മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
Sunday, November 19, 2023 4:42 AM IST
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു. പക്ഷേ, ഈ വീട്ടമ്മയുടെ നിശ്ചയദാർഢ്യത്തിനു മുന്പിൽ പ്രതിബന്ധങ്ങളെല്ലാം വഴിമാറി. പരീക്ഷണങ്ങൾ വിജയം കണ്ടപ്പോൾ കാര്യാട്ട് ഡ്രൈ ഫുഡ്സ് എന്ന സ്ഥാപനം ഉദിച്ചുയർന്നു. വനിതാ സംരംഭക ദിനത്തിൽ വായിക്കാം.. അംബിക സോമസുന്ദരന്റെ വിജയഗാഥ...
അംബികേച്ച്യേ... എന്ന വിളികേട്ട് നോക്ക്യപ്പൊ ചീഫ് വിപ്പും ഞങ്ങടെ എംഎൽഎയുമായ രാജൻ സാറാണ്. ഇതുവഴി പോകുന്പോഴെല്ലാം ഇവിടെ കയറി പുട്ടുപൊടി കോംബോ (10 തരം പുട്ടുപൊടിയുടെ കിറ്റ് ) ഒന്നോ രണ്ടോ വാങ്ങിക്കൊണ്ടോണ പതിവ്ണ്ട്. ഞങ്ങടെ രണ്ടാം വാർഷികവും വെബ്സൈറ്റ് ഉദ്ഘാടനവും നിർവഹിക്കാൻ വന്നപ്പൊ ഞങ്ങള് പുട്ട് ലൈവ് ഉണ്ടാക്കി സപ്ലൈ ചെയ്തു. അന്നത് കഴിച്ചപ്പൊ തൊടങ്ങ്യ ശീലാ. കിറ്റ് കൊടുക്കുന്നതിനിടയിൽ ബിസിനസ് ഒക്കെ എങ്ങനെയുണ്ട് എന്നു ചോദിച്ചപ്പൊ ഞാൻ പറഞ്ഞു: കൊഴപ്പ്ല്ല്യ. പിന്നെ കഴിഞ്ഞാഴ്ച ദുബായ്ന്ന് ഒരു കോൾ ഉണ്ടായിരുന്നു. ഒരു കണ്ടെയ്നർ മുരിങ്ങയിലപ്പൊടിയാ അവര് ചോദിച്ചത്. പെട്ടെന്ന് വേണത്രേ. എങ്ങനെ കൊടുക്കാനാ. ആറുമാസം സമയം തര്യാണ്ങ്കിൽ കൊടുക്കാന്ന് ഞാൻ പറഞ്ഞു. അവര് അറിയിക്കാന്ന് പറഞ്ഞുവച്ചു. മുരിങ്ങയില ഉത്പന്നങ്ങൾക്കു നല്ല ഡിമാൻഡ് ഉണ്ടാവുന്നാ തോന്നണെ.
ഞാൻ പറഞ്ഞു കഴിയുന്പോഴേക്കും അദ്ദേഹം ഫോണിൽ ഒല്ലൂക്കര ബ്ലോക്ക് കൃഷി അസി.ഡയറക്ടർ (എഡിഎ) സത്യവർമ മാഡത്തെ വിളിച്ചു. പിന്നെ കാര്യങ്ങൾ ഞൊടിയിടയിലായി. മാഡം വന്നു കാര്യങ്ങൾ മനസിലാക്കി. പുത്തൂർ, മാടക്കത്തറ, പാണഞ്ചേരി, നടത്തറ പഞ്ചായത്തുകളിലെ ആയിരം കുടുംബശ്രീ പ്രവർത്തകരെ ( ഒരു പഞ്ചായത്തിൽനിന്ന് 250 പേർ) ഒരുമിച്ചുകൂട്ടി; ജെഎൽജി ഗ്രൂപ്പുകൾ ഫോം ചെയ്തു. വെള്ളാനിക്കര കാർഷിക സർവകലാശാലയിൽനിന്നു മുരിങ്ങയെക്കുറിച്ചുള്ള പഠനത്തിൽ പിഎച്ച്ഡി നേടിയിട്ടുള്ള പ്രഫ. ഡോ.പി. അനിത മാഡത്തെ കൊണ്ടുവന്ന് പരിശീലനം നൽകി. ഒാരോരുത്തർക്കും കുറഞ്ഞത് അഞ്ചു മുരിങ്ങത്തൈ വീതവും സ്ഥലം കൂടുതലുള്ളവർക്ക് അതനുസരിച്ചും 10,000 മുരിങ്ങത്തൈകൾ വിതരണം ചെയ്തു. അതോടെയാണ് ഞാനും ഈ കൊച്ചു സ്ഥാപനവും ഫോർത്ത് ഗിയറിലേക്കു മാറിയത്. അംബിക സോമസുന്ദരൻ പറഞ്ഞുതുടങ്ങി.
