ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
Sunday, November 12, 2023 2:29 AM IST
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്കറ്റ് പ്രേമികളെ വിസ്മയിപ്പിക്കുകയാണ്. ക്രിക്കറ്റിലെ സൂപ്പർ താരങ്ങൾ ഗ്രൗണ്ടിൽ മാത്രമല്ല, ഇവിടെ കോഴിക്കോട് അടിവാരം ചിപ്പിലിത്തോട്ടിലുമുണ്ടാകും.
ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഗ്രാമഗ്രാമാന്തരങ്ങളിൽപോലും പടർന്നു പിടിച്ചിരിക്കുന്നു. രോഹിത് ശർമയും സംഘവും എതിരാളികളെ നിഷ്പ്രഭരാക്കി മുന്നേറുന്പോൾ ടിവിക്കു മുന്നിലിരുന്ന് ആരവം മുഴക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ. സമയത്ത് ടിവിക്കു മുന്നിൽ എത്താൻ കഴിയാത്തവർ യാത്രയിലും ബസ് സ്റ്റോപ്പിലുമൊക്കെ മൊബൈൽ ഫോണിൽ കളി കണ്ട് ആരവത്തിൽ അലിയുന്നു.
രാവിലെ മുറ്റത്തു പത്രം വീഴുന്പോൾ ഇന്നലെ കണ്ട കളിയുടെ കൂടുതൽ വിശേഷങ്ങളും വിലയിരുത്തലുകളും പിന്നാന്പുറ കഥകളുമറിയാൻ ആർത്തിയോടെ സ്പോർട്സ് പേജ് വായിക്കുന്നവർ... അങ്ങനെയങ്ങനെ ലോകകപ്പ് ക്രിക്കറ്റ് കൊണ്ടാടുകയാണ് നമ്മുടെ രാജ്യത്തെ ക്രിക്കറ്റ് പ്രേമികൾ.
ഒരു കളിയിൽ പോലും തോൽവി അറിയാതെ എതിരാളികളെ പപ്പടമാക്കി മുന്നേറുന്ന ഇന്ത്യൻ ടീമിന്റെ പ്രകടനം ഈ കളിയാവേശത്തെ കൊടുമുടി കയറ്റുന്നു. 2023 നവംബർ 19ന് ഒരിക്കൽകൂടി ഇന്ത്യൻ അശ്വമേധം ഏകദിന ലോകകപ്പിന്റെ കൊടുമുടി കയറുമോയെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.
ഒരുങ്ങുന്നു സ്റ്റാന്പ് വേൾഡ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്കറ്റ് പ്രേമികളെ വിസ്മയിപ്പിക്കുകയാണ്. ക്രിക്കറ്റിലെ സൂപ്പർ താരങ്ങൾ ഗ്രൗണ്ടിൽ മാത്രമല്ല, ഇവിടെ കോഴിക്കോട് അടിവാരം ചിപ്പിലിത്തോട്ടിലുമുണ്ട്. കോഹ്ലിയും രോഹിത് ശർമയും ജഡേജയും മാത്രമല്ല പഴയ തലമുറക്കാരായ സച്ചിനും ഗാംഗുലിയും ലാറയുമെല്ലാം ഇവിടെയുണ്ട്.
ക്രീസിലെ സൂപ്പർ താരങ്ങളുടെയും ക്രിക്കറ്റ് ചരിത്രത്തിന്റെയും ഒരു സ്റ്റാന്പ് മ്യൂസിയംതന്നെ ഒരുക്കി ക്രിക്കറ്റ് ലോകകപ്പ് ആഘോഷിക്കുകയാണ് ഇവിടെ ഒരു വൈദികൻ. കടുത്ത ക്രിക്കറ്റ് പ്രേമിയായ ഫാ. ടോം ജോൺ തൈത്തോട്ടം ഒഎഫ്എം എന്ന ഫ്രാൻസിസ്കൻ വൈദികനാണ് ക്രിക്കറ്റ് സ്റ്റാന്പുകൾ ചേർത്തുവച്ച് ഇവിടൊരു മ്യൂസിയം ഒരുക്കുന്നത്. ചിപ്പിലിത്തോട്ടിലെ അസീസി ബിൽഡിംഗിൽ സ്റ്റാന്പ് വേൾഡ് എന്ന സ്റ്റാന്പ് മ്യൂസിയത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം.
