ടൈറ്റാനിക് ശേഷിപ്പുകളുടെ പുതിയ കാഴ്ചകൾ
Sunday, June 4, 2023 1:37 AM IST
1912 ഏപ്രിൽ 15ലെ ടൈറ്റാനിക് മഹാദുരന്തം 111 വർഷം പിന്നിടുന്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. അക്കാലത്തെ ഏറ്റവും വലിയ ആഡംബരക്കപ്പലായിരുന്ന റോയൽ മെയിൽ സ്റ്റീമർ ടൈറ്റാനിക് ഏപ്രിൽ പത്തിന് ബുധനാഴ്ച ഇംഗ്ലണ്ടിലെ സൗത്താംപ്ടണിൽനിന്ന് അമേരിക്കയിലെ ന്യൂയോർക്കിലേക്ക് പുറപ്പെട്ടു.
ജീവനക്കാരുൾപ്പെടെ 2,223 പേരുടെ യാത്ര അഞ്ചാംദിനം ഞായറാഴ്ച രാത്രി 11.40ന് ഉത്തര അറ്റ്ലാന്റിക്കിലെ മഞ്ഞുമലയിൽ ഇടിച്ചുണ്ടായ ദുരന്തത്തിൽ കലാശിച്ചു. ആ ഇംഗ്ലീഷ് ആഡംബരക്കപ്പലും യാത്രക്കാരിൽ 1,517 പേരും കടലാഴങ്ങളിൽ താഴ്ന്നു.
അതിന്റെ വാർഷികങ്ങൾ, കപ്പലിനെയും ദുരന്തത്തെയും യാത്രക്കാരെയും കുറിച്ചുള്ള ഉദ്വേഗഭരിതമായ വാർത്തകൾ, പുസ്തകങ്ങൾ, സിനിമകൾ, അന്വേഷണങ്ങൾ തുടങ്ങി യവയൊക്കെ എക്കാലവും ശ്രദ്ധയാകർഷിക്കുന്നു. കന്നിയാത്ര അന്ത്യയാത്രയായി മാറിയ ദുർവിധി. ടൈറ്റാനിക്കിന്റെ ശേഷിപ്പുകൾ. ഓർമയിൽ തറച്ചുപോയ നങ്കൂരം. എല്ലാം ഇക്കാലത്തും ചർച്ച ചെയ്യപ്പെടുന്നു.
സമുദ്രത്തിന്റെ 12,500 അടി താഴ്ചയിൽ കിടക്കുന്ന ടൈറ്റാനിക് അവശിഷ്ടങ്ങളുടെ വ്യക്തമായ ത്രീ ഡി ചിത്രങ്ങൾ ആഴക്കടൽ മാപ്പിംഗിലൂടെ മഗെല്ലൻ സമുദ്രഗവേഷക കന്പനി പുറത്തുവിട്ടതാണ് പുതിയ വിസ്മയക്കാഴ്ച.
കടലാഴങ്ങളിൽ അന്ത്യനിദ്ര പൂകുന്ന ടൈറ്റാനിക്കിന്റെ ഭാഗങ്ങൾ റോബോട്ട് സഹായത്തോടെ നൂതന കാമറകൾ ഒപ്പിയെടുത്തു മാത്രമേ അടുത്ത കാലം വരെ ലോകം കണ്ടിട്ടുള്ളു.
കപ്പൽഭാഗങ്ങളും അവശിഷ്ടങ്ങളും പൂർണവും വ്യക്തവുമായി കാണാവുന്ന ഏഴര ലക്ഷം ത്രീ ഡി ദ്യശ്യങ്ങളും വീഡിയോകളുമാണ് മഗെല്ലൻ ശേഖരിച്ചിരിക്കുന്നത്. ഉത്തര അറ്റ്ലാന്റിക്കിന് മധ്യത്തിലായി ആഴ്ചകളുടെ ശ്രമത്തിൽ രണ്ട് അന്തർവാഹിനികളാണ് ചിത്രങ്ങൾ പകർത്തിയതെന്ന് മഗെല്ലന്റെ പ്രതിനിധി റിച്ചാർഡ് പാർക്കിൻസൻ വെളിപ്പെടുത്തി.
