കേരളത്തിന്റെ സുന്ദരിക്കുട്ടി
Monday, December 10, 2018 4:34 PM IST
പറവൂര്‍ വൈക്കുളങ്ങരയിലുള്ള സരോജ്‌സദനില്‍ എത്തിയപ്പോള്‍ പ്രതിഭ സായി കോളജില്‍ നിന്ന് എത്തിയതേയുള്ളൂ. നീല ജീന്‍സും വെളുത്ത ടീഷര്‍ട്ടും അണിഞ്ഞ് മലയാളത്തിന്റെ സൗന്ദര്യറാണി നിറപുഞ്ചിരിയോടെ സ്വീകരിച്ചു. സ്വീകരണമുറി നിറയെ പ്രതിഭയ്ക്കു കിട്ടിയ പുരസ്‌കാരങ്ങള്‍. അഴകും ആത്മവിശ്വാസവും ചിന്താശേഷിയും മാറ്റുരച്ച മത്സരവേദിയില്‍ 21 മത്സരാര്‍ഥികളെ പിന്തള്ളി മിസ് കേരളയായി തെരഞ്ഞെടുക്കപ്പെട്ട പ്രതിഭ സായിയുടെ വിശേഷങ്ങളിലേക്ക്...
അറിഞ്ഞത് ഒാഡീഷനു തലേന്ന്
മിസ് കേരള മത്സരത്തിന്റെ ഒഡീഷനെക്കുറിച്ച് അറിയുന്നത് തലേന്നാണ്, അതായത് ഓഗസ്റ്റ് എട്ടിന്. അന്ന് ഞാന്‍ പനിപിടിച്ച് വീട്ടില്‍ ഇരിക്കുകയാണ്. ലെ മെറിഡിയനില്‍ മിസ് കേരള മത്സരത്തിന്റെ ഒാഡീഷന്‍ നടക്കുന്നുണ്ടെന്ന് അമ്മയാണ് പറഞ്ഞത്. എന്നാല്‍ വെറുതെയൊന്ന് അപേക്ഷിച്ചേക്കാമെന്നു കരുതി. അങ്ങനെ ലാസ്റ്റ് മിനിറ്റിലാണ് അപ്ലേ ചെയ്തത്. പ്രളയത്തിന്റെ സമയത്തായിരുന്നു ഒാഡീഷന്‍. ഒാഡീഷന്‍ കഴിഞ്ഞെങ്കിലും പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല.
ഇത് എന്റെ ആദ്യ റാംപ്
ഒക്‌ടോബര്‍ ഒമ്പതു മുതല്‍ 15 വരെ ലെ മെറിഡിയന്‍ ഹോട്ടലിലായിരുന്നു ഗ്രൂമിംഗ്. 16ന് ആയിരുന്നു മത്സരം. റാംപിലൂടെ നടക്കുന്നത് ആദ്യമായിട്ടായിരുന്നു. പിന്നെ ഹൈ ഹീല്‍ഡ് ചെരുപ്പ് ഉപയോഗിക്കുന്നതും മിസ് കേരള മത്സരത്തിന് എത്തിയപ്പോഴാണ്.
എന്റെ ജീവിതത്തിലെ വളരെ വലിയൊരു എക്‌സ്പീരിയന്‍സ് ആയിരുന്നു മിസ് കേരള മത്സരം. കടുത്ത മത്സരം തന്നെയായിരുന്നു എന്നുവേണം പറയാന്‍. ഞാന്‍ ഓവര്‍ എക്‌സൈറ്റഡ് ആയിരുന്നില്ല. രണ്ടാഴ്ചത്തെ വെക്കേഷനു പോകുന്നുവെന്ന് അമ്മയോടു പറഞ്ഞിച്ചാണ് ഞാന്‍ മത്സരത്തിനു പോയത്. അതുകൊണ്ടുതന്നെ ടെന്‍ഷന്‍ കുറവായിരുന്നു.
