നമ്മുടെ ദാഹത്തിന്റെ തോതനുസരിച്ച്
Saturday, February 4, 2023 9:58 PM IST
ഗുരുകുല വ ിദ്യാഭ്യാസം നടക്കുന്ന കാലം. ഒരിക്കൽ ഒരു ഗുരുവിന് ഒരു ശിഷ്യൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ ശിഷ്യനാണെങ്കിൽ പഠിക്കുന്ന കാര്യത്തിൽ എപ്പോഴും ഉത്സുകനുമായിരുന്നില്ല. തന്മൂലം ആ ശിഷ്യന്റെ പഠനം സാവധാനമാണ് പുരോഗമിച്ചിരുന്നത്.
കുറേ കഴിഞ്ഞപ്പോൾ മറ്റൊരു വിദ്യാർഥി ആ ഗുരുവിന്റെ ശിഷ്യനായി വന്നു. പഠിക്കുന്ന കാര്യത്തിൽ അവൻ ഏറെ ഉത്സുകനായിരുന്നു. തന്മൂലം അവൻ ഒട്ടേറെ കാര്യങ്ങൾ ഗുരുവിൽനിന്നു വേഗത്തിൽ പഠിച്ചു. ഇതു കണ്ടപ്പോൾ ആദ്യത്തെ ശിഷ്യനു വിഷമമായി. ഗുരു തന്നെ അവഗണിക്കുന്നതായി അവനു തോന്നി.
അവൻ ഗുരുവിനെ സമീപിച്ചു പറഞ്ഞു, ‘ഞാൻ അങ്ങയോടൊപ്പം ആയിട്ട് ഏറെ നാളായല്ലോ. എങ്കിലും എന്നെ പഠിപ്പിച്ചതിലും ഏറെ കാര്യങ്ങൾ അവനെ അങ്ങു പഠിപ്പിച്ചുവല്ലോ. എന്തുകൊണ്ടാണത്?’ ഉടനെ ഗുരു പറഞ്ഞു, ‘ഞാൻ ഒരു കഥ പറയാം. ഒരിക്കൽ ഒരാൾ ദൂരയാത്ര പോവുകയായിരുന്നു. യാത്രയ്ക്കിടെ വല്ലാത്ത ദാഹം തോന്നി. പക്ഷേ, ദാഹജലം കൂടെ കൊണ്ടുപോകുന്ന കാര്യത്തിൽ അയാൾ ശ്രദ്ധിച്ചില്ല. തന്മൂലം അയാൾ ദാഹജലം കണ്ടെത്താൻ വഴിനീളെ അന്വേഷിച്ചു.
‘ആൾത്താമസമുണ്ടായിരുന്ന നടപ്പാതയിലൂടെ ആയിരുന്നില്ല അയാൾ യാത്രചെയ്തിരുന്നത്. തന്മൂലം വീടുകൾ കണ്ടെത്തുക അസാധ്യമായിരുന്നു. എങ്കിലും മുന്നോട്ടുള്ള യാത്രയ്ക്കിടെ അയാൾ ഒരു കിണർ കണ്ടെത്തി. ആ കിണറ്റിൽ വെള്ളവുമുണ്ടായിരുന്നു. എന്നാൽ, വെള്ളം കോരാനുള്ള തൊട്ടിയും കയറും അവിടെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് അയാൾ യാത്ര തുടർന്നു.’
അല്പനേരത്തെ മൗനത്തിനുശേഷം ഗുരു തുടർന്നു, ‘കുറേ കഴിഞ്ഞപ്പോൾ മറ്റൊരു യാത്രക്കാരൻ ആ വഴിയേ വന്നു. അയാൾക്കും ദാഹിക്കുന്നുണ്ടായിരുന്നു. കിണർ കണ്ടപ്പോൾ അയാൾക്കു സന്തോഷമായി. വെള്ളം കോരാനുള്ള കയറിനും തൊട്ടിക്കുമായി അയാൾ അവിടെയെല്ലാം തെരഞ്ഞു. പക്ഷേ, കണ്ടെത്താനായില്ല.’
ഇത്രയും പറഞ്ഞിട്ടു ഗുരു ശിഷ്യനോടു ചോദിച്ചു. ‘ഈ സാഹചര്യത്തിൽ ആ യാത്രക്കാരൻ എന്തുചെയ്തുകാണുമെന്നു പറയാമോ?’ അപ്പോൾ ശിഷ്യൻ പറഞ്ഞു, ന്ധഅയാളും മുന്നോട്ടു പോയിക്കാണും. കയറും തൊട്ടിയുമുള്ള ഒരു കണർ കണ്ടെത്താൻ.’
ഉടൻ ഗുരു പറഞ്ഞു, ‘അയാൾ ചെയ്തത് അതല്ല. അയാൾ ചുറ്റും നോക്കി. അപ്പോൾ അകലെയൊരു കമുക് നിൽക്കുന്നതു കണ്ടു. അയാൾ ആ കമുകിന്റെ അടുത്തേക്കു നീങ്ങി. കമുകിൽനിന്നു വീണുകിടക്കുന്ന ഒരു പാളയെങ്കിലും കണ്ടെത്തുകയായിരുന്നു ലക്ഷ്യം. അവിടെയെത്തിയപ്പോൾ ഒന്നിലേറെ കമുകിൻപാളകൾ അയാൾ കണ്ടു.’
