അക്ഷരനിധിയുടെ കാവലാൾ
Sunday, May 28, 2023 1:30 AM IST
ഏറെപ്പേരും വാട്സ്ആപ്പിൽ ജീവിക്കുന്ന ഇക്കാലത്ത് അച്ചടിക്കപ്പെട്ട പത്രമാസികകളെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരാൾ. ഒന്നര നൂറ്റാണ്ടു മുൻപു വരെയുള്ള പ്രസിദ്ധീകരണങ്ങൾ ഭദ്രമാക്കി സൂക്ഷിക്കുകയും ഇടയ്ക്കിടെ ഈ പഴയ കോപ്പികൾ വായിക്കുകയും ചെയ്യുന്ന വിൻസെന്റ് പുത്തൂർ.
പ്രസാധനം തുടരുന്നതും നിലച്ചുപോയതുമായ 1,114 ആനുകാലികങ്ങളുടെ ശേഖരമാണ് തൃശൂർ കണ്ണപുരത്ത് വിൻസെന്റിന്റെ മൈത്രം വീടിന്റെ ആസ്തി.
പ്രഭാതപത്രം, മധ്യാഹ്നപത്രം, സായാഹ്നപത്രം, വാരിക, ദ്വൈവാരിക, മാസിക, ദ്വൈമാസിക, ത്രൈമാസിക എന്നിങ്ങനെ പ്രസിദ്ധീകരണങ്ങളുടെ നിര. ഇന്നത്തെ തലമുറ കണ്ടിട്ടും കേട്ടിട്ടുമില്ലാത്തവയാണ് ലതും. ഇതിൽ ഏറെയും പ്രസിദ്ധീകരണം നിലച്ചുപോയതുമാണ്. ഒരുപക്ഷേ, പ്രസിദ്ധീകരണം തുടങ്ങിയവർക്കും നടത്തിയവർക്കും മുദ്രണശാലയ്ക്കു പോലും അവയുടെ കോപ്പികൾ ഇന്നുണ്ടാവില്ല.
ബ്രോഡ്ഷീറ്റ്, ബെർലിനർ, ടാബ്ലോയ്ഡ്, ക്രൗണ് ക്വാർടൊ, ലിറ്റിൽ മാഗസിൻ, ഇൻലൻഡ് മാഗസിൻ മുതലായ ഫോർമാറ്റുകളിൽ ഇറങ്ങിയ ഈ പത്രമാസികൾ ചരിത്രമ്യൂസിയങ്ങളിൽപോലും ഉണ്ടാവണമെന്നില്ല. ഇയർ ബുക്കുകളും മറ്റു വൈജ്ഞാനിക പതിപ്പുകളും ഉൾപ്പെടെ വേറെയും ശേഖരം. മൈത്രം വീടിനെ അടുക്കും ചിട്ടയുമുള്ളൊരു ഗ്രന്ഥശാലയെന്നോ വിജ്ഞാനകേന്ദ്രമെന്നോ വിശേഷിപ്പിക്കാം. അലമാരകളിലും റേക്കുകളിലും ഭദ്രമാക്കിയിരിക്കുന്നു ഈ അറിവിന്റെ ശേഖരം.
സാമൂഹ്യ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയ പലരുടേയും പ്രോജക്റ്റ് റിപ്പോർട്ടിൽ അസിസ്റ്റന്റ് ഗൈഡ് ഫോർ ഡോക്യുമെന്റേഷൻ-വിൻസെന്റ് പുത്തൂർ എന്നു കാണുന്നതിൽ അതിശയമില്ല. മീഡിയ വിദ്യാർഥികളും മാധ്യമപ്രവർത്തകരും ഗ്രന്ഥരചയിതാക്കളുമൊക്കെ ഇതു കൗതുകത്തോടെ കാണുകയും താൾപ്പുറങ്ങൾ മറിക്കുകയും കുറിപ്പുകൾ എഴുതുകയും ചെയ്യാറുണ്ട്.
