ബ്രിട്ടീഷ്-അമേരിക്കന്‍ സംഗീതജ്ഞയാണെങ്കിലും അനൗഷ്ക ശങ്കര്‍ എന്നു കേട്ടാല്‍ നമ്മുടെ സ്വന്തം എന്ന തോന്നലാണുണ്ടാവുക. സിത്താര്‍ ഇതിഹാസം പണ്ഡിറ്റ് രവിശങ്കറിന്റെ മകള്‍. ക്ലാസിക്കലും കണ്ടംപററിയും ഇലക്ട്രോണിക്കും അക്കൗസ്റ്റിക്കുമടക്കം വിവിധ ധാരകളിലൂടെയുള്ള സിത്താര്‍ സഞ്ചാരം.. എഴുത്തുകാരിയും അഭിനേത്രിയുമായി ഭാവപ്പകര്‍ച്ചകള്‍... ഒട്ടേറെ അപൂര്‍വതകള്‍ സ്വന്തം.. അനുഷ്കയെന്ന അനൗഷ്ക ഹേമാംഗിനി ശങ്കറിന്റെ ജന്മദിനമാണിന്ന്...
എന്റെ സംഗീതത്തിന് ആളുകളിലേക്ക് ഒഴുകിയെത്താനുള്ള കഴിവുണ്ടാകണമെന്ന് ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്നു. അതില്‍ ഞാന്‍ ഏറ്റവും സത്യസന്ധയായിരിക്കണം, ആ സംഗീതത്തില്‍ എന്നെത്തന്നെ ഉള്‍പ്പെടുത്തുകയും വേണം- അനൗഷ്ക ശങ്കര്‍.
സംഗീതത്തിന് ആത്മീയവും വൈകാരികവുമായ തലമുണ്ടെന്നു തെളിയിക്കുന്നുണ്ട് തന്റെ സിത്താര്‍ തന്ത്രികളിലൂടെ അനൗഷ്ക. മിക്കപ്പോഴും അവര്‍ സംഗീതത്തില്‍ സ്വയം അലിയിച്ചുചേര്‍ക്കുന്നു. കേള്‍വിക്കാര്‍ അതു മനസിലാക്കുന്നുവെന്നു തിരിച്ചറിയുമ്പോള്‍ സന്തോഷിക്കുകയും ചെയ്യുന്നു.
''എല്ലായ്പ്പോഴും കലയിലൂടെ നമ്മള് ആവിഷ്കരിക്കുന്നത് കേള്‍വിക്കാര്‍ക്ക് അതേപടി കിട്ടണമെന്നില്ല. അതിനിടയില്‍ അദൃശ്യമായ ചില കാര്യങ്ങളുണ്ട്. എന്റെ സംഗീതത്തില്‍ ഞാന്‍ പെട്ടെന്ന് വികാരംകൊള്ളുന്നവളും ദുര്ബലയുമാണെന്നു തിരിച്ചറിയുന്നുണ്ട്. കേള്‍വിക്കാര്‍ക്ക് അതില്‍ സ്വന്തം വികാരങ്ങളെ ചേര്‍ത്തുവയ്ക്കാം. ഉപകരണസംഗീതത്തിന് അങ്ങനെയൊരു പ്രത്യേകതയുണ്ട്. അതില്‍ മുഴുകുമ്പോള്‍ ശ്രോതാക്കള്‍ക്കു ശക്തമായൊരു വൈകാരികബന്ധമുണ്ടാകുകയാണ്'- അനൗഷ്ക പറയുന്നു.
ഇവര്‍ പറയുന്നത് എന്തോ വലിയ കാര്യങ്ങളാണല്ലോ എന്ന തെറ്റിദ്ധാരണയൊന്നും വേണ്ട. ആ സംഗീതം കേട്ടാല്‍ ഇതില്‍പ്പറഞ്ഞ വൈകാരിക ബന്ധം ഉടലെടുക്കുന്നത് സ്വയം തിരിച്ചറിയാം. ലാന്‍ഡ് ഓഫ് ഗോള്‍ഡ് എന്ന ആല്‍ബത്തിലെ ക്രോസിംഗ് ദ റൂബികോണ്‍ കേട്ടുനോക്കുക. അഭയാര്‍ഥികളുടെ യാതനകളാണ് പ്രമേയം. അതിജീവനയാത്രയില്‍ കേള്വിക്കാര്ക്കുകൂടി ഒപ്പംനടക്കാനാവും.