ബാങ്ക് മാനേജർ, സംരംഭക
കൊമേഴ്സിൽ ബിരുദം നേടിയ ശേഷം ഇസാഫ് ബാങ്കിൽ 2000 മുതൽ നീണ്ട 17 വർഷക്കാലം സീനിയർ മാനേജർ ആയിരുന്നു തൃശൂർ മരോട്ടിച്ചാൽ കാര്യാട്ടുപറന്പിൽ സോമസുന്ദരന്റെ ഭാര്യ അംബിക. ഈ സ്വകാര്യ ബാങ്കിനു കീഴിലുള്ള എസ്എച്ച്ജി ഗ്രൂപ്പുകൾക്കു മോട്ടിവേഷൻ കൊടുക്കുക എന്നതായിരുന്നു ഈ വീട്ടമ്മയുടെ ഒരു പ്രധാന ജോലി.
അതിനിടെ, അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽനിന്ന് എംഎസ്ഡബ്ല്യുവും സ്വന്തമാക്കി. അങ്ങനെയിരിക്കെയാണ് സ്വന്തമായൊരു ബിസിനസ് എന്ന കൗമാരകാലത്തെ മോഹം വീണ്ടും മുളപൊട്ടുന്നത്. ആഗ്രഹം ശക്തമാവുകയും സർക്കാർ ജോലിക്കാരനായ ഭർത്താവ് പിന്തുണയ്ക്കുകയും ചെയ്തതോടെ 2017 നവംബറിൽ ജോലി രാജിവച്ചു പുതുസംരംഭത്തിലേക്കു കാലെടുത്തുവച്ചു.
സ്വന്തമായി ഒരു ബിസിനസ് തുടങ്ങി കുറച്ചുപേർക്കു തൊഴിൽ നൽകുക, നല്ല ഭക്ഷണം സമൂഹത്തിൽ എത്തിക്കുക, കർഷകരുടെ ഉത്പന്നങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളായി മാറ്റി അവർക്കു നല്ല വില നൽകുക, അതിലൂടെ ലാഭകരമായ ഒരു വ്യവസായം എന്നതൊക്കെയായിരുന്നു അംബികയുടെ സ്വപ്നം.
ചക്കയിൽ തുടക്കം
2017 ഡിസംബറിൽ ശ്രമം തുടങ്ങി 2018 മാർച്ച് അവസാനത്തോടെയാണ് ഉത്പാദനം ആരംഭിച്ചത്. "ഡ്രൈ മിക്സ്' എന്ന ബ്രാൻഡ് നെയിമിൽ ഉത്പന്നങ്ങൾ ഇറക്കാൻ തുടങ്ങി. ഓണത്തോടെ പ്രോഡക്ട് ലോഞ്ചിംഗും കന്പനി ഉദ്ഘാടനവും നടത്താനായിരുന്നു പ്ലാനെങ്കിലും 2018 ഓഗസ്റ്റിലെ പ്രളയം കുറച്ചുദുരിതങ്ങൾ സമ്മാനിച്ചു. അവയെ അതിജീവിച്ചായിരുന്നു ഉദ്ഘാടനം. 2019 സെപ്റ്റംബർ 29ന് വിദ്യാഭ്യാസമന്ത്രി പ്രഫ.സി. രവീന്ദ്രനാഥ് കാര്യാട്ട് ഡ്രൈ ഫുഡ്സ് എന്ന സ്ഥാപനത്തിനു തിരിതെളിച്ചു.
ചക്ക ഉത്പന്നങ്ങളും കറിപൗഡറുകളുമായിരുന്നു തുടക്കം. മലയോര മേഖലയായതിനാൽ ഏത്തയ്ക്ക, ചക്ക, പാവയ്ക്ക, മഞ്ഞൾ തുടങ്ങിയവ സുലഭമായി ലഭിക്കുമെന്നതും നാട്ടിൻപുറത്തെ കർഷകർക്ക് അതൊരു സഹായമാവുമെന്നതുമാണ് ഇതിനു പ്രേരകമായത്. ഗുണനിലവാരമുള്ള ഇത്തരം ഉത്പന്നങ്ങൾ നിർമിച്ചു നൽകുന്പോൾ വില അല്പം കൂടും. അതിനാൽ വിലകുറച്ചു നൽകുന്ന വൻകിട കന്പനികളോടു മത്സരിക്കാൻ നമുക്കാവില്ല. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞതോടെയാണ് നമ്മുടേതായ സവിശേഷ ഉത്പന്നങ്ങളിലേക്കു ശ്രദ്ധയൂന്നിയത്.