മലയാളത്തിലും ഇംഗ്ളീഷിലുമായി ഇന്ത്യയിൽ നിലവിലുള്ളതു കൂടാതെ നിലച്ചുപോയ എണ്ണൂറിൽപരം ആനുകാലികങ്ങളുടെ കോപ്പികൾ വിൻസെന്റിന്റെ ശേഖരത്തിലുണ്ട്. പത്തു വർഷത്തെ പ്രസാധനത്തിനൊടുവിൽ നിർത്തിവയ്ക്കേണ്ടിവന്ന വിൻസെന്റിന്റെ പത്രാധിപത്യത്തിൽതന്നെയുണ്ടായിരുന്ന ജനത എന്ന ദിനപത്രവും ശേഖരത്തിൽപ്പെടും.
1850-ൽ പ്രസാധനം നിലച്ച രാജ്യസമാചാരം മുതൽ അടുത്തയിടെ അച്ചടിനിർത്തിയ സംസ്കാരിക മാസിക ഓറ വരെ ഉൾപ്പെടുന്നതാണ് വിജ്ഞാന കലവറ. 1887-ൽ ആരംഭിച്ച ദീപികയും 2019 നവംബറിൽ തുടങ്ങിയ ഗ്രാമപത്രിക മാസികയുമൊക്കെ ഇതിൽപ്പെടും. ശേഖരത്തിലുള്ള ഓരോ പ്രസിദ്ധീകരണവും നന്പർ ക്രമത്തിലാണ് സൂക്ഷിക്കുന്നത്. 1889 നവംബറിൽ പുറത്തിറക്കിയ വിദ്യാവിനോദിനിയാണ് നന്പർ ഒന്ന്. ഗ്രാമപത്രിക നന്പർ 1114.
ഓരോ പ്രസിദ്ധീകരണവും കൈവശം എത്തുന്ന ക്രമത്തിലാണ് നന്പർ കൊടുക്കുന്നത്. ഇക്കാരണത്താലാണ് മലയാളത്തിലെ പ്രഥമ വർത്തമാനപത്രമായി അറിയപ്പെടുന്ന രാജ്യസമാചാരത്തിനും (1847) ഇന്ത്യയിലെ ആദ്യത്തേതായ ബംഗാൾ ഗസറ്റ് (1780) ഇംഗ്ളീഷ് പത്രത്തിനും പട്ടികയുടെ ഒന്നാം നിരയിൽ ഇടം ലഭിക്കാതെ പോയത്. അവയുടെ പ്രതികൾ മൈത്രത്തിലെത്താൻ അൽപം വൈകിപ്പോയി. നന്പർ നൽകിയ ആനുകാലികം റഫറൻസ് മ്യൂസിയത്തിൽ വച്ചശേഷം അതിന്റെ മറ്റു ലക്കങ്ങൾ വീട്ടിൽ മറ്റൊരിടത്താണ് സൂക്ഷിക്കുന്നത്.
നിലച്ചുപോയ പല പ്രസിദ്ധീകരണങ്ങളുടെയും കോപ്പികൾ ഏറെ ക്ലേശകരമായാണ് ഇദ്ദേഹം സ്വന്തമാക്കിയത്. പഴയകാല പ്രസിദ്ധീകരണങ്ങളുടെ പ്രതികൾ നൽകാൻ ലൈബ്രറി ഉടമകൾ വിസമ്മതിച്ചതിനാൽ പലതിന്റെയും പകർപ്പാണ് ലഭിച്ചത്. കേരള സാഹിത്യ അക്കാദമിയുടെ പഠനകേന്ദ്രത്തിൽ നിന്ന് കുറെ കോപ്പികൾ ശേഖരിക്കാനായി.
രാജ്യസമാചാരം മുതൽ ഓറ വരെ 170 വർഷങ്ങളിലെ ആനുകാലികങ്ങൾ ഏതൊക്കെയെന്ന് ചോദിച്ചാൽ വിൻസെന്റ് കൃത്യമായി ഉത്തരം നൽകും. ഓരോ പ്രസിദ്ധീകരണത്തിന്റെയും സ്ഥാപകൻ, ലക്ഷ്യം, ഉള്ളടക്കം എന്നിവയൊക്കെ ഇദ്ദേഹത്തിന് മനപാഠമാണ്.
