ഹൃദയത്തിൽനിന്നുള്ള പ്രകാശം
Sunday, May 28, 2023 12:49 AM IST
ഒരു ബലൂണ്‍ കച്ചവടക്കാരൻ. ദിവസവും ബലൂണ്‍ വില്പനയ്ക്കായി അയാൾ ബീച്ചിൽ പോകും. അപ്പോൾ ബലൂണ്‍ വാങ്ങാൻ കുട്ടികൾ ഓടിക്കൂടും. അയാൾ ആ കുട്ടികളെയെല്ലാം സന്തോഷപൂർവം സ്വീകരിക്കും. അവർ ചോദിക്കുന്ന നിറത്തിലുള്ള ബലൂണുകൾ വീർപ്പിച്ചു നൽകും.
അയാളുടെ കൈവശം ചുവപ്പ്, പച്ച, മഞ്ഞ, നീല, വയലറ്റ്, കറുപ്പ് എന്നിങ്ങനെ വിവിധ നിറങ്ങളിലുള്ള ബലൂണുകൾ ഉണ്ടാകും. എന്നാൽ, കൂടുതൽ വിറ്റഴിഞ്ഞിരുന്നത് ചുവപ്പും പച്ചയും നീലയും ബലൂണുകളായിരുന്നു. തന്മൂലം ആ നിറങ്ങളുള്ള ബലൂണുകളുടെ വലിയൊരു ശേഖരം അയാളുടെ കൈവശമുണ്ടായിരുന്നു.
ബലൂണ്‍ വില്പനയ്ക്ക് എപ്പോഴെങ്കിലും മാന്ദ്യം നേരിട്ടാൽ കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും ശ്രദ്ധ ആകർഷിക്കാൻ അയാൾക്കറിയാമായിരുന്നു. ബലൂണുകളിൽ ഹീലിയം നിറച്ച് അവ ആകാശത്തേക്ക് പറപ്പിച്ചുവിടുകയായിരുന്നു അതിനുവേണ്ടി അയാൾ ചെയ്തിരുന്നത്.
ബലൂണുകൾ ആകാശത്ത് പറന്നുനടക്കുന്നത് കാണുന്പോൾ കുട്ടികൾ വീണ്ടും ബലൂണുകൾ വാങ്ങാൻ ഓടിക്കൂടും. അവരും അപ്പോൾ വാങ്ങുന്നത് ഹീലിയം നിറച്ച ബലൂണുകളായിരിക്കും.
ഒരിക്കൽ അയാൾ ബലൂണുകൾ വിൽക്കുന്പോൾ ഒരു കുട്ടി ബലൂണ്‍ വാങ്ങാനെത്തി. ""ഏതു നിറത്തിലുള്ള ബലൂണാണ് മോന് വേണ്ടത്?’’ അയാൾ താത്പര്യപൂർവം ചോദിച്ചു. അപ്പോൾ ഉത്തരമായി അവൻ ഒരു മറുചോദ്യം ചോദിച്ചു, “ഞാൻ ഒരു കറുത്ത ബലൂണ്‍ വാങ്ങിയാൽ അത് മറ്റു ബലൂണുകളെപ്പോലെ പറപ്പിച്ചുവിടാൻ സാധിക്കുമോ?’’
ഉടനെ ബലൂണ്‍ വില്പനക്കാരൻ പറഞ്ഞു, ""എന്റെ മോനേ, ബലൂണിന്റെ നിറമല്ല, ബലൂണിന്റെ അകത്തു നിറയ്ക്കുന്ന ഹീലിയം ആണ് ബലൂണിനെ ആകാശത്ത് പൊങ്ങിപ്പറക്കാൻ സഹായിക്കുന്നത്.’’
ബലൂണ്‍ ഉയർന്നു പറക്കണമെങ്കിൽ ബലൂണിൽ ഹീലിയം നിറച്ചിരിക്കണം. അല്ലാതെ അതിന്റെ നിറത്തിന് ഇക്കാര്യത്തിൽ ഒരു പ്രസക്തിയുമില്ല. ഏതു നിറത്തിലുള്ള ബലൂണാണെങ്കിലും അതിൽ ഹീലിയം അല്ലെങ്കിൽ ഹൈഡ്രജൻ നിറയ്ക്കാതെ ഉയർന്നു പറക്കാനാവില്ല.
ഇനി നമുക്ക് നമ്മുടെ ജീവിതത്തിന്റെ കാര്യമെടുക്കാം. ബലൂണിന് പൊങ്ങിപ്പറക്കാൻ ഹീലിയമോ ഹൈഡ്രജനോ വേണ്ടതുപോലെ നമ്മുടെ ജീവിതത്തിലും ഉയരങ്ങൾ താണ്ടാൻ സഹായിക്കുന്ന ചില ഘടകങ്ങൾ ഉണ്ടാവണം. അവയിൽ ഭൂരിപക്ഷവും നമ്മുടെ ഉള്ളിലുള്ള ഘടകങ്ങളാണ് എന്നൊരു പ്രത്യേകതയുണ്ട്. ജീവിതത്തിൽ വിജയം നേടാൻ പുറമേയുള്ള ഘടകങ്ങളായ നിറവും ജാതിയും കുടുംബപാരന്പര്യവും സാമൂഹ്യപശ്ചാത്തലവുമൊക്കെ ചിലപ്പോൾ ഒരു പരിധിവരെ സഹായിച്ചെന്നിരിക്കാം.
