അറിയാം, പ്രതിരോധിക്കാം താരനെന്ന വില്ലനെ
Monday, May 6, 2019 3:37 PM IST
ഇടതൂര്‍ന്ന്, അഴകാര്‍ന്ന ആരോഗ്യമുള്ള മുടി ആഗ്രഹിക്കുന്ന സ്ത്രീപുരുഷന്മാരുടെ മുഖ്യ ശത്രുവാണ് താരന്. ഈ അവസ്ഥയുടെ പരിണിത ഫലങ്ങളാണ് ചൊറിച്ചില്‍, മുടികൊഴിച്ചില്‍, തലയിലെ വെളുത്ത പാടുകള്‍, വെളുത്ത പൊടികള്‍ തുടങ്ങിയവയെല്ലാം. താരന് കൂടുതലായാല്‍ അത് തലയില്‍ മാത്രമല്ല, പുരികം, കക്ഷം, നെഞ്ച് എന്നിവയിലേക്ക് പടരാനും സാധ്യത കൂടുതലാണ്. ചൊറിച്ചിലിനിടെ മുറിവുണ്ടായാല്‍ അത് അണുബാധയ്ക്കും കാരണമാകും. പലവിധത്തിലുള്ള ശാരീരിക അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നുവെന്ന് മാത്രമല്ല, പലപ്പോഴും ഡിപ്രഷനിലേയ്ക്ക് പോലും ഈ വില്ലന്‍ ആളുകളെ തള്ളിയിടും. എന്നാല്‍ കൃത്യമായ പരിചരണവും ചികിത്സയും ലഭിക്കുകയാണെങ്കില്‍ താരനെ വന്നവഴിക്ക് തിരിച്ചു വിടാമെന്നതാണ് സത്യം.
തലചൊറിച്ചില്‍
താരന്റെ ഏറ്റവും സാധാരണ ലക്ഷണം തലചൊറിച്ചിലാണ്. താരന് ഉണ്ടെങ്കില്‍ പതിവായി തലചൊറിച്ചില്‍ അനുഭവപ്പെടും. താരന്റെ ഭാഗമായി തലയില്‍ കാണപ്പെടുന്ന പാടപോലുള്ള വസ്തുവാണ് ചൊറിച്ചില്‍ ഉണ്ടാക്കുന്നത്. തലയോിയിലെ നിര്ജ്ജീവകോശങ്ങളാണ് ഇവ.
മുടികൊഴിച്ചില്‍
താരന്റെ മറ്റൊരു പ്രധാന ലക്ഷണമാണ് മുടികൊഴിച്ചില്‍. ഏതുതരം താരന് ഉള്ളവര്‍ക്കും മുടികൊഴിച്ചില്‍ ഉണ്ടാകും. ഓരോ ദിവസവും 20 /25 വരെ മുടി പൊഴിയുന്നത് സാധാരണയാണ്. കൊഴിയുന്ന മുടിയുടെ എണ്ണം വര്‍ധിച്ചാല്‍ അത് താരന്റെ ലക്ഷണമാണെന്ന് ഉറപ്പിക്കാം.
വരണ്ട/തിളക്കമില്ലാത്ത മുടി
നിങ്ങളുടെ തലമുടി വരണ്ടതും തിളക്കമില്ലാത്തതുമാണോ? അതെ എന്നാണ് ഉത്തരമെങ്കില്‍, നിങ്ങള്‍ക്ക് താരന് ഉണ്ടായിരിക്കാന്‍ സാധ്യത കൂടുതലാണ്. താരന് തലയോട്ടിയിലെ എണ്ണമയം വലിച്ചെടുത്ത് മുടിയെ വരണ്ടതും തിളക്കമില്ലാത്തതുമാക്കും. നന്നായി ചീകിയാല്‍ പോലും മുടി തിളക്കമില്ലാതെ കാണപ്പെടാം. മാത്രമല്ല ഒതുങ്ങിയിരിക്കുകയുമില്ല.
മുഖക്കുരു
തലയോട്ടിയും തലമുടിയുമായി നേരിട്ട് ബന്ധമില്ലെങ്കിലും താരന് വന്നാല്‍ പെട്ടെന്ന് മുഖക്കുരു ഉണ്ടാകും. താരന് മൂലമുണ്ടാകുന്ന മുഖക്കുരുവിന് ചുവപ്പ് നിറമായിരിക്കും. ഇത്തരം മുഖക്കുരുവില്‍ വേദനയും അനുഭവപ്പെടും. താരന് പൂര്‍ണമായും മാറിയാലേ മുഖക്കുരുവും മാറുകയുള്ളു.
മലബന്ധം
താരന് വിട്ടുമാറാത്ത അവസ്ഥ മലബന്ധത്തിനും മറ്റും കാരണമാകാറുണ്ടെന്ന് ചില പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ യഥാര്‍ഥ കാരണം വിശദീകരിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെങ്കിലും താരനുള്ള നിരവധി ആളുകള്‍ ഈ പ്രശ്നം അഭിമുഖീകരിക്കുന്നുണ്ട്.
താരനുള്ള കാരണങ്ങള്‍
* താരനു പ്രധാന കാരണം മലസ്സീസിയ ഫര്‍ഫര്‍ അഥവാ പിറ്റിറോസ്പോറം ഒവേല്‍ എന്ന ഒരുതരം പൂപ്പലുകള്‍ ആണ്. നിസാരമായി തുടങ്ങി വളരെ പെെട്ടന്ന് ഇവ തലയില്‍ പടരും.
