ആരുടെ ഇസ്രയേൽ
Sunday, October 22, 2023 12:27 AM IST
കാനാന്യരുടെ അധിവാസകേന്ദ്രമായിരുന്നു ഇസ്രയേലിലെ പല സ്ഥലങ്ങളും. ഇന്നേക്ക് നാലായിരത്തിലേറെ വർഷങ്ങൾക്കു മുന്പേ കാനാന്യർ ഇസ്രയേലിലുണ്ടായിരുന്നു. ബിസി 13-ാം നൂറ്റാണ്ടിലെ ഒരു ഈജിപ്ഷ്യൻ ശിലാലിഖിതത്തിലാണ് ഇസ്രയേൽ എന്ന പേര് ആദ്യമായി കാണുന്നത് (മെർനെപ്താ സ്തംഭം).
“ജറൂസലേമിന്റെ സമാധാനത്തിനുവേണ്ടി പ്രാർഥിക്കുവിൻ, നിന്നെ സ്നേഹിക്കുന്നവർക്ക് ഐശ്വര്യമുണ്ടാകട്ടെ!” കവിയും ഗായകനും രാജാവുമായിരുന്ന ദാവീദ് രചിച്ച 122-ാം സങ്കീർത്തനത്തിലെ ഈ വരികൾ ഈ യുദ്ധകാലത്ത് ആരും ഓർമിച്ചുപോകും.
ജറൂസലേം എന്ന വാക്കിന്റെ നിഷ്പത്തി ഹീബ്രുഭാഷയിലെ ഇർ, ഷാലോം എന്നീ വാക്കുകളിൽനിന്നാണെന്നു പ്രബലമായ ഒരഭിപ്രായമുണ്ട്. "സമാധാനത്തിന്റെ നഗരം' എന്നാണ് അപ്പോൾ അർഥംവരിക. കൂടുതൽ വ്യാപകമായി അംഗീകരിക്കപ്പെട്ടിരിക്കുന്നത് "ഷാലേമിനു പ്രതിഷ്ഠിതം' എന്ന അർഥമാണ്.
ജറൂസലേമിലെ ആദിമനിവാസികളായ കാനാന്യരുടെ പട്ടണത്തിന്റെ കാവൽദേവതയായിരുന്നു ഷാലേം. ബിസി 14-ാം നൂറ്റാണ്ടുവരെയെത്തുന്ന ചരിത്രമുണ്ട് ഈ നഗരത്തിന്. രക്തരൂഷിതമായ നിരവധി പടയോട്ടങ്ങൾക്കും കീഴടക്കലുകൾക്കും സാക്ഷ്യംവഹിച്ച ജറൂസലേം നഗരത്തിന്റെ അതേ ചരിത്രമാണ് ഇസ്രയേലിനുമുള്ളത്.
ഇസ്രയേൽ എന്ന പേര്
കാനാന്യരുടെ അധിവാസകേന്ദ്രമായിരുന്നു ഇസ്രയേലിലെ പല സ്ഥലങ്ങളും. ഇന്നേക്ക് നാലായിരത്തിലേറെ വർഷങ്ങൾക്കു മുന്പേ കാനാന്യർ ഇസ്രയേലിലുണ്ടായിരുന്നു. ബിസി 13-ാം നൂറ്റാണ്ടിലെ ഒരു ഈജിപ്ഷ്യൻ ശിലാലിഖിതത്തിലാണ് ഇസ്രയേൽ എന്ന പേര് ആദ്യമായി കാണുന്നത് (മെർനെപ്താ സ്തംഭം).
ബൈബിൾ പഴയനിയമത്തിൽ, അബ്രാഹത്തിന്റെ പൗത്രനായ യാക്കോബിനു ദൈവം നൽകുന്ന പേരാണ് ഇസ്രയേൽ. ദൈവത്തോടു മല്ലിടുന്നവൻ എന്നാണ് ഈ പദത്തിന്റെ അർഥം. യാക്കോബിന്റെ പന്ത്രണ്ട് മക്കളാണല്ലോ ഇസ്രയേൽ ജനതയായി പിന്നീടു വളർന്ന പന്ത്രണ്ടു ഗോത്രങ്ങളുടെ പിതാക്കന്മാർ.
