നമ്മെ വിസ്മയിപ്പിക്കുന്ന ഒരു അറിവ്
Sunday, May 14, 2023 1:07 AM IST
വളരെ തിരക്കുള്ള ഒരു വീട്ടമ്മ. തന്റെ മൂന്നു വയസുള്ള പൊന്നോമനപുത്രനെ ഉച്ചഭക്ഷണത്തിനു ശേഷം ഉറക്കാനുള്ള ശ്രമത്തിലാണ് ആ അമ്മ. ഒരു നിമിഷംപോലും കൂടെനിന്നു മാറാതെ നിൽക്കുന്ന മകനെ ഉറക്കിയിട്ടു വേണം വീട്ടിലെ ജോലികൾ ചെയ്തുതീർക്കാൻ.
എന്നാൽ, അവനുണ്ടോ ഉച്ചയുറക്കത്തിനു തയാറാകുന്നു. കട്ടിലിൽ കിടത്തിയിട്ടും നിർത്താതെ സംസാരിക്കുകയാണ് അവൻ. അപ്പോഴാണ് അമ്മയ്ക്ക് ഒരു ബുദ്ധി തോന്നിയത്. അവനോടൊപ്പം കിടക്കുക. അപ്പോൾ അവൻ ഉറങ്ങിക്കൊള്ളും. അങ്ങനെ ചിന്തിച്ചുകൊണ്ട് അമ്മ അവനോടൊപ്പം കട്ടിലിൽ കിടന്നു.
എന്നാൽ, ഉറങ്ങിയത് അവനായിരുന്നില്ല. ജോലിചെയ്തതുകൊണ്ടുള്ള ക്ഷീണംമൂലം അമ്മ അതിവേഗം ഉറങ്ങിപ്പോയി. ഏറെ സമയം കഴിഞ്ഞാണ് അവർ ഉണർന്നത്. അപ്പോൾ, താൻ ഉറക്കാൻ കിടത്തിയിരുന്ന മൂന്നുവയസുകാരൻ കിടക്കയിലില്ലായിരുന്നു. അവൻ കട്ടിലിന് അരികെ ഉണ്ടായിരുന്ന ഒരു കസേരയിൽ ഇരിക്കുകയായിരുന്നു.
“നീ എന്താണ് ചെയ്യുന്നത്? ഉറങ്ങിയില്ലേ,’’ അമ്മ ചോദിച്ചു.
“ഇല്ല.’’ അവൻ പറഞ്ഞു. “ഞാൻ ദൈവമായി അഭിനയിക്കുകയായിരുന്നു.’’
“ദൈവമായി അഭിനയിക്കുകയായിരുന്നെന്നോ?’’ കാര്യം മനസിലാക്കാതെ അവർ ചോദിച്ചു.
ഉടനെ അവൻ പറഞ്ഞു: “അതേ. മമ്മി ഉറങ്ങിയപ്പോൾ ഞാൻ മമ്മിക്കു കാവലിരിക്കുകയായിരുന്നു.’’
നാം ഉറങ്ങുന്പോൾ ദൈവം നമുക്കു കാവലിരിക്കുന്നു എന്ന് അമ്മ മകനു പറഞ്ഞുകൊടുത്തിരുന്നു. തന്മൂലമാണ്, അമ്മ ഉറങ്ങിക്കൊണ്ടിരുന്നപ്പോൾ അവൻ ദൈവമായി അഭിനയിച്ച് അമ്മയ്ക്ക് കാവലിരുന്നത്.
കുട്ടികൾ പലപ്പോഴും അങ്ങനെയാണ്. മുതിർന്നവർ മനസിലാക്കാൻ വൈകുന്ന പല കാര്യങ്ങളും അവർ വേഗം മനസിലാക്കുന്നു. മുകളിൽ കൊടുത്തിരിക്കുന്ന സംഭവകഥയിലെ മൂന്നു വയസുകാരന്റെ കാര്യത്തിൽ സംഭവിച്ചത് അപ്രകാരമാണ്. ദൈവം നമ്മുടെ കാവൽക്കാരനാണെന്ന കാര്യം മനസിലാക്കുന്നതിന് അവന് എളുപ്പം സാധിച്ചു.
ദൈവം നമ്മുടെ കാവൽക്കാരനാണെന്നു ദൈവവചനം വ്യക്തമായി നമ്മെ പഠിപ്പിക്കുന്നുണ്ട്. എന്നാൽ, ഇക്കാര്യം മനസിലാക്കുന്നതിലും അതനുസരിച്ച് ജീവിക്കുന്നതിലും നാം വിജയിക്കുന്നുണ്ടോ എന്നു സംശയിക്കണം.
ദൈവവചനം പറയുന്നു: “കർത്താവാണ് നിന്റെ കാവൽക്കാരൻ’’ (സങ്കീർത്തനം 12:15), നിന്നെ കാക്കുന്നവൻ ഉറക്കം തൂങ്ങുകയില്ല. ഇസ്രയേലിന്റെ കാവൽക്കാരൻ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല (സങ്കീർത്തനം 121: 4). 139-ാം സങ്കീർത്തനത്തിൽ നാം ഇപ്രകാരം വായിക്കുന്നു: “മുന്നിലും പിന്നിലും അവിടന്ന് എനിക്കു കാവൽ നിൽക്കുന്നു. അവിടുത്തെ കരം എന്റെ മേലുണ്ട്. ഈ അറിവ് എന്നെ വിസ്മയിപ്പിക്കുന്നു.’’ (56)
ദൈവം തനിക്കു നിരന്തരം കാവൽ നിൽക്കുന്നു എന്ന കാര്യം സങ്കീർത്തകനെ വിസ്മയിപ്പിച്ചു. നമ്മെയും ഇതു വിസ്മയിപ്പിക്കുകതന്നെ വേണം. കാരണം, സകലത്തിന്റെയും ഉടയവനായ ദൈവം നമുക്ക് എപ്പോഴും കാവലിരിക്കുന്നു എന്നതു ചെറിയ കാര്യമല്ലല്ലോ.
