പൊയ്മുഖത്തിനു പകരം
Sunday, December 3, 2023 1:36 AM IST
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്തങ്ങളെ അതിജീവിച്ച് അദ്ദേഹം പൊതുജനസേവനം തുടർന്നു. 60 വർഷം മാത്രമേ അദ്ദേഹം ജീവിച്ചിരുന്നുള്ളൂവെങ്കിലും അന്താരാഷ്ട്ര തലത്തിലും ദേശീയതലത്തിലുമെല്ലാം അദ്ദേഹം എപ്പോഴും തിളങ്ങിനിന്നിരുന്നു. ജീവിതത്തിലെ വിവിധ തിരക്കുകൾക്കിടയിലും ആത്മകഥ ഉൾപ്പെടെ 35 പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുപോലെ ഒന്നര ലക്ഷത്തിലേറെ എഴുത്തുകൾ അദ്ദേഹം എഴുതിയതായും കണക്കാക്കപ്പെടുന്നു.
അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് പ്രസിഡന്റുമാരിൽ ഒരാളായി പരിഗണിക്കപ്പെടുന്നയാളാണു തെയഡോർ റൂസ്വെൽറ്റ് (1858-1919). അമേരിക്കൻ പ്രസിഡന്റുമാരിൽ ആദ്യമായി സമാധാനത്തിനുള്ള നൊബേൽസമ്മാനം നേടിയത് അദ്ദേഹമാണ്. വൈസ് പ്രസിഡന്റായി ആദ്യം തെരഞ്ഞെടുക്കപ്പെട്ട റൂസ്വെൽറ്റ് 194 ദിവസം മാത്രമേ ആ പദവിയിലിരുന്നുള്ളൂ.
1901 സെപ്റ്റംബർ 14നു പ്രസിഡന്റ് വില്യം മക്കിൻലി വെടിയേറ്റു മരിച്ചപ്പോൾ റൂസ്വെൽറ്റിനു പ്രസിഡന്റ്സ്ഥാനം ഏറ്റെടുക്കേണ്ടിവന്നു. പ്രസിഡന്റ് സ്ഥാനത്ത് റൂസ്വെൽറ്റ് നന്നായി ശോഭിച്ചതുകൊണ്ട് 1904ൽ നടന്ന തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം പ്രസിഡന്റ് പദവി നിലനിർത്തിയത്.
റൂസ്വെൽറ്റ് ജനിച്ചതു ന്യൂയോർക്കിലെ ഒരു ധനിക കുടുംബത്തിലായിരുന്നു. ഹാർവാഡ് യൂണിവേഴ്സിറ്റിയിൽനിന്നു ബിരുദം സന്പാദിച്ച ശേഷം കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിയമപഠനം തുടങ്ങിയെങ്കിലും അതു പൂർത്തിയാക്കാതെ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുകയായിരുന്നു.
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്തങ്ങളെ അതിജീവിച്ച് അദ്ദേഹം പൊതുജനസേവനം തുടർന്നു. 60 വർഷം മാത്രമേ അദ്ദേഹം ജീവിച്ചിരുന്നുള്ളൂവെങ്കിലും അന്താരാഷ്ട്ര തലത്തിലും ദേശീയതലത്തിലുമെല്ലാം അദ്ദേഹം എപ്പോഴും തിളങ്ങിനിന്നിരുന്നു.
ജീവിതത്തിലെ വിവിധ തിരക്കുകൾക്കിടയിലും ആത്മകഥ ഉൾപ്പെടെ 35 പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുപോലെ ഒന്നര ലക്ഷത്തിലേറെ എഴുത്തുകൾ അദ്ദേഹം എഴുതിയതായും കണക്കാക്കപ്പെടുന്നു.
ചരിത്രകാരനായ തോമസ് ബെയ്ലി, റൂസ്വെൽറ്റിന്റെ പല നയങ്ങളോടും അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തെ മഹത്തായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായി പ്രകീർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ റൂസ്വെൽറ്റ് ധാർമികതയുടെ ശക്തനായ ഒരു വക്താവുംകൂടിയായിരുന്നത്രേ.
