ചൂടൻ സിറ്റി വഴി കുവൈറ്റ്
Sunday, November 5, 2023 4:31 AM IST
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയിൽനിന്ന് ഒരു ചൂടു ചായ കുടിച്ചിട്ട് ടൈഫോഡ് പിടിക്കാതെ ബ്രൂസിലി മൗണ്ടിലെത്തി നെഞ്ചുംവിരിച്ചു നിൽക്കാം. പാസ്പോർട്ടും വേണ്ട, വീസയും വേണ്ട, കൈനിറയെ ഡോളറും വേണ്ട... പോരൂ, ഇടുക്കിയിലേക്ക്. വിചിത്രമായ സ്ഥലപ്പേരുകളാൽ മറ്റു നാട്ടുകാരെ അന്പരപ്പിക്കുന്ന ഇടുക്കിയുടെ പേരുകളും അതിന്റെ പിന്നിലെ കഥകളും തേടി ഒരു രസികൻ യാത്ര.
തണുപ്പിലും കുളിരിലും മിടുക്കി, പ്രകൃതിഭംഗിയുടെ കാര്യത്തിൽ മിടുമിടുക്കി, കൃഷിയുടെ കാര്യത്തിലാണെങ്കിൽ ബഹുമിടുക്കി... ഇപ്പറഞ്ഞതൊക്കെയാണ് നമ്മുടെ ഇടുക്കി. ഇനി സ്ഥലപ്പേരിന്റെ കാര്യത്തിലാണെങ്കിലോ അപ്പോഴും ഇടുക്കി കിടുക്കി... ഇടുക്കിയിലൂടെ കാഴ്ചകൾ കണ്ട് കറങ്ങുന്പോൾ ഇനി സ്ഥലങ്ങളുടെ പേരു ചോദിക്കാൻ മറക്കരുത്.
ഒരുപക്ഷേ, കേൾക്കുന്ന പേര് നിങ്ങൾ ഒരിക്കലും മറക്കില്ലെന്നു മാത്രമല്ല, ചിലപ്പോൾ കുടുകുടെ ചിരിക്കാനും അദ്ഭുതപ്പെടാനും വകയുണ്ടാകും. കുടിയേറ്റ ജനത തങ്ങൾ അധിവസിക്കുന്ന നാടിനും ജംഗ്ഷനുകൾക്കുമൊക്കെ പേരിട്ടപ്പോൾ ഒട്ടും പിന്നോട്ടുപോയില്ലെന്നതാണ് ചരിത്രം.
ആളുകളുടെ പേരും വീട്ടുപേരും വട്ടപ്പേരുമൊക്കെ സ്ഥലനാമങ്ങളായി മാറി. പേരുകൾ കേരളത്തിലും ഇന്ത്യയിലും മാത്രമൊതുങ്ങിയില്ല. ആഗോള രാജ്യങ്ങളിൽനിന്നു വരെ കടംകൊണ്ട പേരുകൾ പേറി ഇടുക്കിയിലെ പല സ്ഥലങ്ങളും അഭിമാനത്തോടെ തല ഉയർത്തിനിൽക്കുന്നു. പല പേരുകളും കേൾക്കുന്പോൾ പുറംനാട്ടുകാർ അതിശയിച്ചു നിൽക്കുമെങ്കിലും ഈ പേരുകൾക്കു പിന്നിൽ രസകരമായ പല കഥകളും സംഭവങ്ങളുമൊക്കെയുണ്ടെന്ന് ഇടുക്കിക്കാർ പറയും.
സിറ്റിയുടെ വരവ്
ഇടുക്കിയിലെത്തുന്ന, പ്രത്യേകിച്ച് ഹൈറേഞ്ച് മേഖലയിലെത്തുന്ന ഏതൊരാൾക്കും കൗതുകമാകുന്നതാണ് നാട്ടുകാരുടെ സിറ്റി പ്രയോഗം. ഒരു റെയിൽവേ സ്റ്റേഷനോ വിമാനത്താവളമോ ഇല്ലാതെ സിറ്റികൾ സൃഷ്ടിച്ചിട്ടുള്ള ഇടുക്കി മാജിക് ആരെയും ഹരംപിടിപ്പിക്കും. കേരളത്തിന്റെ മെട്രോ ജില്ലയായ എറണാകുളത്തു പോലും ഇത്രയും സിറ്റികൾ ഉണ്ടാവില്ല! സാധാരണ മറ്റു നാട്ടുകാർക്ക് സിറ്റി എന്നു പറയുന്പോൾ മനസിൽ തെളിഞ്ഞുവരുന്നത് വന്പൻ കെട്ടിടങ്ങളും സ്ഥാപനങ്ങളും വാഹനങ്ങളുടെ തിരക്കുമൊക്കെയുള്ള പരിഷ്കാരി നഗരം ആയിരിക്കും.
