ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
Sunday, November 19, 2023 4:56 AM IST
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു കലാരൂപമായ ഓപ്പറയിൽ ദീർഘകാലം മുടിചൂടാമന്നനായി പ്രശോഭിച്ച കലാകാരനാണു ലൂച്ചിയാനോ പാവറോത്തി (1935-2007). ഇറ്റലിയുടെ വടക്കുഭാഗത്തുള്ള മൊദേന എന്ന സ്ഥലത്തു ജനിച്ച അദ്ദേഹം 1961ലാണ് ഓപ്പറ ഗായകനായി തന്റെ പ്രഫഷണൽ കരിയർ തുടങ്ങുന്നത്.
ഇറ്റലിയിലെ ടൂറിനിൽ 2006ൽ നടന്ന വിന്റർ ഒളിന്പിക്സ് വരെ അതു നീണ്ടുനിന്നു.
ആദ്യകാലങ്ങളിൽ ക്ലാസിക്കൽ സംഗീതത്തിൽ മാത്രം ശ്രദ്ധിച്ച പാവറോത്തി തന്റെ കരിയറിന്റെ അവസാനകാലത്തു പോപ്പുലർ സംഗീതത്തിലേക്കും കടന്നു. അദ്ദേഹത്തിന്റെ പേരിലുള്ള പത്തു കോടി മ്യുസിക് റിക്കാർഡുകൾ ഇതിനകം വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ഓപ്പറയിലെ പുരുഷ ഗായകരിൽ ത്രിമൂർത്തികളായി അറിയപ്പെടുന്ന പാവറോത്തി യും സ്പാനീഷുകാരായ പ്ലാസിഡോ ഡൊമിനിംഗോയും ഹൊസെ കരേരാസും ചേർന്നു പുറത്തിറക്കിയ ആൽബം എക്കാലത്തെയും ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ആൽബമാണ്.
പാവറോത്തി സംഗീതലോകത്തു ജ്വലിച്ചുനിന്ന അവസരത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു ധനസമാഹരണം നടത്തുന്നതിലും ഉത്സുകനായിരുന്നു. അഭയാർഥികൾക്കു വേണ്ടിയും റെഡ്ക്രോസിനു വേണ്ടിയുമുള്ള ധനസമാഹരണത്തിലായിരുന്നു അദ്ദേഹം ഏറെ സഹായിച്ചത്.
പാവറോത്തി ജനിച്ചത് ഒരു പാവപ്പെട്ട കുടുംബത്തിലായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പിതാവ് ഫെർണാൻഡോ പ്രഫഷണലായി പാടുവാൻ കഴിവുള്ള ഒരു ഗായകനായിരുന്നു. എങ്കിലും, ഇടവകപ്പള്ളിയിലെ ക്വയറിൽ പാടുന്നതിൽ ശ്രദ്ധിച്ചതല്ലാതെ പ്രഫഷണൽ രംഗത്തേക്കു കടക്കാൻ ഫെർണാൻഡോ തയാറായില്ല. എന്നാൽ, മകൻ ആ രംഗത്തേക്കു കടക്കുന്നതിൽ അദ്ദേഹം ഒരിക്കലും തടസം നിന്നില്ല.
പാവറോത്തി സംഗീതത്തിൽ മിടുക്കനായിരുന്നെങ്കിലും ഒരു ഫുട്ബോൾ കളിക്കാരനായിത്തീരാനായിരുന്നു മോഹം. എന്നാൽ, സംഗീത പരിശീലനം നേടാൻ ഫെർണാൻഡോ മകനെ ഉപദേശിച്ചു. പാവറോത്തി സംഗീതത്തിൽ മിടുക്കനായിരുന്നതുകൊണ്ടു മൊദേനയിലെ ഏറ്റവും പ്രഗല്ഭ സംഗീതജ്ഞനായിരുന്ന അറിഗോ പോളോ ഫീസ് വാങ്ങാതെ പാവറോത്തിക്കു സംഗീതപരിശീലനം നൽകുകയും ചെയ്തു.
ഇതിനിടയിൽ അമ്മയുടെ ആഗ്രഹത്തിനു വഴങ്ങി ഒരു അധ്യാപകനാകാൻ വേണ്ടി പാവറോത്തി ടീച്ചേഴ്സ് കോളജിൽ പഠിച്ചു യോഗ്യത നേടി. അങ്ങനെയാണ്, ഏഴു വർഷം നീണ്ടുനിന്ന സംഗീതപഠനകാലത്തു പാർട്ട് ടൈം പ്രൈമറി സ്കൂൾ അധ്യാപകനായി ജോലി ചെയ്യാൻ അദ്ദേഹത്തിനു സാധിച്ചത്.
ടീച്ചേഴ്സ് കോളജിലെ പഠനം കഴിഞ്ഞപ്പോൾ പാവറോത്തി പിതാവിനോട് ചോദിച്ചു: "ഞാൻ എന്താണു ചെയ്യേണ്ടത്?' അപ്പോൾ പിതാവ് പറഞ്ഞു: "നീ രണ്ടു കസേരയിലായിട്ടാണ് ഇരിക്കുന്നതെങ്കിലും നീ രണ്ടിനുമിടയിലായി വീഴും. നിന്റെ ജീവിതകാലത്തേക്കു നീ ഒരു കസേര മാത്രം തെരഞ്ഞെടുക്കണം.'
