ആരുമാരും അന്യരല്ല ആരുമാർക്കും അന്യരല്ല
Sunday, June 10, 2018 3:17 AM IST
കുടുംബബന്ധങ്ങൾ ചില്ലുകൊട്ടാരംപോലെയാണ്. അവ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യപ്പെടേണ്ടവയുമാണ്. ബന്ധങ്ങളിൽ പുലർത്തേണ്ട പക്വതയും വിവേകവും ഉത്തരവാദിത്വപ്പെട്ടവർ പുലർത്താതെ പോയാൽ ബഹുനിലകെട്ടിടത്തിന്റെ അടിത്തറ നിലംപതിക്കുന്പോൾ മുകളിലത്തെ നിലകൾ താഴെവീണ് തവിടുപൊടിയാകുംപോലെ ബന്ധങ്ങൾ ഒന്നിനുപിറകേ മറ്റൊന്നായി തകർന്നടിയും.
കുടുംബബന്ധങ്ങളെ സംബന്ധിച്ച് യാതൊരാളും അതപ്പനായാലും അമ്മയായാലും സഹോദരങ്ങളായാലും, തിരസ്കരിക്കപ്പെടേണ്ടവരല്ല, സ്വീകരിക്കപ്പെടണ്ടവരും അംഗീകരിക്കപ്പെടേണ്ടവരുമാണ്. കുടുംബബന്ധങ്ങൾ അർത്ഥപൂർണ്ണമാകാൻ അന്യരെന്ന് കുടുംബത്തിനുള്ളിലെ ആരെക്കുറിച്ചും ചിന്തിക്കാതെ സ്വന്തമെന്ന് ചിന്തിക്കുക; അതിനനുസരിച്ച് അർഹമായ കരുതൽ ഓരോരുത്തർക്കും നൽകുക.
കഴിഞ്ഞ ദിവസം പൊതുപ്രവർത്തകനും എനിക്ക് സുപരിചിതനുമായ ഒരാളുടെ വീട് സന്ദർശിക്കാൻ എനിക്കിടയായി. അദ്ദേഹത്തിന്റെ ക്ഷണം മാനിച്ച് അദ്ദേഹത്തിനും കുടുംബത്തിനുമൊപ്പം അത്താഴം കഴിക്കാൻ വേണ്ടിക്കൂടിയാണ് ഞാനന്നവിടെ പോയത്. അദ്ദേഹവും ഭാര്യയും ഭാര്യയുടെ അമ്മയും മക്കൾ രണ്ടുപേരും മൂത്തവന്റെ ഭാര്യയും കുട്ടിയും അന്നവിടെ ഉണ്ടായിരുന്നു. വളരെ കുറച്ച് സമയം മാത്രം ചെലവഴിച്ച് തിരിച്ചുപോരാമെന്ന് കരുതിയാണ് ഞാനന്നവിടെ പോയതെങ്കിലും ഏതാണ്ട് രണ്ടു മണിക്കൂർ അന്ന് ഞാനവിടെ ചെലവഴിച്ചു. അതിന് മുഖ്യമായ കാരണം ആ വീട്ടിലെ അംഗങ്ങൾ അന്യോന്യം പുലർത്തിയ ബന്ധത്തിന്റെ ഉൗഷ്മളത തന്നെയായിരുന്നു. മകന്റെ കുഞ്ഞിനോടും ഭാര്യാമാതാവിനോടും ആ കുടുംബനാഥൻ പ്രകടമാക്കിയ കരുതലും സ്നേഹവും എന്റെ മനസിനെ വല്ലാതെ സ്വാധീനിച്ചു.
ഞാൻ തിരിച്ച് പോരുന്നതിന് മുന്പ് കുടുംബാംഗങ്ങളോടൊപ്പം പ്രാർഥനയ്ക്കായി നിന്നപ്പോൾ ഭാര്യാ മാതാവിനെ ആ വീട്ടുകാരൻ കരുതലോടെ താങ്ങിപ്പിടിച്ച് അവിടെ കൊണ്ടുവന്ന് നിർത്തിയ രംഗം ഇപ്പോഴും എന്റെ മനസിൽ പച്ചപിടിച്ച് നിൽപ്പുണ്ട്.
സിറിയക് കോട്ടയിൽ