എന്നാൽ, ജീവിതത്തിൽ വിജയം നേടാൻ ഏറ്റവും കൂടുതൽ സഹായിക്കുന്നത് നമ്മുടെ ഉള്ളിലുള്ളവയും. അവ നമ്മെ നാമാക്കുന്നു. നമ്മുടെ വ്യക്തിത്വമാണ് നമ്മുടെ നല്ല ചിന്തകളും കറതീർന്ന ദൈവവിശ്വാസവും. അടിസ്ഥാനമൂല്യങ്ങളും ഉയർന്ന തത്വങ്ങളും, പഠനത്തിലൂടെയും മനനത്തിലൂടെയും പരിശീലനത്തിലൂടെയും നാം രൂപം നൽകുന്ന ശ്രേഷ്ഠമായ വ്യക്തിത്വവുമാണ് വിജയത്തിലേക്ക് നമ്മെ നയിക്കുന്ന നമ്മുടെ ഉള്ളിലുള്ള പ്രധാന ഘടകങ്ങൾ.
ഈ സുപ്രധാന ഘടകങ്ങളിലൂടെയാണ് നമ്മുടെ ആന്തരികസൗന്ദര്യം രൂപപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യുക. തൊലിപ്പുറത്തുള്ള സൗന്ദര്യവും സാന്പത്തിക പ്രൗഢിയും വാചകക്കസർത്തുമൊക്കെക്കൊണ്ട് ചിലർ ജീവിതത്തിൽ ചില നേട്ടങ്ങൾ നേടിയെടുക്കുന്നതു നാം കണ്ടേക്കാം. തന്മൂലം ജീവിതത്തിൽ വിജയം നേടാനുള്ള വഴി അതാണ് എന്നു നാം തെറ്റിദ്ധരിച്ചേക്കാം.
എന്നാൽ, ജീവിതത്തിൽ സ്ഥായിയായ വിജയം നേടിയെടുക്കണമെങ്കിൽ ആന്തരികസൗന്ദര്യത്തിന്റെ കാര്യത്തിൽ നാം മുൻപന്തിയിൽത്തന്നെ ഉണ്ടായിരിക്കണം. അമേരിക്കൻ തത്വചിന്തകനും എഴുത്തുകാരനുമായിരുന്ന റാൾഫ് വാൾഡോ എമേഴ്സണ്‍ ഒരിക്കൽ എഴുതി, “അഴക് എന്ന ഗുണം നമുക്ക് ജന്മനാ ലഭിക്കുന്നതാണ്. എന്നാൽ, സൗന്ദര്യം എന്നു പറയുന്നത് എല്ലാവർക്കും ആകാവുന്ന ഗുണമാണ്.’’
എമേഴ്സണ്‍ പ്രധാനമായും വിവക്ഷിക്കുന്നത് നമ്മുടെ ആന്തരികസൗന്ദര്യമാണ്. നമുക്ക് യഥാർഥ ആന്തരികസൗന്ദര്യം ഉണ്ടാകുന്പോൾ അതു നമ്മുടെ വ്യക്തിത്വത്തെ പ്രകാശിപ്പിക്കുമെന്നതല്ലേ വസ്തുത? നമ്മുടെ അഴക് ജന്മദത്തമാണെങ്കിൽ നമ്മുടെ ആന്തരികസൗന്ദര്യം നാം നേടിയെടുക്കുന്നതാണ്.
ബൽജിയത്തിലെ ബ്രസൽസിൽ ജനിച്ച് ഇംഗ്ലണ്ടിൽ വളർന്ന് ഹോളിവുഡിലെ പ്രസിദ്ധ നടിയായി മാറിയ അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയാണ് ഓഡ്രി ഹെപ്ബേണ്‍ (1929-93). ഓസ്കർ ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുള്ള ഓഡ്രിയുടെ പേരിൽ പ്രസിദ്ധമായ ഒരു ഉദ്ധരണി ഉണ്ട്. അത് ഇപ്രകാരമാണ്.
“സൗന്ദര്യമുള്ള കണ്ണുകൾ വേണമെങ്കിൽ മറ്റുള്ളവരിലെ നന്മകൾ കാണുക. സുന്ദരമായ അധരങ്ങൾ ഉണ്ടാകണമെങ്കിൽ ദയ നിറഞ്ഞ വാക്കുകൾ മാത്രം സംസാരിക്കുക. ആത്മധൈര്യം വേണമെങ്കിൽ നാം തനിയെ അല്ല എന്ന് ഓർമിച്ചു നടക്കുക.’’
ഓഡ്രി പറയുന്നതിൽ വലിയ സത്യമുണ്ട്. എന്നാൽ, അവർ പറയുന്നത് നമുക്കുണ്ടായിരിക്കേണ്ട ആന്തരികസൗന്ദര്യത്തിന്റെ കാര്യമാണ്. അതു ലഭിക്കുന്നതിനുള്ള ചില വഴികളാണ് അവർ പറയുന്നതനുസരിച്ച്, മറ്റുള്ളവരിലെ നന്മ കാണുന്നതും കരുണ തുളുന്പുന്ന വാക്കുകൾ മാത്രം സംസാരിക്കുന്നതും നാം തനിയെ അല്ല, അതായത് ദൈവം എപ്പോഴും നമ്മോടുകൂടിയുണ്ട് എന്ന് ഓർമിച്ചുകൊണ്ടു നടക്കുന്നു.
“സൗന്ദര്യം മുഖത്തല്ല, അതു ഹൃദയത്തിൽനിന്നുള്ള പ്രകാശമാണ് ’’ എന്ന് ഖലീൽ ജിബ്രാൻ എന്ന ലെബനീസ്-അമേരിക്കൻ എഴുത്തുകാരൻ പറഞ്ഞതു നാം മറക്കേണ്ട.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