സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
Sunday, October 15, 2023 12:36 AM IST
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സംഘമായ "ചന്പക്കുളം സിസ്റ്റേഴ്സ്' നയിക്കുന്ന തകർപ്പൻ ബാൻഡ് മേളം”... ഒരു കാലത്തു കേരളത്തിൽ അങ്ങോളമിങ്ങോളം കേട്ട അനൗൺസ്മെന്റ്. ആ പെൺകുട്ടികൾ ഇന്നു മുത്തശിമാരായി. എന്നാൽ, ബാൻഡ് മേളം എന്നു കേട്ടാൽ ഇന്നും അവർക്ക് ആവേശം.
ചമ്പക്കുളത്തെ വീട്ടിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന ക്ലാർനെറ്റും ട്രംപറ്റും കോർനെറ്റും ഡ്രമ്മുമൊക്കെ കൈയിലെടുത്തപ്പോൾ മേരിമ്മയും ജോസ്നാമ്മയും മതിമറന്നു നിന്നു. പിന്നെ ഇരുവരും എൽസമ്മയെയും സോഫിയാമ്മയെയും നോക്കി. അവരുടെ മുഖത്തും അതേ ഭാവം. സഹോദരന്മാരായ കൊളന്തച്ചനും രാരിച്ചനും ഡ്രമ്മും മറ്റും മുറുക്കുന്ന തിരക്കിലാണ്.
ഇതിനിടെ ആ സഹോദരിമാരുടെ കണ്ണുകൾ ചുവരിലേക്കു നീണ്ടു. വിടപറഞ്ഞുപോയ കൂടെപ്പിറപ്പ് കൊളന്തമ്മ ചുവരിലെ ഫോട്ടോയിൽനിന്നു തങ്ങളെ നോക്കി പുഞ്ചിരിക്കുന്നതായി അവർക്കു തോന്നി. അവൾക്കും പ്രിയപ്പെട്ടതായിരുന്നല്ലോ ഈ ക്ലാർനെറ്റും കോർനെറ്റുമൊക്കെ. അവൾകൂടി ഉണ്ടായിരുന്നെങ്കിൽ... കാരണം അവരുടെ മനസ് ഇതിനകം ആളുകൾ തിക്കിത്തിരക്കുന്ന പള്ളിപ്പറന്പുകളിലേക്കും ഉത്സവപ്പറന്പുകളിലേക്കും പറന്നുകഴിഞ്ഞിരുന്നു. ആ ആഘോഷത്തിരയിൽ അവളും ഉണ്ടായിരുന്നല്ലോ.
ആവേശക്കാഴ്ച
1970കളിലെ ഒരു പള്ളിപ്പറന്പ്. ആർത്തിരന്പുന്ന ജനക്കൂട്ടം, അതിൽ കുട്ടികളുണ്ട്, സ്ത്രീകളുണ്ട്, വയോധികരുണ്ട്... എല്ലാ കണ്ണുകളും മൈതാനത്ത് ഒഴിച്ചിട്ടിരിക്കുന്ന ഭാഗത്തേക്കാണ്. കിട്ടിയ സ്ഥലങ്ങളിലൊക്കെ ഇടംപിടിച്ച് ഈ പെരുന്നാൾ പറന്പിലെ ഏറ്റവും ആവേശകരമായ കാഴ്ചയ്ക്ക് അക്ഷമരായി കാത്തിരിക്കുകയാണവർ. സ്ഥലം കിട്ടാത്തവർ സംഘാടകർ കെട്ടി ഉയർത്തിയ ബാരിക്കേഡിന് അപ്പുറം മുൻനിരയിലേക്ക് എത്താൻ തിക്കിത്തിരക്കുന്നു.
ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ കോളാന്പി മൈക്കിലൂടെ ഒരു അറിയിപ്പ്: "ഉടൻതന്നെ പള്ളിമൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സംഘമായ "ചന്പക്കുളം സിസ്റ്റേഴ്സ്' നയിക്കുന്ന തകർപ്പൻ ബാൻഡ് മേളം'.
