കണ്ണൂർ സ്ക്വാഡിലെ ജോർജ് സാർ ഇവിടെയുണ്ട്
Sunday, October 22, 2023 12:57 AM IST
യൂണിഫോമില്ല, കൃത്യമായ ഡ്യൂട്ടി സമയങ്ങളോ ഡ്യൂട്ടി സ്ഥലങ്ങളോ ഇല്ല. സ്വതന്ത്രമായി പറക്കാം. പക്ഷേ, ജീവൻ പണയം വച്ചുള്ള കളിയാണ്. കുറ്റവാളികളെ ഏതു മാളത്തിൽ പോയും കണ്ടെത്തുകയായിരുന്നു കണ്ണൂർ സ്ക്വാഡിന്റെ ജോലി.
"എവിടെപ്പോയി ഒളിച്ചാലും കുറ്റവാളികളെ ഓടിച്ചിട്ട് പിടിക്കും. കേരള പോലീസ് ഓടിയ വഴിയെ തന്നെ തിരിച്ചു കൊണ്ടുവരികയും ചെയ്യും.' മമ്മൂട്ടി നായകനായ കണ്ണൂർ സ്ക്വാഡ് എന്ന സിനിമ ക്ലൈമാക്സിലേക്ക് എത്തുന്പോൾ നായകകഥാപാത്രമായ എഎസ്ഐ ജോർജ് സാർ പറയുന്ന ഡയലോഗ് ആണിത്.
ത്രില്ലിംഗ് നിമിഷങ്ങൾ സമ്മാനിച്ച് സിനിമ അവസാനിക്കുന്പോൾ കേരള പോലീസിനെ പ്രകീർത്തിക്കുന്ന ഈ ഡയലോഗും ഏറ്റെടുത്തുകൊണ്ടാണ് പ്രേക്ഷകരും തീയേറ്റർ വിടുന്നത്. സിനിമ കണ്ടുകഴിയുന്പോൾ കേരള പോലീസിനെക്കുറിച്ച് ആർക്കും ഒരു അഭിമാനബോധം തോന്നും.
സിനിമയ്ക്കു വേണ്ട ചേരുവകളൊക്കെ ഉണ്ടെങ്കിലും തിയറ്ററിൽ തകർത്തോടുന്ന കണ്ണൂർ സ്ക്വാഡ് ഒരു കെട്ടുകഥയല്ല. അതിലെ കഥയും ഒറിജിനൽ ഹീറോമാരും ഇവിടെ കണ്ണൂരിലുണ്ട്. തങ്ങളുടെ കഥ തിയറ്ററിൽ കൈയടി നേടുന്നതിന്റെ ആവേശത്തിലാണ് ഈ ഒറിജിനൽ കണ്ണൂർ സ്ക്വാഡ്.
അതു ബേബി ജോർജ്
കണ്ണൂർ സ്ക്വാഡ് എന്ന സിനിമയിൽ കാണികളെ ഹരംകൊള്ളിക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രമായ എഎസ്ഐ ജോർജ് സർ യഥാർഥ കണ്ണൂർ സ്ക്വാഡിലെ ഹീറോ തന്നെയാണ്. കണ്ണൂർ പോലീസ് ചീഫിന്റെ പ്രത്യേക സ്ക്വാഡിലെ എഎസ്ഐയായ ബേബി ജോർജിനെ അനുകരിച്ചുള്ളതാണ് മമ്മൂട്ടിയുടെ നായക കഥാപാത്രം.
മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ് തിയറ്ററിൽ പ്രേക്ഷക കൈയടി ഏറ്റുവാങ്ങുന്പോൾ വെള്ളിത്തിരയ്ക്കു പുറത്ത് അഭിനന്ദനങ്ങളുടെ നിറവിലാണ് യഥാർഥ കണ്ണൂർ സ്ക്വാഡ്. സങ്കീർണമായ നിരവധി കേസുകൾ തെളിയിച്ചവരാണ് കണ്ണൂർ പോലീസിലെ ഈ പുലിക്കുട്ടികൾ. ഈ ഒൻപതംഗ സംഘത്തിന്റെ കഥയാണ് കണ്ണൂർ സ്ക്വാഡ് എന്ന ചിത്രം പറയുന്നത്.
നാടിന്റെ ഹീറോമാർ
ഒറിജിനൽ കണ്ണൂർ സ്ക്വാഡ് സാഹസികമായി തെളിയിച്ച തൃക്കരിപ്പൂരിലെ എ.ബി. സലാംഹാജി വധക്കേസാണ് സിനിമയിൽ അബ്ദുൾ സലാം ഹാജി കൊലക്കേസായി പുനരാവിഷ്കരിച്ചത്. 2007 മുതൽ 2017 വരെയായിരുന്നു കണ്ണൂർ സ്ക്വാഡിന്റെ പ്രവർത്തനം.