ക്രിക്കറ്റ് പ്രേമം തലയ്ക്കു പിടിച്ച ഒരു വൈദികന്റെ തമാശകളായിരിക്കാമിതെന്നൊന്നും തെറ്റിദ്ധരിച്ചേക്കരുത്. ക്രിക്കറ്റ് ബന്ധത്തിൽ ആൾ നിസാരക്കാരനല്ല, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായിരുന്ന സാക്ഷാൽ മഹേന്ദ്രസിംഗ് ധോണി സ്വന്തം വീട്ടിലേക്കു ക്ഷണിച്ചു വിരുന്നുകൊടുത്തുവിട്ട ചരിത്രമുള്ള ആളാണ് ഫാ. ടോം ജോൺ ഒഎഫ്എം.
ക്രിക്കറ്റ് അക്കാഡമിയും
ക്രിക്കറ്റിന്റെ ചരിത്രം പഠിക്കാനും താരങ്ങളെ അടുത്തറിയാനുമൊക്കെ സ്റ്റാന്പ് വേൾഡ് വഴി അവസരമുണ്ടാകും. ക്രിക്കറ്റുമായി ബന്ധപ്പെട്ടു വിവിധ ലോകരാജ്യങ്ങൾ പുറത്തിറക്കിയിട്ടുള്ള സ്റ്റാന്പുകളെല്ലാംതന്നെ ഇദ്ദേഹം ശേഖരിച്ചിട്ടുണ്ട്. ക്രിക്കറ്റ് കളിക്കാത്ത രാജ്യങ്ങൾ പോലും നിരവധി ക്രിക്കറ്റ് സ്റ്റാന്പുകൾ പുറത്തിറക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ക്രിക്കറ്റുമായി ബന്ധപ്പെട്ട് മാത്രം 1,200 അപൂർവ സ്റ്റാന്പുകൾ ടോമച്ചന്റെ ശേഖരത്തിലുണ്ട്.
ഇതുകൊണ്ടും തീരുന്നില്ല ഇദ്ദേഹത്തിന്റെ ക്രിക്കറ്റ് പ്രേമം. അച്ചന്റെ നേതൃത്വത്തിൽ പ്രകൃതിമിത്ര എന്ന പേരിൽ ക്രിക്കറ്റ് അക്കാഡമി വയനാട്ടിൽ പ്രവർത്തിക്കുന്നുണ്ട്. അവധി ദിനങ്ങളിൽ കുട്ടികൾക്ക് ഇവിടെ ക്രിക്കറ്റ് പരിശീലനവും നൽകുന്നുണ്ട്.
മാനുഷിക മൂല്യങ്ങളെക്കുറിച്ചുള്ള അവബോധം നൽകലും ഉത്തരവാദിത്വ പൗരനിര്മിതിയുമാണ് അക്കാഡമിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു. മനുഷ്യരെ നേടാൻ സഹായിക്കുന്ന ക്രിക്കറ്റ് തന്റെ മിഷൻ പ്രവർത്തനത്തിന്റെ ഭാഗം തന്നെയാണെന്നാണ് പാലാ മുത്തോലി സ്വദേശിയായ ഫാ. ടോമിന്റെ പക്ഷം. കേരളത്തിലെ പ്രമുഖ ഫിലാറ്റലിസ്റ്റുകളിൽ ഒരാളാണ് അദ്ദേഹം. വിവിധ രാജ്യങ്ങളുടെ അടക്കം അരലക്ഷത്തോളം സ്റ്റാന്പുകളുടെ വന്പൻ ശേഖരംതന്നെ അദ്ദേഹത്തിന്റെ പക്കലുണ്ട്.
