ജപ്തിനോട്ടീസും കാത്ത് ഒരു പൂത്ത പണക്കാരൻ
Sunday, June 17, 2018 3:38 AM IST
ആധാരം പണയംവച്ചാണ് മകളെ കെട്ടിക്കാൻ ബാങ്കിൽനിന്ന് അയാൾ ലോണെടുത്തത്. വീടും വീടിരിക്കുന്ന മുപ്പതു സെന്റ് സ്ഥലവുമാണ് സ്വന്തമെന്നു പറയാൻ അയാൾക്കുള്ളത്. മാത്തുക്കുട്ടി എന്ന അയാൾ ഭാര്യ ലില്ലിക്കുട്ടിക്കും മൂന്ന് മക്കൾക്കുമൊപ്പമാണ് ആ കൂനാച്ചിപ്പുരയിൽ കഴിയുന്നത്. മൂത്ത മകളെ തിരുവല്ലയിൽ സ്ഥിരതാമസമാക്കിയ കുന്നിക്കാട്ടിൽ സ്കറിയായുടെ മകൻ സാജനാണ് വിവാഹം ചെയ്തത്. ആ പെണ്ണിനെ കെട്ടിച്ച വകയിലാണ് രണ്ടു ലക്ഷത്തോളം വരുന്ന തുക അയാൾക്ക് ബാധ്യതയുള്ളത്.
മാത്തുക്കുട്ടി ബ്രോക്കറാണ്. എന്തിന്റെ ബ്രോക്കറെന്നു ചോദിച്ചാൽ ഭൂമിക്കുമേലുള്ള എന്തിന്റെയും. കാര്യം നടക്കാൻവേണ്ടി പൊടിപ്പും തൊങ്ങലുംവച്ച് ഇടപാടുകാരോട് സംസാരിക്കുന്ന കാര്യത്തിൽ മാത്തുക്കുട്ടിക്ക് യാതൊരു മടിയുമില്ല എന്നതിനാലും ആ വഴിക്ക് പലരും കബളിപ്പിക്കപ്പെട്ടിട്ടുള്ളതിനാലും അത്തരക്കാരിൽനിന്ന് വേണ്ടുവോളം പ്രഹരം അയാൾക്ക് കിട്ടിയിട്ടുണ്ട് എന്നത് പച്ചപ്പരമാർഥമാണ്.
സാധാരണ ബ്രോക്കർമാരൊക്കെ മദ്യപാനികളാണെന്നാണ് പൊതുജനാഭിപ്രായം (ഞാനങ്ങനെ കരുതുന്നില്ല). എന്തായാലും മാത്തുക്കുട്ടിയെ സന്ധ്യകഴിഞ്ഞ് കാണുന്നവരൊക്കെ മുന്പു പറഞ്ഞ പൊതുജനാഭിപ്രായം ഇയാളെ സംബന്ധിച്ചും ശരിയാണെന്ന് സമ്മതിക്കും. മാത്തുക്കുട്ടി വരവ് നോക്കാതെ ചെലവ് ചെയ്യുന്ന മഹാനാണ്. പെണ്ണിനെ കെട്ടിച്ച വകയിൽ ബാങ്കുകാരോട് മാത്രമല്ല ഇയാൾക്ക് ബാധ്യതയുള്ളത്; മറ്റു പലരോടുമുണ്ട്.