ദൈവം നമുക്ക് അനുനിമിഷം കാവലിരിക്കുന്നു എന്ന കാര്യം നമ്മെ വിസ്മയിപ്പിച്ചാൽ മാത്രം പോരാ. അതു നാം വിശ്വസിക്കണം. ഈ വിശ്വാസമനുസരിച്ച് നാം ജീവിക്കുകയും വേണം. ദൈവം നമുക്കു കാവലിരിക്കുന്നതുകൊണ്ടു നമ്മുടെ ജീവിതത്തിൽ ബുദ്ധിമുട്ടുകളും പ്രതിബന്ധങ്ങളും ഉണ്ടാകുകയില്ല എന്നർഥമില്ല.
അനുദിന ജീവിതത്തിന്റെ ഭാഗമാണ് വിവിധ രീതിയിലുള്ള സഹനങ്ങളും ബുദ്ധിമുട്ടുകളുമൊക്കെ. ദൈവം നമുക്കു കാവലിരിക്കുന്നതുകൊണ്ട് അവയെല്ലാം മാറിപ്പോകുമെന്നു നാം കരുതേണ്ട. എന്നാൽ, അവയെ വേണ്ടവിധം തരണംചെയ്യാനുള്ള ശക്തി കാവൽക്കാരനായ ദൈവം നൽകുമെന്നു തീർച്ചയാണ്.
വന്യമൃഗങ്ങളും ക്ഷുദ്രജീവികളുമുള്ള ഒരു വനത്തിൽ ഒരു രാത്രി മുഴുവൻ തനിയെ ചെലവഴിക്കേണ്ടി വരുന്ന അവസ്ഥ ഭാവന ചെയ്യുക. ആഫ്രിക്കയിലെ ഒരു ഗോത്രവർഗത്തിൽപ്പെട്ട ആണ്കുട്ടികൾക്ക് അഭിമുഖീകരിക്കേണ്ടിയിരുന്ന ഒരു വെല്ലുവിളിയായിരുന്നു ഇത്. അങ്ങനെ തനിയെ ഒരു രാത്രി ചെലവഴിച്ചെങ്കിൽ മാത്രമേ അവൻ മാനസികമായും വികാരപരമായും പക്വതയുള്ളവരായി പരിഗണിക്കപ്പെടുമായിരുന്നുള്ളൂ.
ഈ പശ്ചാത്തലത്തിലാണ് ഒരു പിതാവ് തന്റെ മകനെ വനത്തിൽ കൊണ്ടുപോയി രാത്രി അവിടെ തനിയെ ചെലവഴിക്കാനാവശ്യപ്പെട്ടത്. അയാൾ അവനോട് പറഞ്ഞു: “ഞാൻ രാവിലെ വന്നു നിന്നെ കൂട്ടിക്കൊണ്ടുപൊയ്ക്കൊള്ളാം.’’ ഇത്രയും പറഞ്ഞിട്ട് അയാൾ ഇരുളിൽ മറഞ്ഞു. അപ്പോൾ ആ മകൻ ഭയംകൊണ്ടു വിറച്ചു.
ഇരുട്ടിന്റെ കനം കൂടിക്കൂടി വന്നു. വന്യജീവികളുടെ ശബ്ദം വളരെ അകലെയല്ലാതായി കേൾക്കാം. അവൻ ഉറങ്ങാൻ നോക്കി. എന്നാൽ, ഭയംമൂലം കണ്ണടയ്ക്കാൻ സാധിക്കുന്നില്ല. പിന്നെ, അവൻ അറിയാതെതന്നെ ഉറക്കത്തിലേക്കു വഴുതിവീണു. അവൻ കണ്ണുതുറന്നപ്പോൾ കണ്ടത് കുറേ അടി അകലെയായി പിതാവ് അവന് കാവലിരിക്കുന്നതായിട്ടാണ്. അപ്പോൾ അവനു മനസിലായി രാത്രി മുഴുവനും തന്റെ പിതാവ് തന്നോടൊപ്പം ഉണ്ടായിരുന്നുവെന്ന്.
ഭൂമിയിലെ പിതാക്കന്മാർ മക്കൾക്കുവേണ്ടി കാവലിരിക്കുന്നവരാണെങ്കിൽ അവരേക്കാൾ എത്ര അധികമായി സ്വർഗസ്ഥനായ പിതാവ് തന്റെ മക്കൾക്കുവേണ്ടി കാവലിരിക്കാതിരിക്കുകയില്ല!
അതേ, സ്വർഗസ്ഥനായ പിതാവ് എപ്പോഴും നമുക്കു കാവലിരിക്കുന്നവനാണ്. നമ്മെ പരിപാലിക്കുന്നവനാണ്. തന്മൂലം നാം ഭയപ്പെടേണ്ട കാര്യമില്ല.
എന്നു മാത്രമല്ല, അവിടത്തെ സംരക്ഷണത്തിൽ വിശ്വാസമർപ്പിച്ചുകൊണ്ട് നാം മുന്നോട്ടുതന്നെ പോകണം. അതാണ് ദൈവമക്കളായ നാം ചെയ്യേണ്ട പ്രധാന ഒരു കാര്യം. അപ്പോൾ ഭയം സ്വാഭാവികമായി നമ്മിൽനിന്ന് അപ്രത്യക്ഷമായിക്കൊള്ളും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