അനൗൺസ്മെന്റ് തീർന്നതും മാലപ്പടക്കത്തിനു തീകൊളുത്തിയതുപോലെ ജനക്കൂട്ടത്തിൽനിന്ന് ഒരു ആരവം. ഒപ്പം നിലയ്ക്കാത്ത കരഘോഷവും.
അഞ്ചു പെൺകുട്ടികൾ
ചന്പക്കുളം സിസ്റ്റേഴ്സിനെ മൈതാനത്തേക്ക് ആനയിച്ചുകൊണ്ടുള്ള കൈയടിയാണിത്. കൈയടിയുടെ പെരുക്കങ്ങൾക്കിടയിലൂടെ ആ സൂപ്പർ താരങ്ങൾ മൈതാനത്തേക്കു വന്നു. ആർത്തിരന്പുന്ന ജനക്കൂട്ടത്തെ നോക്കി അവർ പുഞ്ചിരി തൂകി. ക്ലാർനെറ്റും ട്രംപറ്റും കോർനെറ്റുമൊക്കെയേന്തി അഞ്ചു പെൺകുട്ടികൾ, അവർക്കു പിന്നാലെ ബാസ് ഡ്രമ്മും സൈഡ് ഡ്രമ്മുമൊക്കെയായി രണ്ട് ആൺകുട്ടികളും.
ഒപ്പം ക്ലാർനെറ്റുമായി ഇവരുടെ ബാൻഡ് മാസ്റ്റർ എന്നു തോന്നിപ്പിക്കുന്ന ആളും. മൈതാനത്ത് ആർത്തിരന്പിയിരുന്ന പുരുഷാരം മിനിറ്റുകൾക്കുള്ളിൽ നിശബ്ദരായി. ഈ നിശബ്ദതയിലാണ് ചന്പക്കുളം സിസ്റ്റേഴ്സ് അവർക്കുള്ള തകർപ്പൻ പെരുന്നാൾ സമ്മാനം ഒരുക്കിവച്ചിരിക്കുന്നത്.
നൃത്തം ചെയ്യുന്ന മൈതാനം
ക്ലാർനെറ്റുകളും ട്രംപറ്റുകളും ചുണ്ടോടു ചേർന്നു. കാതുകളെ ത്രില്ലടിപ്പിക്കാൻ ഡ്രമ്മുകൾ ഒരുങ്ങിക്കഴിഞ്ഞു. വൺ ടു ത്രീ... മാസ്റ്റർ ഒാഫ് ക്ലാർനെറ്റ് ജോസഫ് ജെ. കുന്നത്ര ടൈമിംഗ് നൽകിയതും മൈതാനത്തെ ആവേശത്തിൽ ആറാടിച്ചുകൊണ്ട് ക്ലാർനെറ്റുകൾ സംഗീതം പൊഴിച്ചു. ഡ്രമ്മുകളുടെ മുഴക്കം ആളുകളുടെ കാലുകളിലൂടെ മുകളിലേക്കു കയറി.
മൈതാനം ഒന്നാകെ തുള്ളുന്ന കാഴ്ച. ബാൻഡ്മേളം മുറുകിയതും നോട്ടുമാലകൾ അവരുടെ കഴുത്തുകളിലേക്കു പറന്നിറങ്ങി. ഇത് ഒരു പള്ളിപ്പറന്പിലെ മാത്രം കാഴ്ചയായിരുന്നില്ല. ഉത്സവങ്ങളിൽ, ആഘോഷങ്ങളിൽ, ഘോഷയാത്രകളിൽ... എല്ലായിടത്തും സൂപ്പർ താരങ്ങളായി നിറഞ്ഞുനിന്ന ചന്പക്കുളം സിസ്റ്റേഴ്സ് എന്ന ബാൻഡ് സംഘം പുതിയൊരു ചരിത്രമെഴുതുകയായിരുന്നു. കേരളം അന്നേവരെ കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത ഒരു ചരിത്രം.