കുട്ടികളുടെ ദീപിക, മലയാളനാട്, മനോരാജ്യം, മാമാങ്കം, പൂന്പാറ്റ, ലാലുലീല, സംഹിത, സമീക്ഷ, സരസൻ തുടങ്ങി എണ്ണമറ്റ പ്രസിദ്ധീകരണങ്ങൾ. കല്ലച്ചിൽ തുടങ്ങി കംപ്യൂട്ടറിൽ എത്തിയ അച്ചടിയുടെ പരിണാമം. ബ്ലാക്ക് ആൻഡ് വൈറ്റിൽനിന്നും കളറിലേക്കുള്ള മാറ്റം. കച്ചിക്കടലാസിൽ നിന്ന് പളുപള മിന്നുന്ന വിദേശ കടലാസിലേക്കുള്ള മാറ്റം. ഫിലിമിൽനിന്ന് ഡിജിറ്റലിലേക്കുള്ള ഫോട്ടോയുടെ മാറ്റം. ഇത്തരത്തിൽ പത്രപ്രവർത്തന പഠിതാക്കൾക്ക് അമൂല്യമായ അറിവാണ് ഈ വീട് പകർന്നുതരുന്നത്.
നവാബ് രാജേന്ദ്രന്റെ നവാബ്, ഫാദർ വടക്കന്റെ തൊഴിലാളി, പി. നാരായണൻനായരുടെ ജന്മി തുടങ്ങി പല പ്രസിദ്ധീകരണങ്ങളും പത്രാധിപരുടെ മരണത്തോടെ നിലച്ചുപോയി. രസികരഞ്ജിനി, മംഗളോദയം, പതാക, ലക്ഷ്മിഭായി, സുമംഗല, മിതവാദി, ജയകേരളം, അൽ-അമീൻ, ദീനബന്ധു തുടങ്ങി ഇന്നത്തെ വായനക്കാർക്ക് പരിചിതമല്ലാത്ത പ്രസിദ്ധീകരണങ്ങൾ ഇവിടെയുണ്ട്.
വക്കം അബ്ദുൾ ഖാദർ മൗലവി ആരംഭിച്ച സ്വദേശാഭിമാനിയിൽ പത്രാധിപർ കെ. രാമകൃഷ്ണപിള്ള തിരുവിതാംകൂർ ദിവാന്റെ ദുർഭരണത്തിനെതിരെ ശക്തമായ ഭാഷയിൽ ലേഖനങ്ങളെഴുതി. 1905-ൽ ആരംഭിച്ച സ്വദേശാഭിമാനി അങ്ങനെ 1910-ൽ സർക്കാർ നിരോധിച്ചു. വിദേശ വാർത്തകൾ ലഭിക്കാൻ റോയിറ്റേഴ്സ് ന്യൂസ് ഏജൻസിയുമായി കരാറുണ്ടാക്കിയ ആദ്യത്തെ മലയാള പത്രമാണിതെന്ന് വിൻസെന്റ് പറഞ്ഞു.
രാമവർമ അപ്പൻ തന്പുരാൻ 1902-ൽ തുടങ്ങിയ മാസികയാണു രസികരഞ്ജിനി. ഭാഷാശുദ്ധിയിലും വിഷയവൈവിധ്യത്തിലും മറ്റു പ്രസിദ്ധീകരണങ്ങൾക്ക് മാതൃകയായിരുന്നു അത്. പിന്നീട് അദ്ദേഹം മംഗളോദയം മാസിക 1911-ൽ ഏറ്റെടുത്ത് മികവുറ്റ സാഹിത്യ മാസികയാക്കി ഭേദപ്പെടുത്തി. സാന്പത്തിക ഞെരുക്കത്തെത്തുടർന്നു രണ്ടു മാസികകളും വൈകാതെ പൂട്ടി.
വായനക്കാരെ ഏറെ ആകർഷിച്ച പ്രസിദ്ധീകരണമായിരുന്നു പതാക. സാമൂഹിക നീതിക്കുവേണ്ടി ആത്മാർപ്പണം ചെയ്ത നവോത്ഥാന നായിക പാർവ്വതി നെന്മനിമംഗലത്തിന്റെ പത്രാധിപത്യത്തിലാണ് പതാക പുറത്തിറങ്ങിയത്.
