മനസിനു കുളിർമ നൽകുന്ന സന്തോഷം
Sunday, October 22, 2023 1:12 AM IST
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോഗ വിദഗ്ധന്റെ ഓഫീസാണ് രംഗം. ആഡംബര വസ്ത്രധാരിയായ ഒരു സ്ത്രീ തന്റെ ദുരിതകഥ ഡോക്ടറോടു വിവരിക്കുന്നു. "എനിക്ക് ജീവിതത്തിൽ എല്ലാം ഉണ്ട് ഡോക്ടർ' ആ സ്ത്രീ പറഞ്ഞു. "എന്നാൽ മനസിൽ സന്തോഷം മാത്രം ഇല്ല, അതാണ് എന്റെ പ്രശ്നം.'
"നിങ്ങളുടെ പ്രശ്നത്തിനു പരിഹാരം കണ്ടെത്താൻ യഥാർഥത്തിൽ നിങ്ങൾക്ക് ആഗ്രഹമുണ്ടോ?' ഡോക്ടർ ചോദിച്ചു. "ഉണ്ട്, ഡോക്ടർ' ആ സ്ത്രീ പറഞ്ഞു. ഉടനെ, ആ ഓഫീസിലെ തൂപ്പുകാരിയെ ഡോക്ടർ വിളിച്ചുവരുത്തി. എന്നിട്ട് ഡോക്ടർ ചികിത്സ തേടിയെത്തിയ സ്ത്രീയോടു പറഞ്ഞു: "ഇവിടത്തെ തൂപ്പുകാരിയാണിവൾ. നിങ്ങൾ ഇവളുടെ കഥ കേൾക്കണം. അപ്പോൾ, ഇവൾ എങ്ങനെ ജീവിതത്തിൽ സന്തോഷം കണ്ടെത്തി എന്നു നിങ്ങൾക്കു മനസിലാകും.'
വേദനിപ്പിച്ച നഷ്ടങ്ങൾ
ഡോക്ടർ ആവശ്യപ്പെട്ടതനുസരിച്ച്, തൂപ്പുകാരി ആ ഓഫീസിലിരുന്നു തന്റെ കഥ വിവരിച്ചു: "രോഗം മൂലം ആദ്യം എന്റെ ഭർത്താവ് മരിച്ചു. ആ ദുഃഖത്തിൽനിന്നു കരകയറുന്നതിനു മുൻപ് ഒരു കാർ ഇടിച്ച് എന്റെ ഏക മകനും മരിച്ചു. അതോടെ ഞാൻ ഒറ്റയ്ക്കായി.
എന്നെ സഹായിക്കാൻ ആരുമില്ലെന്ന അവസ്ഥ. എനിക്കു ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ പോലും സാധിക്കാത്ത സ്ഥിതിയായിരുന്നു'.അന്പരപ്പോടെ ആ സ്ത്രീ കഥ കേട്ടിരിക്കുന്പോൾ തൂപ്പുകാരി തുടർന്നു: "എനിക്ക് എല്ലാത്തിനോടും എല്ലാവരോടും വെറുപ്പായിരുന്നു അപ്പോൾ. എന്റെ മുഖപ്രസാദവും ചിരിയും അതിവേഗം അപ്രത്യക്ഷമായി. ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ചു വരെ ഞാൻ ചിന്തിച്ചു.'
കൊച്ചു സന്തോഷം
അല്പനിമിഷത്തെ മൗനത്തിനു ശേഷം തൂപ്പുകാരി തുടർന്നു: "എന്നാൽ ഒരു ദിവസം ജോലി ചെയ്ത് കഴിഞ്ഞു ഞാൻ മടങ്ങുന്പോൾ ഒരു പൂച്ചക്കുട്ടി എന്റെ പിന്നാലെ വന്നു. വിശന്നുവലഞ്ഞ ഒരു പൂച്ചക്കുട്ടി. അതിനെ കണ്ടപ്പോൾ എനിക്ക് അലിവു തോന്നി. തണുപ്പുള്ള ദിവസമായിരുന്നതുകൊണ്ട് ഞാൻ അതിനെ വീട്ടിനകത്തു കൊണ്ടുപോയി.
ഒരു ചെറിയ പ്ലെയ്റ്റിൽ ഞാൻ കുറെ പാൽ ഒഴിച്ചുകൊടുത്തു. ആ പാൽ മുഴുവൻ അതു കുടിച്ചു, പ്ലെയ്റ്റ് നക്കിത്തുടച്ചു. എന്നിട്ട് അതു വന്ന് എന്റെ കാലിൽ മുട്ടിയുരുമ്മുന്ന കാഴ്ചയാണ് ഞാൻ കണ്ടത്. അപ്പോൾ, ഒത്തിരിനാൾ കൂടി ഞാൻ പുഞ്ചിരിച്ചു. ഒരു പൂച്ചക്കുട്ടിയെ സഹായിച്ചപ്പോൾ എനിക്ക് ഇത്രയും സന്തോഷം തോന്നിയെങ്കിൽ, സഹായം ആവശ്യമുള്ള മനുഷ്യരെ സഹായിച്ചാൽ അതിൽ കൂടുതൽ സന്തോഷം ലഭിക്കില്ലേ? അപ്പോൾ എന്റെ ചിന്ത പോയത് അങ്ങനെയായിരുന്നു.