വിസ്മയിപ്പിച്ച സംഘം
പുതുതലമുറയ്ക്ക് അത്ര പരിചയമില്ലെങ്കിലും 1965 മുതൽ 1995 വരെയുള്ള കാലഘട്ടത്തിൽ കേരളത്തെ അദ്ഭുതപ്പെടുത്തിയ ബാൻഡ് സംഘമായിരുന്നു ചന്പക്കുളം സിസ്റ്റേഴ്സ്. ബാൻഡ് എന്നു പറഞ്ഞാൽ അതു പുരുഷന്മാരുടെ മാത്രം സംഘമെന്നു കരുതിയിരുന്ന കാലത്താണ് ജോസഫ് ജെ. കുന്നത്ര എന്ന ബാൻഡ് മാസ്റ്ററും അദ്ദേഹത്തിന്റെ അഞ്ചു പെൺമക്കളും ചേർന്നു കേരളത്തിൽ പുതിയ ചരിത്രമെഴുതിയത്.
വലിയ പ്രശസ്തിയും അംഗീകാരങ്ങളുമൊക്കെ ഇവരെ തേടിയെത്തി. ഒപ്പം നിരവധി പ്രതിസന്ധികളെയും അവർക്കു തരണം ചെയ്യേണ്ടിവന്നു. ആറു പതിറ്റാണ്ടുകൾക്കിപ്പുറം ചന്പക്കുളം സിസ്റ്റേഴ്സിന്റെ പ്രതാപകാലത്തെ ഒാർമകൾ സൺഡേ ദീപികയോടു പങ്കുവയ്ക്കുകയാണിവർ.
സൂപ്പർ ഹിറ്റായ പരീക്ഷണം
ജോസഫ് ജെ. കുന്നത്ര എന്ന കുട്ടനാട്ടുകാരൻ ബാൻഡ് മാസ്റ്ററുടെ ആശയമായിരുന്നു കേരളത്തിലെ ആദ്യത്തെ വനിതാ ബാൻഡ് സെറ്റായ ചന്പക്കുളം സിസ്റ്റേഴ്സിന്റെ പിറവിക്കു പിന്നിൽ. അതിനായി തന്റെ അഞ്ചു പെണ്മക്കളെയും രണ്ട് ആണ്മക്കളെയും അദ്ദേഹം പരിശീലിപ്പിച്ചു. മാസങ്ങൾ നീണ്ട പരിശീലനത്തിനൊടുവിൽ അവരെ ഒരു ബാൻഡ് സംഘമാക്കി മാറ്റി. ബാൻഡ് പ്രേമികളെ താളാത്മകതയിൽ ത്രസിപ്പിച്ച് ആവേശക്കൊടുമുടിയേറ്റിയ ചന്പക്കുളം സിസ്റ്റേഴ്സ് അതിവേഗം പ്രശസ്തരായി മാറി. ബാൻഡ് ബുക്ക് ചെയ്യാൻ ആളുകൾ ക്യൂ നിന്നു.
1965ൽ "ചന്പക്കുളം സിസ്റ്റേഴ്സ്' ആരംഭിക്കുന്പോൾ മൂത്തമകൾ മേരിമ്മയ്ക്കു പ്രായം പതിമൂന്ന്. ഇളയ മകൻ രാരിച്ചന് ഏഴും. മൂത്തമകൾ മേരിമ്മയും അഞ്ചാമത്തെ മകൾ എത്സമ്മയും ട്രംപറ്റിൽ ഹൃദയതാളം പൊഴിക്കുന്പോൾ രണ്ടാമത്തെ മകൾ ജോസ്നാമ്മയും ഏറ്റവും ഇളയവളായ സോഫിയാമ്മയും ക്ലാർനറ്റിൽ കാണികളുടെ മനം കവരും.
