പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
Sunday, November 12, 2023 4:30 AM IST
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചിനുമായി ചെലവഴിക്കുക എന്നതാണ്.’
മാർക് ബാവോയുടെ ജനനം 1992ൽ ചൈനയിലെ ഹാർബിൻ എന്ന സ്ഥലത്തായിരുന്നു. മാതാപിതാക്കൾ ഡോക്ടർമാരായിരുന്നതുകൊണ്ട് അവർക്ക് അമേരിക്കയിലേക്ക് എളുപ്പം കുടിയേറാൻ സാധിച്ചു. അമേരിക്കയിലെത്തിയ ബാവോ പഠനത്തിലും കംപ്യൂട്ടർ വൈദഗ്ധ്യത്തിലുമൊക്കെ മികച്ചുനിന്നു. അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലത്തു ഹോംവർക്ക് ചെയ്യാനും സ്കൂൾ പേപ്പറുകൾ തയാറാക്കാനും സഹായിക്കുന്ന ഒരു കംപ്യൂട്ടർ ആപ്ലിക്കേഷൻ ബാവോ വികസിപ്പിച്ചെടുത്തു.
ആ പ്രോഗ്രാം തന്റെ പഠനത്തിനായി ബാവോ ഉപയോഗിച്ചതിനോടൊപ്പം സഹപാഠികൾക്കും മറ്റുള്ളവർക്കും വിറ്റു പണമുണ്ടാക്കി. ഒന്പതാം ക്ലാസിലായിരിക്കുന്പോൾ ഡിബേറ്റ് ഗ്രൂപ്പുകൾക്ക് വേണ്ടി ഒരു ഇവന്റ് മാനേജ്മെന്റ് സിസ്റ്റം തയാറാക്കി. അതിനു വലിയ മൂല്യമുണ്ടായിരുന്നതുകൊണ്ട് അമേരിക്കയിലെ നാഷണൽ സ്പീച്ച് ആൻഡ് ഡിബേറ്റ് അസോസിയേഷൻ അതു ബാവോയിൽനിന്നു വിലയ്ക്കു വാങ്ങി.
ബാവോയ്ക്ക് പതിനേഴ് വയസ് ആയപ്പോഴേക്കും വെബ് അധിഷ്ഠിതമായ പതിനൊന്നു കന്പനികൾ ഈ ചെറുപ്പക്കാരൻ ആരംഭിച്ചുകഴിഞ്ഞിരുന്നു. ഇതോടൊപ്പം, ദാരിദ്ര്യത്തിനെതിരേ പോരാടാനും കുടുംബമൂല്യങ്ങൾ സംരക്ഷിക്കാനുമായി റമേനിയ എന്ന പേരിൽ ഒരു ഫൗണ്ടേഷനും ആരംഭിച്ചു.
ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽനിന്നു കംപ്യൂട്ടർ സയൻസിൽ ഉന്നത ബിരുദം നേടിയ ബാവോ സമൂഹനന്മയ്ക്കായി കംപ്യൂട്ടർ ടെക്നോളജി വികസിപ്പിക്കുന്നതിൽ ബദ്ധശ്രദ്ധനാണ്. ഗുഡ്ഡി എന്ന ടെക്നോളജി കന്പനിയുടെ സഹസ്ഥാപകനായ ബാവോയിപ്പോൾ അതിന്റെ ചീഫ് ടെക്നിക്കൽ ഓഫീസറായി സാൻ ഫ്രാൻസിസ്കോയിൽ പ്രവർത്തിക്കുന്നു.
മോഷ്ടാവ് കുടുങ്ങി
ബാവോ കൊളംബിയ യൂണിവേഴ്സിറ്റിയിൽ ചേരുന്നതിനു മുൻപ് പഠിച്ചിരുന്നതു മാസച്യുസെറ്റ്സിലുള്ള ബെന്റ്ലി യൂണിവേഴ്സിറ്റിയിലായിരുന്നു. അക്കാലത്ത്, ബാവോയുടെ ലാപ്ടോപ് കംപ്യൂട്ടർ മോഷണം പോയി. ഉടൻതന്നെ ബാവോ മറ്റൊരെണ്ണം വാങ്ങിയെങ്കിലും കംപ്യൂട്ടർ മോഷ്ടാവിനെ കണ്ടുപിടിക്കാൻ ഒരു ശ്രമം നടത്തി. അതു വിജയിക്കുകയും ചെയ്തു.