ബിസി 19-ാം നൂറ്റാണ്ടിൽ അബ്രാഹം കാനാൻ നാട്ടിലെത്തിയെന്ന് ബൈബിളിലെ വിവരണങ്ങളിൽനിന്ന് ഊഹിക്കാം. യാക്കോബിന്റെ വാർധക്യത്തിൽ അദ്ദേഹവും മക്കളും ഈജിപ്തിലെത്തി. ഒരു വലിയ ജനതയായിത്തീർന്ന അവർ അവിടെനിന്നു തിരികെ ഇസ്രയേലിൽ എത്തുന്നത് ബിസി 13-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്.
സാവൂളിന്റെ ഭരണം
ഈജിപ്തിൽനിന്നു മടങ്ങിയെത്തിയ ഇസ്രയേൽ ജനത ബേർഷേബാ മുതൽ ദാൻ വരെയുള്ള ഭൂവിഭാഗത്തിൽ താമസമുറപ്പിച്ചു. ബിസി 1030ൽ ഇസ്രയേൽ ജനത രാഷ്ട്രീയമായി ഒരു വലിയ മുന്നേറ്റം നടത്തി. അവരുടെ ചരിത്രത്തിലെ ആദ്യ രാജാവായി സാവൂൾ ഭരണമാരംഭിച്ചു.
ദാവീദിന്റെ രാജ്യം
സാവൂളിന്റെ പിൻഗാമിയായി രാജാവായത് ഇടയബാലനായ ദാവീദാണ്. വിസ്തൃതമായ ഒരു രാജ്യമായിരുന്നു ദാവീദിന്റേത്. ജറൂസലേമിൽ വസിച്ചിരുന്ന ജബ്യൂസ്യരെ തോല്പിച്ച് ആ പട്ടണം സ്വന്തം തലസ്ഥാനമാക്കി.
ഒരു കാനാന്യ ജനതയായിരുന്നു ജബൂസ്യർ. ഇന്നത്തെ ജറൂസലേം പട്ടണത്തിനു കിഴക്കുപടിഞ്ഞാറായി ദാവീദിന്റെ തലസ്ഥാനത്തിന്റെ നഷ്ടാവശിഷ്ടങ്ങൾ ഇപ്പോഴുമുണ്ട് (സിറ്റി ഓഫ് ഡേവിഡ്-ഒഫേൽ എന്നറിയപ്പെടുന്നു).
യഹൂദമതത്തിന്റെ തലസ്ഥാനമായി ജറൂസലമിനെ മാറ്റിയതും അദ്ദേഹമാണ്. ദാവീദിന്റെ മകൻ സോളമൻ ദാവീദിനെത്തുടർന്ന് രാജാവായി. പ്രഗല്ഭനായ ഭരണകർത്താവും രാജ്യതന്ത്രജ്ഞനുമായിരുന്നു അദ്ദേഹം (ബിസി 965-928). ജറൂസലേമിൽ ആദ്യമായി ദേവാലയം പണിതതും അദ്ദേഹമാണ്.
സോളമനു ശേഷം
സോളമനു ശേഷം രാജ്യം രണ്ടായി. രാജ്യത്തിന്റെ വടക്കുഭാഗത്തെ ഗോത്രങ്ങൾ ഷെക്കം തലസ്ഥാനമായി ഇസ്രയേൽ രാജ്യവും തെക്കുഭാഗത്ത് യൂദാ, ബഞ്ചമിൻ ഗോത്രങ്ങൾ ജറൂസലേം തലസ്ഥാനമാക്കി യൂദയാ രാജ്യവും സ്ഥാപിച്ചു.
ഇസ്രയേലിൽ (സമരിയ) സേനാനായകനായ ജെറോബൊവാമും യൂദയായിൽ സോളമന്റെ മകനായ റെഹോബൊവാമു ആയിരുന്നു പ്രഥമ രാജാക്കന്മാർ. ഈ രാജ്യങ്ങൾ തമ്മിലും ഐക്യമുണ്ടായിരുന്നില്ല.
ബാഹ്യശക്തികളുടെ ആക്രമണത്തിൽ രണ്ടു രാജ്യങ്ങളും ക്രമേണ തകർന്നു. ബിസി 586ൽ ബാബിലോണിലെ രാജാവ് നെബുക്കദ്നെസർ രണ്ടാമൻ യൂദയായെ കീഴടക്കി, ദേവാലയം തകർത്തു, യഹൂദരെ വിപ്രവാസികളായി സ്വന്തം നാട്ടിലേക്കു കൊണ്ടുപോകുകയും ചെയ്തു.
