വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
Sunday, November 5, 2023 4:50 AM IST
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്ചില്ല. പക്ഷേ, ഈ കഥ പറഞ്ഞാൽ ആരു വിശ്വസിക്കും? വീട്ടിലുള്ളവരോടു പറയാൻ അവനു ധൈര്യമുണ്ടായിരുന്നില്ല.
ഒരു ബാലന്റെ ഉറ്റ തോഴനായിരുന്നു അവന്റെ നായക്കുട്ടി. അവൻ വളർന്നതു ഒരു ഗ്രാമത്തിലായിരുന്നതുകൊണ്ട് അവൻ എവിടെപ്പോയാലും നായക്കുട്ടിയും കൂടെയുണ്ടാവും. അവൻ ആ നായക്കുട്ടിയെ പല വിദ്യകളും പഠിപ്പിച്ചു. അവൻ പറയുന്നതു പോലെ അത് എല്ലാം ചെയ്യും.
അങ്ങനെയാണ് വെള്ളത്തിൽ ചാടാനും നീന്താനും വെള്ളത്തിലേക്ക് എറിഞ്ഞുകൊടുക്കുന്ന സാധനങ്ങൾ നീന്തിച്ചെന്ന് എടുത്തുകൊണ്ടുവരാനുമൊക്കെ ആ നായക്കുട്ടി പഠിച്ചത്. അതിനെ നല്ലയൊരു വേട്ടപ്പട്ടിയാക്കി മാറ്റാനായിരുന്നു അവന്റെ പദ്ധതി.
ഈ ബാലൻ താമസിച്ചിരുന്നതു വലിയ തണുപ്പില്ലാത്ത സ്ഥലത്തായിരുന്നു. തന്മൂലം, ശീതകാലത്തു കൊടുംതണുപ്പിൽനിന്നു രക്ഷപ്പെടാൻ വടക്കുനിന്നു പറക്കുന്ന താറാവുകൾ അവന്റെ ഗ്രാമത്തിൽ എത്തുക പതിവായിരുന്നു.
ആ താറാവുകളെ വെടിവയ്ക്കുന്നതിന് അനുവാദമുണ്ടായിരുന്നതുകൊണ്ട് പലരും അവയെ വെടിവച്ചു വീഴ്ത്തുക സാധാരണമായിരുന്നു. ഈ ബാലനും അതിനുള്ള അവസരം കാത്തിരിക്കുകയായിരുന്നു.
അദ്ഭുത കാഴ്ച
ശൈത്യകാലമായപ്പോൾ താറാവുകൾ പറന്നെത്താൻ തുടങ്ങി. അടുത്തുള്ള ഒരു തടാകക്കരയിലേക്കായിരുന്നു അവ എത്തിയിരുന്നത്. അവ പറന്നെത്തുന്പോൾ ആകാശത്തുവച്ചു വെടിവച്ചു വീഴ്ത്തുന്നതിലായിരുന്നു അവന്റെ ആനന്ദം. ഒരു ദിവസം അവൻ തോക്കെടുത്തു നായക്കുട്ടിയെയും കൂട്ടി താറാവുവേട്ടയ്ക്കിറങ്ങി. കുറെ കഴിഞ്ഞപ്പോൾ ഒരുകൂട്ടം താറാവുകൾ അകലെനിന്നു പറന്നുവരുന്നതു അവൻ ശ്രദ്ധിച്ചു.
അവൻ തോക്കെടുത്തു ശ്രദ്ധാപൂർവം ഉന്നംവച്ചു കാഞ്ചി വലിച്ചു. ആദ്യത്തെ രണ്ടു ശ്രമം വിഫലമായി. എന്നാൽ, മൂന്നാമത്തേതു ലക്ഷ്യം കണ്ടു. ഒരു താറാവ് വെടിയേറ്റു തടാകത്തിലേക്കു വീണു. അപ്പോൾ തടാകത്തിലേക്കു ചാടി ആ താറാവിനെ കടിച്ചെടുത്തു കൊണ്ടുവരാൻ നായക്കുട്ടിക്കു അവൻ നിർദേശം നൽകി.
ആ നായക്കുട്ടി അതിവേഗം തടാകത്തിലേക്ക് ഓടി. എന്നാൽ, മുമ്പ് പ്രാക്ടീസ് ചെയ്തിരുന്നതു പോലെ വെള്ളത്തിൽ നീന്തുകയല്ല അവൻ ചെയ്തത്. അതിനു പകരം വെള്ളത്തിനു മുകളിലൂടെ ഓടി തടാകത്തിൽനിന്നു താറാവിനെ പൊക്കിയെടുത്തു മടങ്ങിവരികയാണു ചെയ്തത്.
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്ചില്ല. പക്ഷേ, ഈ കഥ പറഞ്ഞാൽ ആരു വിശ്വസിക്കും? വീട്ടിലുള്ളവരോടു പറയാൻ അവനു ധൈര്യമുണ്ടായിരുന്നില്ല.
തന്മൂലം, പിറ്റേന്ന് അവൻ അയൽക്കാരനായ ഒരു കൃഷിക്കാരനെ സമീപിച്ചു താറാവ് വേട്ടയ്ക്ക് അയാളെ ക്ഷണിച്ചു. അയാൾ സന്തോഷപൂർവം അവന്റെ കൂടെ പോയി. അവർ രണ്ടുപേരും തടാകക്കരയിലെത്തി താറാവുകൾ വരാൻ കാത്തിരുന്നു.