അകലെയിരുന്നുകൊണ്ടു തന്റെ കംപ്യൂട്ടർ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്ന ഒരു പ്രോഗ്രാം തന്റെ ലാപ്ടോപ് കംപ്യൂട്ടറിൽ ബാവോ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടായിരുന്നു. അത് ഉപയോഗിച്ച് ബാവോ തന്റെ കംപ്യൂട്ടറുമായി ബന്ധപ്പെട്ടു. അപ്പോൾ, മോഷ്ടാവ് അയാളുടെ ചില ഡാൻസ് രംഗങ്ങൾ കംപ്യൂട്ടറിൽ റിക്കാർഡ് ചെയ്തതായി ബാവോ കണ്ടെത്തി.
എന്നാൽ, അയാളുടെ ഡാൻസ് സ്റ്റെപ്പുകൾ തീർത്തും നിലവാരമില്ലാത്ത ഒന്നായിരുന്നു. ആ രംഗങ്ങൾ ബാവോ യു ട്യൂബിൽ അപ്ലോഡ് ചെയ്തു. അതോടൊപ്പം ഇപ്രകാരം ഒരു അടിക്കുറിപ്പും ഉണ്ടായിരുന്നു: "കംപ്യൂട്ടർ അറിയാവുന്നവരുടെ കംപ്യൂട്ടർ മോഷ്ടിക്കരുത്.’
ബെന്റ്ലി യൂണിവേഴ്സിറ്റിയിലെതന്നെ ഒരു വിദ്യാർഥിയായിരുന്നു ആ മോഷ്ടാവ്. അയാൾ ഉടനെ യൂണിവേഴ്സിറ്റി പോലീസിന്റെ പക്കൽ കംപ്യൂട്ടർ എത്തിക്കുകയും ഫേസ്ബുക്ക് പോസ്റ്റിലൂടെ ബാവോയോട് മാപ്പപേക്ഷിക്കുകയും ചെയ്തു. ഈ സംഭവം മൂലം ബാവോ അക്കാലത്തു സോഷ്യൽ മീഡിയയിൽ ഒരു താരമായി മാറിയിരുന്നു. മോഷണം പോയ കംപ്യൂട്ടർ തിരിച്ചുകിട്ടിയപ്പോൾ ബാവോ ചെയ്തത് എന്താണെന്നറിയേണ്ടേ? ബാവോ ആ കംപ്യൂട്ടർ വിറ്റു കിട്ടിയ തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നൽകി.
പാവങ്ങൾക്കായി
വിവിധ ടെക് കന്പനികളിലൂടെ പണം ഉണ്ടാക്കുന്ന ബാവോയുടെ ഒരു പ്രധാന ലക്ഷ്യം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചിനുമായി തന്റെ വരുമാനത്തിന്റെ സിംഹഭാഗവും മാറ്റിവയ്ക്കുക എന്നതാണ്. കുറെനാൾ മുന്പ്, ജൂണിയർബിസ്.കോം എന്ന വെബ്സൈറ്റിന്റെ പ്രതിനിധി ഒരു അഭിമുഖത്തിൽ ബാവോയോടു ചോദിച്ചു: "ഭാവിയിൽ എന്തു ചെയ്യാനാണ് ആഗ്രഹം?’ ഉടനെ ബാവോ പറഞ്ഞു: "എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചിനുമായി ചെലവഴിക്കുക എന്നതാണ്.’
ഈ ഉത്തരം കേട്ട് ചോദ്യക്കാരൻ അദ്ഭുതംകൂറിയിരുന്നപ്പോൾ ബാവോ തുടർന്നു: "എന്റെ ശ്രമഫലമായി ആയിരം കോടി ഡോളർ സന്പാദിക്കാനാണ് പ്ലാൻ. അതിൽ എണ്ണൂറു കോടി ഡോളർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചിനുമായി ഞാൻ മാറ്റിവയ്ക്കും. ഒരു നൂറു കോടി ഡോളർ എന്റെ ഫൗണ്ടേഷനിലിട്ട് പൊതുനന്മയ്ക്കായി വിനിയോഗിക്കും. അഞ്ചു കോടി ഡോളർ പുതുതായി സ്ഥാപിക്കുന്ന കന്പനികളെ സഹായിക്കാനും വിനിയോഗിക്കും.’