മഹാകവി കുമാരനാശാൻ 1904-ൽ സ്ഥാപിച്ച വിവേകോദയവും മികവു പുലർത്തി. വനിതാ മാസികകളിൽ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു ലക്ഷ്മിഭായിയും (1905), സുമംഗലയും (1916). സ്ത്രീ വിമോചനം, ശൈശവ വിവാഹത്തിന്റെ പ്രശ്നങ്ങൾ, സാമൂഹിക പുരോഗതിയിൽ സ്ത്രീകളുടെ പങ്ക് തുടങ്ങിയ വിഷയങ്ങളായിരുന്നു ഉള്ളടക്കം.
സ്വതന്ത്ര്യ സമരസേനാനി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് തുടങ്ങിയതാണ് അൽ അമീൻ (1924). മുസ്ലീംകളിൽ ദേശസ്നേഹം വളർത്തുന്നതിൽ ഈ പത്രം വലിയ പങ്കു വഹിച്ചു. രണ്ടാം ലോകയുദ്ധത്തിൽ ബ്രിട്ടനോട് നിസഹകരിക്കാൻ ആഹ്വാനം ചെയ്തതിനെ തുടർന്ന് 1939-ൽ അൽ അമീന് പൂട്ടുവീണു.സ്വാതന്ത്ര്യസമര പോരാളികൾക്ക് ആവേശം പകർന്ന ദീനബന്ധു ജി.ശങ്കരക്കുറുപ്പിന്റെയും ഉള്ളൂരിന്റെയും രചനകളാൽ സന്പന്നമായിരുന്നു. 1962-ൽ അത് നിലച്ചു.
ഇക്കാലത്ത് കാണാൻ കിട്ടാനില്ലാത്ത ഇംഗ്ളീഷ് പ്രസിദ്ധീകരണങ്ങളുടെ ശേഖരം കൗതുകം സമ്മാനിക്കും. സി. രാജഗോപാലാചാരി സ്ഥാപിച്ച സ്വരാജ്യ (1956), ആർ.കെ. കരഞ്ജിയയുടെ ബ്ലിറ്റ്സ് (1941), ജോർജ് ഫെർണാണ്ടസിന്റെ ദ അതർ സൈഡ് (1952), ടൈംസ് ഗ്രൂപ്പിന്റെ ദ ഇലസ്റ്റ്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യ (1901), ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിന്റെ ജെന്റിൽമാൻ (1980) മുതലായവയുടെ കോപ്പികൾ ഇവിടെ കാണാം.
അതിസൂക്ഷ്മതയോടെയാണ് ഇവയെല്ലാം വിൻസെന്റ് സംരക്ഷിക്കുന്നത്. ഈർപ്പം ഏൽക്കാതെയും ചിതലരിക്കാതെയും പൊടിയാതെയും ന്യൂസ് പ്രിന്റ് സൂക്ഷിക്കുക ഏറെ ക്ലേശകരമാണ്. അക്ഷരങ്ങളെയും അറിവിനെയും ആദരിക്കുന്നവർക്കു മാത്രമേ നൂറ്റാണ്ടു പഴക്കമുള്ള ഇവയൊക്കെ ഇത്ര ഭദ്രമായി കരുതിവയ്ക്കാനാകൂ.
മാധ്യമരംഗത്തു വിസ്മയമായി മാറിയ ഈ അച്ചടിശേഖരം വസതിയിലുണ്ടായിട്ടും ഇവയുടെ ഒരു പ്രദർശനം പോലും വിൻസെന്റ് നടത്തിയിട്ടില്ല. ആരു ചോദിച്ചാലും ഒരു കോപ്പിപോലും തരില്ലെന്നു പറയാൻ കാരണമുണ്ട്.