ഇതാദ്യമായാണ് ടൈറ്റാനിക്ക് അവശിഷ്ടങ്ങളുടെ അകംപുറം കാഴ്ചകളുടെ പൂർണ രൂപത്തിലുള്ള ഡിജിറ്റൽ സ്കാനിംഗ് അറ്റ്ലാന്റിക് പ്രൊഡക്ഷൻസ് തയാറാക്കുന്ന ഡോക്യുമെന്ററിക്കുവേണ്ടി നടത്തിയിരിക്കുന്നത്. ടൈറ്റാനിക്കിന്റെ പ്രതിരൂപം എന്നാണ് ഡോക്യുമെന്ററിക്ക് നേതൃത്വം നൽകുന്ന ആന്റണി ജെഫെൻ ത്രീ ഡി സ്കാനിംഗിനെ വിശേഷിപ്പിക്കുന്നത്.
കാനഡാ തീരത്തുനിന്ന് 430 കിലോമീറ്റർ മാറി അറ്റ്ലാന്റിക് അടിത്തട്ടിലുള്ള ടൈറ്റാനിക് അവശിഷ്ടങ്ങളുടെ ചിത്രീകരണം നടത്തിയത് റോമിയോ, ജൂലിയറ്റ് എന്നീ അന്തർവാഹിനികൾ 400 മണിക്കൂർ വിനിയോഗിച്ചാണ്.
സമുദ്രത്തിന്റെ 3.8 കിലോമീറ്റർ ആഴത്തിൽ മൂന്നു കിലോമീറ്റർ ചുറ്റളവിൽ അവശിഷ്ടങ്ങൾ കിടപ്പുണ്ട്. അതിനാൽ ചിത്രീകരണവും വിവരശേഖരണവും വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. അവശിഷ്ടങ്ങളിലൊന്നിനുപോലും സ്ഥാനചലനം സംഭവിക്കാത്ത വിധമായിരിക്കണം ചിത്രീകരണമെന്ന് ബ്രിട്ടന്റെ നിബന്ധനയുണ്ടായിരുന്നു.
നൂതന ഫോട്ടോ റിയലിസ്റ്റിക് ത്രീ ഡി മോഡലിൽ കപ്പലിന്റെ എല്ലാ ഭാഗങ്ങളും കരയിൽ എന്നതുപോലെ കാണാം. ഇതിന്റെ അടിസ്ഥാനത്തിൽ യഥാർഥ ദുരന്തകാരണം കണ്ടെത്താനും സാധിക്കും. അറ്റ്ലാന്റിക് പ്രൊഡക്ഷൻസിന്റെ ടൈറ്റാനിക് ഡോക്യുമെന്ററി വൈകാതെ പുറത്തുവരും.
പ്രസക്തവും അപ്രസക്തവുമായ ഓരോ ഭാഗവും ഓരോ ചതുരശ്ര അടിയിൽ പ്രത്യേകമായെടുത്ത് ഓരോ ഇഞ്ചും കൃത്യതയോടെ സ്കാൻ ചെയ്തിട്ടുണ്ട്. ചെളിയിലും ഐസിലും പൊതിഞ്ഞു നാശോന്മുഖമായിക്കൊക്കൊണ്ടിരിക്കുന്ന ചെറിയൊരു അവശിഷ്ടത്തിൽനിന്നാവും ഒരു പക്ഷെ നിർണായകമായ വിവരം ലഭിക്കുക.
ഉരുക്കുപാളികൾ കാലപ്പഴക്കത്തിൽ ക്ലാവ് പൊതിഞ്ഞ് പച്ചനിറമായിരിക്കുന്നു. കപ്പൽഭാഗങ്ങളിലെ നട്ടും ബോൾട്ടും മുതൽ പ്രൊപ്പല്ലറുകളുടെയും യന്ത്രങ്ങളുടെയും നിർമാണ സീരിയൽ നന്പറുകൾവരെ ചിത്രീകരിച്ചിട്ടുണ്ട്. മുകൾ നിലയിൽനിന്നു താഴത്തെ നിലകളിലേക്കുള്ള ഗോവണിപ്പടികളുടെ ശേഷിപ്പുകളും മൂന്നു ക്ലാസുകളിലുംപെട്ട യാത്രക്കാരുടെ കാബിനുകളും ലഗേജ് അവശിഷ്ടങ്ങളുമൊക്കെ കണ്ടെത്തിയിട്ടുണ്ട്.