കായികം, കല, സാഹിത്യം, നേതാക്കള്‍ എന്നിങ്ങനെ തരംതിരിച്ചാൽ 227 തീമുകളിലായിട്ടാണ് ഈ സ്റ്റാന്പുകൾ. യേശുക്രിസ്തുവുമായി ബന്ധപ്പെട്ട 1,600 സ്റ്റാന്പുകൾ അദ്ദേഹത്തിന്റെ പക്കലുണ്ട്. യുപി സ്കൂളിൽ പഠിക്കുന്പോൾ തീപ്പെട്ടി പടം ശേഖരിച്ചുതുടങ്ങിയ ഹോബിയാണ് പിന്നീട് സ്റ്റാന്പ് കളക്ഷനിലേക്കു വളർന്നത്.
ഇപ്പോൾ പണി പുരോഗമിക്കുന്ന സ്റ്റാന്പ് വേൾഡിൽ സ്റ്റാന്പുകൾ വിവിധ തീമുകളിലായി പ്രദർശനത്തിനു വയ്ക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അടുത്ത മാർച്ചിൽ കോഴിക്കോട്ടെ സ്റ്റാന്പ് മ്യൂസിയം ഉദ്ഘാടനം ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് ടോമച്ചൻ. വെറുതെ സ്റ്റാന്പുകൾ പ്രദർശിപ്പിക്കുക എന്നതിനപ്പുറം അതിന്റെ പശ്ചാത്തലവും ചരിത്രവുമെല്ലാം രേഖപ്പെടുത്തുന്നുമുണ്ട്. അങ്ങനെ അറിവിന്റെ കേദാരമായി ഈ മ്യൂസിയം മാറും.
ക്രിക്കറ്റിലേക്ക്
സെമിനാരിയിൽ ചേർന്നതിനു ശേഷം വടക്കേഇന്ത്യയിൽ എത്തിയപ്പോഴാണ് ക്രിക്കറ്റിനോടു താത്പര്യം ജനിക്കുന്നത്. അതു പിന്നീടൊരു ഹരമായി മാറി. അത്യാവശ്യം ക്രിക്കറ്റ് കളിക്കുമെങ്കിലും പ്രഫഷണൽ ടീമിലൊന്നും ഇതുവരെ കളിച്ചിട്ടില്ല. ക്രിക്കറ്റ് കളിക്കുന്നതിനേക്കാൾ കളി കാണുന്നതും പഠിക്കുന്നതും അത് ആഘോഷിക്കുന്നതുമൊക്കെയാണ് അദ്ദേഹത്തിനു പ്രിയം, ശരിക്കുമൊരു കളിക്കന്പക്കാരൻ.
ജാർഖണ്ഡിൽ പ്രവർത്തിച്ചിരുന്ന സമയത്ത് മുതിർന്നവരെയും കുട്ടികളെയും സംഘടിപ്പിച്ച് അവർക്കു ക്രിക്കറ്റ് പരിശീലനം നൽകിയിരുന്നു. ആ ആവേശമാണ് വയനാട്ടിലും ക്രിക്കറ്റ് അക്കാഡമി തുടങ്ങാൻ പ്രചോദനമായത്. പ്രകൃതിമിത്ര അക്കാഡമിയിൽ സൗജന്യമായാണ് ക്രിക്കറ്റ് പരിശീലനം നൽകുന്നത്. കുട്ടികളും മുതിർന്നവരുമായി 25 പേരാണ് ഇപ്പോൾ ഈ അക്കാഡമിയിൽ പരിശീലനം നടത്തുന്നത്.