അങ്ങനെ, പിറ്റേന്ന് അതിരാവിലെ ഉറക്കമുണർന്ന് പ്രഭാതഭക്ഷണം തയാറാക്കി, അയൽവീട്ടിൽ രോഗിയായി കിടന്ന ഒരാൾക്ക് ആ ഭക്ഷണം എത്തിച്ചു നൽകി. അപ്പോൾ, ആ രോഗിയുടെ സന്തോഷം ഒന്നു കാണേണ്ടതായിരുന്നു. അതു കണ്ടപ്പോൾ എനിക്ക് അതിനേക്കാൾ സന്തോഷം തോന്നി. തുടർന്ന്, ഓരോ ദിവസവും ആരെയെങ്കിലും സഹായിക്കാൻ ഞാൻ ശ്രദ്ധിച്ചു. അപ്പോഴൊക്കെ എന്റെ മനസിന് സന്തോഷമുണ്ടായി.'
ധനികയായ സ്ത്രീ ശ്വാസമടക്കിപ്പിടിച്ചു തൂപ്പുകാരിയുടെ കഥ കേൾക്കുന്പോൾ ആ തൂപ്പുകാരി തുടർന്നു: "ഇപ്പോൾ ഞാൻ ശാന്തമായി ഉറങ്ങുന്നതുപോലെ ആരെങ്കിലും ഉറങ്ങുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. ഞാൻ സന്തോഷം വീണ്ടെടുത്തത് എന്റെ സമയവും എനിക്കുള്ളവയും ഞാൻ മറ്റുള്ളവരുമായി പങ്കുവച്ചുകൊണ്ടായിരുന്നു.'
മുഖം തെളിയുന്നു
ഈ കഥ കേട്ടപ്പോൾ ധനികയായ ആ സ്ത്രീയുടെ മുഖം പ്രസാദിച്ചു. സന്തോഷം കണ്ടെത്താനുള്ള കുറുക്കുവഴി താൻ കണ്ടെത്തി എന്നായിരുന്നു ആ മുഖപ്രസാദത്തിന്റെ കാരണം. എന്തായിരുന്ന അവർ കണ്ടെത്തിയ കുറുക്കുവഴി?
ധനികയായ സ്ത്രീ തന്റെ സമയവും പണവും സന്പത്തുമൊക്കെ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിൽ അത്രയൊന്നും പിൻപിലായിരുന്നില്ല. എന്നാൽ അതൊക്കെ ചെയ്തിരുന്നത് അവർക്ക് വേണ്ടപ്പെട്ടവർക്ക് മാത്രമായിരുന്നു. എന്നാൽ ആ സ്ത്രീയുടെ സഹായം യഥാർഥത്തിൽ അർഹിക്കുന്നവർ അവരുടെ ചിന്താമണ്ഡലത്തിൽ ഉണ്ടായിരുന്നില്ല. തൂപ്പുകാരിയുടെ കഥയാണ് ഇക്കാര്യം ആ സ്ത്രീയുടെ ശ്രദ്ധയിലെത്തിച്ചത്.
യഥാർഥ സന്തോഷം
നാം സ്വന്തക്കാർക്കും സുഹൃത്തുക്കൾക്കുമൊക്കെ ചെയ്തുകൊടുക്കുന്ന ഏതു സഹായവും നമുക്കു സന്തോഷം നൽകും. എന്നാൽ, ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ നാം സഹായിക്കുന്പോഴാണ് നമ്മുടെ ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ജീവിതത്തിന്റെ സൗന്ദര്യം അടങ്ങിയിരിക്കുന്നതു നമുക്ക് എത്രമാത്രം സന്തോഷിക്കാൻ സാധിക്കുമോ അതിലായിരിക്കും എന്നായിരിക്കും നാം സ്വാഭാവികമായും ചിന്തിക്കുക. എന്നാൽ, വാസ്തവം അതല്ല. നാം വഴി മറ്റുള്ളവർക്ക് എത്രമാത്രം സന്തോഷം ഉണ്ടാക്കുന്നുവോ അതനുസരിച്ചായിരിക്കും നമ്മുടെ ജീവിത സൗന്ദര്യത്തിന്റെ മാറ്റ് കൂടുന്നത്. അപ്പോഴാണ്, മാനസിക കുളിർമ നൽകുന്ന ശരിയായ സന്തോഷം നമുക്ക് അനുഭവ വേദ്യമാകുന്നതും.
സ്നേഹം വിതറുന്പോൾ
"സ്നേഹം എല്ലായിടത്തും വിതറുക. അപ്പോൾ നിങ്ങളുടെ സാന്നിധ്യത്തിൽനിന്നു മടങ്ങുന്നവർ കൂടുതൽ സന്തോഷമുള്ളവരായി മാത്രമേ മടങ്ങൂ' എന്നു മദർ തെരേസ പറഞ്ഞതു നാം ഓർമിക്കുന്നത് നല്ലതായിരിക്കും. കാരണം, എപ്പോഴും എല്ലാവരെയും നമ്മുടെ സമയവും സാഹചര്യവുമനുസരിച്ചു സഹായിക്കാൻ നമുക്കു സാധിച്ചെന്നു വരില്ല.
എങ്കിൽ പോലും നമ്മുടെ ഹൃദയത്തിലെ സ്നേഹം അവർക്കു വാരിവിതറാൻ സാധിച്ചാൽ അവർ നമ്മുടെ സാന്നിധ്യത്തിൽനിന്നു പോകുന്പോൾ അവരുടെ മനസിന് തീർച്ചയായും കുളിർമ അനുഭവപ്പെടും.
മറ്റുള്ളവരുടെ ഹൃദയത്തിനു കുളിർമ നൽകാൻ എപ്പോഴൊക്കെ നമുക്കു സാധിക്കുമോ അപ്പോഴൊക്കെ നമ്മുടെ ഹൃദയത്തിലും കുളർമ അനുഭവപ്പെടും. ആ കുളിർമ നമ്മുടെ ഹൃദയത്തിൽ ഉണ്ടെങ്കിൽ നമ്മുടെ ജീവിത സന്തോഷം ഒരിക്കലും ചോർന്നുപോകില്ല. അതു തീർച്ച.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