നാലാമത്തെ മകൾ കൊളന്തമ്മയാണ് കോർനറ്റ് കൈകാര്യം ചെയ്യുന്നത്. സഹോദരന്മാരായ കൊളന്തച്ചൻ എന്ന ജെ.ജെ. കുന്നത്രയും രാരിച്ചനും ഡ്രമ്മിൽ കരവേഗംകൊണ്ട് മാസ്മരതാളങ്ങൾ തീർക്കും. എല്ലാറ്റിനുമുപരി മാസ്റ്റർ ഓഫ് ക്ലാർനറ്റായി പിതാവ് ജോസഫ് ജെ. കുന്നത്രയുണ്ടാവും. ശ്വാസഗതികൊണ്ടും വിരൽസ്പർശം കൊണ്ടും ആസ്വാദകരെ ആനന്ദത്തിലാറാടിക്കാൻ ഇനിയെന്തു വേണം?
ബാൻഡ് ജീവിതതാളം
അറുപതുകളിൽ അറിയപ്പെടുന്ന ബാൻഡ് മേളക്കാരായിരുന്ന വൈപ്പംമഠം കുഞ്ഞപ്പിമാഷിന്റെ സംഘത്തിലെ പ്രധാനപ്പെട്ട ക്ലാർനറ്റ് വാദകനായിരുന്നു ജോസഫ് ജെ. കുന്നത്ര. താൻ അഭ്യസിച്ച കലയോടുള്ള അഭിനിവേശംകൊണ്ടാണ് മക്കളെയും ബാൻഡ്മേളത്തിന്റെ താളപ്പെരുക്കത്തിലേക്കു ചേർത്തു സ്വന്തമായി ഒരു ബാൻഡ് സംഘത്തിനു തുടക്കമിട്ടത്. ആ താളം പിന്നീട് അവരുടെ ജീവതാളമായി മാറി.
ചന്പക്കുളത്തെ പുരാതന കോയിപ്പള്ളി-കുന്നത്ര തറവാട്ടിലേക്ക് ബാൻഡ്സെറ്റ് അവതരിപ്പിച്ചുള്ള വരുമാനമൊന്നും ആവശ്യമില്ലെന്നിരിക്കെ കലയെ പ്രണയിച്ചതുകൊണ്ടു മാത്രമാണ് ജോസഫ് ജെ. കുന്നത്ര മക്കളെ പരിശീലിപ്പിച്ചു ബാൻഡ് സെറ്റിലേക്കു കൊണ്ടുവന്നു കേരളക്കരയിലെ കലാസ്വാദകർക്കു വിരുന്നൊരുക്കിയത്.
കേരളത്തിലെ ഒട്ടുമിക്ക ദേവാലയങ്ങളിലും ക്ഷേത്രങ്ങളിലും ചന്പക്കുളം സിസ്റ്റേഴ്സ് ബാൻഡ്മേളം അവതരിപ്പിച്ചിട്ടുണ്ട്. അർത്തുങ്കലിലും അരുവിത്തുറയിലും ഭരണങ്ങാനത്തും കുറവിലങ്ങാട്ടും എടത്വയിലും തൃശൂരിലെ അന്പുപെരുന്നാളുകൾക്കും പാലായിലെ രാക്കുളി തിരുനാളുകൾക്കുമൊക്കെ ചന്പക്കുളം സിസ്റ്റേഴ്സിന്റെ സംഗീതമേളത്തിൽ ലയിച്ചുചേരാൻ ആസ്വാദകർ തിക്കിത്തിരക്കി.
