ഇനി ചെണ്ടയിലാണ് മോഹിനിയാട്ടം!
Sunday, October 22, 2023 1:24 AM IST
ചെണ്ട പൂർണമായും ഒരു കേരളീയ സംഗീത ഉപകരണമാണ്. മറ്റൊരു സംസ്ഥാനത്തും ചെണ്ട കൊട്ടില്ല. ഇതു മലയാളികളുടെ പ്രത്യേക പൈതൃകം! ഒരു പക്ഷേ, ഈ ലോകത്തുതന്നെ ഇത്ര ദൂരെ കേൾക്കുന്ന മറ്റൊരു സംഗീത സാമഗ്രിയുമില്ല!
പ്രതിഭാശാലികൾ അങ്ങനെയാണ്. അവർ ഒാരോ ദിനവും പുതുമകൾ തേടി പൊയ്ക്കൊണ്ടേയിരിക്കും. കലാമണ്ഡലം ഷീബ കൃഷ്ണകുമാറും ആ യാത്രയിലാണ്. ചെറുപ്പം മുതൽ മോഹിനിയാട്ടമായിരുന്നു ഹരം. ഒടുവിൽ തിരക്കുള്ള നർത്തകിയായി വളർന്നു. നിരവധി വേദികളെ മോഹിപ്പിച്ച നൃത്തച്ചുവടുകൾ.
ആ പ്രതിഭയ്ക്കുള്ള അംഗീകാരമായി കഴിഞ്ഞ ജൂലൈയിൽ കേരള സംഗീത നാടക അക്കാദമി പുരസ്കാരവും തേടിയെത്തി. ഇപ്പോൾ മറ്റൊരു കന്പത്തിനു പിന്നാലെയാണ് ഷീബ. ചെണ്ടയുടെ താളവും പെരുക്കവുമാണ് ഈ നർത്തകിയെ ഹരംകൊള്ളിക്കുന്നത്. കലാമണ്ഡലം ഷീബ പറയുന്നു:
ചെണ്ടയിലേക്ക് ചുവട്
നൃത്തോപാസനയ്ക്കൊപ്പം പുതിയൊരു മോഹം. നൃത്തം ശരീരത്തിന്റെ ഭാഷയാണെങ്കിൽ, ചെണ്ടയിൽ ശബ്ദത്തിന്റെ ഭാഷയാണ്. നാലഞ്ചു വർഷം ഡോക്ടറൽ ബിരുദത്തിനുള്ള ഗവേഷണത്തിലായിരുന്നു. "മോഹിനിയാട്ടത്തിലെ സ്ത്രീ- ഒരു സാംസ്കാരിക പഠനം' എന്നതായിരുന്നു വിഷയം.
തിരക്കൊഴിഞ്ഞപ്പോൾ, മനസിനെ തളച്ചിടാൻ ഇനിയൊന്നുമില്ലല്ലോയെന്ന വേവലാതി അലട്ടി. മികച്ച നർത്തകിക്കുള്ള സംസ്ഥാന പുരസ്കാരംകൂടി സ്വീകരിച്ചുവന്നതോടെ പ്രയത്നം തുടരാൻ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു ഉള്ളുനിറയെ. അങ്ങനെയാണ് പുതിയൊരു പരീക്ഷണത്തിലേക്കു ചുവടുവച്ചത്.
എന്തുകൊണ്ടു ചെണ്ട?
കേരളത്തിൽ ഇടയ്ക്ക മുതൽ ഇലത്താളം വരെ വാദ്യോപകരണങ്ങൾ പലതുമുണ്ടെങ്കിലും, അതിൽ ഏറ്റവും പ്രശസ്തനും ജനകീയനും ചെണ്ടയാണ്. മാത്രവുമല്ല, ചെണ്ട പൂർണമായും ഒരു കേരളീയ സംഗീത ഉപകരണമാണ്. മറ്റൊരു സംസ്ഥാനത്തും ചെണ്ട കൊട്ടില്ല.
ഇതു മലയാളികളുടെ പ്രത്യേക പൈതൃകം! ഒരു പക്ഷേ, ഈ ലോകത്തുതന്നെ ഇത്ര ദൂരെ കേൾക്കുന്ന മറ്റൊരു സംഗീത സാമഗ്രിയുമില്ല! പൂരങ്ങൾക്കും പരമ്പരാഗത ആഘോഷങ്ങൾക്കും മാത്രമല്ല, ജാഥകൾക്കും ലോട്ടറി വില്പനയ്ക്കും വരെ ഇന്നു ചെണ്ടമേളം അകന്പടി വേണം. പതിനെട്ടു വാദ്യങ്ങളും ചെണ്ടയ്ക്കു താഴെ എന്ന ചൊല്ലിൽ എല്ലാമുണ്ട്.
താനേയെത്തുന്ന പ്രണയം
മോഹിനിയാട്ടമാണ് എന്റെ കലാപശ്ചാത്തലം, പക്ഷേ, അതിനു ചെണ്ട വേണ്ട. മൃദംഗം, മദ്ദളം, ഇടയ്ക്ക, വീണ, കുഴിത്താളം, ഓടക്കുഴൽ മുതലായവയുടെ വാദനമാണ് മോഹനിയാട്ടത്തിലുള്ളത്. എന്നാൽ, കണ്ടും കേട്ടും ചെണ്ടയോടുള്ള പ്രിയം പണ്ടേയുണ്ട്.