കലോത്സവങ്ങളുടെ പിന്‍ബലം
എല്‍കെജി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ ഞാന്‍ എല്ലാ മത്സരങ്ങളിലും പങ്കെടുക്കുമായിരുന്നു. ഭരതനാട്യം, മോഹിനിയാട്ടം. കുച്ചുപ്പുടി, കേരളനടനം എന്നീ ഇനങ്ങളില്‍ സംസ്ഥാനതല മത്സരങ്ങളിലൊക്കെ വിജയിയായിട്ടുണ്ട്. എല്‍കെജി മുതല്‍ ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചിരുന്നു. ഉദ്യോഗമണ്ഡല്‍ ശശി, കലാമണ്ഡലം സത്യഭാമ എന്നിവരാണ് ഗുരക്കള്‍. ആ ഒരു പിന്‍ബലം മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷേ ഇവിടെ ആ അനുഭവത്തിനു പ്രസക്തിയില്ല. നൃത്തം ചെയ്യുമ്പോള്‍ നാം വേറൊരു ക്യാരക്ടര്‍ ആയിട്ടാണ് സ്റ്റേജില്‍ നില്‍ക്കുന്നത്. പക്ഷേ ഇവിടെ നാം നമ്മളാകണം. ഗ്രൂമിംഗ് സെഷന്‍ അതിനു സഹായിച്ചു.
കടുത്ത മത്സരം
22 മത്സരാര്‍ഥികളില്‍ ഏറെപ്പേരും പ്രഫഷനലുകളായിരുന്നു. ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും ഫാഷന്‍ ഡിസൈനര്‍മാരും ബാങ്കുദ്യോഗസ്ഥരുമൊക്കെ ഉണ്ടായിരുന്നു. മുമ്പ് വിവിധ സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുത്തവരാണ് പലരും. അവര്‍ക്കിടയില്‍ ഞാന്‍ ആത്മവിശ്വാസത്തോടെയാണ് ചുവടുവച്ചത്. മിസ് കേരളയ്‌ക്കൊപ്പം മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍ ടൈറ്റിലും എനിക്കു ലഭിച്ചു.
മാറ്റുരച്ചത് അറിവും ആവിശ്വാസവും
അഴകിനൊപ്പം അറിവും ആത്മവിശ്വാസവും മാറ്റുരച്ച വേദിയായിരുന്നു. മൂന്നാമത്തെ റൗണ്ടില്‍ മത്സരാര്‍ഥികള്‍ക്ക് ഒരേ ചോദ്യം കൊടുക്കും. 45 സെക്കന്‍ഡില്‍ അത് പൂര്‍ത്തിയാക്കണം. സ്ത്രീയുടെ മഹത്വം വിളിച്ചോതുന്ന ആ ചോദ്യത്തിന് സ്ത്രീ ശക്തയാണ്, അവള്‍ ജനിക്കുന്നത് പെണ്ണായി, മരിക്കുന്നത് ദൈവമായി. ഒരു നാണയത്തിന് രണ്ടു വശങ്ങള്‍ ഉള്ളതുപോലെ ഭാവിതലമുറയ്ക്ക് അനുഗ്രഹവും സന്ദേശവുമാണ് ഓരോ സ്ത്രീ ജന്മവുമെന്ന് ഞാന്‍ ഉത്തരമെഴുതി.
രാഷ്ട്രീയവും സമകാലിക വിഷയങ്ങളുമെല്ലാം ചോദ്യങ്ങളിലുണ്ടായിരുന്നു. ശബരിമല വിഷയത്തില്‍ തുല്യതയ്‌ക്കൊപ്പമാണോ, പാരമ്പര്യത്തിനൊപ്പമാണോ എന്ന ചോദ്യം ഉണ്ടായി. പാരമ്പര്യത്തിന്റെ പവിത്രതയെ ബഹുമാനിച്ചുകൊണ്ടു തുല്യതയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്നായിരുന്നു എന്റെ ഉത്തരം.