പത്തിനം പുട്ടുപൊടി
കാരറ്റ്, ബീറ്റ്റൂട്ട്, ചക്ക, ചക്കക്കുരു, ചോളം, റാഗി, കപ്പലണ്ടി, ചെറുപയർ, ഗോതന്പ്, ഏത്തയ്ക്ക എന്നിവയിൽ അരിപ്പൊടി ചേർത്താണ് പത്തിനം പുട്ടുപൊടി വിപണിയിൽ എത്തിച്ചത്. ഇതിനു വൻ സ്വീകാര്യതയാണ് ലഭിച്ചത്. പിന്നീട് പച്ചനിറത്തിലുള്ള പുട്ടുപൊടിയെക്കുറിച്ചുള്ള ആലോചനയിലാണ് മുരിങ്ങയില പുട്ടുപൊടി ഉദ്ഭവിച്ചത്. ഇപ്പോൾ "മൂവില പുട്ടുപൊടി' (പുതിന, ചീര, മുരിങ്ങയില എന്നിവയടങ്ങിയത്) കെയർ കേരളയിൽ ടെസ്റ്റ് നടത്തി അംഗീകാരത്തിനായി കാത്തുനിൽക്കുകയാണ്. കാരറ്റ്, ബീറ്റ് റൂട്ട്, മുരിങ്ങയില എന്നിവയുടെ സൂപ്പ്മിക്സും വൻ പ്രചാരം നേടിക്കഴിഞ്ഞു.
മില്ലറ്റുകളും ടീ ബാഗും
ചെറുധാന്യങ്ങളുടെ ഡിമാൻഡ് മനസിലാക്കിയതോടെയാണ് റാഗി, തിന, ചാമ, യവം, മണിച്ചോളം, കന്പ് എന്നിവയുടെ പൊടികൾ വിപണിയിൽ ഇറക്കിയത്. ഇതിൽ റാഗി, കന്പ്, മണിച്ചോളം എന്നിവ മുളപ്പിച്ച ശേഷമാണു പൊടിച്ചു പായ്ക്ക് ചെയ്യുന്നത്. ഈ ന്യൂട്രി മില്ലറ്റ് പൗഡറുകൾ രണ്ട് സ്പൂണ് എടുത്തു രണ്ടു ഗ്ലാസ് വെള്ളത്തിൽ കുറുക്കിയാൽ ഒരാൾക്ക് ഒരു നേരത്തെ ആഹാരമായി. അതിനാൽ ഡയറ്റിനായി നിരവധി പേർ ഇത് ഉപയോഗിക്കുന്നുണ്ട്. മുരിങ്ങയിലയും റോസാപ്പൂവിന്റെ ദളങ്ങളും ചേർത്തു തയാറാക്കിയിട്ടുള്ള ടീ ബാഗ് നൂതന ഉത്പന്നമാണ്.
മുരിങ്ങ, കാന്താരി ക്യാപ്സ്യൂൾ
മുരിങ്ങയില ഉത്പന്നങ്ങളുടെ വൻഡിമാൻഡും ഇവയുടെ ഒൗഷധഗുണവും കണക്കിലെടുത്ത് ഏവർക്കും കഴിക്കാവുന്ന വിധത്തിൽ ഒരു ഉത്പന്നം എന്ന നിലയിലാണ് ക്യാപ്സ്യൂളിന്റെ പിറവി. മുരിങ്ങയില, കാന്താരി, പാവയ്ക്ക എന്നിവയുടെ ക്യാപ്സൂളുകൾ ഇപ്പോൾ വിപണിയിൽ ഇറക്കിയിട്ടുണ്ട്. കൂടാതെ മുരിങ്ങ - മണിച്ചോളം പായസം മിക്സ് ആണ് മറ്റൊരു സവിശേഷമായ ഉത്പന്നം. ഒരു പായ്ക്കറ്റ് രണ്ടു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്താൽ ഇതിൽനിന്നു ഞൊടിയിടയിൽ രണ്ടു ലിറ്റർ പായസം തയാറാക്കാം.
മുരിങ്ങയില കിലോയ്ക്ക് 30 രൂപ നിരക്കിൽ കർഷകരിൽനിന്നു ശേഖരിച്ച് അവ കഴുകി വൃത്തിയാക്കി ഡ്രയറിലിട്ട് ഉണക്കിയെടുത്ത് (വേനൽക്കാലത്ത് ഇവ പോളിഹൗസിലും ഇട്ട് ഉണക്കി എടുക്കും) മെഷീൻ ഉപയോഗിച്ചു പൊടിയാക്കി സൂക്ഷിച്ചുവയ്ക്കും. 10 കിലോ മുരിങ്ങയില ഉണക്കിപ്പൊടിച്ചാലാണ് ഒരു കിലോ മുരിങ്ങയിലപ്പൊടി ലഭ്യമാകൂയെന്ന് അംബിക പറയുന്നു. കോവയ്ക്ക, പാവയ്ക്ക കൊണ്ടാട്ടം ഉൾപ്പെടെ 35 ഉത്പന്നങ്ങൾ കാര്യാട്ട് ഡ്രൈ ഫുഡ്സ് ഇപ്പോൾ വിപണിയിൽ ഇറക്കിയിട്ടുണ്ട്.