ആറ്റുകാൽ പൊങ്കാലയ്ക്കും
ഇവരുടെ പെരുമ ജില്ലകൾ കടന്നപ്പോൾ പത്തു വർഷം തുടർച്ചയായി ആറ്റുകാൽ പൊങ്കാലയ്ക്കും ഈ സഹോദരങ്ങൾ ബാൻഡ്മേളം അവതരിപ്പിച്ചു എന്നത് അപൂർവതയാണ്. ചന്പക്കുളം സിസ്റ്റേഴ്സിന്റെ ബാൻഡ്സെറ്റ് കേൾക്കാനായി മാത്രം ജനം ഇരച്ചുകയറുന്ന കാലമായിരുന്നു അന്നൊക്കെ. പല സ്ഥലങ്ങളിലും ജനത്തെ നിയന്ത്രിക്കാൻ പോലീസ് ബാരിക്കേഡുകൾ വേണ്ടിവന്നു. ബാൻഡ്മേളം തകർത്താടുന്പോൾ ആസ്വാദകരുടെ ആവേശം നോട്ടുമാലകളായി തങ്ങളുടെ കഴുത്തിലെത്തുമായിരുന്നെന്നു മൂത്ത സഹോദരി മേരിമ്മ ഓർക്കുന്നു.
അക്കാലത്ത് ഉത്സവങ്ങളുടെയും തിരുനാളുകളുടെയും നോട്ടീസുകളിലും ബാനറുകളിലുമെല്ലാം "ചന്പക്കുളം സിസ്റ്റേഴ്സിന്റെ ബാൻഡ്മേളം' എന്നു വലിയ അക്ഷരത്തിൽ അച്ചടിക്കുക പതിവായിരുന്നു.
പാലായിൽ വീണ പ്രമുഖർ
ഭക്തിഗാനങ്ങൾ കൂടാതെ മലയാളം-തമിഴ്-ഹിന്ദി ചലച്ചിത്രഗാനങ്ങളും അവതരിപ്പിച്ചിരുന്നു. ചില ഹിറ്റ് മലയാളം പാട്ടുകൾ പലതവണ തങ്ങളെക്കൊണ്ട് കാണികൾ വായിപ്പിച്ചിട്ടുണ്ടെന്നു സഹോദരിമാർ ഓർക്കുന്നു. മാമാങ്കം പലകുറി കൊണ്ടാടി, ആയിരം കണ്ണുമായി... തുടങ്ങി മലയാളികളുടെ ഹൃദയതന്ത്രികളിൽ ശ്രുതിമീട്ടുന്ന ഒട്ടേറെ മധുരമനോഹര ഗാനങ്ങൾ വാദ്യോപകരണങ്ങളിൽ ഒഴുകിയിറങ്ങുന്പോൾ കാണികൾ ഒപ്പം ചേരും.
അക്കാലത്തെ രണ്ടു പ്രമുഖ ബാൻഡ് മേളക്കാരായിരുന്നു ചേർത്തല ആപ്പമാഷും വൈക്കം ജോസും. പല പ്രമുഖ തിരുനാളുകൾക്കും ഉത്സവങ്ങൾക്കും ഈ രണ്ടു സംഘവും ചന്പക്കുളം സിസ്റ്റേഴ്സും തമ്മിലായിരുന്നു മത്സരിച്ചുള്ള വാദനം. ഒരു തവണ പാലാ രാക്കുളി തിരുനാളിന് ഈ മൂന്നു ബാൻഡ് മേളക്കാരും തമ്മിൽ കടുത്ത മത്സരംതന്നെ നടന്നു.
മേളം മുറുകുന്പോൾ കാണികൾ ആർത്തുവിളിച്ച് ആവേശമേറ്റും. താളം പിടിച്ചും തലയാട്ടിയും അവർ മത്സരം കൊഴുപ്പിച്ചു. ഇത്തിരിപ്പോന്ന പെണ്തരികളെ തോൽപ്പിച്ച് ഒന്നാമതെത്താമെന്നു കരുതിയ ആപ്പമാഷിന്റെയും വൈക്കം ജോസിന്റെയും നേതൃത്വത്തിലുള്ള സംഘങ്ങൾക്ക് ഒടുവിൽ ചന്പക്കുളം സിസ്റ്റേഴ്സിനു മുന്നിൽ തോല്വി സമ്മതിക്കാതെ തരമില്ലായിരുന്നു.