എന്നാൽ, ഹൈറേഞ്ചുകാർ സിറ്റിയിൽ പോവുകയാണെന്നു പറഞ്ഞാൽ അത്രയൊന്നും പ്രതീക്ഷിക്കേണ്ട, എന്നു മാത്രമല്ല, വലിയ പ്രതീക്ഷയുമായി പോയി ഹൈറേഞ്ചുകാരുടെ ചില സിറ്റികൾ കണ്ടാൽ നിങ്ങൾ അന്തംവിട്ടു നിന്നു പോകും. ഒരു മാടക്കടയും ചെറിയൊരു ബസ് സ്റ്റോപ്പും പിന്നൊരു ചായക്കടയുമുണ്ടെങ്കിൽ ഇടുക്കിക്കാരുടെ സിറ്റിക്ക് അതു ധാരാളം. കുഞ്ഞുകുഞ്ഞു ജംഗ്ഷനുകളെയും കവലകളെയും സിറ്റിയെന്നു വിളിക്കുന്നത് ഇടുക്കിയിലെ പൊതുരീതിയാണ്.
സിറ്റിക്കു പോയിട്ടുവരാമെന്നു ഹൈറേഞ്ചുകാരൻ പറഞ്ഞാൽ കവലയിൽ പോയിട്ടുവരാമെന്നാണ് അർഥം. സിറ്റികളെ തിരിച്ചറിയാൻ ചില ചേരുംപടികളും അവർ ഒപ്പം ചേർത്തിട്ടുണ്ട്. ഈ പേരുകളിൽ പലതും ഇപ്പോൾ സംസ്ഥാനത്തും വിദേശത്തു പോലും ഹിറ്റ് ആണ്. ജംഗ്ഷനുകളിൽ കടകളോ വ്യാപാരമോ നടത്തുന്ന നാട്ടുകാരന്റെ പേരിനൊപ്പം സിറ്റി ചേർത്തുവിളിച്ചുണ്ടായതാണ് പല പ്രശസ്ത സ്ഥലനാമങ്ങളും.
സിറ്റികളുടെ നാട്
ഒന്നാം മൈൽ സിറ്റി, രണ്ടാം മൈൽ സിറ്റി എന്നിങ്ങനെ മൈലുകൾ ചേർത്തുള്ള സിറ്റികൾ നിരവധി. കുമളി-കട്ടപ്പന റൂട്ടിലെ എട്ടാം മൈൽ സിറ്റിക്ക് അണക്കര സിറ്റിയെന്നും വിളിപ്പേരുണ്ട്. ബാലൻപിള്ള സിറ്റി വളരെ പ്രശസ്തം. ഇതുകൂടാതെ മൈക്ക് സിറ്റി, പള്ളി സിറ്റി, കുട്ടപ്പൻ സിറ്റി, ചൂടൻ സിറ്റി എന്നിങ്ങനെ സിറ്റികളുടെ എണ്ണം നിരവധി. കുഗ്രാമങ്ങളിൽ വരെ സിറ്റികളുണ്ടാകും. പലതിനും രസികൻ പേരുകളാണ്. കൂടുതൽ സിറ്റി വിശേഷം പിന്നാലെ നോക്കാം.
രാജാക്കന്മാരുടെ കഥകളിൽ നിറഞ്ഞു നിൽക്കുന്ന രാജകുമാരിയും സേനാപതിയുമൊക്കെ ഇടുക്കിയിൽ എത്തിയാൽ സ്ഥലനാമങ്ങളാണ്. ഈ പേരുകളൊക്കെ തങ്ങളുടെ പേരിനൊപ്പം കൂട്ടിച്ചേർത്ത എഴുത്തുകാരും രാഷ്ട്രീയക്കാരുമൊക്കെയുണ്ട്. തമിഴ്നാടിനോടു ചേർന്നു കിടക്കുന്നതും തമിഴ്ജനതയുടെ സാന്നിധ്യമുള്ളതുമായ ഇടുക്കിയിൽ തമിഴ് ചുവയുള്ള സ്ഥലനാമങ്ങളും നിരവധി. നമരി, ജണ്ടനിരപ്പ്, വെള്ളിവിളന്താൻ, വാതുക്കാപ്പ്, തൂവൽ, മതന്പ ഇതൊക്കെ ഇത്തരം ചില സ്ഥലനാമങ്ങളാണ്.