കയറ്റുമതിക്ക് ഒരുക്കം
ജില്ലാ വ്യവസായ വകുപ്പിന്റെ സഹായത്തോടെ കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി എംപ്ലോയ്മെന്റ് ഗാരന്റി പ്രോഗ്രാമിലൂടെയാണ് പദ്ധതി ആരംഭിച്ചത്. തുടർന്ന് കൃഷിവകുപ്പിന്റെ അഗ്രിക്കൾച്ചറൽ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് ഉപയോഗിച്ചു കന്പനി വിപുലീകരിച്ചു. ഈ സംരംഭം ഇന്നു വളർന്നുപന്തലിച്ച് അന്തർദേശീയ മാർക്കറ്റിലേക്കു പ്രവേശിക്കാനുള്ള അവസാനഘട്ടത്തിലാണ്.
ഒല്ലൂർ കൃഷി സമൃദ്ധിയുടെ നേതൃത്വത്തിൽ ഹോർട്ടികോർപ് വഴിയാണ് ഉത്പന്നങ്ങൾ വിറ്റഴിക്കുന്നത്. ഫാം പ്രൊഡ്യൂസർ ഓർഗനൈസേഷനായ ഒകെഎസ് തന്നെയാണ് മുരിങ്ങയില ഉത്പന്നങ്ങൾ വിദേശത്തേക്കു കയറ്റുമതി ചെയ്യുന്നത്. സർക്കാർ കുടുംബശ്രീ ബസാറുകൾ, ആഗ്രോ ബസാറുകൾ, സ്പെഷൽ എക്സിബിഷൻ സ്റ്റാളുകൾ, എക്കോ ഷോപ്പുകൾ എന്നിവയിലൂടെയും ഓണ്ലൈൻ വഴിയും വില്പന നടക്കുന്നുണ്ട്.
അംഗീകാരങ്ങൾ
കാർഷിക മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണത്തിന് അരലക്ഷം രൂപയുടെ സംസ്ഥാനതല കൃഷിക്കൂട്ടം അവാർഡ്, ആത്മ അവാർഡ്, വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മികച്ച വനിതാ സംരംഭക അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ അംബികയെ തേടിയെത്തി.
അഞ്ചംഗ സംഘവും കുടുംബവും
സാലി, മിനി, ജൂലി, ജയ, വിജിത എന്നിവരുടെ അഞ്ചംഗ സംഘം തുടക്കം മുതൽ ഇന്നുവരെ അംബികയ്ക്കൊപ്പമുണ്ട്. തുടക്കം മുതൽ ഉണ്ടായിരുന്ന ലിജി മറ്റൊരു ജോലി ലഭിച്ചപ്പോൾ പോയതിനാൽ പുതുതായി രശ്മി എത്തി. മാനേജരായി വിജയ് മോഹനും വാഹനത്തിന്റെ ഡ്രൈവറും വിതരണക്കാരനുമായി അഭിലാഷും ഇവരുടെ കൂടെയുണ്ട്. അതിലുപരി കുടുംബം മുഴുവൻ ഈ ബിസിനസിന്റെ ഭാഗമാണ്.
ആർക്കിടെക്ട് വിദ്യാർഥിനിയായ മകൾ ഇന്ദുലേഖയാണ് പ്രോഡക്ടുകളുടെ ലേബലും സ്റ്റിക്കറും എല്ലാം ഡിസൈൻ ചെയ്യുന്നത്. എംടെക്കുകാരനായ മകൻ ഇന്ദ്രജിത്ത് ആണ് വെബ്സൈറ്റ് (www.kariatdryfoods.com) കൈകാര്യം ചെയ്യുന്നത്. ബയോടെക്നോളജിയിൽ ബിരുദവും പരിസ്ഥിതിശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവുമുള്ള മരുമകൾ ഗ്രീഷ്മയാണ് ഫുഡ് സേഫ്റ്റി ടെക്നിക്കൽ അസിസ്റ്റ് ചെയ്യുന്നത്. ഭർത്താവ് സോമസുന്ദരൻ കട്ട സപ്പോർട്ടുമായി എന്തിനും കൂടെയുണ്ട്.
സെബി മാളിയേക്കൽ