കൈയടിക്കു കുറവില്ല
എവിടെ മത്സരം നടന്നാലും കാണികളുടെ കൈയടി കിട്ടുന്നതു തങ്ങൾക്കായിരുന്നെന്ന് ഇവർ ഓർക്കുന്നു. അന്തരിച്ച പ്രശസ്ത നടൻ രാജൻ പി. ദേവിന്റെ അനുജനാണ് ചേർത്തല ആപ്പമാഷ്. നിരവധി വേദികളിൽ ഇവർക്കൊപ്പം ബാൻഡ് മേളം അവതരിപ്പിച്ചിട്ടുണ്ടെന്ന് ഇളയ സഹോദരി സോഫിയാമ്മ പറയുന്നു.
ആഘോഷങ്ങൾക്കു മാത്രമല്ല, മരണാനന്തര ചടങ്ങുകൾക്കും ചന്പക്കുളം സിസ്റ്റേഴ്സിന്റെ ബാൻഡ് ഒരു അവിഭാജ്യഘടകമായിരുന്നു. റോഡും വാഹനസൗകര്യങ്ങളുമില്ലാതിരുന്ന അക്കാലത്ത് വള്ളത്തിൽ തട്ടിട്ടാണ് ബാൻഡ് അവതരിപ്പിക്കുന്നത്. നിരവധി മരണാനന്തര ചടങ്ങുകൾക്കും മറ്റും വള്ളംകയറി പോയ ഓർമകൾ ഇപ്പോഴും മായാതെ മനസിലുണ്ട്.
ട്യൂട്ടോറിയൽ കോളജും
തങ്ങൾ നേടിയ വിദ്യാഭ്യാസം മറ്റുള്ളവർക്കും അവർ പങ്കുവച്ചു. ബാൻഡ് സെറ്റിന്റെ തിരക്കിനിടയിലും സ്വന്തമായി ട്യൂട്ടോറിയൽ കോളജ് തുടങ്ങി കുട്ടികൾക്ക് ഇവർ അറിവു പകർന്നു. ബിരുദധാരികളായ മേരിമ്മയും സോഫിയാമ്മയുമായിരുന്നു കോളജിന്റെ നടത്തിപ്പുകാരും അധ്യാപകരും. ഇതുകൊണ്ടും തീർന്നില്ല, ഇവരുടെ പ്രവർത്തനമേഖല.
മറ്റു സഹോദരിമാർ ചേർന്നു ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടും തയ്യൽ പഠനകേന്ദ്രവും തുടങ്ങി. ഒട്ടേറെപ്പേർ ഇവിടെനിന്നു ടൈപ്പ്റൈറ്റിംഗും തുന്നലും പഠിച്ചു ജീവിതം കരുപ്പിടിപ്പിച്ചു. വികസനമൊന്നും കടന്നുചെല്ലാത്ത ആ കുട്ടനാടൻ ഗ്രാമത്തിലെ ആദ്യത്തെ ടൈപ്പ്റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടും തയ്യൽപരിശീലന കേന്ദ്രവും ഇതായിരുന്നു.
അങ്ങനെ എല്ലാത്തരത്തിലും നാടിന്റെ പ്രിയപ്പെട്ട സഹോദരിമാരായി ചന്പക്കുളം സിസ്റ്റേഴ്സ്. കൂടാതെ ശാസ്ത്രീയ സംഗീതത്തിലും ഇവർ മികവു തെളിയിച്ചു. ചന്പക്കുളം സിസ്റ്റേഴ്സ് എന്ന പേരിൽ നിരവധി വേദികളിൽ സംഗീതക്കച്ചേരി നടത്തിയും തിളങ്ങി.