ഒരു പ്രമുഖ സംരംഭം തൃശൂരിൽ നടത്തിയ പ്രദർശനത്തിലേക്ക് വിൻസെന്റിന്റെ ഈ നിധിശേഖരം കൊണ്ടുപോയി. 1967 മുതൽ അലഞ്ഞും അന്വേഷിച്ചും പണംകൊടുത്തും സ്വന്തമാക്കിയ 350 ആനുകാലികങ്ങൾ അവർ വാങ്ങിക്കൊണ്ടുപോയി. പ്രദർശനം തൃശൂരിൽനിന്നു കൊച്ചിയിലേക്കും അവിടെനിന്ന് തിരുവനന്തപുരത്തേക്കും നീങ്ങി. ആ പര്യടനത്തിൽ അമൂല്യ സന്പാദ്യം എന്നന്നേക്കുമായി നഷ്ടമായി. അതിനു ശേഷം സമാഹരിച്ചതാണ് ഇപ്പോഴുള്ള 1,114 പ്രസിദ്ധീകരണങ്ങൾ.
പ്രമുഖ പത്രപ്രവർത്തകൻ വി.കെ. മാധവൻകുട്ടി ഇന്ദിരയുടെ അടിയന്തിരം എന്ന ശീർഷകത്തിൽ മുഖ്യധാരാ പ്രസിദ്ധീകരണത്തിൽ ഒരു ലേഖനപരന്പര എഴുതിയിരുന്നു. അടിയന്തിരാവസ്ഥയിലെ (1975-77) അതിക്രമങ്ങൾക്കും കുടുംബവാഴ്ചക്കുമെതിരെ 13 ലക്കങ്ങളിൽ അച്ചടിച്ചുവന്ന ഗൗരവമേറിയ ലേഖനം. കേരളത്തിൽനിന്ന് ഡൽഹിയിലേക്കു താമസം മാറ്റുന്നതിനിടയിൽ മാധവൻകുട്ടിക്ക് കോപ്പികൾ നഷ്ടപ്പെട്ടു. പ്രസിദ്ധീകരിച്ച സ്ഥാപനത്തിലും കോപ്പി ഉണ്ടായിരുന്നില്ല.
‘ഇന്ദിരയുടെ അടിയന്തിരം’ പുസ്തകമായി അച്ചടിക്കാൻ ആഗ്രഹിച്ച മാധവൻകുട്ടി ആകെ അങ്കലാപ്പിലായി. ആഴ്ചകൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് അദ്ദേഹം വിൻസെന്റ് പുത്തൂർ എന്നൊരു പേരുകേട്ടത്. മാധവൻകുട്ടി ആവശ്യപ്പെട്ടതനുസരിച്ച് പതിമൂന്നു ലേഖനങ്ങളുടെയും പകർപ്പെടുത്ത് വിൻസെന്റ് ഡൽഹിയിലേക്ക് അയച്ചുകൊടുത്തു. നന്ദി അറിയിച്ചുകൊണ്ട് മാധവൻകുട്ടി അയച്ച കത്ത് വിൻസെന്റ് ഇപ്പോഴും ഭദ്രമായി സൂക്ഷിക്കുന്നു. ഇതുപോലെയുള്ള ബഹുമതിക്കത്തുകൾ മതി എനിക്ക് ഏറെക്കാലം മുന്നോട്ടു പോകാനുള്ള ഊർജം സമ്മാനിക്കാൻ എന്ന് വിൻസെന്റ് പറയുന്നു.
അക്ഷരനിധി ഇനിയും വലുതാക്കണമെന്നാണ് വിൻസെന്റിന്റെ ആഗ്രഹം. പതിവുപോലെ പുതിയ ആനുകാലികങ്ങൾ തിരക്കി ഇദ്ദേഹം ഇപ്പോഴും നഗരങ്ങളിലൂടെ അലയുകയാണ്. പെട്ടിക്കടകൾ മുതൽ ബുക്സ്റ്റാളുകൾ വരെ കയറിയിറങ്ങുന്നു.
ചിലപ്പോഴൊക്കെ പഴയ പ്രസിദ്ധീകരണങ്ങൾ കരുതി വയ്ക്കുന്ന സുഹൃത്തുക്കളുടെ വീടുകളിൽപോകും. കേരളത്തിന് ഇത്ര പ്രൗഢമായൊരു പ്രസാധന ചരിത്രമുണ്ടെന്ന തിരിച്ചറിവാണ് വിൻസെന്റിന്റെ പ്രസിദ്ധീകരണശേഖരം ഓർമിപ്പിക്കുന്നത്.
വിജയ് സി.എച്ച്.