വിവാഹസദ്യക്ക് എത്തിയത് എഴുനൂറിൽപ്പരം ആളുകളാണ്. ഭക്ഷണം ക്രമീകരിച്ചിരുന്നതോ എണ്ണൂറ്റിഅന്പതു പേർക്ക്. ഇതുപോലൊരു വിവാഹസദ്യ അടുത്തയിടയെങ്ങും ഉണ്ടായിട്ടില്ലെന്നാണ് സദ്യക്കെത്തിയ പലരും പറഞ്ഞ് അറിയാൻ കഴിഞ്ഞത്. മൂക്കുമുട്ടെ കഴിച്ചവരൊക്കെ പറഞ്ഞത് മാത്തുക്കുട്ടിയുടെ കൈവശം പൂത്ത പണമുണ്ടെന്നാണ്. ഇതു കേട്ടിട്ട് അയാളുടെ ഭാര്യ ലില്ലിക്കുട്ടി പ്രതികരിച്ചത്, താമസിയാതെ മക്കളുമായി തെരുവിലേക്കിറങ്ങേണ്ടിവരുമെന്നാണ്. ബാങ്കിൽനിന്ന് ഏതു നിമിഷവും എത്താവുന്ന ജപ്തി നോട്ടീസും പ്രതീക്ഷിച്ചാണ് ആ അമ്മയും മക്കളും ഓരോ ദിവസവും ഇന്നെണ്ണി നീക്കുന്നത്.
മാത്തുക്കുട്ടിയെപ്പോലെ വകതിരിവില്ലാത്ത ചില കുടുംബനാഥന്മാർമൂലം നമ്മുടെ നാട്ടിൽ കൂട്ട ആത്മഹത്യകളുടെയും കുടുംബ ആത്മഹത്യകളുടെയും എണ്ണം അടിക്കടി കൂടുന്നുണ്ടെന്നുള്ളത് സത്യമാണ്. നാട്ടുകാരുടെ പ്രീതിയേക്കാൾ ഇത്തരക്കാർ ആഗ്രഹിക്കേണ്ടത് ജീവിതപങ്കാളിയുടെയും സ്വന്തം ചോരയിൽ പിറന്ന മക്കളുടെയും സന്തോഷവും സുസ്ഥിതിയുമാകണം.
സാന്പത്തിക കാര്യങ്ങളെ സംബന്ധിച്ച് അച്ചടക്കം പാലിക്കാൻ കഴിയാത്തവർ കാര്യവിചാരമില്ലാതെ വല്യസംഖ്യകൾ കടമായി എടുക്കുന്പോൾ അത് അടഞ്ഞുപോകുമെന്നോ സർക്കാർ അവ എഴുതിത്തള്ളുമെന്നോ ഒക്കെ മൂഢമായി ചിന്തിച്ചിട്ട് കാര്യമുണ്ടോ? കടം എടുക്കുന്പോൾ നേരാംവണ്ണം തിരിച്ചടവ് നടത്തുന്നതിനുള്ള വഴികൂടി കണ്ടെത്തേണ്ടതല്ലേ? അപ്രകാരം ഉത്തരവാദിത്തപ്പെട്ടവർ ചെയ്യാതെ വന്നാൽ അതിന്റെ ദുരന്തഫലം അനുഭവിക്കേണ്ടി വരുന്നത് എത്ര തലമുറകളിലെ അംഗങ്ങളായിരിക്കും.
നാടോടുന്പോൾ നടുവേ ഓടണം എന്ന വിചാരം മക്കളുടെ വിവാഹാഘോഷങ്ങളെ സംബന്ധിച്ച് മൗഢ്യമാണെന്നാണ് എന്റെ പക്ഷം. മുഴുപട്ടിണിക്കാരനും അർദ്ധ പട്ടിണിക്കാരനും മക്കളുടെ കല്യാണത്തോടനുബന്ധിച്ച് ലക്ഷങ്ങൾ കടം വാങ്ങി നാട്ടുകാർക്ക് ഫൈവ് സ്റ്റാർ ഭക്ഷണം കൊടുക്കേണ്ടതുണ്ടോ? പതിനായിരക്കണക്കിന് രൂപ ചെലവാക്കി ഷൂട്ടിംഗ് സ്റ്റൈലിൽ ഫോട്ടോയും വീഡിയോയുമൊക്കെ എടുക്കേണ്ടതുണ്ടോ? ഇക്കാര്യങ്ങളെ സംബന്ധിച്ച് വീണ്ടുവിചാരം പല മാതാപിതാക്കൾക്കും ഉണ്ടാകേണ്ടിയിരിക്കുന്നു എന്നാണ് എന്റെ അഭിപ്രായം.
സിറിയക് കോട്ടയിൽ