നിർത്താൻ മനസില്ല
1983ൽ ബാൻഡ് മാസ്റ്റർ ജോസഫ് കുന്നത്ര മേളങ്ങളില്ലാത്ത ലോകത്തേക്കു യാത്രയായി. പിതാവിന്റെ മരണം ഈ സഹോദരങ്ങളെ ഏറെ തളർത്തിയെങ്കിലും മൂത്ത പുത്രൻ കൊളന്തച്ചൻ എന്ന ജെ.ജെ. കുന്നത്ര ആ സ്ഥാനം ഏറ്റെടുത്തു. പിന്നീട് 1990-95 കാലഘട്ടം വരെ ഈ സഹോദരിമാർ ബാൻഡ്സെറ്റിനൊപ്പമുണ്ടായിരുന്നു. സഹോദരിമാർ ഓരോരുത്തരായി വിവാഹം കഴിച്ചു പോയിട്ടും പിതാവ് തുടങ്ങിവച്ച ബാൻഡ് സംഘം നിർത്താൻ ജെ.ജെ. കുന്നത്രയ്ക്കു മനസുവന്നില്ല.
മറ്റു കലാകാരന്മാരെ വച്ച് ബാൻഡ് സെറ്റ് തുടർന്നു. കൊളന്തച്ചനെ അനാരോഗ്യം അലട്ടിയപ്പോൾ ചുമതല ഇളയ സഹോദരനായ രാരിച്ചനെ ഏല്പിച്ച് അദ്ദേഹം വിശ്രമജീവിതത്തിലേക്കു മാറി. ഏഴാം വയസിൽ ഇലത്താളം കൈയിലെടുത്ത രാരിച്ചനാണ് ഇപ്പോൾ ചന്പക്കുളം ബാൻഡ് എന്ന പേരി ലുള്ള സംഘത്തിന്റെ അമരക്കാരൻ.
ജീവിതം ഇങ്ങനെ
ചന്പക്കുളം സിസ്റ്റേഴ്സിലെ മൂത്ത സഹോദരി മേരിമ്മയെ ചന്പക്കുളം അറയ്ക്കൽ ആന്റണിയാണ് വിവാഹം കഴിച്ചത്. ഇവർക്കു മൂന്നു മക്കൾ. പൊൻകുന്നം വള്ളിയിൽ ഫിലിപ്പാണ് ജോസ്നാമ്മയുടെ ഭർത്താവ്. ഇവർക്കു നാലു മക്കൾ. സഹോദരികളിൽ മൂന്നാമത്തെ മകൾ കൊളന്തമ്മയെ കാഞ്ഞിരപ്പള്ളി പൂവത്തിങ്കൽ ജോസഫാണ് വിവാഹം കഴിച്ചത്.
കൊളന്തമ്മ 2017ൽ ലോകത്തോടു വിടപറഞ്ഞു. ഇവർക്ക് ഒരു മകൻ. തൃക്കൊടിത്താനം കരിന്പുംകാലായിൽ ആന്റണിയുടെ ഭാര്യയായ എത്സമ്മയ്ക്കു രണ്ടു മക്കളുണ്ട്. ഇളയവളായ സോഫിയാമ്മയെ വിവാഹം കഴിച്ചത് എറണാകുളം കുരിശുംമൂട്ടിൽ സിബിയാണ്. ജോസ് കുന്നത്തറ-മേരിക്കുട്ടി ദന്പതികൾക്കും ഏറ്റവും ഇളയ സഹോദരൻ രാരിച്ചൻ-ഡെയ്സമ്മ ദന്പതികൾക്കും രണ്ടു മക്കൾ വീതം.
അധ്യാപകനായി നെടുമുടി വേണു
ചന്പക്കുളം സിസ്റ്റേഴ്സ് തുടക്കമിട്ട ട്യൂട്ടോറിയൽ കോളജിൽ, അന്തരിച്ച നടൻ നെടുമുടി വേണു മലയാളം അധ്യാപകനായിരുന്നു. സിനിമയിൽ എത്തുന്നതിനും വളരെ മുമ്പായിരുന്നു നെടുമുടി വേണുവിന്റെ അധ്യാപകവേഷം. നെടുമുടി വേണു നന്നായി മൃദംഗം വായിക്കുമായിരുന്നുവെന്നു രാരിച്ചൻ ഓർക്കുന്നു.
