വാട്സ്ആപ്പിനു വില്ലനാകുമോ ബിറ്റ്ചാറ്റ്
Friday, July 11, 2025 11:15 AM IST
ബ്ലൂടൂത്ത് അധിഷ്ഠിത മെസേജിംഗ് ആപ്ലിക്കേഷന്‍ പുറത്തിറക്കി ട്വിറ്റര്‍ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സി. ബിറ്റ്ചാറ്റ് എന്നു പേരുള്ള ഈ ആപ്പ് ഇന്റര്‍നെറ്റ് കണക്ഷനില്ലാതെയാണ് പ്രവര്‍ത്തിക്കുക.
ബ്ലൂടൂത്ത് ലോ എനര്‍ജി മെഷ് നെറ്റ്വര്ക്കുകള് ഉപയോഗിച്ചാണ് ഈ ആപ്പിന്റെ പ്രവര്‍ത്തനം. നമ്മള് അയക്കുന്ന ഒരു സന്ദേശം അടുത്തുള്ള ഉപകരണങ്ങളിലെ ബ്ലൂടൂത്ത് നെറ്റ് വര്‍ക്കിലൂടെ സഞ്ചരിച്ചാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്.
നമ്മള് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെങ്കിലും അടുത്തുള്ള ഏതെങ്കിലും ബ്ലൂടൂത്ത് ഉപകരണം മതി കണക്ടിവിറ്റി നിലനിര്‍ത്താന്‍. ഇന്റര്‍നെറ്റ്, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ അക്കൗണ്ട് തുടങ്ങിയ കാര്യങ്ങള്‍ ആപ്പിനു പ്രവര്‍ത്തിക്കാന്‍ ആവശ്യമില്ല.
ബിറ്റ് ചാറ്റിന് 300 മീറ്റര്‍ വരെ സന്ദേശങ്ങള്‍ റിലേ ചെയ്യാനാവുമെന്നാണ് ഡോര്‍സി പറയുന്നത്. സന്ദേശങ്ങള്‍ സെര്‍വറുകളില്‍ ശേഖരിക്കുന്നതിന് പകരം ഫോണുകളില്‍ തന്നെയാണ് സൂക്ഷിക്കുക. അത് പിന്നീട് സ്വയം നീക്കംചെയ്യപ്പെടുകയും ചെയ്യും.
ഇന്റര്‍നെറ്റുമായി ബന്ധമില്ലാത്തതിനാല്‍ ഉപഭോക്താക്കള്‍ക്ക് ബിറ്റ്ചാറ്റ് കൂടുതല്‍ സ്വകാര്യത നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിന് പുറമെ മെസേജുകള്‍ എന്‍ക്രിപ്റ്റ് ചെയ്യപ്പെടും.
എന്നാല്‍ തൊട്ടരികില്‍ ബ്ലൂടൂത്ത് കണക്ടിവിറ്റിയ്ക്ക് സഹായിക്കുന്ന ഉപകരണങ്ങളൊന്നുമില്ലെങ്കില്‍ ബിറ്റ് ചാറ്റില്‍ സന്ദേശം അയക്കാനാവില്ല. ഇങ്ങനെ അയക്കുന്ന സന്ദേശങ്ങള്‍ സൂക്ഷിച്ച് വച്ച് പിന്നീട് കണക്ടിവിറ്റി സാധ്യമാകുമ്പോള്‍ അയയ്ക്കുന്ന രീതിയാണ് ബിറ്റ് ചാറ്റ് പിന്തുടരുന്നത്.
അതിനാല്‍ വാട്സ്ആപ്പിനോ ടെലിഗ്രാമിനോ നേരിട്ട് ഒരു ബദലായി മാറാന്‍ ഇതിന് കഴിഞ്ഞിട്ടില്ല. നിലവില്‍ ബിറ്റ്ചാറ്റ് ആപ്പ് ആപ്പിളിന്റെ ടെസ്റ്റ്ഫ്ലൈറ്റ് വഴി ബീറ്റയില്‍ ലഭ്യമാണ്.
ബീറ്റാ വേര്‍ഷന്‍ ലോഞ്ച് ചെയ്ത ഉടന്‍ ബിറ്റ്ചാറ്റ് 10,000 ഉപയോക്താക്കള്‍ പരീക്ഷിച്ചു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ അതിന്റെ ഓപ്പണ്‍ സോഴ്സ് കോഡ് ഉടന്‍ ഗിറ്റ്ഹബ്ബില്‍ റിലീസ് ചെയ്യും.