ഈ കാലയളവിലാണ് ഇവർ നിരവധി കേസുകൾ തെളിയിച്ചത്. ഇപ്പോൾ സ്ഥിരമായ സ്ക്വാഡ് ഇല്ല, ചില പ്രത്യേക കേസുകൾ വരുന്പോൾ പോലീസ് ചീഫുമാർ സ്ക്വാഡുകൾ രൂപീകരിക്കാറുണ്ടെന്നു മാത്രം. പി. വിനോദ് കുമാർ, എം.എ. റാഫി അഹമ്മദ്, ബേബി ജോർജ്, കെ. മനോജ് കുമാർ, സി. സുനിൽ കുമാർ, മാത്യു ജോസഫ്, കെ. ജയരാജൻ, റെജി സ്കറിയ, സി.കെ. രാജശേഖർ എന്നിവരായിരുന്നു സ്ക്വാഡംഗങ്ങൾ.
നിലവിൽ സ്ക്വാഡിലെ ബേബി ജോർജും മാത്യു ജോസും സമീപകാലത്തു വിരമിച്ചു. സ്ക്വാഡിലുണ്ടായിരുന്നവർ ഇപ്പോൾ വിവിധ തലങ്ങളിൽ ജോലി ചെയ്യുന്നു. അക്കാലത്ത് കണ്ണൂർ സ്ക്വാഡിനു നേതൃത്വം നല്കിയ കണ്ണൂർ പേരാവൂർ പെരുന്പുന്നയിലെ ബേബി ജോർജ് സൺഡേ ദീപികയോടു സംസാരിക്കുന്നു.
16 ദിവസം കൊണ്ട്
2013 ഓഗസ്റ്റ് നാലിനു രാത്രിയിലാണ് തൃക്കരിപ്പൂരിലെ എ.ബി. സലാം ഹാജി കൊല്ലപ്പെടുന്നത്. പ്രതികളിൽ ഒരാൾ യാദൃച്ഛികമായി അവശേഷിപ്പിച്ച തെളിവിൽനിന്നായിരുന്നു തുടക്കം. ഡിഎൻഎ പരിശോധനയിലൂടെ തുന്പ് ലഭിച്ചു.
ആറായിരം കിലോമീറ്ററുകൾ താണ്ടി 16 ദിവസമെടുത്താണ് പ്രതികളെ പിടികൂടിയത്. ഈ സാഹസികതയാണ് സിനിമയിലുളളത്. കണ്ണൂർ എസ്പി രാഹുൽ ആർ. നായരുടെ നേതൃത്വത്തിലായിരുന്നു സ്ക്വാഡ് പ്രവർത്തിച്ചിരുന്നത്. ഇന്ത്യ- നേപ്പാൾ അതിർത്തിയിൽ വച്ചാണ് പ്രതികളെ പിടികൂടിയത്. സിനിമയിൽ പ്രതികളെ പിടികൂടുന്നത് പത്തു ദിവസമെടുത്താണ്.
എന്നാൽ, ഒറിജിനൽ സംഭവത്തിൽ 16 ദിവസമെടുത്താണ് തങ്ങൾ പ്രതികളെ പിടിച്ചതെന്ന് ബേബി ജോർജ് പറയുന്നു. പ്രതികളെ തേടി ഉത്തരേന്ത്യൻ ഗ്രാമങ്ങളിലൂടെയുള്ള അലച്ചിൽ അതിഭീകരമായിരുന്നു. പലപ്പോഴും ബിസ്കറ്റും ആപ്പിളും മാത്രമായിരുന്നു ഭക്ഷണം.
പ്രേക്ഷകർ സിനിമ ഏറ്റെടുത്തപ്പോൾ അന്നത്തെ കണ്ണൂർ സ്ക്വാഡിന് വീണ്ടും അംഗീകാരം ലഭിച്ചതു പോലെയാണെന്ന് സ്ക്വാഡിന്റെ ടീം ലീഡറായിരുന്ന ബേബി ജോർജ് പറഞ്ഞു.
കണ്ണൂർ സ്ക്വാഡിന്റെ തുടക്കം
യൂണിഫോമില്ല, കൃത്യമായ ഡ്യൂട്ടി സമയങ്ങളോ ഡ്യൂട്ടി സ്ഥലങ്ങളോ ഇല്ല. സ്വതന്ത്രമായി പറക്കാം. പക്ഷേ, ജീവൻ പണയം വച്ചുള്ള കളിയാണ്. കുറ്റവാളികളെ ഏതു മാളത്തിൽ പോയും കണ്ടെത്തുകയായിരുന്നു കണ്ണൂർ സ്ക്വാഡിന്റെ ജോലി.