വിദേശഭരണം
ബിസി 539ൽ ഇസ്രയേൽക്കാർ മാതൃദേശത്തു മടങ്ങിയെത്തുകയും ദേവാലയം പുനർനിർമിച്ച് 519ൽ പ്രതിഷ്ഠിക്കുകയും ചെയ്തു. പേർഷ്യൻ രാജാവായ സൈറസ് രണ്ടാമൻ ബാബിലോണിയ കീഴടക്കിയതോടെയാണ് ഇതു സാധിച്ചത്.
ഇസ്രയേലിലെ പേർഷ്യൻ സ്വാധീനം ബിസി 332ൽ അലക്സാണ്ടർ ചക്രവർത്തി പേർഷ്യ കീഴടക്കുന്നതുവരെ തുടർന്നു. തുടർന്നുണ്ടായ യവനമേധാവിത്വം ബിസി 176 വരെയായിരുന്നു. യഹൂദ പാരന്പര്യങ്ങൾ തിരുത്തിക്കുറിക്കാനും മതനിയമങ്ങൾ മാറ്റിയെഴുതാനും ശ്രമിച്ച യവനർക്കെതിരേ യഹൂദർ ശക്തമായ ചെറുത്തുനിൽപു നടത്തി.
യഹൂദരായ ഹസമോണിയൻ കുടുംബക്കാർ നേതൃത്വം നൽകിയ മക്കബായ വിപ്ലവം കഷ്ടിച്ചു നൂറുകൊല്ലത്തെ സ്വയംഭരണമേ ഉറപ്പാക്കിയുള്ളൂ.
അഭയാർഥികളാകുന്നു
പൗരസ്ത്യദേശത്തെ മഹാസാമ്രാജ്യങ്ങൾ തകർന്നടിഞ്ഞപ്പോൾ പാശ്ചാത്യ നാഗരികതയുടെ തലസ്ഥാനമായ റോമിൽ ഒരു വിശ്വമഹാശക്തി ഉയർന്നുവന്നു. ബിസി 63ൽ റോമാ സാമ്രാജ്യത്തിന്റെ ഒരു സാമന്ത പ്രവിശ്യയായി പാലസ്തീന മാറി.
ഫിലിസ്ത്യരുടെ പേരിൽനിന്നുത്ഭവിച്ച ഈ പദമാണ് തുടർന്നിങ്ങോട്ട് ഇസ്രയേലിനു പകരം ഉപയോഗിക്കുക. ഇക്കാലത്താണ് ബിസി, എഡി എന്നു ലോകക്രമത്തെ വിഭജിച്ചുകൊണ്ട് യൂദയായിലെ ബത്ലഹേമിൽ ഈശോമിശിഹ ജനിക്കുന്നത്. ഈശോയുടെ 33 വർഷത്തെ ജീവിതം മുഴുവനും ഇസ്രയേലിൽ ആയിരുന്നു.
റോമായോടുള്ള യഹൂദരുടെ ചെറുത്തുനിൽപുകൾ പലപ്പോഴും രൗദ്രഭാവം കൈവരിച്ചു. അവയൊക്കെ അടിച്ചമർത്തിയ റോമാക്കാർ യഹൂദരുടെ അടയാളങ്ങൾപോലും നാട്ടിൽനിന്നു തുടച്ചുമാറ്റാൻ നിർബന്ധബുദ്ധിയോടെ പ്രവർത്തിച്ചു. എഡി 70ലാണ് ജറൂസലേം ദേവാലയം തർക്കുന്നതും യഹൂദർ ലോകമെങ്ങും അഭയാർഥികളായി അലയാൻ ആരംഭിക്കുന്നതും.
പീഡനങ്ങൾക്കു തുടക്കം
നാലാം നൂറ്റാണ്ടിന്റെ തുടക്കം റോമാസാമ്രാജ്യത്തെയും പ്രവിശ്യകളെയും സംബന്ധിച്ചു പ്രധാനമായിരുന്നു. സാമ്രാജ്യത്തിൽ ക്രിസ്തുമതം അംഗീകരിക്കപ്പെട്ടതിന്റെ ഫലമായി ക്രിസ്തുമതം ത്വരിതഗതിയിൽ വളർന്നു. ഇസ്രയേൽ നാട്ടിലേക്കുള്ള തീർഥാടനം ആരംഭിച്ചു.
നിരവധി ഇസ്രയേൽ നഗരങ്ങളിൽ മെത്രാസനങ്ങളുണ്ടായി. അതേസമയം ഇസ്രയേലിലെ യഹൂദമതസ്ഥർ രാജ്യത്തിന്റെ ഇതരഭാഗമായ ഗലീലി പ്രദേശത്തു താമസമുറപ്പിച്ചു. ടിബേരിയാസ് പട്ടണമായി യഹൂദരുടെ മതകേന്ദ്രം.
