ഈസി ഫോൺ സ്റ്റാർ അഥവാ കുട്ടികളുടെ മൊബൈൽ ഫോൺ!
Monday, November 26, 2018 12:44 PM IST
ന്യൂഡൽഹി: കുട്ടികൾക്കുള്ള മൊബൈൽ ഫോണുമായി ഇന്ത്യൻ കന്പനി. ഈസി ഫോൺ സ്റ്റാർ എന്നു പേരിട്ടിരിക്കുന്ന ഫോൺ, എനോവസ് എന്റർപ്രൈസസ് ആണ് പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് കുട്ടികളെ ലക്ഷ്യമിട്ടു മൊബൈൽ ഫോൺ പുറത്തിറക്കുന്നത്.
സേവ് ചെയ്തിരിക്കുന്ന നന്പറുകളിലേക്കു മാത്രമേ ഈസി ഫോൺ സ്റ്റാറിൽനിന്നു വിളിക്കാനാകൂ. സേവ് ചെയ്യാത്ത നന്പറുകളിൽനിന്നുള്ള ഇൻകമിംഗ് കോളുകളും ഫോണിൽ വിലക്കിയിട്ടുണ്ട്. അപരിചിതരുടെ ഇടപെടൽ ഒഴിവാക്കാനാണ് ഈ ക്രമീകരണം.
ജിപിഎസ് സംവിധാനമുള്ളതിനാൽ കുട്ടികളുടെ ലൊക്കേഷൻ കണ്ടെത്താനുമാകും. എന്നാൽ, ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയില്ല. അവശ്യഘട്ടങ്ങളിൽ ഫോണിൽനിന്ന് എസ്ഒഎസ് കോളുകൾ വിളിക്കാനുമാകും. കുട്ടികളുടെ മാതാപിതാക്കൾക്കും കന്പനിയുടെ ഒൗദ്യോഗിക പ്രതിനിധികൾക്കും മാത്രമേ ഫോണിന്റെ സെറ്റിംഗ് മാറ്റാൻ കഴിയൂ എന്ന പ്രത്യേകതയും ഇതിനുണ്ട്.
നിശ്ചിത സമയത്തു പഠിക്കാനും ഉറങ്ങാനുമൊക്കെയുള്ള നിർദേശങ്ങൾ കുട്ടികൾക്കു നൽകാനായി ഷെഡ്യൂളുകളും അലാമുകളും മാതാപിതാക്കൾക്കു ഫോണിൽ സെറ്റ് ചെയ്തു വയ്ക്കാം. 3,490 രൂപയാണ് വില