽ, ഇപ്പോൾ കായ്ച്ചുനിൽക്കുന്ന പുളിമരങ്ങളെല്ലാം ഇപ്പോഴുള്ള തലമുറ വച്ചുപിടിപ്പിച്ചതാണെന്നു കരുതിയേക്കരുത്. മുൻ തലമുറയുടെ ദീർഘവീക്ഷണത്തിന്റെയും മക്കളോടുള്ള കരുതലിന്റെയും പ്രതീകംകൂടിയാണ് ഈ പുളിമരങ്ങൾ. പിതാക്കന്മാരും അവരുടെ പിതാക്കന്മാരുമൊക്കെ വച്ചുപിടിപ്പിച്ച പുളിമരങ്ങളിൽനിന്നാണ് ഇപ്പോഴത്തെ തലമുറ വിളവെടുത്തുകൊണ്ടിരിക്കുന്നത്.
പുളി വന്ന വഴി<\b>
എങ്ങനെയാണ് പുളിക്കൃഷി ഈ ഗ്രാമത്തിന്റെ സ്വന്തമായി മാറിയതെന്നു ചോദിച്ചാലും ഇപ്പോഴുള്ളവർക്കു കൃത്യമായ അറിവില്ല. മറ്റെവിടുന്നോ പക്ഷികളും മറ്റും കൊത്തിക്കൊണ്ടുവന്ന കായ്കൾ വീണാണ് ആദ്യത്തെ പുളിമരങ്ങൾ ഉണ്ടായതെന്നാണ് ഇവർ പറയുന്നത്. ഫലഭൂയിഷ്ഠമായ മണ്ണിൽ നല്ല വിളവ് കിട്ടിത്തുടങ്ങിയതോടെ അന്നത്തെ തലമുറ കൂടുതൽ മരങ്ങൾ വച്ചുപിടിപ്പിക്കുകയായിരുന്നത്രേ. പുളിമരം കായ്ച്ചു തുടങ്ങിയാൽ ദീർഘകാലത്തേക്കു വിളവ് നൽകും.
നൂറു വർഷത്തിലേറെയായി ഫലം തന്നുകൊണ്ടിരിക്കുന്ന പുളിമരങ്ങളും ഈ ഗ്രാമത്തിലുണ്ട്. ഇപ്പോഴത്തെ തലമുറയ്ക്കു പുളിമരം വച്ചുപിടിപ്പിക്കേണ്ട ആവശ്യം ഇനിയും വന്നിട്ടില്ല. കാരണം ഉള്ള സ്ഥലത്തെല്ലാം പുളിമരങ്ങൾ തിങ്ങിനിറഞ്ഞു നിൽക്കുകയാണ്.
നൂറിഞ്ചു വണ്ണമുള്ള ഇരുപതോളം മരങ്ങള്‍ ഇവിടെയുണ്ട്. ബഡ് പുളി ഒരെണ്ണം പോലുമില്ല. ബഡ് തൈ മൂന്നാം വര്‍ഷം കായ്ഫലം നല്‍കുമെങ്കിലും തൂക്കക്കുറവും കേടുവരാനുള്ള സാധ്യതയും കൂടുതലാണെന്നാണ് കര്‍ഷകർ പറയുന്നത്. 12 മുതല്‍ 15 മീറ്റര്‍ വരെ ഉയരമുള്ള പുളിമരങ്ങളാണ് ഇവിടെയുള്ളത്.
വിളവെടുപ്പ് ആഘോഷം<\b>
മറ്റു സ്ഥലങ്ങളില്‍ ജൂണ്‍ -ജൂലൈ മാസങ്ങളിലാണ് വിളവെടുപ്പ് നടക്കുന്പോൾ ഇവിടെ ഒക്ടോബർ- നവംബർ മാസത്തിലാണ് കുടംപുളി വിളവെടുപ്പ് സീസൺ. ഇതു കാലാവസ്ഥയുടെ പ്രത്യേകത മൂലമാണ്. ഓരോ കുടുംബത്തിനും ആഘോഷത്തിന്റെയും കൂട്ടായ്മയുടെയും അവസരമാണിത്.
കുടുംബത്തിൽ എല്ലാവരുംകൂടി ചേർന്നാണ് വിളവെടുപ്പും സംസ്കരണവുമെല്ലാം. മെയ്വഴക്കത്തോടെ മരത്തിൽ കയറി പുളിയുടെ വിളവെടുപ്പു നടത്തുന്നതും കാണേണ്ട കാഴ്ചയാണ്. പെരുമ്പാവൂര്‍ , തിരുവല്ല, ഈരാറ്റുപേട്ട, എറണാകുളം എന്നിവിടങ്ങളിലേക്കാണ് ഇവിടെനിന്നു പുളി കയറിപ്പോകുന്നത്. ഇടാട്, മൂലമറ്റം എന്നിവിടങ്ങളിലെ കടകളിലും ചെറിയ അളവില്‍ പുളി വില്പനയുണ്ട്. വിദേശത്തേക്കും പുളിക്കത്തടം പുളി പോകുന്നുണ്ട്.