കപടമുഖം
ഇപ്രകാരം ആദരിക്കപ്പെടുന്ന റൂസ്വെൽറ്റിന് ഒരു കപടമുഖം ഉണ്ടായിരുന്നോ എന്നു നമ്മെക്കൊണ്ടു സംശയിപ്പിക്കുന്ന ഒരു കഥയുണ്ട്. റൂസ്വെൽറ്റ് പ്രസിഡന്റായിരിക്കുന്ന കാലത്തു കുറെദിവസം ന്യൂയോർക്കിലെ ലോംഗ് ഐലൻഡിലുള്ള തന്റെ ഭവനത്തിൽ താമസിക്കുകയായിരുന്നു. അവിടെ അദ്ദേഹത്തിന് ഒരു ബാൺ ഉണ്ടായിരുന്നു. കന്നുകാലികൾക്കു കച്ചിയും മറ്റും സൂക്ഷിക്കുന്ന ഒരു കളപ്പുരയായിരുന്നു അത്.
ഒരു ദിവസം ന്യൂയോർക്കിൽനിന്നു ചില നേതാക്കൾ അദ്ദേഹത്തെ കാണാനെത്തി.അപ്പോൾ അദ്ദേഹം തന്റെ ഷർട്ടിന്റെ കൈകൾ മുകളിലേക്കു ചുരുട്ടിവച്ചുകൊണ്ടു പറഞ്ഞു: ""വരൂ, നമുക്കു കളപ്പുരയിലേക്കു പോകാം. അവിടെ എനിക്ക് അല്പം ജോലിചെയ്യുകയും അതോടൊപ്പം നിങ്ങളോട് സംസാരിക്കുകയും ചെയ്യാം. '' കളപ്പുരയിലെത്തിയ റൂസ്വെൽറ്റ് കച്ചി തടുത്തുകൂട്ടി കളപ്പുരയുടെ മുകൾത്തട്ടിലേക്കു വലിച്ചെറിയാൻ സഹായിക്കുന്ന ഒരു പിറ്റ്ച്ച്പോർക്ക് എടുത്തു കച്ചിക്കുവേണ്ടി ചുറ്റിലും നോക്കി. അപ്പോൾ അവിടെ വൈക്കോൽക്കൂനയൊന്നും കണ്ടില്ല. ഉടനെ അദ്ദേഹം കൂടെയുണ്ടായിരുന്ന സഹായിയോടു ചോദിച്ചു: ""ഇവിടെ ഉണ്ടായിരുന്ന വൈക്കോലെല്ലാം എവിടെപ്പോയി?''
ഉടനെ സഹായി പറഞ്ഞു: ""അതെല്ലാം കളപ്പുരയുടെ മുകൾത്തട്ടിലുണ്ട്. അയോവയിൽനിന്നുള്ള ആളുകൾ വന്നപ്പോൾ അതു മുഴുവനും അങ്ങ് മുകളിലേക്കു വലിച്ചെറിഞ്ഞിരുന്നു. അതു പിന്നീട് താഴേക്ക് എടുക്കാൻ എനിക്കു സമയം കിട്ടിയില്ല.''
ഈ കഥയിൽ എത്രമാത്രം യാഥാർഥ്യം ഉണ്ട് എന്നറിയില്ല. ഒരുപക്ഷേ, ആരെങ്കിലും കെട്ടിച്ചമച്ച കഥയായിരിക്കും ഇത്. ഈ കഥ കെട്ടിച്ചമച്ചതാണെന്നു കരുതിയാലും ഇത്തരമൊരു കഥ മെനഞ്ഞെടുക്കുന്നതിനു സഹായിച്ച എന്തെങ്കിലും കാരണം ഉണ്ടാകാനുള്ള സാധ്യത നമുക്കു തള്ളിക്കളയാനാവില്ല. റൂസ്വെൽറ്റ് ഒരു "ഷോമാൻ' ആയി പരക്കെ കരുതപ്പെട്ടിരുന്നു. അതായത്, ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ ആളുകളെ കൈയിലെടുക്കാൻ സാഹായിക്കുന്ന പല ടെക്നിക്കുകളും അദ്ദേഹത്തിനു നല്ല വശമായിരുന്നത്രേ.