പീരുമേടും പേരും
ഇടുക്കിയിലെ വന്യജീവിസങ്കേതങ്ങളുടെ പേരിലും കൗതുകം പൂത്തുനിൽക്കുന്നുണ്ട്. മന്നവൻചോല, പാമ്പാടും ചോല, മതികെട്ടാൻ ചോല എന്നിവയാണ് ഈ സങ്കേതങ്ങൾ. സ്ഥലങ്ങൾക്കു പേരിടുന്നതിൽ ജൻഡർ ന്യൂട്രാലിറ്റി കൃത്യമായി പാലിച്ചിട്ടുള്ളവരാണ് ഇടുക്കിക്കാർ. പുരുഷന്മാരുടെ പേരിനൊപ്പംതന്നെ സ്ത്രീകളുടെ പേരും സ്ഥലനാമങ്ങളായി ഇടംപിടിച്ചിട്ടുണ്ട്. ആദ്യകാല വ്യാപാരികളുടെ പേരും പലേടത്തും കാണാം.
ചിന്നക്കനാലിലെ ബിയൽ റാം എന്ന സ്ഥലം ആന്ധ്രയിൽനിന്നു കുടിയേറ്റക്കാലത്ത് എത്തിയ റാം എന്ന അരിവ്യാപാരിയുടെ പേരിലാണ് അറിയപ്പെടുന്നത്. ബിയൽ എന്നാണ് തെലുങ്കിൽ അരിക്കു പറയുന്നത്. ബിയൽറാമിനു സമീപമുള്ള "സിംഗ് കണ്ടം' പഞ്ചാബിൽനിന്നെത്തിയ സിക്കുകാരന്റെ പേരിലാണ് അറിയപ്പെടുന്നത്. പീരു ബാബ എന്ന സൂഫി ഫക്കീറിന്റെ പേരു വീണതോടെയാണ് പീരുമേടിന് ആ പേരുണ്ടായത്. വിളിപ്പേരുകളും ഇരട്ടപ്പേരുകളും മിത്തുകളും വാമൊഴികളും പുഴകളും ആറുകളും പാറകളും കുളങ്ങളുമൊക്കെ സ്ഥലപ്പേരുകൾക്കു കാരണമായി മാറി.
ഊരോ പേരോ?
ചില പേരുകൾ കേട്ടാൽ ഇതു സ്ഥലപ്പേരു തന്നെയാണോയെന്നു മറ്റുള്ളവർക്കു സംശയം തോന്നിയേക്കാം. പ്രകാശ്, സ്വരാജ്, തങ്കമണി, കാമാക്ഷി, ലക്ഷ്മി ഇവ ഇടുക്കിയിൽ ആളുകളുടെ മാത്രം പേരല്ല, സ്ഥലങ്ങളുടെ പേരുകൂടിയാണ്.
ആന ഇടയ്ക്കിടെ ശല്യമുണ്ടാക്കുന്ന ഇടുക്കിയിൽ ആനയെ പേരിനൊപ്പം ചേർത്ത സ്ഥലങ്ങൾക്കും പഞ്ഞമില്ല. ആനമുടി, ആനക്കുഴി, ആനക്കുളം, ആനയിറങ്കൽ, ആനവിരട്ടി, ആനയടിക്കുത്ത്, ആനക്കയം, ആനചാരി, ആനവിലാസം എന്നിങ്ങനെ നീളുന്നു ഈ ആനപ്പേരുകൾ.
കഞ്ഞിക്കുഴിക്കു സമീപമാണ് കുഴിസിറ്റിയും ചൂടൻസിറ്റിയും. കാമാക്ഷിയിൽ മാളൂർസിറ്റിയും ഈട്ടിത്തോപ്പിനടുത്ത് ദൈവംമേടും ചേലച്ചുവടിനു സമീപം ആന്റോപുരവുമുണ്ട്. മുനിയറയിലെ ശങ്കരൻകുട്ടിപ്പടിയും ഇല്ലിസിറ്റിയും മുരിക്കാശേരിക്ക് അടുത്തുള്ള ഗൗരിസിറ്റിയും പേരിന്റെ പെരുമയുമായി നിൽക്കുന്നു.
