ധനികനും പിച്ചക്കാരനും
Saturday, April 22, 2023 11:51 PM IST
മാന്യമായി ജീവിക്കാൻ നമുക്ക് പണം വേണം. ആ പണം നേരായ മാർഗങ്ങളിലൂടെ നാം സന്പാദിക്കുകയും വേണം. എന്നാൽ, അതിന്റെ പേരിൽ പണം നമ്മുടെ ദൈവമാകാൻ നാം അനുവദിക്കരുത്. കാരണം, പണമാണ് നമ്മുടെ ദൈവമെങ്കിൽ ആ ദൈവത്തെ തൃപ്തിപ്പെടുത്താൻ നാം എന്തുമാർഗവും സ്വീകരിച്ചെന്നിരിക്കും. അതു നമ്മെ അധഃപതിപ്പിക്കുക മാത്രമേ ചെയ്യൂ.
ഗ്രാമങ്ങൾതോറും അലഞ്ഞു നടന്നിരുന്ന ഒരു സന്യാസി. ഒരിക്കൽ അദ്ദേഹം ഒരു ഗ്രാമത്തിലെത്തി. പതിവുപോലെ ദിവസം മുഴുവൻ ഒരു മരത്തണലിൽ ധ്യാനനിമഗ്നനായി സമയം ചെലവഴിച്ചു. അപ്പോൾ, ചിലർ അദ്ദേഹത്തിന്റെ ഉപദേശം തേടാനെത്തി. മറ്റു ചിലർ അദ്ദേഹത്തിനു ഭക്ഷണപാനീയങ്ങളുമായി എത്തി.
ആ ഗ്രാമത്തിലെ അതിസന്പന്നനായ ഒരു കച്ചവടക്കാരൻ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സന്യാസി തട്ടിപ്പുകാരനാണോ എന്നറിയാനായിരുന്നു ആദ്യം അയാൾ ശ്രമിച്ചത്. എന്നാൽ, സന്യാസിയുടെ ജീവിതശൈലിയും പെരുമാറ്റരീതിയുമെല്ലാം കണ്ടപ്പോൾ അദ്ദേഹം കപടസന്യാസിയല്ലെന്ന് അയാൾക്കു തോന്നി.
അങ്ങനെയാണ് ഒരു ദിവസം അയാൾ സന്യാസിയെ സന്ദർശിക്കാൻ തീരുമാനിച്ചത്. സന്യാസിയെ സന്ദർശിക്കുന്പോൾ താൻ ഒരു ചില്ലറക്കാരനാണെന്നു തോന്നരുതല്ലോ. അതിനായി ഒരു സഞ്ചി നിറയെ സ്വർണനാണയങ്ങൾ അയാൾ കൊണ്ടുപോയി.
സന്യാസിയെ സന്ദർശിച്ച് വണങ്ങിയശേഷം കച്ചവടക്കാരൻ പറഞ്ഞു, “ഞാൻ കുറേ പണം കൊണ്ടുവന്നിട്ടുണ്ട്. അങ്ങ് ഈ പണം നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കുമെന്ന് എനിക്കറിയാം. അങ്ങ് ഈ പണം സ്വീകരിച്ചാലും.’’
സന്യാസി ഒരു പുഞ്ചിരിയോടെ പറഞ്ഞു, “താങ്കളുടെ നല്ല മനസിനു നന്ദി. എന്നാൽ, ഈ പണം സ്വീകരിക്കണമോ എന്ന് എനിക്കു സംശയമുണ്ട്.’’ “അതെന്താ?’’ അയാൾ അല്പം അന്പരപ്പോടെ ചോദിച്ചു. ഉടൻ സന്യാസി ചോദിച്ചു, “താങ്കൾ വലിയ പണക്കാരനാണോ? ഇനിയും ധാരാളം പണം താങ്കൾക്കുണ്ടോ?’’