പിൽക്കാലത്തു പാവറോത്തി ഇപ്രകാരം എഴുതി: "ഞാൻ ഒരു കസേര തെരഞ്ഞെടുത്തു. ഏഴു വർഷം നീണ്ടുനിന്ന കഠിനാധ്വാനത്തിനും മോഹഭംഗത്തിനും ശേഷമാണു ഞാൻ ആദ്യമായി പ്രഫഷണൽ എന്ന രീതിയിൽ വേദിയിലെത്തുന്നത്. പിന്നീട്, ഏഴ് വർഷം കൂടി വേണ്ടിവന്നു മെട്രോപ്പോലിറ്റൻ ഓപ്പറയിൽ എത്തിച്ചേരാൻ.'
അദ്ദേഹം തുടരുന്നു: ’ഇപ്പോൾ എനിക്കു തോന്നുന്നു, നാം കല്പണി ചെയ്യുകയാണെങ്കിലും പുസ്തകമെഴുതുകയാണെങ്കിലും മറ്റ് എന്തു ചെയ്യുകയാണെങ്കിലും നാം നമ്മെത്തന്നെ പൂർണമായി അതിനു സമർപ്പിക്കണം. അതാണു പ്രധാനപ്പെട്ട കാര്യം. ഒരു കസേര മാത്രം തെരഞ്ഞെടുക്കുക.'പാവറോത്തിക്കു പാടാൻ കഴിവുണ്ടായിരുന്നു. അതുപോലെ, പഠിപ്പിക്കാനുള്ള കഴിവും യോഗ്യതയും. എന്നാൽ, ആ രണ്ടു പണിയും ഒന്നിച്ചു ചെയ്യാതെ, ഒന്നുമാത്രം അദ്ദേഹം തെരഞ്ഞെടുത്തു. അതാകട്ടെ, പാട്ടിന്റെ കസേരയുമായിരുന്നു. ആ കസേരയിലിരുന്ന അദ്ദേഹം പ്രശോഭിച്ചു. പക്ഷേ, അതു സാധിച്ചത്, സംഗീതത്തിനു സ്വയം സമർപ്പിച്ചതുകൊണ്ടായിരുന്നു.
നമുക്ക് ഒന്നോ രണ്ടോ അതിലധികമോ രംഗങ്ങളിൽ ഒരുപോലെ ശോഭിക്കാൻ സാധിച്ചെന്നിരിക്കും. എന്നാൽ, പാവറോത്തി ഓപ്പറ സംഗീതത്തിൽ ശോഭിച്ചതുപോലെ ഏതെങ്കിലും രംഗത്തു ശോഭിക്കണമെങ്കിൽ പല കസേരകളിലിരുന്നാൽ സാധിക്കില്ല. അതിന് ഒരു കസേരതന്നെ തെരഞ്ഞെടുക്കണം. പൂർണമായ സമർപ്പണം ആ രംഗത്ത് ഉണ്ടാവുകയും വേണം. എങ്കിലേ, കല്പണി രംഗത്തായാൽപോലും നമുക്കു ശരിക്കും പ്രശോഭിക്കാൻ സാധിക്കൂ.
പ്രസിദ്ധ ഫ്രഞ്ചു തത്വചിന്തകനായിരുന്ന ഷാങ്-പോൾ സാർത്ര് ഒരിക്കൽ എഴുതി: "പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.' അതായത്, പ്രതിബദ്ധത അല്ലെങ്കിൽ സമർപ്പണം ശരിക്കും പ്രവൃത്തിതലത്തിൽ വരുന്പോഴാണ്, നാം ഏതു രംഗത്തു പ്രവർത്തിക്കുന്നവരായാലും അവിടെ പ്രശോഭിക്കാൻ സാധിക്കുന്നത്. പാവറോത്തി ഓപ്പറ സംഗീതത്തിൽ വിജയിച്ചെങ്കിൽ അതിന്റെ കാരണം, ഗാംഭീര്യം സ്ഫുരിക്കുന്ന അദ്ദേഹത്തിന്റെ പുരുഷശബ്ദം മാത്രമായിരുന്നില്ല, പ്രത്യുത സംഗീതപരിശീലനത്തിൽ അദ്ദേഹം നൽകിയ ആത്മസമർപ്പണമായിരുന്നു.
ഒരു കസേര മാത്രം തെരഞ്ഞെടുക്കൂ എന്നു പാവറോത്തി പറയുന്പോഴും, സാധാരണക്കാരായ നമുക്കു പല കസേരകളിലിരുന്നു കാര്യങ്ങൾ ചെയ്യേണ്ടിവന്നേക്കാം. എന്നാൽ, അപ്പോഴും നാം ഇരിക്കുന്ന എല്ലാ കസേരകളും പ്രതിനിധീകരിക്കുന്ന രംഗങ്ങളിലും നമുക്കു പൂർണമായ പ്രതിബദ്ധത ഉണ്ടാകണം. എങ്കിൽ മാത്രമേ, അവയോടൊക്കെ നീതി പുലർത്താൻ സാധിക്കൂ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