മാക്ക് മുക്കും ജോസ്പുരവും പെരുവന്താനത്തിന് അടുത്തുള്ള മേരിഗിരിയും അമലഗിരിയും ചക്കുപള്ളത്തെ മാധവൻ കാനവും ഈ പട്ടികയിലുണ്ട്. വാഗമണിലെ ഉളുപ്പൂണി, ചിത്തിരപ്പുരത്തെ ഡോബിപാലം, പേപ്പാറ എന്നിവയും രാജാക്കാട്ടിലെ എൻആർ സിറ്റിയും മന്ദിരം സിറ്റിയും വാഴത്തോപ്പിലെ ആനക്കൊമ്പനും രസകരമായ പേരുകളാണ്.
ഗോത്രപ്പേരിനും പഞ്ഞമില്ല
ഗോത്രജനതകളുടെ നാടുകളിൽ ഇരുട്ടള, പാളപ്പെട്ടി, ഒഴുവത്തടം, കുറത്തിക്കുടി, പൊങ്ങംപള്ളി, തായണ്ണൻകുടി, ഇടമലക്കുടിക്കു സമീപത്തെ സൊസൈറ്റിക്കുടി, ചിന്നപ്പാറ, മറയൂരിലെ ദണ്ഡുകൊമ്പ്, കുമ്പിട്ടാംകുഴി, ഒള്ളവയൽ, ഈച്ചാംപെട്ടി, ആടുവിളന്താൻകുടി, ടാങ്ക് കുടി, ചെമ്പകത്തൊഴുക്കുടി, പച്ചപ്പുൽക്കുടി കുതിരയളക്കുടി, തട്ടേക്കണ്ണൻ കുടി, പെട്ടിമുടി, തലമാലി, കൊരങ്ങാട്ടി, ഇഡലിപ്പാറ, ഇരട്ടളക്കുടി, കാവക്കുടി, ആണ്ടവൻകുടി, കമ്മാലക്കുടി, കാനാക്കയം, കോഴിയളക്കുടി, വെലിയംപാറക്കുടി, ചൂരക്കെട്ടെൻകുടി, ഇരുപ്പുകല്ലുക്കുടി, ഒള്ളവയൽക്കുടി, കുളച്ചിവയൽക്കുടി, ചെമ്പട്ടിക്കുടി, കുഞ്ചിപ്പെട്ടിക്കുടി, മൂന്നാറിലെ മാട്ടുപ്പെട്ടി, പീച്ചാട്, ലക്ഷ്മി, ഗുണ്ടുമലൈ, എല്ലപ്പട്ടി, നല്ലതണ്ണി, ചെണ്ടുവരൈ, ചിറ്റുവരെ, പെരിയവരെ, കടലാർ, മേത്താപ്പ് എന്നിങ്ങനെ നീളുന്നു കൗതുകപ്പേരുകൾ.
നല്ല സുഹൃത്ത്
ഏലപ്പാറയിലെ ബോണാമിക്കു വിദേശബന്ധമാണുള്ളത്. ബോണാമി എന്നത് ഒരു ഫ്രഞ്ച് പദമാണ്. ഇതിന്റെ അർഥം നല്ല സുഹൃത്ത് എന്നാണ്. കുമളിയിലെ ചെളിമട ഗ്രാമവും കൊല്ലംപട്ടടയും നെടുങ്കണ്ടത്തെ പച്ചടിയും ഉടുമ്പഞ്ചോലയ്ക്കു സമീപത്തെ മയിലാടുംപാറയും പൊത്തക്കള്ളിയും തിങ്കൾക്കാടും ചെറുതോണിയിലെ വിമലഗിരി, മരിയാപുരം ഉദയഗിരി, എകെജി പടി എന്നിവയും ആളുകൾ വിളിച്ചുപേരാക്കി മാറ്റി.