പൊതുവേ കർക്കശസ്വഭാവക്കാരനായിരുന്ന കുന്നത്ര ഒൗതച്ചൻ എന്ന ജോസഫ് കുന്നത്രയെ നെടുമുടി വേണുവിന് നേരിട്ട് അഭിമുഖീകരിക്കാൻ ചെറിയ പേടിയുണ്ടായിരുന്നു. ട്യൂട്ടോറിയൽ കോളജിലെ ഭിത്തികളുടെ മറവിലും തിരിവിലും മറഞ്ഞിരുന്ന് ഒൗതച്ചന്റെ താളമേളങ്ങൾക്കു കാതോർക്കുന്ന നെടുമുടി വേണുവിനെ ജോസ്നാമ്മ ഇന്നും ഒാർക്കുന്നു.
സിസ്റ്റർ ലയോള
ആലപ്പുഴ പഴവങ്ങാടി സ്കൂളിൽ ക്ലോറിൻ വാതകം ചോർന്നുണ്ടായ ദുരന്തത്തിൽ മരിച്ച സിസ്റ്റർ ലയോള, ജോസഫ് ജെ. കുന്നത്തറയുടെ സഹോദരിയാണ്. 1981 ഏപ്രിൽ 23നായിരുന്നു നാടിനെ നടുക്കിയ ക്ലോറിൻ വാതക ചോർച്ച സംഭവിച്ചത്. വിമൻസ് ഹോസ്റ്റലിലുണ്ടായ വാതകച്ചോർച്ചയിൽ അകപ്പെട്ട നിരവധി പേരെ രക്ഷപ്പെടുത്തുന്നതിനിടയിൽ സിസ്റ്റർ മരണത്തിനു കീഴടങ്ങുകയായിരുന്നു. നിരവധിപ്പേരുടെ ജീവൻ രക്ഷിക്കാനുള്ള ബലിദാനമായി സിസ്റ്റർ ലയോളയുടെ മരണം.
ആദ്യത്തെ ചുരിദാർ
ആദ്യകാലത്തു ബാൻഡ് മേളം അവതരിപ്പിക്കുന്പോൾ പാവാടയും ബ്ലൗസുമായിരുന്നു ഇവരുടെ വേഷം. മുതിർന്നപ്പോൾ സാരിയിലേക്കു മാറി. എന്നാൽ, സാരിയുടുത്തുകൊണ്ട് ബാൻഡ്മേളം അവതരിപ്പിക്കുന്നത് ബുദ്ധിമുട്ടായി മാറി. ഇതെങ്ങനെ തരണം ചെയ്യാമെന്ന ആലോചനയിലാണ് ഇവരുടെ പിതാവായ ജോസഫ് ജെ. കുന്നത്ര ഇപ്പോഴത്തെ ചുരിദാറിനു സമാനമായ വേഷം സ്വന്തമായി ഡിസൈൻ ചെയ്ത് തുന്നിയെടുത്തത്. അങ്ങനെ കേരളത്തിൽ ആദ്യമായി ചുരിദാർ അണിഞ്ഞവർ എന്ന ഖ്യാതിയും ചന്പക്കുളം സിസ്റ്റേഴ്സിനു തന്നെ.
ബാൻഡ് മേളത്തിൽ പരിശീലനം കൊടുക്കുന്പോഴും മക്കൾക്കു നല്ല വിദ്യാഭ്യാസം കൊടുക്കുന്നതിൽ ജോസഫ് കുന്നത്രയും ഭാര്യ ചങ്ങനാശേരി കുട്ടംപേരൂർ കുടുംബാംഗമായ റോസമ്മയും ഒരു വിട്ടുവീഴ്ചയും വരുത്തിയില്ല. ഏഴു മക്കളിൽ മേരിമ്മയും സോഫിയാമ്മയും ബിരുദധാരികളാണ്. മറ്റു മക്കളെല്ലാം പ്രീഡിഗ്രിക്കാരും.
ജോബി കണ്ണാടി
ഫോട്ടോ: പി. മോഹനൻ