അപ്പോൾ സ്വന്തം കാര്യത്തിനോ? അഞ്ചു കോടി ഡോളർ മാത്രം! ഇപ്പോൾ ലഭ്യമായ വിവരമനുസരിച്ചു ബാവോയുടെ ആസ്തി മുന്നൂറു കോടി ഡോളറോളം വരുമത്രെ! ബാവോയ്ക്കാകട്ടെ ഇപ്പോൾ മുപ്പത്തിയൊന്നു വയസും. ബാക്കി എഴുന്നൂറു കോടി ഡോളർ സന്പാദിക്കാൻ ബാവോയ്ക്ക് അധിക വർഷങ്ങൾ വേണ്ടിവന്നേക്കില്ല. കാരണം അത്രമാത്രം മിടുക്കനാണദ്ദേഹം.
മറ്റു മനുഷ്യരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പണമുണ്ടാക്കാൻ ഇറങ്ങിത്തിരിക്കുന്നവർ ആരെങ്കിലുമുണ്ടാകുമോ നമ്മുടെ സമൂഹത്തിൽ? ഉണ്ടെങ്കിൽ അത് അഭിനന്ദനീയമായ കാര്യംതന്നെ. എന്നാൽ, പണമുണ്ടാക്കുവാൻ സാധാരണ ഇറങ്ങിത്തിരിക്കുന്നവരുടെ ലക്ഷ്യം അതു സ്വന്തം കാര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുക എന്നതാണ്. തന്മൂലമല്ലേ, പണമുണ്ടാക്കുന്ന കാര്യം വരുന്പോൾ പലരും അന്യായമായ വഴികൾ തേടുന്നത്?
നേരായ വഴിയിലൂടെ പണമുണ്ടാക്കാൻ അത്ര എളുപ്പമല്ല എന്നു ചിലരെങ്കിലും വിശ്വസിക്കുന്നുണ്ടാവാം. അതുകൊണ്ടായിരിക്കണം അക്കൂട്ടർ പണമുണ്ടാക്കാൻ തെറ്റായ മാർഗങ്ങൾ തെരഞ്ഞെടുക്കുന്നത്. എന്നാൽ, ശരിയായ രീതിയിലൂടെ പണമുണ്ടാക്കുന്നവരും നമ്മുടെ സമൂഹത്തിലുണ്ടല്ലോ. തീർച്ചയായും അതിനുവേണ്ടി കഷ്ടപ്പെടേണ്ടി വരുമെന്നതു യാഥാർഥ്യമാണ്. എന്നാൽ, ആ കഷ്ടപ്പാടിലൊരു സുഖവും സന്തോഷവുമുണ്ടെന്ന് അങ്ങനെ ചെയ്യുന്നവർതന്നെ സമ്മതിക്കുമല്ലോ.
ബാവോയെപ്പോലെ മറ്റുള്ളവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ധാരാളം പണം സന്പാദിക്കാൻ നമുക്കു സാധിച്ചെന്നു വരില്ല. എങ്കിൽപോലും നാം സന്പാദിക്കുന്നതിന്റെ ഒരു ഓഹരി അക്കാര്യത്തിനു വേണ്ടി നമുക്കു മാറ്റിവച്ചുകൂടെയോ? പക്ഷേ, അങ്ങനെ ചെയ്യണമെങ്കിൽ കഷ്ടതകൾ അനുഭവിക്കുന്ന മനുഷ്യരുടെ കാര്യത്തെക്കുറിച്ച് ഓർമയുണ്ടാകണം. പോരാ, ഇക്കാര്യത്തിൽ നാം ഏറെ ശ്രദ്ധ നൽകുകയും വേണം.
ബാവോയുടെ ജീവിതലക്ഷ്യം തന്റെ പണമുപയോഗിച്ചു മറ്റുള്ളവരെ സഹായിക്കുക എന്നതാണ്. അദ്ദേഹത്തിന്റെ ഈ ജീവിതവീക്ഷണത്തിൽ പങ്കുചേരുന്നവർ നമ്മുടെയിടയിലും ധാരാളം ഉണ്ടാകട്ടെ. അപ്പോൾ നാം ജീവിക്കുന്ന സമൂഹം ഏറെ നന്മകൾകൊണ്ട് സന്പന്നമാകും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