കുഞ്ചിത്തണ്ണിയിലെ മറ്റൊരു സ്ഥലമാണ് ദേശീയം! ദേശീയ വായനശാലയുടെ പേരിലാണ് പ്രദേശത്തിനു ദേശീയം എന്ന പേരുവീണത്. ശാന്തൻപാറയിലെ പൂപ്പാറ, കോരംപാറ, രാജാപ്പാറ, മൂങ്ങാപ്പാറ, വലിയപാറ, വെള്ളത്തൂവലിലെ പോത്തുപാറ, കുത്തുപാറ എന്നിങ്ങനെ പാറകൾ നിരവധി.
എല്ലാവരും കരാട്ടേക്കാരല്ലെങ്കിലും കമ്പിളികണ്ടത്തു ചെന്നാൽ ബ്രൂസ്ലി മൗണ്ട് കാണാം. തൊടുപുഴയിലെത്തിയാൽ പൂമാലയും. വണ്ടിപ്പെരിയാറിലെ വാളാർഡി, മൂങ്കലാറും വണ്ടൻമേട്ടിലെ ശങ്കരക്കാനം. എൽ കുന്നും ഒഴുകാസിറ്റിയും അറക്കുളത്തെ വൈരമണി, കുതിരകുത്തി, മന്ന, പുരുളി, കടാവർ, മുത്തിക്കണ്ടം, ചിന്നക്കനാലിലെ പാപ്പാത്തിചോല, തൊടുപുഴയിലെ കൊക്കരക്കാനം, പൊന്നെടുത്താൻ, എള്ളിച്ചേരി, തെക്കൻതോണി, നെടുങ്കണ്ടത്തെ സന്യാസിയോട, സുൽത്താൻകട, പട്ടത്തിമുക്ക്, ഏലപ്പാറയിലെ മേമല, ചെമ്മണ്ണ് എന്നിവയും ഇടുക്കിക്കാരുടെ അഭിമാന ഭൂമികൾ.
ഒരേയൊരു രാജകുമാരി
ലോകത്ത് എവിടെയൊക്കെ കറങ്ങിയാലും രാജകുമാരി എന്ന പേരിന് ഒരു കൂട്ടവകാശിയെ കണ്ടെത്താനാവില്ല. ഇതിനു പിന്നിലുള്ളതാകട്ടെ എണ്ണമില്ലാത്ത കഥകളും മിത്തുകളും. എഡി 1800ൽ ചേര രാജാവായ ചേരൻ ചെങ്കുട്ടവൻ രാജാക്കാട് ആസ്ഥാനമായി നാടുഭരിച്ചു എന്നും രാജാവിന്റെ മകളുടെ താമസസ്ഥലം രാജകുമാരി ആയി മാറിയെന്നുമാണ് ഒരു കഥ.
എന്നാൽ, ഇതിനൊന്നും ചരിത്ര പിൻബലമില്ല. ഈ പ്രദേശത്തിന് തൊട്ടടുത്ത സ്ഥലങ്ങളാണ് ഖജാനപാറയും സേനാപതിയും ശാന്തൻപാറയും രാജാക്കാടുമെല്ലാം. ഈ മേഖലകളിൽ കാണുന്ന നന്നങ്ങാടികളും മുനിയറകളും ചേരകാലഘട്ടത്തിന്റെ ശേഷിപ്പുകളാണെന്നു പറയുന്നു. പൂഞ്ഞാർ രാജവംശത്തിന്റെ ഉടമസ്ഥതയിലുള്ള മേഖലയായിരുന്നു രാജകുമാരി എന്നൊരു വാദവുമുണ്ട്.
ത്രിവേണീസംഗമം
മൂലമറ്റത്തെ ത്രിവേണീസംഗമം (മൂലമറ്റം വൈദ്യുതി നിലയത്തിൽനിന്നു വൈദ്യുതി ഉത്പാദനത്തിനു ശേഷം കനാലിലൂടെ വരുന്ന വെള്ളം നാച്ചാറും വലിയാറും കൂടി ചേർന്നാണ് ത്രിവേണീസംഗമമായി മാറുന്നത്. തൊടുപുഴയാറന്റെ ഉത്ഭവവും ഇവിടെയാണ്), പെരുവന്താനത്തെ മുറിഞ്ഞപുഴയും പാഞ്ചാലിമേടും പലർക്കും പരിചിതമായിരിക്കാം. കഞ്ഞിക്കുഴിയിലെ ഉമ്മൻ ചാണ്ടി കോളനി, നത്തുക്കല്ല്, അയ്യപ്പൻകോവിലിലെ മാട്ടുക്കട്ട, മേരികുളം, നിരപ്പേൽക്കട, തോണിത്തടി ഇങ്ങനെ കൗതുകപ്പേരുകൾ പറഞ്ഞാൽ തീരില്ല.
