കലിഗ്രഫിയില് കൈവച്ചാല്
Sunday, October 29, 2023 12:28 AM IST
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യകലയിൽ കലിഗ്രഫിയുടെ സാധ്യതകളെ ഏറെ പ്രയോജനപ്പെടുത്തിയ സംവിധായകൻ ഭരതനാണ്. അദ്ദേഹത്തിന്റെ പല സിനിമകളുടെയും പോസ്റ്ററുകളിൽ നാരായണ ഭട്ടതിരിയുടെ കലിഗ്രഫി മികവ് കാണാം.
കൈയക്ഷരം കണ്ടാൽ അറിയാം ആളെ!... പലരും പറഞ്ഞുകേട്ടിട്ടുള്ള ചൊല്ലാണിത്. വിദ്യാർഥികൾക്കാണ് കൈയക്ഷരം പലപ്പോഴും പിടിവള്ളിയും തലവേദനയുമായി മാറാറുള്ളത്. കൈയക്ഷരം നല്ലതാണെങ്കിൽ പരീക്ഷയ്ക്ക് അതു ഗുണം ചെയ്യുമെന്നാണ് പൊതുവേയുള്ള ധാരണ. ഉത്തരം അത്ര പൂർണമല്ലെങ്കിലും കൈയക്ഷരം ഭംഗിയുള്ളതും വൃത്തിയുള്ളതുമായാൽ ചില അധ്യാപകർ അതു പരിഗണിച്ചെങ്കിലും മാർക്ക് നൽകുമെന്നും പറയാറുണ്ട്.
കൈയക്ഷരം മെച്ചപ്പെടുത്താൻ കഠിനപരിശ്രമം നടത്തുന്ന വിദ്യാർഥികളെയും പലപ്പോഴും കാണാം. കൈയക്ഷരം മോശമായതിനു പേനയെ കുറ്റം പറയേണ്ടതില്ല എന്നു പറയുന്നതിൽ കൈയക്ഷരം മാത്രമല്ല, ചില ജീവിതസത്യങ്ങളും ഒളിഞ്ഞിരിപ്പുണ്ട്. ഒറ്റ ദിവസംകൊണ്ട് കൈയക്ഷരം നന്നാക്കിത്തരാമെന്നു പറഞ്ഞു പത്രങ്ങളിലും മറ്റും പരസ്യം ചെയ്ത് ആളുകളെ വീഴിക്കുന്നവരെയും കാണാറുണ്ട്. കൈയക്ഷരം നോക്കി ആളുകളുടെ സ്വഭാവവും പെരുമാറ്റരീതികളും വിശകലനം ചെയ്യുന്ന വിദ്വാൻമാരും ഈ നാട്ടിലുണ്ട്. ഇതൊക്കെ പറഞ്ഞുവന്നത് ഈ കൈയക്ഷരമെന്നു പറയുന്നത് അത്ര നിസാര കാര്യമല്ല എന്നു സൂചിപ്പിക്കാനാണ്.
കംപ്യൂട്ടറും ഡിടിപിയും ഫോണുമൊക്കെ വന്നതോടെ കൈകൊണ്ട് എഴുത്തിന്റെ ആവശ്യം കുറഞ്ഞെങ്കിലും ഇന്നും ഇതു വേണ്ടിവരുന്ന പല രംഗങ്ങളുമുണ്ട്. പ്രത്യേകിച്ചു വിദ്യാർഥികളുടെ ജീവിതത്തിൽ. ചെറുപ്പത്തിൽ ശ്രമിച്ചു നല്ലൊരു കൈയക്ഷര ശൈലി സ്വായത്തമാക്കിയാൽ അതു ജീവിതത്തിന്റെ പല രംഗങ്ങളിലും ഗുണം ചെയ്യുമെന്നതാണ് പലരുടെയും അനുഭവം. അച്ചടിച്ചതുപോലെ എഴുതുന്നവരെ കണ്ട് അദ്ഭുതംകൂറി നിന്നിട്ടുണ്ട് നമ്മിൽ പലരും. എന്നാൽ, ഇതാ ഇവിടെ ചിലർ കൈയക്ഷരങ്ങളെ വടിവൊത്തതാക്കി മാറ്റുക മാത്രമല്ല, അതിലൊരു കലയുണ്ടെന്നു കണ്ടെത്തി ആളുകളെ വിസ്മയിപ്പിക്കുകയാണ്.
