ഗ്രൂപ്പ് കോളില്‍ കിടിലന്‍ ഫീച്ചറുമായി വാട്സ്ആപ്
Monday, August 18, 2025 4:16 PM IST
ഗ്രൂപ്പ് കോള്‍ ഫീച്ചറില്‍ കിടുക്കന്‍ അപ്ഡേറ്റുമായി വാട്സ്ആപ്. ഉപയോക്താക്കള്‍ക്ക് ഗ്രൂപ്പ് കോള്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. കോള്‍ തുടങ്ങുന്നതിന് മുമ്പ് വാട്സ്ആപ് എല്ലാവര്ക്കും ഓര്‍മിപ്പിച്ചുകൊണ്ടുള്ള നോട്ടിഫിക്കഷന്‍ അയയ്ക്കുകയും ചെയ്യും.
ജോലി സംബന്ധമായതോ അല്ലെങ്കില്‍ സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനോ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്ത് ഒരേസമയം നിരവധി പേരെ ഗ്രൂപ്പ് കോളിനായി ക്ഷണിക്കാം. ഇന്‍വൈറ്റ് ലിങ്കിലൂടെയും ആളുകളെ ചേര്‍ക്കാം.
ലിങ്കിലൂടെ ആരെങ്കിലും പുതുതായി ജോയിന്‍ ചെയ്യുമ്പോള്‍ കോള്‍ ക്രിയേറ്റേഴ്സിന് അലേര്‍ട്ടുകളും ലഭിക്കും. എല്ലാ കോളുകളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനിലൂടെ സുരക്ഷിതമാണ്.
കൂടാതെ കോളുകളില്‍ പുതുതായി ഇന്‍-കോള്‍ ഇന്ററാക്ഷന് ടൂളുകള്‍ ലഭ്യമാണ്. ഇമോജികള്‍ ഉപയോഗിച്ച് സംസാരിക്കാനോ സന്ദേശങ്ങള്‍ കൈമാറുന്നതിനോ ഇതിലൂടെ സാധിക്കും.
ഗ്രൂപ്പ് കോള്‍ എങ്ങനെ ചെയ്യാം
വാട്സ്ആപിലെ കോള്‍സ് ടാബിലുള്ള കോള്‍ ഐക്കണില്‍ ടാപ്പ് ചെയ്ത് നിങ്ങള്‍ക്ക് വിളിക്കേണ്ട കോണ്ടാക്റ്റ് അല്ലെങ്കില്‍ ഗ്രൂപ്പ് തെരഞ്ഞെടുക്കുക. കോള്‍ ഉടന്‍ ആരംഭിക്കുന്നതിന് പകരം, ഷെഡ്യൂള്‍ കോള്‍ ഓപ്ഷന് തെരഞ്ഞെടുക്കുക.
ഇവിടെ തീയതിയും സമയവും സെറ്റ് ചെയ്യുക. വീഡിയോ കോളാണോ ഓഡിയോ കോളാണോ വേണ്ടതെന്ന കാര്യം തെരഞ്ഞെടുത്ത് പച്ച ബട്ടണ്‍ ടാപ്പ് ചെയ്യുക. ഷെഡ്യൂള്‍ ചെയ്ത കോള്‍ നിങ്ങളുടെ കോള്‍ ലിസ്റ്റില്‍ കാണാന്‍ കഴിയും.