“ങാ, എനിക്കു ധാരാളം പണമുണ്ട്,’’ അയാൾ പറഞ്ഞു.’’ സ്വർണനാണയങ്ങൾ മാത്രമായി എന്റെ പക്കൽ ഇനിയും ആയിരത്തിലേറെയുണ്ട്. മറ്റു രീതിയിലും എനിക്കു വൻ സന്പാദ്യമുണ്ട്.’’ അപ്പോൾ സന്യാസി ചോദിച്ചു, “ഇനിയും ആയിരം സ്വർണനാണയങ്ങൾകൂടി സന്പാദിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ?’’
“തീർച്ചയായും,’’ അയാൾ അഭിമാനപൂർവം പറഞ്ഞു. “അതുകൊണ്ടാണല്ലോ എല്ലാ ദിവസവും ഞാൻ കഠിനാധ്വാനം ചെയ്യുന്നത്.’’
“അങ്ങനെയെങ്കിൽ ആയിരം സ്വർണനാണയങ്ങൾ മാത്രമല്ല, അതിലും കൂടുതൽ സന്പാദിക്കാൻ നിങ്ങൾക്ക് ആഗ്രഹം കാണും അല്ലേ?’’ ഒരു പുഞ്ചിരിയോടെ സന്യാസി ചോദിച്ചു.
“അതേയതേ,’’ അയാൾ പറഞ്ഞു. “എനിക്കു സാധിക്കുന്നിടത്തോളം ഞാൻ സന്പാദിക്കും. അതിനു പരിധിവയ്ക്കാനാവില്ല.’’ ഉടൻ സന്യാസി പണസഞ്ചി അയാളുടെ മുന്പിലേക്കു നീക്കിവച്ചുകൊണ്ട് പറഞ്ഞു, “ക്ഷമിക്കണം. ഇത്തരമൊരു സാഹചര്യത്തിൽ താങ്കളുടെ പണം സ്വീകരിക്കാൻ എനിക്കു സാധ്യമല്ല.’’
അതു കേട്ടപ്പോൾ അയാൾ അന്പരപ്പോടെ ചോദിച്ചു, “എന്താണ് കാരണം? എന്റെ പണത്തിന് എന്താണു പോരായ്മ?’’ ഉടൻ സന്യാസി പറഞ്ഞു, “ധനികനായ ഒരാൾക്ക് ഒരു പിച്ചക്കാരനിൽനിന്നു ദാനം സ്വീകരിക്കുക സാധ്യമല്ല.’’
പെട്ടെന്നയാളുടെ മുഖം വിവർണമായി. പിന്നാലെ കോപം അയാളിൽ ഇരച്ചുകയറി. എങ്കിലും സംയമനം കൈവിടാതെ അയാൾ ചോദിച്ചു, “അങ്ങ് എന്താണീ പറയുന്നത്? അങ്ങ് ധനികനാണെന്നും ഞാൻ പിച്ചക്കാരനാണെന്നുമാണോ?’’
“അതേ, അതുതന്നെ.’’ സന്യാസി പറഞ്ഞു. “ഞാൻ ധനികനാണ്. കാരണം, എനിക്കുള്ളതുകൊണ്ട് ഞാൻ സംതൃപ്തനാണ്. എന്നാൽ, താങ്കളുടെ കാര്യം അങ്ങനെയല്ല. താങ്കൾ ശരിക്കും ഒരു പിച്ചക്കാരനാണ്. കാരണം, താങ്കൾക്ക് എന്തുമാത്രം പണമുണ്ടെങ്കിലും താങ്കൾക്ക് മതിവരുന്നില്ല. കൂടുതൽ സന്പത്തിനായി താങ്കൾ എപ്പോഴും യാചിക്കുകയാണ്.’’
സന്യാസി ചൂണ്ടിക്കാണിച്ചതുപോലെ, ആ കച്ചവടക്കാരൻ ഒരു പിച്ചക്കാരനെപ്പോലെയായിരുന്നോ? പിച്ചക്കാരൻ തെണ്ടുന്നത് അയാളുടെ ഉപജീവനത്തിനാണ്. എന്നാൽ, കച്ചവടക്കാരൻ അങ്ങനെയായിരുന്നോ? അയാൾ ഉപജീവനത്തിനുവേണ്ടി മാത്രമായിരുന്നില്ല പണം സന്പാദിക്കാൻ ശ്രമിച്ചത്.