ധോണി വിളിച്ചപ്പോൾ
ദീര്‍ഘകാലം വടക്കേ ഇന്ത്യയിൽ പ്രവർത്തിച്ചിരുന്ന ഈ അറുപത്തിമൂന്നുകാരൻ ഇപ്പോൾ വയനാട്ടിലെ ചൂണ്ടേലി പക്കാലിപ്പള്ളത്തുള്ള പ്രകൃതിമിത്ര ആശ്രമത്തിലാണ് ശുശ്രൂഷ ചെയ്യുന്നത്. പതിമൂന്നാം ഏകദിന ലോകകപ്പ് ഫൈനൽ നേരിട്ടു കാണാൻ നേരത്തെതന്നെ ടിക്കറ്റുമെടുത്തു കാത്തിരിക്കുകയാണ്. ഇതു മാത്രമല്ല, ആവേശം മുറ്റിയ പല ക്രിക്കറ്റ് മത്സരങ്ങളും നേരിട്ടുതന്നെ പോയിക്കണ്ട് ആഘോഷിച്ച ചരിത്രവും അദ്ദേഹത്തിനുണ്ട്. ഇന്ത്യയില്‍ നടന്ന 2011ലെ ലോകകപ്പാണ് ആദ്യമായി നേരിട്ടു കാണുന്ന ലോകകപ്പ് മത്സരം.
അതിലെ രണ്ടു കളികൾ കണ്ടു. 28 വര്‍ഷത്തിനു ശേഷം ഇന്ത്യ ലോകകപ്പ് നേടിയത് ആ വര്‍ഷമായിരുന്നു. മഹേന്ദ്രസിംഗ് ധോണിയുടെ പ്രകടനമായിരുന്നു അച്ചന് ഏറ്റവും ഇഷ്ടമായത്. ക്രിക്കറ്റ് ആരാധകനായ വൈദികനെന്ന വിശേഷണത്തോടെ ടൈംസ് ഓഫ് ഇന്ത്യ ഫാ. ടോമിന്റെ അഭിമുഖം ആ സമയത്തു പ്രസിദ്ധീകരിച്ചിരുന്നു.
അതു വായിച്ച ധോണി തന്റെ വീട്ടിലേക്കു ഫാ. ടോമിനെ ക്ഷണിച്ചു. തുടർന്നു റാഞ്ചിയിലുള്ള ധോണിയുടെ വീട്ടില്‍ പോയി കാണുകയും ചെയ്തു. അരമണിക്കൂറോളം ധോണിയുമായി ചെലവഴിച്ച ശേഷം മടങ്ങുമ്പോള്‍ ഫാ. ടോമിന്റെ സ്റ്റാമ്പ് കളക്ഷന്‍ ആല്‍ബത്തിൽ ധോണിയുടെ ഒപ്പും വീണിരുന്നു.
താരങ്ങൾക്കൊപ്പം
2015 ലോകകപ്പും ഫാ. ടോം നേരിട്ടെത്തി കണ്ടു. അവിടെയും ധോണി കളിക്കുന്നുണ്ടായിരുന്നു. 17 കളികള്‍ കണ്ടു. 2015ല്‍ ഇന്ത്യ സെമിഫൈനലില്‍ പുറത്തായത് വലിയ വിഷമമായെന്ന് അദ്ദേഹം പറയുന്നു. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പും കണ്ടു. സെമിഫൈനലും ഫൈനലും ഉള്‍പ്പെടെ 15 കളികളാണ് കണ്ടത്. ആരാലും ശ്രദ്ധിക്കപ്പെടാതെ വന്നു വെറുതെ ഗാലറിയിലിരുന്നു കളി കണ്ടിട്ട് കൈയടിച്ചു മടങ്ങുന്നയാളാണ് ടോമച്ചൻ എന്നു കരുതിയേക്കരുത്.
രാജ്യാന്തര ക്രിക്കറ്റിലെ നിരവധി താരങ്ങളുമായി അദ്ദേഹത്തിന് അടുത്ത പരിചയം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്. അച്ചനു നേരിട്ടു പരിചയപ്പെടാൻ കഴിഞ്ഞിട്ടുള്ള താരങ്ങളുടെ പട്ടിക കണ്ടാൽ ഏതൊരു ക്രിക്കറ്റ് പ്രേമിക്കും അസൂയ തോന്നും.