അധികം താമസിയാതെ ഒരുകൂട്ടം താറാവുകൾ അവരുടെ തലയ്ക്കു മുകളിലൂടെ പറന്നെത്തി. ഉടനെ അവൻ തോക്കെടുത്തു കൃഷിക്കാരനു കൊടുത്തിട്ട് താറാവുകളെ വെടിവയ്ക്കാൻ ആവശ്യപ്പെട്ടു. അയാളുടെ ആദ്യ വെടിക്കുതന്നെ ഒരു താറാവ് വെടിയേറ്റു തടാകത്തിൽ വീണു.
ഉടനെ, മുമ്പ് സംഭവിച്ചതു പോലെതന്നെ, നായക്കുട്ടി വെള്ളത്തിനു മുകളിലൂടെ ഓടി താറാവിനെയും കടിച്ചെടുത്തു കരയിൽ മടങ്ങിയെത്തി. അപ്പോൾ, ആഹ്ലാദംകൊണ്ട് ബാലൻ കുതിച്ചുചാടി. "നിങ്ങൾ അതു കണ്ടോ? എന്റെ നായക്കുട്ടി വെള്ളത്തിനു മുകളിലൂടെ ഓടിയത്'- അവൻ അഭിമാനം സ്ഫുരിക്കുന്ന ശബ്ദത്തിൽ ചോദിച്ചു.
കാഴ്ചപ്പാട്
ഉടനെ കൃഷിക്കാരൻ പറഞ്ഞു: "ഞാൻ ഒന്നും പറയാൻ ചിന്തിച്ചതേയില്ല. എങ്കിലും ചോദിച്ചതുകൊണ്ട് പറയട്ടെ. നിന്റെ നായക്കുട്ടിക്കു നീന്താൻ അല്പംപോലും വശമില്ല.' താൻ കേൾക്കുന്നത് എന്താണെന്ന് ആ ബാലനു വിശ്വസിക്കാൻപോലും സാധിച്ചില്ല. ആ നായക്കുട്ടി ഒരു അദ്ഭുതം പ്രവർത്തിച്ചിട്ടും അതു കാണാതെ അതിന്റെ ഒരു പോരായ്മയിൽ അയാൾ ശ്രദ്ധിച്ചത് അവനെ ആകെ നിരാശപ്പെടുത്തി. അവൻ തല താഴ്ത്തി നായക്കുട്ടിയോടൊപ്പം വീട്ടിലേക്കു മടങ്ങി.
നായക്കുട്ടിക്കു വെള്ളത്തിലൂടെ നീന്താനല്ലാതെ, വെള്ളത്തിനു മുകളിലൂടെ ഓടാൻ സാധിക്കുമോ? കഥയിൽ ചോദ്യമില്ല എന്നു ഉത്തരമായി പറയട്ടെ. ഇത് ആരുടെയോ ഭാവനാസൃഷ്ടി മെനഞ്ഞെടുത്ത ഒരു രസികൻ കഥയാണ്. ഈ കഥയുടെ ലക്ഷ്യമാകട്ടെ ചില കാര്യങ്ങൾ നമ്മെ ഓർമിപ്പിക്കുക എന്നുള്ളതും.
മറ്റുള്ളവർ ജീവിതത്തിൽ ഓരോരോ നേട്ടങ്ങൾ സ്വന്തമാക്കുന്പോൾ അവയെ അംഗീകരിക്കാനും ആദരിക്കാനും നാം തയാറാകുമോ? അതോ, അതിനു പകരം അവരുടെ കോട്ടങ്ങളും കുറവുകളും ശ്രദ്ധിക്കുക എന്നതാണോ നമ്മുടെ രീതി. എന്നാൽ, നമ്മളും മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ കൃഷിക്കാരനു തുല്യമാണ് എന്നതാണു വസ്തുത.
മറ്റുള്ളവരുടെ കുറ്റങ്ങളിലും കുറവുകളിലും ശ്രദ്ധിച്ചാൽ അവരുടെ നേട്ടങ്ങളുടെ തിളക്കം കെടുത്താം എന്നായിരിക്കാം നാം ചിലപ്പോഴെങ്കിലും ചിന്തിക്കുക. അപ്പോൾ, ഒരുപക്ഷേ നമ്മുടെ മനസിൽ അവരുടെ തിളക്കത്തിനു ശോഷണം സംഭവിച്ചേക്കാം. എന്നാൽ, അവരുടെ നേട്ടങ്ങൾക്കുള്ള തിളക്കം ഒരിക്കലും കുറയുകയില്ല എന്നതാണു വസ്തുത.
മറ്റുള്ളവരുടെ നേട്ടങ്ങളെ അംഗീകരിക്കാൻ നമുക്കു സാധിക്കാത്തതിന്റെ ഒരു കാരണം ആ നേട്ടങ്ങൾ നമുക്കു കൈ എത്താത്ത ദൂരത്തിലാണ് എന്നതായിരിക്കണം. എന്നാൽ, അത് അവരുടെ നേട്ടങ്ങൾക്ക് തിളക്കം കൂട്ടുകയല്ലാതെ കുറയ്ക്കുകയില്ല.
ഇനി, ആരെങ്കിലും നമ്മുടെ നേട്ടങ്ങളെ കുറച്ചുകാണുകയും നമ്മെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയുമാണെന്നു കരുതുക. അപ്പോൾ, അതു നമ്മെ നിരാശപ്പെടുത്താൻ നാം അനുവദിക്കരുത്. അതിനു പകരം, ആ വെല്ലുവിളികളെയും മറികടന്നു കൂടുതൽ നേട്ടങ്ങൾക്കു ശ്രമിക്കുകയാണു നാം ചെയ്യേണ്ടത്. അപ്പോഴാണ് നാം യഥാർഥത്തിൽ നമ്മുടെ നേട്ടങ്ങൾക്ക് അർഹരാകുന്നത്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