പണമായിരുന്നു അയാളുടെ ദൈവം. തന്മൂലം പണത്തിനുവേണ്ടിയാണ് അയാൾ തന്റെ ജീവിതം സമർപ്പിച്ചത്. പണം സന്പാദിക്കുന്നതിലായിരുന്നു അയാളുടെ ശ്രദ്ധ മുഴുവനും. “നിങ്ങളുടെ ദൈവം പണമാണെങ്കിൽ നിങ്ങൾ എന്നും ദരിദ്രനായിരിക്കും’’ എന്നു സിംബാബ്വേയിൽ ജനിച്ച കനേഡിയൻ എഴുത്തുകാരനായ മത്ഷോണ ഡിൽവായോ എഴുതിയിരിക്കുന്നത് എത്രയോ ശരി.
സന്യാസിയെ സംബന്ധിച്ചു പറഞ്ഞാൽ, പണം ഒരിക്കലും അയാളുടെ ദൈവമായിരുന്നില്ല. തന്മൂലമാണ് തന്റെ മുൻപിൽ സമർപ്പിച്ച സ്വർണനാണയങ്ങൾ മുഴുവൻ അദ്ദേഹം കച്ചവടക്കാരനു തിരികെ നൽകിയത്. തനിക്കുണ്ടായിരുന്നവകൊണ്ട് സന്യാസി സംതൃപ്തനായിരുന്നു. പണം സന്പാദിക്കലായിരുന്നില്ല ആ പുണ്യപുരുഷന്റെ ലക്ഷ്യം.
“നിങ്ങളുടെ ദൈവം സ്നേഹമാണെങ്കിൽ നിങ്ങൾ എന്നും സന്പന്നനായിരിക്കും.’’ എന്നും ഡിൽവായോ എഴുതിയിട്ടുണ്ട്. പക്ഷേ, ഈ സത്യങ്ങളൊക്കെ നമ്മിൽ പലരും പലപ്പോഴും മറന്നുപോകുന്നു. തന്മൂലമല്ലേ പണസന്പാദനത്തിനായി നമ്മിൽ പലരും അഹോരാത്രം യത്നിക്കുന്നത്.
മാന്യമായി ജീവിക്കാൻ നമുക്ക് പണം വേണം. ആ പണം നേരായ മാർഗങ്ങളിലൂടെ നാം സന്പാദിക്കുകയും വേണം. എന്നാൽ, അതിന്റെ പേരിൽ പണം നമ്മുടെ ദൈവമാകാൻ നാം അനുവദിക്കരുത്. കാരണം, പണമാണ് നമ്മുടെ ദൈവമെങ്കിൽ ആ ദൈവത്തെ തൃപ്തിപ്പെടുത്താൻ നാം എന്തുമാർഗവും സ്വീകരിച്ചെന്നിരിക്കും. അതു നമ്മെ അധഃപതിപ്പിക്കുക മാത്രമേ ചെയ്യൂ.
എന്നാൽ, സ്നേഹമാണ് നമ്മുടെ ദൈവമെങ്കിൽ നാം സന്പാദിക്കുന്ന പണം നമ്മുടെ നന്മയ്ക്കെന്നപോലെ മറ്റുള്ളവരുടെ നന്മയ്ക്കും നാം വിനിയോഗിക്കുമെന്നതു തീർച്ചയാണ്. അപ്പോൾ നാം യഥാർഥത്തിൽ സന്പന്നരായി മാറുകതന്നെ ചെയ്യും.
ഏതു രീതിയിൽ സന്പന്നരാകാനാണ് നാം ആഗ്രഹിക്കുന്നത്? ധനത്തിന്റെ കാര്യത്തിലോ? അതോ സ്നേഹത്തിന്റെ കാര്യത്തിലോ? ധനത്തിന്റെ കാര്യത്തിലാണെങ്കിൽ നാം എന്നും പാപ്പരായിത്തന്നെ നിലനിൽക്കും. എന്നാൽ, സ്നേഹത്തിന്റെ കാര്യത്തിലാണെങ്കിൽ നാം അനുദിനം കൂടുതൽ സന്പന്നരായിക്കൊണ്ടുതന്നെയിരിക്കും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