ഞാന്‍ പറവൂരിന്റെ കുട്ടിതന്നെ
മിസ് കേരളയാണെങ്കിലും ഞാന്‍ പഴയ പ്രതിഭതന്നെയാണ്(കൊച്ചുകുട്ടിയുടെ നിഷ്‌കളങ്കതയോടെ പ്രതിഭ ചിരിക്കുന്നു). ഫേസ്ബുക്കൊന്നും എനിക്കില്ല. കേരളത്തിന്റെ സുന്ദരിയായതില്‍ സന്തോഷമുണ്ട്. പക്ഷേ ഈ ടൈറ്റില്‍ ഉത്തരവാദിത്വം കൂട്ടിയിരിക്കുകയാണ്. വെള്ളപ്പൊക്കം ഏറെ ബുദ്ധിമുുണ്ടാക്കിയ നാടാണ് ഞങ്ങളുടേത്. എന്റെ വീട്ടിലും വെള്ളം കയറി. ഇത്രയും നാള്‍ ഞാന്‍ നാട്ടുകാരില്‍ ഒരാളായിരുന്നു. ഇനി അങ്ങനെയല്ല. ഇപ്പോള്‍ അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ഉത്തരവാദിത്വം കൂടി ഇന്ന് എന്നിലുണ്ട്. കൈത്തറിയുടെ പ്രമോഷനായി ഞാനുമുണ്ടാകും. ചേന്ദമംഗലം കൈത്തറിക്കായും എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുണ്ട്. റാംപില്‍ ഇത്തവണ കൈത്തറി വസ്ത്രങ്ങള്‍ക്കായിരുന്നു പ്രാധാന്യം. തിളങ്ങുന്ന ഡിസൈനര്‍ വെയറുകളോ ഗൗണുകളോ ഒന്നും ഒരു റൗണ്ടിലും ഉണ്ടായിരുന്നില്ല.

നേവി ഉദ്യോഗസ്ഥയാകണം
പഠനത്തിലാണ് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. കുന്നുകര എംഇഎസ് എന്‍ജിനിയറിംഗ് കോളജില്‍ ബിടെക് രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ്. നേവി ഉദ്യോഗസ്ഥയാകണം. അതാണ് എന്റെ ആഗ്രഹം. സിനിമയില്‍ ഫോക്കസ് ചെയ്യുന്നില്ല. എന്നാല്‍ നല്ല അവസരങ്ങള്‍ വന്നാല്‍ പരിഗണിക്കും.
പേരിലെ സായി
അച്ഛന്‍ സായിബാബയുടെ ഭക്തനാണ് ചുമരില്‍ തൂക്കിയിിരിക്കുന്ന സായിബാബയുടെ ഫോട്ടോയിലേക്ക് നോക്കി പ്രതിഭ പറഞ്ഞു. അതുകൊണ്ട് എനിക്ക് പേരിപ്പോള്‍ സായി എന്നു കൂടി ചേര്‍ത്തു.
ഇഷ്ട വസ്ത്രം
ജീന്‍സും ടി ഷര്‍ുമാണ് എന്റെ ഇഷ്ട വസ്ത്രം. കംഫര്‍ട്ടബിള്‍ ആയ ഏതു വസ്ത്രവും ധരിക്കും.
പാചകം ഇഷ്ടം
എനിക്ക് പാചകം ചെയ്യാന്‍ ഇഷ്ടമാണ് (അമ്മശോഭയെ നോക്കി പ്രതിഭ പറഞ്ഞു). ബിരിയാണി ഉണ്ടാക്കാനറിയാം. പിന്നെ അമ്മയുണ്ടാക്കുന്ന ചോറും മീന്‍കറിയുമാണ് ഇഷ്ടഭക്ഷണം.
കുടുംബവിശേഷങ്ങള്‍
അച്ഛന്‍ പ്രകാശന്‍ നായര്‍ ബിസിനസ് ചെയ്യുന്നു. അമ്മ ശോഭ വീട്ടമ്മാണ്. ചേന്‍ പ്രശോഭ് എന്‍ജിനിയറിംഗ് കഴിഞ്ഞു.
സീമ മോഹന്‍ലാല്‍
ഫോട്ടോ : അഖില്‍ പുരുഷോത്തമന്‍