അസുരവാദ്യമായതിനാൽ എല്ലാ ശാസ്ത്രീയ അവതരണങ്ങളിലും ചെണ്ട ഉൾപ്പെടുത്തിയിട്ടില്ല. പക്ഷേ, സമൂഹമേളങ്ങളിൽ ചെണ്ട നിർബന്ധം. പാണ്ടിമേളവും പഞ്ചാരിമേളവും ചെണ്ടകൊണ്ടുള്ള മായാജാലമല്ലേ! സ്വാഭാവികമായും ചെണ്ടകൊട്ട് താനെയെത്തുന്നൊരു പ്രണയമാണ്.
നിരന്തര പരിശീലനം
ചെറുപ്പം മുതൽ പരിശീലനം ആവശ്യമായൊരു കലാരൂപമാണ് ചെണ്ടവാദനം. പ്രാഥമികമായ ചില നിർദേശങ്ങൾ നൽകാനേ ഗുരുവിനു കഴിയൂ. നിരന്തരമായ പരിശീലനത്തിലൂടെ ചെണ്ടവാദനം അഭ്യസിക്കണം. അതിനാൽ ഏറെ സമയവും പരിശീലനത്തിനു ചെലവഴിക്കണം.
ആൺ-പെൺ വ്യത്യാസമില്ല
ചെണ്ടയുടെ ഭാരം ചുമക്കേണ്ടതുണ്ട് എന്ന ന്യൂനത ഒഴിച്ചാൽ, ചെണ്ടകൊട്ടിൽ ആൺ-പെൺ വ്യത്യാസമില്ല. ഈ മേളകല ആണിനും പെണ്ണിനും ഒരുപോലെ വഴങ്ങും. ഔദ്യോഗിക പരിവേഷമുള്ള സമൂഹമേളങ്ങളിലും നിബന്ധനകളുള്ള ഇടങ്ങളിലും സ്ത്രീകളെ ഇതുവരെ പ്രവേശിപ്പിച്ചിട്ടില്ലെങ്കിലും വരുംകാലങ്ങളിൽ അതു സാധ്യമാകും എന്നു തന്നെയാണ് പ്രതീക്ഷ.
പുളിമുട്ടിയിൽ കൊട്ടിയില്ല
സാധകത്തന്റെ ''തക്കിട്ട, തരികിട''യിൽ തുടങ്ങുന്ന പാഠക്കൈകൾ പുളിമുട്ടിയിൽ കൊട്ടിയാണ് ഏറ്റവും പുതിയവരുടെ ചെണ്ടവാദന പരിശീലനം തുടങ്ങുന്നത്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ മോഹിനിയാട്ടത്തിന്റെ ''താ തൈ തൈ താ'' എന്ന സാധകം ഒത്തിരി കൊട്ടിയതിനാലും അതിനൊത്തു ചുവടുകൾ വച്ച് ഈ നില വരെ എത്തിയതിനാലും പുളിമുട്ടിക്കു പകരം നേരിട്ടു ചെണ്ടയുടെ പ്രതലത്തില് കൈയും കോലും ഉപയോഗിച്ചാണ് പരിശീലനം തുടങ്ങിയത്. തായമ്പകയിൽ ഈയിടെ അരങ്ങേറ്റം നടത്തിയ രണ്ടു യുവ കലാകാരന്മാരുടെ സഹായത്താലാണ് അഭ്യസനം.
മുതിർന്നൊരു ഗുരുവിന്റെ സാന്നിധ്യമില്ലാത്ത പഠനം ബുദ്ധിമുട്ടാണെങ്കിലും കൊട്ടുരീതി, താളക്രമം, പഠന സമ്പ്രദായം, അവതരണ ശൈലി മുതലായവയെല്ലാം വീട്ടിലെത്താറുള്ള തായമ്പകക്കാരുടെ കൂടെനിന്നു കൊട്ടി പഠിക്കുന്നുണ്ട്.
ഇപ്പോൾ തായമ്പകയുടെ താളപ്പെരുക്കം വരെയായി. വ്യക്തിഗത വാദന മികവുകൾ പ്രകടിപ്പിക്കാൻ ഏറ്റവും അനുയോജ്യ മേളമാണ് തായമ്പക. താമസിയാതെ തായമ്പകയിൽ അരങ്ങേറാൻ കഴിയുമെന്നു കരുതുന്നു.
ഒപ്പമുണ്ട്, കുടുംബം
എന്റെ പുതിയ കന്പത്തിനൊപ്പം കുടുംബമുണ്ട്. തലശേരിയിലെ തിരുവങ്ങാട്ടാണ് താമസം. ഭർത്താവ് കൃഷ്ണകുമാറിന്റെ ഉദ്യോഗവുമായി ബന്ധപ്പെട്ടാണ് തലശേരിയിലെത്തിയത്.
തൃശൂർ ജില്ലയിൽ വടക്കാഞ്ചേരിക്കടുത്തുള്ള വരവൂർ എന്ന ഗ്രാമത്തിൽ ജനിച്ചു. നൃത്തപ്രണയം തിരിച്ചറിഞ്ഞ പിതാവ് കൂടുതൽ പഠിക്കാനായി കേരള കലാമണ്ഡലത്തിൽ ചേർത്തു. പിഎച്ച്ഡിക്കു മുന്പുതന്നെ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദമെടുത്തു. ജന്മനാടിന് അടുത്തുതന്നെയുള്ള മച്ചാടിലാണ് ഭർത്തൃഗൃഹം. മക്കളായ പ്രണവും പ്രവീണും വിദ്യാർഥികൾ.