പ്രതിഭകള്‍ക്കൊപ്പം
സിത്താര്‍ മാന്ത്രികന് പണ്ഡിറ്റ് രവിശങ്കറിന്റെയും സുകന്യയുടെയും മകളായി 1981 ജൂണ്‍ ഒമ്പതിന് ലണ്ടനിലാണ് അനൗഷ്കയുടെ ജനനം. ഇന്ത്യയിലും വിദേശത്തുമായി ബാല്യം. കൗമാരം കലിഫോര്‍ണിയയിലായിരുന്നു. അക്കാലത്താണ് സംഗീതം കൂട്ടാകുന്നത്. പിതാവിന്റെ ശിഷ്യനായ ഗൗരവ് മജുംദാറിനു കീഴില്‍ എട്ടാം വയസില്‍ സിത്താര്‍ പഠിച്ചുതുടങ്ങി.
രണ്ടു കൊല്ലം കഴിഞ്ഞതോടെ രവിശങ്കറിന്റെ കച്ചേരികള്‍ക്കു തംബുരുശ്രുതിയുമായി ചേര്‍ന്നു. അദ്ദേഹത്തിന്റെ എഴുപത്തഞ്ചാം ജന്മദിനാഘോഷത്തിന് 1995 ഫെബ്രുവരിയില്‍ ഡല്‍ഹിയിലെ സിരി ഫോര്‍ട്ടില്‍ അനൗഷ്കയുടെ ആദ്യ സിത്താര്‍ കച്ചേരി അരങ്ങേറി. പതിമൂന്നാം വയസിലെ ആ കച്ചേരിക്കു തബലയില്‍ ഒപ്പമുണ്ടായിരുന്നത് ഉസ്താദ് സാക്കിര്‍ ഹുസൈന്!
പിറ്റേക്കൊല്ലം മുതല്‍ പിതാവിനൊപ്പം ലോകമെമ്പാടുമുള്ള കച്ചേരികളില്‍ വായിച്ചുതുടങ്ങി. ജോര്‍ജ് ഹാരിസണ്‍ നിര്‍മിച്ചു പുറത്തിറക്കിയ രവിശങ്കറിന്റെ വിഖ്യാത ആല്‍ബങ്ങളിലൊന്നായ ചാന്റ്സ് ഓഫ് ഇന്ത്യയ്ക്കുവേണ്ടി സഹായിയായി ചേരുമ്പോള്‍ അനൗഷ്കയ്ക്കു പതിനഞ്ചു വയസ്. തുടര്‍ന്നങ്ങോട്ട് ആ പ്രതിഭ പടിപടിയായി വളര്‍ന്നു. ആല്‍ബങ്ങളും ലൈവ് പ്രോഗ്രാമുകളും വന്നുകൊണ്ടിരുന്നു.
മഹാസംഗീതജ്ഞര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് മികച്ച അനുഭവമായി അനൗഷ്ക കരുതുന്നു.
ആരാണ് ഏറ്റവും പ്രിയപ്പെട്ട കൂട്ടാളിയെന്ന ചോദ്യത്തിന് അവരുടെ ഉത്തരം ഇങ്ങനെ:
ഒരാളെ മാത്രമായി എടുത്തുപറയാനാവില്ല. പല സംഗീതധാരകളിലുള്ള, തലമുറകളിലുള്ള വ്യക്തികളുടെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. ഇപ്പോള്‍ വ്യത്യസ്തമായ സംഗീതവഴികളിലൂടെ നടക്കുന്ന പുതുതലമുറക്കാരുമായും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. സംഗീതത്തോട് എനിക്കുള്ള അതേ പാഷന് മനസില്‍ സൂക്ഷിക്കുന്നവര്‍ക്കൊപ്പം ചേരാനാണ് ഇഷ്ടം. ചിലപ്പോള്‍ അവര്‍ മുഖ്യധാരാ സംഗീതജ്ഞരാവണമെന്നു പോലും ഇല്ല.