എഡി 614ൽ പേർഷ്യൻ പട ജറൂസലേം കീഴടക്കി. ഇരുപതു വർഷങ്ങൾക്കുശേഷം അറബിസൈന്യത്തിന്റെ ആക്രമണത്തിൽ ഇസ്രയേൽ അവർക്കു കീഴടങ്ങി. ആദ്യവർഷങ്ങളിൽ മതസൗഹാർദം നിലനിന്നെങ്കിലും പത്താം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ അമുസ്ലിംകൾ പീഡിപ്പിക്കപ്പെടാൻ തുടങ്ങി.
നിരവധി മുസ്ലിം ദേവാലയങ്ങൾ നിർമിതമായി. ക്രൈസ്തവ ദേവാലയങ്ങൾ തകർക്കപ്പെട്ടു. യൂറോപ്പിൽനിന്നും ബൈസന്റയിൻ സാമ്രാജ്യത്തുനിന്നും ഇസ്രയേലിലേക്കു വന്നുകൊണ്ടിരുന്ന ക്രൈസ്തവ തീർഥാടകരെ കൊള്ളയടിക്കാനും ആക്രമിക്കാനും തുടങ്ങി. കുരിശുയുദ്ധങ്ങൾ ആരംഭിച്ചതിന്റെ പശ്ചാത്തലം ഇതാണ്.
അധോഗതിയിലേക്ക്
1099ലെ കുരിശുയുദ്ധം വിജയിച്ചെങ്കിലും നൂറു വർഷത്തിലേറെ കുരിശുയുദ്ധക്കാരുടെ രാജ്യം നിലനിന്നില്ല. 1291ൽ സന്പൂർണമായ ഇസ്ലാം ആധിപത്യത്തിന് ഇസ്രയേൽ വിധേയമായി. 1250 മുതൽ 1517 വരെ മാമെല്യൂക് കാലഘട്ടമായാണ് ചരിത്രം അടയാളപ്പെടുത്തുന്നത്.
ഡമാസ്കസിന്റെ വിദൂരപ്രവിശ്യയായിരുന്നു പാലസ്തീന. നാട് സാന്പത്തികമായി അധഃപതിക്കുകയും ഇസ്രയേൽ അനാകർഷകമായി മാറുകയും ചെയ്തു. 1492 മുതൽ യൂറോപ്പിൽനിന്നു ബഹിഷ്കൃതരായ യഹൂദർ ഇസ്രയേലിലേക്കു കുടിയേറുകയുണ്ടായി.
യഹൂദ പണ്ഡിതരും ക്രൈസ്തവ തീർഥാടകരും മാത്രമാണ് ഇസ്രയേലിലേക്കു പോകാൻ ആഗ്രഹിച്ചിരുന്നത്. 1517 മുതൽ 1918 വരെ ഓട്ടോമൻ തുർക്കിയുടെ ഭാഗമായി ഇസ്രയേൽ. നാട് എല്ലാവിധത്തിലും അധോഗതിയിലേക്കു കൂപ്പുകുത്തിയ കാലമായിരുന്നു അത്. കൃഷി തകർന്നു. പകർച്ചവ്യാധികൾ വ്യാപകമായി.
അറബികളുടെ പിടിവാശി
യഹൂദ പുനരധിവാസം വൻതോതിൽ ആരംഭിക്കുന്നത് 1848ലാണ്. അക്കൊല്ലം ആദ്യത്തെ യൂറോപ്യൻ യഹൂദകോളനിയും 1878ൽ ആദ്യത്തെ കാർഷിക കോളനിയും രൂപംകൊണ്ടു. 1882 മുതൽ ലോകമെങ്ങുംനിന്നു യഹൂദർ ഇസ്രയേലിൽ ഭൂമി വാങ്ങി താമസമാക്കി.
1909ൽ ടെൽ അവീവ് നഗരം സ്ഥാപിതമായി. തുർക്കിയെ തോല്പിച്ച ബ്രിട്ടൻ 1917 മുതൽ 1948 വരെ ഇസ്രയേൽ ഭരിച്ചു. യഹൂദരല്ലാത്ത ജനങ്ങളുടെ അവകാശങ്ങൾക്കു വിലങ്ങുതടിയാകാതെ യഹൂദർക്കു പാലസ്തീനായിൽ ഒരു ദേശീയ മാതൃഭൂമി സ്ഥാപിക്കാനുള്ള ബ്രിട്ടീഷ് പദ്ധതി 1917ൽ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ബാൽഫർ വ്യക്തമാക്കി.