കലയുടെ കൈയക്ഷരം
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? വിജയിച്ചാൽ കൈയക്ഷരവും കരവിരുതും വേറെ ലെവലാവും. എന്താണു കാലിഗ്രഫി എന്നല്ലേ...അക്ഷരങ്ങളെ പ്രത്യേകരീതികളിലുള്ള വിന്യാസത്തിലൂടെ ചിത്രങ്ങളായി രൂപപ്പെടുത്തുന്ന കലയാണു കലിഗ്രഫി. പേനയോ ബ്രഷോ ഉപയോഗിച്ചാണു രചന. ലിപികല എന്നു വിളിക്കാവുന്ന കാലിഗ്രഫിക്കു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഏതു ഭാഷയിലും കലിഗ്രഫി കലാസൃഷ്ടികൾ ഒരുക്കാം. പൗരാണികപ്രഭയുള്ള പല കലകളെയും സാംസ്കാരിക ധാരകളെയും ഉൾക്കൊള്ളുകയും ഏറ്റെടുക്കുകയും ചെയ്ത നാടാണു കേരളമെങ്കിലും ലിപികലയുടെ ലാവണ്യത്തെ തിരിച്ചറിയാൻ ഇനിയും മലയാളി മടിച്ചുനിൽക്കുകയാണ്.
മടിച്ചു മടിച്ച് കേരളം
പ്രമുഖ കലിഗ്രഫിക് ആർട്ടിസ്റ്റ് തിരുവനന്തപുരം സ്വദേശി നാരായണ ഭട്ടതിരിയാണ് കേരളത്തിൽ കലിഗ്രഫിയുടെ പ്രധാന പ്രചാരകൻ. പുസ്തകങ്ങളുടെ കവർ പേജുകൾ, സിനിമാ പോസ്റ്ററുകൾ തുടങ്ങി ലിപികലയിൽ അദ്ദേഹം ഒരുക്കിയ അനേകം കലാസൃഷ്ടികൾ പ്രസിദ്ധമാണ്. മലയാള സിനിമയുടെ പരസ്യകലയിൽ കലിഗ്രഫിയുടെ സാധ്യതകളെ ഏറെ പ്രയോജനപ്പെടുത്തിയ സംവിധായകൻ ഭരതനാണ്.
അദ്ദേഹത്തിന്റെ പല സിനിമകളുടെയും പോസ്റ്ററുകളിൽ നാരായണ ഭട്ടതിരിയുടെ കലിഗ്രഫി മികവ് കാണാം. കാലോസ് (സൗന്ദര്യം), ഗ്രഫൈൻ (എഴുത്ത്) എന്നീ രണ്ടു ഗ്രീക്ക് പദങ്ങൾ ചേർന്നുള്ള കലിഗ്രഫിയയിൽനിന്നാണ് കലിഗ്രഫി എന്ന വാക്ക് ഉത്ഭവിച്ചത്.
പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ യൂറോപ്പിലാണു കലിഗ്രഫിക്കു വലിയ പ്രചാരം ലഭിച്ചുതുടങ്ങിയതെങ്കിലും ഒന്നാം നൂറ്റാണ്ടിൽത്തന്നെ ലോകത്തിൽ പലേടത്തും കൊത്തുപണികളിലും മറ്റും ഈ കലാവിഷ്കാരം ഉപയോഗത്തിലുണ്ടായിരുന്നെന്നാണു ചരിത്രകാരന്മാരുടെ പക്ഷം. അക്കാലത്തെ റോമൻ കൊത്തുപണികളിൽ ലാറ്റിൻ അക്ഷരമാലയുടെ കലിഗ്രഫി ആവിഷ്കാരങ്ങളുണ്ട്.