ആത്മാവ് മുതൽ ടൈഫോഡ് വരെ
അമേരിക്കൻ കുന്ന്: കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് അമേരിക്കൻ കുന്ന്. എന്നാൽ, വികസനകാര്യത്തിൽ പേരുപോലെ അത്ര സുഖകരമല്ല ഈ നാടിന്റെ അവസ്ഥ. നിരവധി കുടുംബങ്ങൾ അധിവസിക്കുന്ന മേഖലയാണിത്.
ആത്മാവ് സിറ്റി: ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ സേനാപതി ഗ്രാമപഞ്ചായത്തിൽ ഉള്ള വളരെ വിചിത്രമായ സ്ഥലമാണ് ആത്മാവ് സിറ്റി. പ്രത്യേകം ചരിത്രമൊന്നും ഈ പുതുമയുള്ള പേരിനില്ല. പഴമക്കാർ മുതൽ പറഞ്ഞുപോരുന്ന ഈ പേര് കേൾക്കുന്പോൾ മറ്റു നാട്ടുകാർക്കു പലർക്കും അദ്ഭുതം.
എൻആർസിറ്റിയും പുന്നസിറ്റിയും: രാജാക്കാട് ഗ്രാമപഞ്ചായത്തിലെ രണ്ട് സമീപ പ്രദേശങ്ങളാണ് എൻആർസിറ്റിയും പുന്നസിറ്റിയും. പഴയ കാലത്ത് എൻ.ആർ. രാഘവൻ എന്നയാൾ മാത്രമായിരുന്നു ഇവിടെ ചെറിയൊരു കച്ചവട സ്ഥാപനം നടത്തിയിരുന്നത്. സിറ്റി മെച്ചപ്പെട്ടപ്പോൾ ആദ്യ വ്യാപാരിയുടെ പേരുതന്നെ സിറ്റിക്കു കൊടുത്ത് ആദരിച്ചു, അങ്ങനെ ആ സിറ്റി എൻആർ സിറ്റിയായി. ഇതിനടുത്ത് ഒന്നര കിലോമീറ്റർ ദൂരത്തായുള്ള സ്ഥലമാണ് പുന്ന സിറ്റി.
മോസ്കോ: റഷ്യയുടെ തലസ്ഥാന നഗരമായ മോസ്കോയും ഇവിടുണ്ട്. സേനാപതി പഞ്ചായത്തിലാണ് ഈ പ്രദേശമുള്ളത്. കാർഷിക മേഖലയായ ഇവിടത്തെ ഒരു ഏരിയയുടെ പൊതുവായ പേര് മാത്രമാണ് മോസ്കോ. കടകളോ മറ്റോ ഉള്ള ഒരു ജംഗ്ഷൻ അല്ല ഇത്.
കുരുവിളസിറ്റി: രാജകുമാരി ഗ്രാമപഞ്ചായത്തിലെ പ്രധാന ടൗണുകളിൽ ഒന്നാണ് കുരുവിളസിറ്റി. ആദ്യകാലത്ത് കുടിയേറിയ തെക്കനാട്ട് കുരുവിള എന്നയാളുടെ പേരിലാണ് കുരുവിള സിറ്റി ഉണ്ടായത്. അദ്ദേഹത്തിന്റെ പേരിൽ ഇവിടെ ബസ് കാത്തിരിപ്പ് കേന്ദ്രവും നിർമിച്ചിട്ടുണ്ട്.
മൈക്ക് സിറ്റി: മൈക്ക് എന്നു കേൾക്കുമ്പോൾ മിക്കവർക്കും മമ്മൂട്ടിയുടെ ലൗഡ് സ്പീക്കർ എന്ന സിനിമ ഓർമ വരും. ഉച്ചത്തിൽ സംസാരിക്കുന്ന മൈക്ക് എന്ന കഥാപാത്രത്തിലൂടെ നാടറിഞ്ഞ ഈ സിറ്റി തോപ്രാംകുടിക്കു സമീപമാണുള്ളത്. ഉച്ചത്തിൽ സംസാരിച്ചിരുന്ന തൊമ്മിക്കുഞ്ഞ് എന്നയാളുടെ ഇരട്ടപ്പേരിൽനിന്നുണ്ടായതാണ് ഈ സ്ഥലപ്പേര്.