അലങ്കാരസാധനങ്ങൾ, ലോഹപ്രതിമകൾ, അടപ്പുതുറക്കാത്ത ഷാംപെയിൻ കുപ്പികൾ, പാദരക്ഷകൾ എന്നിവയൊക്കെ ചിതറി ചെളിയിൽ പൂണ്ടു കിടക്കുന്നു.
തിരകളെ വകഞ്ഞ് പരമാവധി വേഗത്തിൽ കുതിച്ചുകൊണ്ടിരുന്ന ടൈറ്റാനിക് മഞ്ഞുമലയിൽ ഇടിച്ച് കപ്പലിന്റെ അടിത്തട്ട് തകരുകയും വെള്ളം കയറി മണിക്കൂറുകൾക്കുള്ളിൽ കടലിൽ ആഴ്ന്നുവെന്നതാണ് ചരിത്രം പഠിപ്പിക്കുന്നത്. കപ്പൽ മഞ്ഞുമലയിൽ ആഴ്ന്നുപോയതാണോ എന്നതും വിദഗ്ധർക്ക് ത്രിമാന ചിത്രങ്ങളിലൂടെ കണ്ടെത്താനാകും.
ഏറെക്കുറെ നാശാവസ്ഥയിലേക്ക് ദ്രവിച്ചുകൊണ്ടിരിക്കുന്ന കപ്പലിന്റെ വ്യക്തത നൽകുന്ന അവസാന ചിത്രമാകും ഇതെന്നാണ് വിദഗ്ധർ പറയുന്നത്.കപ്പലിന്റെ നിർമാണത്തിൽ വീഴ്ചയുണ്ടായോ എന്നതിലും സ്ഥിരീകരണമുണ്ടാകണം.
അറ്റ്ലാന്റിക്കിന്റെ ആഴങ്ങളിലെവിടെയോ കിടക്കുന്ന കപ്പലിന്റെ പിൽക്കാലത്തെ അവസ്ഥ അറിയാൻ നടത്തിയ ശ്രമങ്ങൾക്കൊടുവിൽ 1985ലാണ് ഏതാനും ഭാഗങ്ങളുടെ ചിത്രങ്ങൾ സാങ്കേതിക വിദ്യയിലൂടെ കണ്ടെത്തിയത്. അക്കാലത്തെ ഏറ്റവും വലിയ വിസ്മയക്കാഴ്ചയായിരുന്നു ആ ചിത്രങ്ങൾ.
ഇപ്പോഴിതാ അടിത്തട്ട് പിളർന്ന നിലയിൽ നാശാവസ്ഥയിലുള്ള കപ്പൽഭീമന്റെ പുറംകവവും ഉൾഭാഗങ്ങളും മാത്രമല്ല ഉള്ളിലും സമീപങ്ങളിലും അവശേഷിക്കുന്ന അവശിഷ്ടങ്ങളുടെ വ്യക്തമായ ചിത്രമാണ് ത്രീഡിയിൽ കാണാനാവുക.
ആഭരണങ്ങൾ, പാത്രങ്ങൾ, കുപ്പികൾ തുടങ്ങി ഒട്ടേറെ അവശിഷ്ടങ്ങൾ. കൂറ്റൻ സ്രാവിന്റെ പല്ലുകള് അലങ്കാരമാക്കി നിർമിച്ച് സ്വർണ നെക്ലേസിന്റെ ചിത്രംവരെ ഒരു കാബിനുള്ളിൽനിന്നു ശേഖരിച്ചു. കിലോമീറ്ററുകൾ താഴെ കൊടുംതണുപ്പിൽ കടലിന്റെ അടിത്തട്ടിലെ കൂരിരിട്ടിനെ മറികടന്നാണ് യന്ത്രസംവിധാനം വ്യക്തതയാർന്ന ചിത്രങ്ങൾ സ്കാൻ ചെയ്തെടുത്തിരിക്കുന്നത്.