പിതാവിന്റെ നിഴല്‍
മഹാസംഗീതജ്ഞനായ പിതാവിന്റെ മകളായി രംഗത്തുവന്നത് സമ്മര്ദമുണ്ടാക്കിയിട്ടുണ്ടോ എന്നു ചോദിച്ചു ഒരിക്കല്‍ അനൗഷ്കയോട്. മറുപടി ഇങ്ങനെയായിരുന്നു:
എന്റെ ജീവിതകാലം മുഴുവന്‍ ഞാനിതു ശീലിച്ചതാണ്. കരിയറിന്റെ തുടക്കകാലത്ത് അത്തരമൊരു സമ്മര്‍ദം ഉണ്ടായിരുന്നിരിക്കണം. പിന്നീടതു പൂര്‍ണമായും മാറി. നമ്മളതിനെ എങ്ങനെ നോക്കിക്കാണുന്നു എന്നതാണ് കാര്യം. സമ്മര്‍ദം ഉണ്ടാവാം, പക്ഷേ, അതൊരനുഗ്രഹംകൂടിയാണ്. കൂടുതല്‍ പഠിക്കാനുള്ള അസുലഭമായ അവസരമാണ്. സംഗീതത്തിലെ എന്റെ ലക്ഷ്യങ്ങള്‍ ഉറപ്പിക്കാനും അവയിലെത്താനും എനിക്കതു സഹായമായിരുന്നു. അതിന്റെയെല്ലാം കേന്ദ്രം അദ്ദേഹമായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ അദ്ദേഹത്തിന്റെ നിഴലിലായി എന്നു തോന്നിയിട്ടില്ല. അഥവാ ഉണ്ടെങ്കില്‍ത്തന്നെ ഞാനതു വിട്ടുകളയുമായിരുന്നു.
ഇന്ത്യയില്‍
തിരക്കുകള്‍ക്കിടയില്‍ വളരെ അപൂര്‍വമായി ഇന്ത്യ സന്ദര്‍ശിക്കാനുള്ള അവസരങ്ങള്‍ കിട്ടുന്നത് വലിയ ആഘോഷമാണ് അനൗഷ്കയ്ക്ക്. സ്വന്തം വീട്ടിലേക്കു മടങ്ങിവരുന്ന അനുഭവം.
ഇവിടത്തെ ചില പട്ടണങ്ങള്‍ എന്നില്‍ ആഹ്ലാദം നിറയ്ക്കും. എന്റെ ബന്ധുക്കള്‍ ഇന്ത്യയിലുണ്ട്- അച്ഛന്റെയും അമ്മയുടെയും കുടുംബക്കാര്. അമ്മയുടെ വീട്ടുകാരുമായി അല്പം കൂടുതല്‍ അടുപ്പമുണ്ട്- അനൗഷ്ക പറയുന്നു.
ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സ് ഷീല്‍ഡ്, ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ വിമന്‍സ് ഡേ അവാര്‍ഡ്, ഗ്രാമി നോമിനേഷനുകള്‍, റോയല്‍ അക്കാഡമി ഓഫ് മ്യൂസിക് ഓണററി മെംബര്‍ഷിപ് തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ അനൗഷ്കയ്ക്കു ലഭിച്ചിട്ടുണ്ട്. സംഗീതത്തിലൂടെയും എഴുത്ത്, അഭിനയം, സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെയും അവര്‍ തിരികെത്തരുന്ന സമ്മാനങ്ങള്‍ക്കും അതേ മൂല്യമുണ്ട്. രണ്ട് ആണ്മക്കള്ക്കൊപ്പം ലണ്ടനിലാണ് താമസം.
ഹരിപ്രസാദ്