ഇതാണ് ബാൽഫർ പ്രഖ്യാപനം എന്നറിയപ്പെടുന്നത്. പാലസ്തീനായുടെ ഭാഗമായ ട്രാൻസ് ജോർദാൻ ബ്രിട്ടീഷുകാർ ജോർഡാൻ രാജ്യമാക്കി മാറ്റി. 1937ലും 1947ലും പാലസ്തീന യഹൂദർക്കും അറബികൾക്കുമായി വിഭജിക്കാമെന്ന നിർദേശമുണ്ടായി. എന്നാൽ, ഐക്യരാഷ്ട്രസഭയുടെ 1947ലെ തീരുമാനവും അറബികൾ എതിർത്തു.
യഹൂദർക്കു രാജ്യം അനുവദിക്കില്ല എന്നതായിരുന്നു അറബികളുടെ നിലപാട്. 1948 മേയ് 14ന് യഹൂദർ ഇസ്രയേൽ രാജ്യം സ്ഥാപിച്ചു. പിറ്റേന്ന് ബ്രിട്ടീഷുകാർ രാജ്യംവിടുകയും ചെയ്തു. തുടർന്നുള്ള ചരിത്രം രക്തച്ചൊരിച്ചിലിന്റേതാണ്. മണ്ണിനുവേണ്ടിയുള്ള ചോരചിന്തൽ!
ഇസ്രയേലിന്റെ അവകാശം
ചരിത്രം പരിശോധിക്കുന്പോൾ, യഹൂദർക്ക് ഇസ്രയേൽ നാട്ടിലുള്ള അവകാശം അംഗീകരിക്കേണ്ടിവരും. ബൈബിളിലെ വിവരങ്ങൾ മാറ്റിനിർത്തിയാൽത്തന്നെ സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ബന്ധമാണ് യഹൂദരും ഇസ്രയേലും തമ്മിലുള്ളതെന്ന് പുരാവസ്തു ഗവേഷണങ്ങളും പുരാതന ലിഖിതങ്ങളും നിർമിതികളും നാണയങ്ങളും തെളിയിക്കുന്നു.
അധിനിവേശ ശക്തികൾ നാടുകടത്തിയതുകൊണ്ട് ഇരകളുടെ അവകാശം ഇല്ലാതാകുന്നില്ല. മാത്രമല്ല ഒരുകാലത്തും യഹൂദരുടെ സാന്നിധ്യം പാലസ്തീനായിൽ ഇല്ലാതിരുന്നിട്ടുമില്ല. ഇസ്രയേൽക്കാർ കുടിയേറ്റക്കാരാണെങ്കിൽ പലസ്തീനികളും അങ്ങനെതന്നെ.
ഇസ്രയേലിന്റെ ആദ്യകാല ശത്രുക്കളായിരുന്ന ഫിലിസ്ത്യർ ഏജിയൻ ദ്വീപുകളിൽനിന്നു കുടിയേറിയ സമുദ്രജനതയാണെന്നാണു പണ്ഡിതമതം (സീ പിപ്പിൾ). ഇസ്രയേലിന്റെ മേൽ ക്രൈസ്തവർ അവകാശം ഉന്നയിച്ചിട്ടില്ല. അവിടെ ജീവിക്കുന്ന ക്രൈസ്തവർക്കു മതസ്വാതന്ത്ര്യം വേണം, തീർഥാടകർക്കു സഞ്ചരിക്കാനുള്ള സൗകര്യമുണ്ടാകണം.
ഇത്രയുമേ അവർക്കു വേണ്ടൂ. ഇസ്ലാം ഏഴാം നൂറ്റാണ്ടിലാണ് പാലസ്തീനായിൽ എത്തുന്നത്. അവിടെയുള്ള മുസ്ലിംകളുടെ അവകാശവും സംരക്ഷിക്കപ്പെടണം. ചരിത്രത്തിൽ വന്നുപോയിട്ടുള്ള കൊടുംപാതകങ്ങൾക്കു പരിഹാരമുണ്ടാകണം. അതു കൂടുതൽ ക്രൂരത ചെയ്തുകൊണ്ടാകരുത്.
ജെറി ജോർജ്, ബോൺ