കുവൈറ്റ് സിറ്റി: മാങ്കുളം ഗ്രാമപഞ്ചായത്തിലുള്ള സ്ഥലമാണ് കുവൈറ്റ് സിറ്റി. എങ്ങനെയാണ് ഈ സ്ഥലത്തിന് ഈ പേരുവന്നത് എന്നതിനെക്കുറിച്ചു കൃത്യമായ വിവരങ്ങളൊന്നുമില്ല. കുടിയേറ്റനാടാണെങ്കിലും 'ഗുമ്മുളള ' സ്ഥലനാമത്തിൽ നാട്ടുകാർക്ക് വലിയ അഭിമാനമാണ്.
ബാലൻപിള്ള സിറ്റി: രാമക്കൽമേടിനു സമീപം സ്ഥിതി ചെയ്യുന്ന ജംഗ്ഷനാണ് ബാലൻപിള്ള സിറ്റി. ഇവിടെ ആദ്യകാല പലചരക്ക് കടക്കാരനായിരുന്ന ബാലൻ പിള്ളയുടെ പേരിൽനിന്നുമാണ് ഈ സിറ്റി വരുന്നത്. അഭ്രപാളിയിലും ഹിറ്റ് ആണ് ഈ സിറ്റി. എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിൽ ഈ സിറ്റി പ്രധാന താരമാണ്!
കുട്ടപ്പൻ സിറ്റി: പലർക്കും കരിന്പൻ എന്നു കേട്ടാൽ വസ്ത്രങ്ങളിലുണ്ടാകുന്ന കറുത്ത പൂപ്പൽ എന്നാണ് അറിയാവുന്നത്. എന്നാൽ ഇടുക്കിക്കാർക്കു ചെറുതോണിക്കു സമീപമുള്ള സ്ഥലംകൂടിയാണ് കരിമ്പൻ. ഇതിനു സമീപം തന്നെയാണ് കുട്ടപ്പൻ സിറ്റി. പേരിനു പിന്നിലെ കഥ നാട്ടുകാർക്കും അറിയില്ല.ആദ്യകാല കുടിയേറ്റക്കാരിൽ നിന്നു വാമൊഴിയായി കിട്ടിയത് ഇന്നു രേഖകളായി മാറി.
തൊമ്മൻ സിറ്റി: കൊന്നത്തടി പഞ്ചായത്തിലാണ് തൊമ്മൻ സിറ്റി ഉളളത്. കച്ചവടക്കാരനായിരുന്ന തോമസ് എന്നയാളുടെ പേരിൽനിന്നാണ് ഈ സ്ഥലനാമം വന്നത്.
പള്ളി സിറ്റി: കൊന്നത്തടി പൊൻമുടി സെന്റ് മേരീസ് പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലമാണ് പള്ളി സിറ്റി. പള്ളി സ്ഥിതി ചെയ്യുന്നു എന്ന കാരണത്താൽ ഉണ്ടായ പേര്. പള്ളിയും മതവിശ്വാസവുമായി ബന്ധപ്പെട്ട പേരുള്ള സ്ഥലങ്ങളും ഇടുക്കിയിലുണ്ട്. കാൽവരി മൗണ്ട് ഒരു ഉദാഹരണമാണ്. കുരിശുമലകളും നിരവധിയുണ്ട്.
വാക്കോടൻ സിറ്റി: ശാന്തമ്പാറ പഞ്ചായത്തിലെ കാർഷിക പ്രദേശമാണ് വാക്കോടൻ സിറ്റി. വാക്കോട്ടിൽ എന്ന വീട്ടുകാരുടെ പേരിൽനിന്നുമാണ് വാക്കോടൻ സിറ്റി ഉണ്ടായത്. ചായക്കടയും രണ്ടുമൂന്നു വ്യാപാരസ്ഥാപനങ്ങളും മാത്രമാണ് ഈ സിറ്റിയിൽ ഉള്ളത്.