തടിയന്റവിട നസീർ അടക്കം പ്രതികളായ എടക്കാട് തീവ്രവാദക്കേസ്, കൊലപാതകങ്ങൾ, കവർച്ചകൾ, മയക്കുമരുന്ന്, കള്ളനോട്ട് അങ്ങനെ തുന്പുണ്ടാക്കിയ കേസുകൾ നിരവധി. 2004ൽ ഇരിട്ടിയിലെയും തലശേരിയിലെയും ഡിവൈഎസ്പിമാർക്കു കീഴിൽ പ്രവർത്തിച്ച അന്വേഷണ വിദഗ്ധരായ പോലീസുകാരാണ് പിന്നീട് കണ്ണൂർ സ്ക്വാഡായി വളർന്നത്.
ഇരിട്ടിയിലും ചൊക്ലിയിലും അരങ്ങേറിയ മോഷണക്കേസുകൾ കണ്ടെത്താനായിരുന്നു ആദ്യം സ്ക്വാഡ് രൂപീകരിച്ചത്. ഇതിനിടയിലാണ് കണ്ണൂർ ടൗണിൽ രണ്ട് ബോംബ് സ്ഫോടനങ്ങളുണ്ടാകുന്നത്. പിന്നാലെ, കാഷ്മീർ റിക്രൂട്ട്മെന്റ് കേസും. സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ആ കേസിന്റെ അന്വേഷണത്തിനായി ഡിഐജി എസ്. ശ്രീജിത്ത് ജില്ലയിലെ മികച്ച പോലീസുകാരെ തേടി. വൈകാതെ, ഇരിട്ടിയിലും തലശേരിയിലും ചിതറിക്കിടന്ന ആ ഒൻപതുപേർ ഒരു കുടക്കീഴിലായി. അങ്ങനെയാണ് കണ്ണൂർ സ്ക്വാഡിന്റെ പിറവി.
സിനിമയായപ്പോൾ
നിരവധി കേസുകൾ സമർഥമായി തെളിയിക്കാൻ കഴിഞ്ഞതോടെ കണ്ണൂർ സ്ക്വാഡിന്റെ അന്വേഷണ വഴികൾ സിനിമയാക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. നിരവധി പേർ വന്നെങ്കിലും ഡോ.റോണിയോടാണ് കഥ പറഞ്ഞത്.
പോലീസ് കഥ ഒരിക്കലും കഥയായി കേട്ടാൽ പോരാ. അതു സിനിമയായിട്ടു ചെയ്താൽ കൂടുതൽ വിജയമാകും. കൂടുതൽ പേർക്ക് അതിന്റെ തീവ്രത മനസിലാകും. നാലു വർഷം മുന്പാണ് ഈ കഥ റോണിയോടു പറയുന്നത്. സിനിമയുടെ അടിസ്ഥാനം ഞങ്ങൾ പറഞ്ഞ കഥയാണ്.
എന്നാൽ, സിനിമ മുഴുവൻ ഞങ്ങളുടെ കഥയല്ല. ക്രൈം സംബന്ധിച്ചുള്ള സീനുകളും കൈക്കൂലിയും സംഭവത്തിന്റെ സിനിമാറ്റിക് സ്വഭാവത്തിനു വേണ്ടി തിരക്കഥാകൃത്തുക്കൾ രചിച്ചതാണ്.
സിനിമ കണ്ടപ്പോൾ
സിനിമ റീലീസ് ആയപ്പോൾ യഥാർഥ കണ്ണൂർ സ്ക്വാഡംഗങ്ങൾ കുടുംബത്തോടൊപ്പം ഒരുമിച്ചിരുന്നാണ് സിനിമ കണ്ടത്. സിനിമയിൽ മമ്മൂട്ടിയും സംഘവും അനുഭവിച്ച കഷ്ടപ്പാടുകൾ തന്നെയല്ലേ നിങ്ങളുടെ ജോലിയിലും അനുഭവിച്ചതെന്നു ഭാര്യയും കുട്ടികളും ചോദിച്ചു.
ഓരോ സ്ഥലത്തേക്കും പോകുന്പോൾ വീട്ടിൽ ഭാര്യയും മക്കളും കാത്തിരിക്കും. നാളെ വരാം എന്നു പറയാറുണ്ടെങ്കിലും പലപ്പോഴും കേസന്വേഷണം നീണ്ടു പോകും. നാളെ എന്നുള്ളത് ദിവസങ്ങളോ ചിലപ്പോൾ ആഴ്ചകളോ ആയി മാറും.
നമ്മൾ കടന്നുപോകുന്ന സങ്കീർണമായ സാഹചര്യങ്ങളെക്കുറിച്ചോ സാഹസികതകളെക്കുറിച്ചോ അപകടസാധ്യതകളെക്കുറിച്ചോ വീട്ടുകാരോട് അധികം വിവരിക്കാറില്ല. അവർ പേടിക്കാൻ ഇടയാകും. അതുകൊണ്ടാണ് സിനിമ കണ്ടപ്പോൾ ഇതൊക്കെ തന്നെയല്ലേ നിങ്ങളുടെ അന്വേഷണത്തിലും ഉണ്ടാകുന്നതെന്ന് അവർ ചോദിക്കുന്നത്.