ഒരുപക്ഷേ, അത്തരമൊരു ടെക്നിക്കായിരിക്കാം അദ്ദേഹം കളപ്പുരയിൽ കാണിച്ചത്. പക്ഷേ, ആ ടെക്നിക്കിന്റെ പ്രശ്നം അതിൽ കാപട്യം അടങ്ങിയിരിക്കുന്നു എന്നതാണ്. താൻ എപ്പോഴും അധ്വാനിക്കുന്നവനാണ് എന്നു മറ്റുള്ളവരെ കാണിക്കാനും ബോധ്യപ്പെടുത്താനുമാണ് ആ ഷോയിലൂടെ അദ്ദേഹം ശ്രമിച്ചത്.
എന്നാൽ, റൂസ്വെൽറ്റിന് ഇങ്ങനെ ഒരു ഷോയുടെ ആവശ്യം ഉണ്ടായിരുന്നോ? അദ്ദേഹം എല്ലാവരാലും ആദരിക്കപ്പെട്ട വ്യക്തിയായിരുന്നു. അനാവശ്യ ഷോ ഒന്നും കൂടാതെ അദ്ദേഹത്തിന് ആ അംഗീകാരം നിലനിർത്താനും സാധിക്കുമായിരുന്നു. എങ്കിലും പൊയ്മുഖം ധരിക്കുക അദ്ദേഹത്തിന്റെ ഒരു ബലഹീനത ആയിരുന്നിരിക്കണം.
പൊയ്മുഖങ്ങൾ വേണ്ട
റൂസ്വെൽറ്റിനെ നാം വിമർശിച്ചിട്ട് കാര്യമില്ല. കാരണം, നാമൊക്കെ റൂസ്വെൽറ്റിനേക്കാൾ ഏറെ മെച്ചപ്പെട്ടവരാണെന്നു പറയാനാകുമോ? നമുക്കുമില്ലേ പൊയ്മുഖങ്ങൾ? ഒരുപക്ഷേ, നാം അറിയാതെയാണെങ്കിലും നാം നല്ലവരാണെന്നു ചമയുകയും മറ്റുള്ളവരെ അതു ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യാറില്ലേ?
നാം നല്ലവരാണെന്നു കാണിക്കുന്ന കാപട്യത്തിനു പകരം നല്ലവരാകാൻ നാം സ്വയം ശ്രമിക്കുകയാണു വേണ്ടത്. അപ്പോൾ, പൊയ്മുഖം കൂടാതെ നമ്മുടെ മുഖം മറ്റുള്ളവരുടെ മുൻപിൽ സുന്ദരമായിക്കൊള്ളും. എന്നാൽ, പറയുന്നതുപോലെ ഇതത്ര എളുപ്പമല്ല. കാരണം, നമ്മിലെ പല പോരായ്മകളും നല്ലതുപോലെ വേരുറച്ചുപോയതാണ്. തന്മൂലം, ആത്മാർഥമായ പരിശ്രമംകൊണ്ടു മാത്രമേ നമ്മുടെ കപടമുഖം അഴിച്ചുമാറ്റി നമ്മുടെ യഥാർഥ മുഖം പ്രദർശിപ്പിക്കാനാകൂ.
നമുക്കു പൊയ്മുഖം വേണ്ട. കാരണം പൊയ്മുഖംകൊണ്ട് ശാശ്വതമായി നാം ഒന്നും നേടാൻ പോകുന്നില്ല. നമുക്കു വേണ്ടത് നമ്മുടെ മുഖം ശരിക്കു മിനുക്കിയെടുക്കുക എന്നതാണ്. അതിലായിരിക്കട്ടെ നമ്മുടെ ശ്രദ്ധ എപ്പോഴും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