കപ്പലിന്റെ മുൻവശവും പിൻഭാഗവും തമ്മിൽ 2600 അടി അകലത്തിൽ വേർപെട്ട നിലയിലാണിപ്പോൾ. ചില ഉരുക്കുപാളികളും ഉപകരണങ്ങളും ദ്രവിച്ചിട്ടില്ല. ഛിന്നഭിന്നമായ ഭാഗങ്ങൾ ചെളിയിൽ പുതഞ്ഞ നിലയിലാണ്.
അന്നു സംഭവിച്ചത്
ഖനി സമരത്തെത്തുടർന്ന് കൽക്കരിക്ക് കനത്ത ക്ഷാമമുളള കാലമായിരുന്നു അത്. മറ്റു പല കപ്പലുകളും തങ്ങളുടെ യാത്ര ഒഴിവാക്കി ടൈറ്റാനിക്കിനു കൽക്കരി കൈമാറി. മൊത്തം 5892 ടണ് കൽക്കരിയാണ് ടൈറ്റാനിക്കിന്റെ ആറു ദിവസ യാത്രയിലേക്ക് നിറച്ചത്. ഒരു ദിവസത്തെ യാത്രയ്ക്ക് മാത്രം 690 ടണ് കൽക്കരി വേണമായിരുന്നു.
269 മീറ്റർ നീളവും 28 മീറ്റർ വീതിയും അടിമരം മുതൽ പുകക്കുഴൽ വരെ 54 മീറ്റർ ഉയരവുമുളളതായിരുന്നു ഒൻപതു ഡക്കുകളുള്ള ടൈറ്റാനിക്. 3547 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന കൂറ്റൻ കപ്പലിന് ഭാരം 46,328 ടണ്. 46,000 കുതിരശക്തിയാരുന്നു പവർ. പരമാവധി വേഗം മണിക്കൂറിൽ 44 കിലോമീറ്റർ. ആഡംബരത്തിന്റെ ധൂർത്തായിരുന്നു ടൈറ്റാനിക്. ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കായി കരുതിയിരുന്നത് 20,000 കുപ്പി ബിയർ, 1500 കുപ്പി വൈൻ, 8000 സിഗാറുകൾ. ഫസ്റ്റ് ക്ലാസ് പാർലർ ടിക്കറ്റിന് ന്യൂയോർക്കിലെ അന്നത്തെ വില 4350 ഡോളർ.
ഒരിക്കലും മുങ്ങിപ്പോകില്ലെന്നു നിർമാതാക്കൾ വിശേഷിപ്പിച്ച ആ കപ്പൽ മഞ്ഞുമലയിൽ ഇടിച്ച് രണ്ട് മണിക്കൂറും 40 മിനുട്ടിനും ശേഷം പുലർച്ചയോടെ കടലാഴങ്ങളിലേക്ക് പതിക്കുകയായിരുന്നു.
വൈറ്റ് സ്റ്റാർ ലൈൻസിന്റെ ഉടമസ്ഥതയിലുള്ള ടൈറ്റാനിക് വടക്കേ അയർലൻഡിലെ ഹർലാൻഡ് ആൻഡ് വോൾഫ് കപ്പൽ നിർമാണശാലയിലാണ് പണിതത്. 1909 മാർച്ച് 31 ന് ആരംഭിച്ച നിർമാണം പൂർത്തിയാകാൻ മൂവായിരം തൊഴിലാളികളുടെ നാലു വർഷത്തെ അധ്വാനം വേണ്ടിവന്നു.
ആ രാത്രിയാത്രയിലെ കാലാവസ്ഥ കപ്പലിന്റെ പ്രയാണത്തിന് ഒട്ടുംതന്നെ അനുകൂലമായിരുന്നില്ല. കൊടുംതണുപ്പും കാറ്റുമുണ്ടായിരുന്നു. കടന്നുപോയ മറ്റ് കപ്പലുകളിൽനിന്നും സമുദ്ര കണ്ട്രോളിംഗ് കേന്ദ്രങ്ങളിൽനിന്നും ലഭിച്ച അപായമുന്നറിയിപ്പുകൾക്ക് ടൈറ്റാനിക്കിന്റെ ചുമതലക്കാർ ഗൗരവമായ പരിഗണന നൽകിയില്ല. മഞ്ഞുപാളികളും മഞ്ഞുമലയും മുന്നിലുണ്ടെന്ന വ്യക്തമായ സന്ദേശങ്ങൾ തുടരെ ലഭിച്ചിരുന്നു. ഒരു ശക്തിക്കും ടൈറ്റാനിക്കിനെ തകർക്കാനാകില്ലെന്ന മിഥ്യാധാരണയാണ് ദുരന്തകാരണമെന്ന് കാലം വിധിയെഴുതി.