അലച്ചിലും യാത്രയും
സിനിമയിലെ പ്രധാന കേസായ കാസർഗോഡ് കൊലപാതകവുമായി ബന്ധപ്പെട്ട് 16 ദിവസത്തെ യാത്രയാണ് വേണ്ടിവന്നത്. ഇരിക്കൂറിലെ കുഞ്ഞാമിന വധവുമായി ബന്ധപ്പെട്ട് 24 ദിവസത്തെ യാത്ര വേണ്ടിവന്നു.
സ്ക്വാഡായി പ്രവർത്തിച്ചപ്പോൾ പലപ്പോഴും പ്രിയപ്പെട്ടവരുടെ പല ആഘോഷങ്ങൾക്കും പങ്കുചേരാൻ പറ്റിയില്ല എന്നതൊരു യാഥാർഥ്യമാണ്. ഇഷ്ടമുള്ളപ്പോൾ അവധിയെടുക്കാനും പോകാനുമൊന്നും പലപ്പോഴും കഴിയാറില്ല.
ഒരു കേസ് കിട്ടിയാൽ ഒരു നിമിഷം പോലും കളയാതെ അതിന്റെ പിന്നാലെ പോയെങ്കിൽ മാത്രമേ പ്രതികളെ വലയിലാക്കാൻ കഴിയൂ. നമ്മൾ നഷ്ടപ്പെടുത്തുന്ന ഒരു നിമിഷം മതി ഒരുപക്ഷേ, പ്രതി നമ്മുടെ വലയിൽനിന്നു രക്ഷപ്പെട്ടുപോകാൻ. കണ്ണൂർ സ്ക്വാഡ് എന്ന സിനിമയിലും സമയത്തിന്റെ ഈ പ്രാധാന്യത്തെ ചൂണ്ടിക്കാട്ടുന്ന നിരവധി പ്രതികരണങ്ങളും നീക്കങ്ങളും നായകൻ എഎസ്ഐ ജോർജ് നടത്തുന്നുണ്ട്.
കൂട്ടായ്മയുടെ വിജയം
സിനിമയിൽ ഉള്ളതിനേക്കാൾ കഠിനമായിരുന്നു പലപ്പോഴും പ്രതികളെ അന്വേഷിച്ചുള്ള റോഡ് യാത്രകൾ. ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ ഭക്ഷണം, സൗകര്യം, വൃത്തി ഇതെല്ലാം പ്രതിസന്ധികളായിരുന്നു. ഉറങ്ങാൻ സാധിക്കാത്ത നിരവധി ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്.
തുടർച്ചയായ യാത്രകൾമൂലം ആകെ തളർന്നുപോയ അവസരങ്ങളുമുണ്ട്. എങ്കിലും പ്രതി മുന്നിലുണ്ടെന്ന് ചിന്തിക്കുന്പോൾ എല്ലാവരും എല്ലാ ക്ഷീണവും മറക്കും. അങ്ങനെ ആത്മാർഥമായി നടത്തിയ അന്വേഷണങ്ങളാണ് നിരവധി കേസുകളിലെ പ്രതികളിലേക്ക് ഞങ്ങളെ എത്തിച്ചത്.
എന്റെയൊപ്പം എട്ടു പേരുണ്ടായിരുന്നു സ്ക്വാഡിൽ. ഏറ്റെടുത്ത കേസുകളെല്ലാം വിജയിച്ചിട്ടുണ്ടെങ്കിൽ അതിന്റെ അർഥം സ്ക്വാഡിലുണ്ടായിരുന്ന എല്ലാവരും ഒരേ മനസോടെ ഒറ്റക്കെട്ടായി പ്രവർത്തിച്ചു എന്നതാണ്. 13 വർഷത്തോളം കണ്ണൂർ എസ്പിയുടെ സ്ക്വാഡിൽ ഞാൻ അംഗമായിരുന്നു.
എസ്പിമാർ മാറി വരുന്പോഴും ഞങ്ങളെ നിലനിർത്താൻ എസ്പിമാർ കാണിച്ച ആത്മവിശ്വാസം കൂടിയാണ് കണ്ണൂർ സ്ക്വാഡിന്റെ പോരാട്ടവീര്യം. പോലീസ് ജീവിതത്തിലെ സുവർണ കാലഘട്ടമായിരുന്നു സ്ക്വാഡിലെ പ്രവർത്തനമെന്ന് ബേബി ജോർജ് ആവേശത്തോടെ പറയുന്നു.
റെനീഷ് മാത്യു