യൂറോപ്പിൽ ലാറ്റിൻ ഭാഷയിലാണു കാലിഗ്രഫി കൂടുതൽ ഉപയോഗിച്ചിരുന്നത്. ഗുഹകളിൽ താമസിച്ചിരുന്ന പ്രാചീന ജനത തങ്ങളുടെ ഭാവനകളെ ആവിഷ്കരിക്കാൻ കല്ലുകളിൽ കോറിയിട്ട വാക്കുകളെയും വരകളെയും കലിഗ്രഫിയുടെ ചരിത്രത്തോടു ചേർത്തുവയ്ക്കുന്നവരുണ്ട്. ബൈബിളിന്റെ കൈയെഴുത്തു പ്രതികൾ തയാറാക്കുന്നതിലും ആദ്യനൂറ്റാണ്ടുകളിൽ കലിഗ്രഫി ഉപയോഗപ്പെടുത്തിയിരുന്നത്രെ. പുരാതന അറബി, ചൈനീസ്, ഈജിപ്ഷ്യൻ സംസ്കാരങ്ങളിലും ലിപികലയുടെ ആവിഷ്കാരങ്ങൾക്ക് ഉദാഹരണങ്ങളുണ്ട്.
കചടതപ
കഴിഞ്ഞ നാലു പതിറ്റാണ്ടോളമായി നാരായണ ഭട്ടതിരി കലിഗ്രഫിയുടെ സൃഷ്ടിയിലും പ്രചാരണത്തിലുമുണ്ട്. തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽനിന്നു ചിത്രകലയിൽ പഠനം പൂർത്തിയാക്കിയ ശേഷമാണ് അധികം പേർ കൈവയ്ക്കാത്ത കലിഗ്രഫിയിലേക്ക് ഇദ്ദേഹം ഗവേഷണ മനസോടെ ചുവടുവച്ചത്. കാലിഗ്രഫിയുടെ പ്രചാരണത്തിനു നാരായണ ഭട്ടതിരി രൂപം നൽകിയ ഫൗണ്ടേഷനാണു "കചടതപ'.
തിരുവനന്തപുരത്ത് കലിഗ്രഫി സൃഷ്ടികൾക്കു മാത്രമായി പ്രത്യേക ആർട്ട് ഗാലറിയും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുണ്ട്. ഭട്ടതിരിയുടെ നാലായിരത്തോളം മലയാളം കലിഗ്രഫികളുടെ സ്ഥിരമായ പ്രദർശന വേദിയാണ് ആർട്ട് ഗാലറി. കലിഗ്രഫിക്കു മാത്രമായി കേരളത്തിലെ ആദ്യത്തെ ഇടം കൂടിയാണിത്.
കലിഗ്രഫി എന്താണെന്നു സമൂഹത്തിനും പ്രത്യേകിച്ച് അക്ഷരപ്രേമികൾക്കും അറിവു നൽകുക, ഈ മേഖലയിലേക്ക് കലാകാരന്മാരെ ആകർഷിക്കുക എന്നീ ലക്ഷ്യങ്ങളുമായാണ് ഗാലറി തുടങ്ങിയത്. അറിയപ്പെടുന്നവരും തുടക്കക്കാരുമായ കലിഗ്രഫി കലാകാരന്മാർക്ക് ഇവിടെ പ്രദർശനം നടത്താനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
കലിഗ്രഫി ഒരു പടി മുന്നിൽ
സാമ്യം ചിത്രകലയോടെങ്കിലും അതിനേക്കാൾ ഒരു പടി മുന്നിലാണ് കലിഗ്രഫിയെന്നു നാരായണ ഭട്ടതിരി ഉറപ്പിച്ചു പറയും. "ചിത്രരചനയിൽ ഒരു രൂപം, നിറങ്ങൾ, ആശയം എന്നിവയാണുള്ളതെങ്കിൽ, കാലിഗ്രഫിയിൽ ആ മൂന്നു കാര്യങ്ങളെക്കൂടാതെ അക്ഷരങ്ങൾ കൂടിയുണ്ട്. അതുകൊണ്ടു തന്നെയാണ് ചിത്രകലയേക്കാൾ കലിഗ്രഫി മഹത്തരമെന്നു ഞാൻ പറയുന്നത്.