ടൈറ്റാനിക്കിന്റെ ക്യാപ്റ്റനായി നിയോഗിക്കപ്പെട്ടത് മില്ല്യണയേഴ്സ് ക്യാപ്റ്റൻ എന്നറിയപ്പെട്ടിരുന്ന അറുപത്തിരണ്ടുകാരനായ എഡ്വേർഡ് ജോണ് സ്മിത്തിനെയായിരുന്നു. മുൻപ് വൈറ്റ് സ്റ്റാർ ലൈൻ കന്പനിയുടെ തന്നെ ഒളിന്പിക് എന്ന കപ്പലിന്റെയും ക്യാപ്റ്റൻ ഇദ്ദേഹമായിരുന്നു. നാലു പതിറ്റാണ്ടുനീണ്ട സേവനത്തിനുശേഷം ടൈറ്റാനിക്കിന്റെ കന്നിയാത്രയ്ക്കുശേഷം അദ്ദേഹം വിരമിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ദുരന്തം ക്യാപ്റ്റൻ സ്മിത്തിനെയും കടലിനടിയിൽ നിത്യനിദ്രയിലാഴ്ത്തി.
തൊട്ടു മുൻപിൽ മഞ്ഞുമല കണ്ടെത്തി കപ്പൽ അപകട അലാറം മുഴക്കിയെങ്കിലും ഗതി തിരിക്കാൻ വൈകിപ്പോയിരുന്നതായാണ് സൂചന. അടിയന്തരമായി ആരംഭിച്ച രക്ഷാപ്രവർത്തനത്തിൽ സ്ത്രീകളെയും കുട്ടികളെയും ലൈഫ് ബോട്ടുകളിൽ താഴെയിറക്കി. ദൗർഭാഗ്യകരം, ഭീമൻ കപ്പലിൽ ആകെയുണ്ടായിരുന്നത് 20 ലൈഫ് ബോട്ടുകൾ മാത്രം. അതിൽ നാലെണ്ണം പ്രവർത്തനക്ഷമായിരുന്നില്ല. കുറെപ്പേർ ബോട്ടിൽ കയറി രക്ഷപ്പെട്ടു.
കപ്പലിൽനിന്നുള്ള അപായ സന്ദേശങ്ങൾ അറിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ ആർഎംഎസ് കർപാത്തിയ എന്ന കപ്പൽ രക്ഷാപ്രവർത്തനത്തിനെത്തി. 710 യാത്രക്കാരെ ഈ കപ്പലിന് രക്ഷിക്കാനായി. പുലർച്ചെ 2.20-ന് ശേഷിച്ച യാത്രക്കാരും ജീവനക്കാരുമായി ടൈറ്റാനിക് അറ്റ്ലാന്റിക്കിലേക്ക് ആഴ്ന്നിറങ്ങി.
3547 പേർക്ക് യാത്രാ സൗകര്യമുണ്ടായിരുന്ന കപ്പലിൽ ആയിരത്തിലേറെ സീറ്റുകൾ ഒഴിഞ്ഞു കിടന്നിരുന്നു. തേർഡ് ക്ലാസിലെ യാത്രക്കാരിൽ ഏറെപ്പേരും ഇംഗ്ലണ്ട്, അയർലന്റ്, സ്കാൻഡിനേവിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറാൻ ആഗ്രഹിച്ച് യാത്ര പുറപ്പെട്ടവരായിരുന്നു. മരിച്ചവരിൽ ഏറെപ്പേരും കപ്പലിന്റെ തേർഡ് ക്ലാസിലെ യാത്രക്കാരുമായിരുന്നു.
ഡോ. ലിജിമോൾ പി. ജേക്കബ്