ഇത്രയും പറഞ്ഞിട്ട് വീണ്ടും ഗുരു ചോദിച്ചു, ‘എന്തിനായിരിക്കും അയാൾ കമുകിൻപാള തെരഞ്ഞത്?’ ശിഷ്യനു പെട്ടെന്ന് ഉത്തരം പറയാൻ കഴിഞ്ഞില്ല. ഉടൻ ഗുരു തുടർന്നു, ‘കമുകിൻപോള ഉപയോഗിച്ച് വെള്ളം കോരാൻ ഒരു പാള ഉണ്ടാക്കുകയായിരുന്നു അയാളുടെ ലക്ഷ്യം. അയാൾ ആ പാള എടുത്ത് വെള്ളം കോരാൻ ഒരു പാള ഉണ്ടാക്കി.
‘അതിനുശേഷം കയറിനു പകരമായി വള്ളിച്ചെടികൾ പറിച്ചെടുത്ത് അവ കൂട്ടിച്ചേർത്ത് ഒരു കയറുണ്ടാക്കി. എന്നിട്ട് താൻ ഉണ്ടാക്കിയ പാളയും കയറും ഉപയോഗിച്ച് അയാൾ കിണറ്റിൽനിന്ന് മതിയാകുവോളം വെള്ളം കോരിക്കുടിച്ചു.’
ഇത്രയും പറഞ്ഞിട്ട് ഗുരു ചോദിച്ചു, ‘പറയൂ, ഈ രണ്ടു യാത്രക്കാരിൽ ആർക്കാണ് ഏറെ ദാഹമുണ്ടായിരുന്നത്?’ ‘രണ്ടാമത്തെ യാത്രക്കാരന്,’ ശിഷ്യൻ പറഞ്ഞു. അപ്പോൾ ഗുരു പറഞ്ഞു, ‘അതേ, രണ്ടാമത്തെ യാത്രക്കാരന് ആദ്യത്തെയാളെക്കാൾ ഏറെ ദാഹമുണ്ടായിരുന്നു. തന്മൂലമാണ്, ദാഹജലം ലഭിക്കാനുള്ള വഴി അയാൾ കണ്ടെത്തിയത്.’
ഗുരുവിന്റെ വാക്കുകൾ ശിഷ്യൻ ശ്രദ്ധാപൂർവം കേട്ടിരിക്കുന്പോൾ അദ്ദേഹം തുടർന്നു, ‘അറിവു സന്പാദിക്കാൻ നിനക്ക് എത്രമാത്രം ദാഹമുണ്ടോ അതനുസരിച്ചായിരിക്കും അതു നേടാനുള്ള നിന്റെ പരിശ്രമവും. അറിവ് നേടാനുള്ള നിന്റെ ദാഹത്തിന്റെ അഭാവം മൂലമാണ് നീ പഠിക്കുന്നതിൽ പിന്നിലായത്.’അറിവ് നേടുന്ന കാര്യത്തിൽ തീർച്ചയായും അതിനായുള്ള ശക്തിയായ ദാഹം വേണം. അതായത്, ആഗ്രഹം വേണം. എങ്കിലേ അതിനായി നാം ശരിക്കും ശ്രമിക്കൂ. എന്നാൽ, അറിവിന്റെ കാര്യത്തിൽ മാത്രമല്ല ഇതു ശ്രദ്ധേയമാകുന്നത്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഈ ദാഹത്തിനു പ്രസക്തിയുണ്ട്.
ജീവിതത്തിൽ വിജയിക്കണമോ? എങ്കിൽ അതിന് അതിശക്തമായ ദാഹം വേണം. പഠിക്കുന്ന കാര്യത്തിലായാലും ജോലിചെയ്യുന്ന കാര്യത്തിലായാലും മറ്റുള്ളവർക്കു നന്മ ചെയ്യുന്ന കാര്യത്തിലായാലും വിശുദ്ധിയിൽ വളരുന്ന കാര്യത്തിലായാലും അവയ്ക്കുള്ള ശക്തമായ ദാഹമില്ലാതെ അവയിലൊന്നും നാം വിജയിക്കുകയില്ലെന്നതാണ് വസ്തുത.
നമ്മിൽ പലർക്കും പല കാര്യങ്ങളിലും ശക്തമായ ദാഹം കാണും. എന്നാൽ അവയിൽ പലതും നല്ലകാര്യങ്ങളിലാവണമെന്നില്ല. തന്മൂലം ജീവിതത്തിലെ നമ്മുടെ ദാഹങ്ങളെ നാം തിരിച്ചറിഞ്ഞു നന്മയിലേക്കു നയിക്കുന്ന ദാഹങ്ങളെ മാത്രമേ നാം പിന്തുടരാവൂ. അല്ലാത്തപക്ഷം, നമ്മുടെ അന്ത്യം ദുരന്തമായിരിക്കും.
ജീവിതത്തിലെ എല്ലാ വിജയങ്ങളുടെയും ആരംഭം വിജയിക്കാനുള്ള നമ്മുടെ ദാഹമാണ് എന്നു പ്രചോദനാത്മക ഗ്രന്ഥകാരനായ നെപ്പോളിയൻ ഹിൽ പറഞ്ഞിരിക്കുന്നത് എത്രയോ ശരിയാണ്! ജീവിക്കാനും ജീവിതത്തിൽ വിജയിക്കാനുമുള്ള നമ്മുടെ ദാഹത്തിന്റെ തോതനുസരിച്ചാണ് ജീവിതത്തിലെ നമ്മുടെ വിജയവും അടങ്ങിയിരിക്കുന്നത്. എന്നാൽ, ആ ദാഹം നല്ല കാര്യങ്ങൾക്കു മാത്രമായുള്ള ദാഹമാണെന്നു നാം ഉറപ്പുവരുത്തുകയും വേണം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