ഗ്രാമത്തിൽ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജോലിയുള്ളവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേയുള്ളൂ.
അടുത്ത കാലം വരെ ഇടാടുനിന്നു പുളിക്കത്തടത്തിനു പരിമിത യാത്രാസൗകര്യം മാത്രമാണുണ്ടായിരുന്നത്. ഇപ്പോള്‍ കോണ്‍ക്രീറ്റ് ചെയ്ത റോഡുണ്ട്.
അറക്കുളം പഞ്ചായത്തിനു കീഴിലുള്ള അങ്കണവാടിയാണ് ഇവിടുത്തെ ഏക പൊതുസ്ഥാപനം. ടൗണും സൗകര്യങ്ങളുമൊക്കെ ഇത്തിരി അകലെയാണെങ്കിലും പച്ചപ്പിന്റെ കേദാരം വിട്ട് മറ്റെവിടേക്കെങ്കിലും പോകാന്‍ ഇവിടെയുള്ളവര്‍ക്കു തെല്ലും ആഗ്രഹമില്ല. അത്രയ്ക്കു മനോഹരമാണ് ഈ ഗ്രാമം. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ഈ മനുഷ്യര്‍ക്കു പുളിക്കത്തടം അവരുടെ ഏദൻതോട്ടമാണ്.
പുളി പുലിയാണ്!<\b?>
പിണംപുളി, മീൻപുളി, ഗോരക്കപ്പുളി, പിണാർ, പെരുംപുളി, കുടപ്പുളി, കൊടപ്പുളി, മരപ്പുളി,തോട്ടുപുളി, വടക്കൻപുളി എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന കുടംപുളി ക്ലൗസിയേസിയെ എന്ന സസ്യകുടുംബത്തിൽപ്പെടുന്നു. ശാസ്ത്രനാമം ഗാർസിനിയ കംബോജിയ എന്നാണ്.
കുടംപുളിയുടെ പൂക്കൾ സാധാരണ മഞ്ഞകലർന്ന വെള്ളനിറത്തിലാണു കാണുന്നത്. കായകൾ പഴുക്കുന്നതോടെ ഒാറഞ്ച് കലർന്ന മഞ്ഞനിറത്തിലാകും. കുടംപുളിയുടെ തോടുതന്നെയാണു പ്രധാന ഉപയോഗഭാഗം. കൂടാതെ തളിരില, വിത്ത്, വേരിൻമേൽതൊലി എന്നിവയും ഉപയോഗിക്കുന്നുണ്ട് . സത്ത് ആയുർവേദ മരുന്നുകളിൽ ചേരുവയാണ്.
കുടംപുളി ഒൗഷധമായും ആഹാരമായും പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നു. കുടംപുളിയുടെ തോടിൽ അമ്ലങ്ങൾ, ധാതുലവണങ്ങൾ, മാംസ്യം, കൊഴുപ്പ്, അന്നജം എന്നിവയുണ്ട്. ഹൈഡ്രോക്സി സിട്രിക് ആസിഡ്, അസ്കോർബിക് ആസിഡ്, ടാർടാറിക് ആസിഡ്, ഫോസ്ഫെറിക് ആസിഡ് എന്നിവയാണ് കുടംപുളിതോടിലെ പ്രധാന അമ്ലങ്ങൾ.
കൂടാതെ കാത്സ്യം, പൊട്ടാസ്യം എന്നിവയുമുണ്ട്. കുടംപുളി വാതത്തെയും കഫത്തെയും ശമിപ്പിക്കും. ദഹനശക്തി കൂട്ടും. ഹൃദയാരോഗ്യത്തിനും നന്ന്. രക്തദോഷങ്ങളെ ഇല്ലാതാക്കും. ഇതിലെ ഹൈഡ്രോക്സി സിട്രിക് ആസിഡിന് ശരീരത്തിലെ കൊഴുപ്പിനെ അലിയിക്കാനുള്ള കഴിവുണ്ടെന്നും പഠനങ്ങളിൽ പറയുന്നു. അതുകൊണ്ടുതന്നെ കൊളസ്ട്രോൾ നിയന്ത്രണത്തിനു കുടംപുളിക്കുള്ള സാധ്യത സംബന്ധിച്ച ഗവേഷണങ്ങൾ സജീവമാണ്.
ജോയി കിഴക്കേല്‍<\b>