'ഹിന്ദി, മറാത്തി ഉൾപ്പെടെയുള്ള ഇന്ത്യയിലെ ഇതരഭാഷകളിൽ കലിഗ്രഫിക്കു വലിയ പ്രാധാന്യം ലഭിക്കുന്നുണ്ട്. ആ പ്രാധാന്യം മലയാളം കലിഗ്രഫിക്ക് ഇന്നു കിട്ടുന്നില്ല. നാളെ അതുണ്ടാവുമെന്നു തന്നെയാണ് ഞാൻ കരുതുന്നത്. - നാരായണ ഭട്ടതിരി ആത്മവിശ്വാസം പങ്കുവച്ചു.
നെഞ്ചിലേറ്റിയ സ്വപ്നം
വർഷങ്ങൾക്കു മുന്പ് പൂനയിൽ ദേശീയ കലിഗ്രഫി ശില്പശാലയിൽ പങ്കെടുത്തപ്പോഴുള്ള അനുഭവം നാരായണ ഭട്ടതിരി പങ്കുവച്ചു. സാക്ഷരതയിൽ മുന്നിലുള്ള കേരളത്തിൽ കലിഗ്രഫി ഇല്ലെന്നത് അദ്ഭുതമുണ്ടാക്കുന്നുവെന്നായിരുന്നു ഉത്തരേന്ത്യക്കാരുടെ പ്രതികരണം. പലരും മലയാളത്തെ അന്നു പരിഹസിച്ചു. അന്നു മനസിലേറ്റിയ ആഗ്രഹമാണ് കേരളത്തിൽ ഈ കലിഗ്രഫിക്കു കൃത്യമായ മേൽവിലാസം ഉണ്ടാകണമെന്നത്.
വർഷങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിൽ ഇന്നു മലയാളി കലിഗ്രഫിയെക്കുറിച്ച് അറിയാനും പഠിക്കാനും ശ്രമിക്കുന്നുണ്ടെന്നു നാരായണ ഭട്ടതിരി പറഞ്ഞു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടത്തിയ അന്തർദേശീയ കലിഗ്രഫി ഫെസ്റ്റിവലിൽ ഇന്ത്യയ്ക്കകത്തും പുറത്തുംനിന്നു പ്രമുഖരായ കലിഗ്രഫർമാർ പങ്കെടുത്തിരുന്നു.
ഹീബ്രു കലിഗ്രഫർ മിഷേൽ ഡി അനസ്റ്റാഷ്യോ, കൊറിയയിൽനിന്നുള്ള കിം ജിൻയാങ്, ഇന്ത്യയിൽ കലിഗ്രഫിയുടെ മുഖ്യവക്താവെന്നറിയപ്പെടുന്ന അച്യുത് പാലവ്, ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകല്പന ചെയ്ത ഉദയ്കുമാർ തുടങ്ങിയവരെയെല്ലാം കേരളത്തിലെത്തിക്കാനും കലിഗ്രഫിയുടെ പ്രചാരണത്തിൽ പങ്കാളികളാക്കാനും നാരായണ ഭട്ടതിരിക്കു സാധിച്ചു.
"കലിഗ്രഫിയുടെ ശാസ്ത്രീയമായ മാനങ്ങൾക്കല്ല, അതിന്റെ ഭംഗി കാഴ്ചക്കാരിൽ അനുഭവവേദ്യമാക്കുന്ന സന്തോഷത്തിന്റെയും സംതൃപ്തിയുടെയും തലങ്ങളിലാണ് ഞാൻ സവിശേഷ ശ്രദ്ധ നൽകുന്നത്.' നാരായണ ഭട്ടതിരി പറയുന്നു. കലിഗ്രഫിയുടെ കേരളീയ മേൽവിലാസമായി നിശബ്ദം നമുക്കിടയിൽ സഞ്ചരിക്കുന്നുണ്ട് ഈ കലാകാരൻ.
സിജോ പൈനാടത്ത്