വിരാട് കോഹ്ലി, രോഹിത് ശര്‍മ, ബുംറ, രവീന്ദ്ര ജഡേജ, കെ.എല്‍. രാഹുല്‍, ജോസ് ബട്ലര്, ബെൻ സ്റ്റോക്സ്, ട്രന്റ് ബോള്‍ട്ട്, ഇഷ് സോദി, സുനില്‍ ഗാവസ്കര്‍, ശ്രീകാന്ത്, അസ്ഹറുദീൻ, ആദം ഗില്‍ക്രിസ്റ്റ്, രാഹുൽ ദ്രാവിഡ്, ദിനേശ് കാര്‍ത്തിക്, മൈക്ക് ഹസി, ഷോണ്‍ പൊള്ളോക്ക്, ഇയാന്‍ ബിഷപ്, മാര്‍ക്ക് വോ, രമേശ് രാജ, നാസര്‍ ഹുസൈന്, രവിശാസ്ത്രി, സഞ്ജയ് മഞ്ജരേക്കര്‍, ഇയാൻ സ്മിത്ത്, കമന്റേറ്റർ ഹര്‍ഷ ബോഗ്ലേ തുടങ്ങി 350ല്‍ അധികം താരങ്ങളുമായി പരിചയപ്പെടാനും അവരോടൊപ്പം ഫോട്ടോ എടുക്കാനും അച്ചന് അവസരം ലഭിച്ചു.
എങ്ങനെയാണ് ഈ താരങ്ങളെല്ലാമായി പരിചയപ്പെടാൻ അവസരമുണ്ടായതെന്നു ചോദിച്ചാൽ ഫാ.ടോം ചിരിക്കും, വൈദികൻ എന്ന പദവി അതിനേറെ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ക്രിക്കറ്റ് പ്രേമിയായ വൈദികൻ എന്നറിയുന്പോൾ വലിയ താത്പര്യത്തോടെയാണ് താരങ്ങൾ ഇടപെട്ടിട്ടുള്ളത്. ചിലർ പ്രാർഥിക്കണമെന്ന് ആവശ്യപ്പെടും.
ഒപ്പംനിന്നു ഫോട്ടോയെടുക്കും. ഫോട്ടോയെടുത്തു മടങ്ങുക മാത്രമല്ല ഈ ബന്ധം തുടരുന്നതിലും അദ്ദേഹത്തിനു ശ്രദ്ധയുണ്ട്. അതുകൊണ്ടുതന്നെ ചില വിദേശ താരങ്ങളൊക്കെ ഇന്ത്യയിലെത്തുന്പോൾ അച്ചനെ വിളിക്കാറുണ്ട്. ചിലപ്പോൾ അച്ചൻ അവരെ പോയി സന്ദർശിക്കാറുമുണ്ട്.
മിന്നുമണിയെപ്പോലുള്ള ദേശീയ കായിക താരങ്ങളെ നേരിൽ പോയി അഭിനന്ദിക്കുകയും പ്രകൃതിമിത്ര അക്കാഡമി അംഗങ്ങൾക്ക് അവരുമായി സംസാരിക്കാൻ അവസരമൊരുക്കുകയും ചെയ്യുന്നതിലും അച്ചൻ ശ്രദ്ധിക്കുന്നുണ്ട്.
ക്രിക്കറ്റ് ഫൈനലിന്റെ ആവേശത്തിൽ ആയിരിക്കുന്പോഴും ഈ ലോകകപ്പിൽ ചെറിയൊരു വിഷമവുമായിട്ടാണ് അദ്ദേഹം ഫൈനൽ കാണാൻ പോകുന്നത്. അതു മലയാളി താരം സഞ്ജുവിനെ ഒാർത്താണ്. "മികച്ച പ്രതിഭയുള്ള താരമാണ് കേരളത്തില്‍നിന്നുള്ള സഞ്ജു സാംസണ്. പക്ഷേ, അദ്ദേഹത്തിനു ലോകകപ്പില്‍ കളിക്കാന്‍ അവസരം ലഭിക്കാത്തത് നിര്‍ഭാഗ്യകരമാണ് - അദ്ദേഹം പറയുന്നു.
കെ. എസ്. ഫ്രാന്‍സിസ്