ചൂടൻസിറ്റി: കഞ്ഞിക്കുഴിക്കടുത്തുള്ള ഒരു ഗ്രാമപ്രദേശമാണ് ചൂടൻ സിറ്റി. എന്നാൽ, പേരുപോലെ അത്ര ചൂടൻമാരോ പ്രശ്നങ്ങളോ ഈ മേഖലയിലില്ല. പണ്ടൊക്കെ അല്പം മദ്യപശല്യവും മറ്റുമുണ്ടായിരുന്നതിനാൽ വന്ന പേരായിരിക്കാമെന്നു ചിലർ പറയാറുണ്ടെങ്കിലും പേരിന്റെ യഥാർഥ ഉത്ഭവം ഇന്നത്തെ തലമുറയ്ക്ക് അജ്ഞാതം.
ടൈഫോഡ്: പീരുമേട്ടിലാണ് ടൈഫോഡ് ഉള്ളത്. ഇവിടത്തെ തേയില എസ്റ്റേറ്റിന്റെ പേരാണ് ഇത്. ഇതിനും വിദേശബന്ധമാണുള്ളത്.ബ്രിട്ടീഷുകാരുടെ കാലത്താണ് ഈ എസ്റ്റേറ്റിന് ഈ പേര് വന്നത്. അന്നു വന്ന ബ്രിട്ടീഷുകാരുടെ കുടുംബപേരാണ് ടൈഫോഡ് എന്നത്. ആ പേര് എസ്റ്റേറ്റ് മേഖലയ്ക്ക് ഇടുകയായിരുന്നുവെന്നതാണ് ചരിത്രം.
നായരും മൈനറും: പേരിൽ പുതുമയുള്ള സിറ്റികൾ വേറെയുമുണ്ട്. കീരിത്തോട്ടിലാണ് നങ്കി സിറ്റി. വണ്ടൻമേട്ടിലെ നായർ സിറ്റി, പുളിയൻ മലയ്ക്കു സമീപം പനയ്ക്കൽ സിറ്റി, നെടുങ്കണ്ടത്തെ മൈനർ സിറ്റി, ഉപ്പുതോടിലെ ചാലിസിറ്റി, രാജാക്കാട്ടെ കലുങ്ക് സിറ്റി, മന്ദിരം സിറ്റി, മരിയാപുരത്തെ ഇ.എൽ സിറ്റി, തോപ്രാംകുടിയിലെ സ്കൂൾ സിറ്റി, ആനച്ചാലിലെ ഈട്ടി സിറ്റി, ഓടക്കാ സിറ്റി, കട്ടപ്പനയിലെ നിർമല സിറ്റി, രാജകുമാരിയിലെ കടുക്കാ സിറ്റി എന്നിങ്ങനെ നീളുന്നു രസമുള്ള സിറ്റികൾ. ലബ്ബക്കട, മേച്ചേരിക്കട, സുമതിക്കട, ഒറ്റക്കട, സുൽത്താൻ കട, ഉമ്മക്കട, കാക്കാകടയും ഇവിടുണ്ട്.
ഇങ്ങനെയും പേരുകൾ: കല്യാണത്തണ്ട്, കുപ്പച്ചാംപടി, തളളക്കാനം, തോക്കുപാറ, പണിക്കൻക്കുടി, കുത്തുകൽത്തേരി, പാപ്പാത്തിച്ചോല, പൊട്ടൻകാട്, ഉലക്കയുരുട്ടി വെള്ളച്ചാട്ടം, തൂവാനം, ഞണ്ടിറുക്കി വെള്ളച്ചാട്ടം, ആശാരിക്കവല, കൗന്തി, ചങ്ങനാശേരിക്കട, പുതകിൽ, ചെറുതോണി, കൊട്ടക്കാമ്പൂർ, പള്ളിവാസൽ, പഴയവിടുതി, ചീന്തലാർ, നയമക്കാട്, തളിയാർ, മാൻനെല്ലി, സോത്തുപാറ, തലയാർ, ജോസ്ഗിരി, മങ്കുവ, പനംകുട്ടി, തോവാള, നല്ലതണ്ണി, കുഞ്ചിത്തണ്ണി, വെട്ടിക്കുഴി, കോഴിക്കാനം, പച്ചടി, കോരംപാറ, പ്രാക്കണ്ടം, ചേമ്പളം, മീൻമുട്ടി, കുരുതിക്കളം, മറയൂർ, വട്ടവട തുടങ്ങി ഇനിയുമുണ്ട് വേറിട്ട സ്ഥലനാമങ്ങൾ നിരവധി.
ജിജോ രാജകുമാരി