* ചില വിറ്റാമിനുകളുടെ കുറവ്, പ്രത്യേകിച്ച് ബി കോംപ്ലക്സിന്റെ കുറവ് താരനു കാരണമായെന്നു വരാം.
* ചില മരുന്നുകളുടെ പാര്‍ശ്വഫലമായും താരനുണ്ടാകും. കൂടാതെ മദ്യപാനികള്‍, ഹൃദ്രോഗികള്‍, പ്രമേഹരോഗികള്‍, എയ്ഡ്സ് രോഗികള്‍ എന്നിവരില്‍ താരന് കൂടുതലായി കാണപ്പെടുന്നു.
* അമിത ഉത്കണ്ഠ, താളംതെറ്റിയ ആഹാരക്രമം എന്നിവയും താരനെ ക്ഷണിച്ചുവരുത്തുന്നു.
* തലയോട്ടിയിലെ മൃതകോശങ്ങളും താരന് കാരണമാണ്. അതുകൊണ്ട് തല എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.
* ചീപ്പ്, തോര്‍ത്ത് മുതലായവ ശ്രദ്ധയും വൃത്തിയുമില്ലാതെ ഉപയോഗിക്കുന്നതും ഈ പ്രശ്നത്തിന് കാരണമാണ്.
പൊടിക്കൈകള്‍ നിരവധി
താരനെ തുരത്താന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന പല തരത്തിലുള്ള പൊടിക്കൈകളുമുണ്ട്. കൃത്യമായ രീതിയില്‍ അവ ചെയ്തു കഴിഞ്ഞാല്‍ വ്യക്തമായ മാറ്റം അനുഭവിച്ചറിയാന്‍ സാധിക്കും. അവയില്‍ ചിലത് പരിചയപ്പെടാം.
* മുട്ടയുടെ മഞ്ഞക്കരു തലയില്‍ തേച്ചു പിടിപ്പിച്ച ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
* തേങ്ങാപ്പാലില്‍ ചെറുനാരങ്ങാ നീര് ചേര്‍ത്ത് തലയില്‍ പുരി പത്തുമിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക.
* വെളിച്ചെണ്ണയില്‍ പച്ചക്കര്‍പ്പൂരം ഇട്ടു കാച്ചി തലയില്‍ തേച്ചു കുളിക്കുക.
* ചെറുപയര്‍ പൊടി താളിയായി ഉപയോഗിച്ച് കുളിക്കുന്നത് മുടിയിലെ താരന് മാറുന്നതിനും ശരീരകാന്തിക്കും ഗുണപ്രദമാണ്. പയറുപൊടി തൈരില്‍ കലക്കി തലയില്‍ തേച്ചു കുളിക്കുന്നതും ഉത്തമം.
* കടുക് അരച്ച് തലയില്‍ പുരട്ടി കുളിക്കുക.
* ചീവയ്ക്കാ പൊടി തലേദിവസത്തെ കഞ്ഞിവെളളത്തില്‍ കലക്കി തല കഴുകുക.
* പാളയംകോടന് പഴം കുഴമ്പ് പരുവത്തിലാക്കി തലയില്‍ തേച്ചുപിടിപ്പിച്ച് പത്തുമിനിറ്റിന് ശേഷം കുളിക്കുക.
* ഓരിലത്താമര താളിയാക്കി തലയില്‍ തേച്ച് കുളിക്കുക.
* രണ്ടു ടേബിള്‍ സ്പൂണ്‍ ഉലുവ ഒരു കപ്പ് വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. ഒരു രാത്രി മുഴുവനും അല്ലെങ്കില്‍ 12 മണിക്കൂര്‍ വരെ കുതിര്‍ത്ത ശേഷം അരച്ച് പേസ്റ്റ് രൂപത്തിലാക്കണം. ഈ പേസ്റ്റിലേക്ക് ഒരു ടീസ്പൂണ്‍ തേന്‍ കൂടി ചേര്‍ത്ത് തലയില്‍ പുരുക. 20 മിനിറ്റിനുശേഷം കഴുകിക്കളയണം.
* കീഴാര്‍നെല്ലി ചതച്ച് താളിയാക്കി കുളിക്കുന്നതിന് മുമ്പ് ദിവസവും ഉപയോഗിക്കുക. സ്ഥിരമായി ഉപയോഗിച്ചാല്‍ മുടി തഴച്ച് വളരുകയും ചെയ്യും.
* സവാളയോ ചുവന്നുള്ളിയോ വെള്ളം ചേര്‍ക്കാതെ അരച്ച് പിഴിഞ്ഞെടുത്ത് നീര് തലയോട്ടിയിലും മുടിയിലും തേച്ചുപിടിപ്പിക്കുക. 15 മിനിറ്റിനുശേഷം കഴുകിക്കളയണം.
* വെളിച്ചെണ്ണയിലോ തൈരിലോ വേപ്പിന്റെ നീര് ചേര്‍ത്ത് തലയില്‍ തേക്കുക.
* പരമാവധി ശുദ്ധമായ വെള്ളത്തില്‍ തല കഴുകാന്‍ ശ്രദ്ധിക്കുക.
* കാത്സ്യം, പ്രോീന്‍, ഇരുമ്പ് എന്നിവ അടങ്ങിയ പോഷക സമൃദ്ധമായ ഭക്ഷണം ശീലമാക്കുന്നതും കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ കുറയ്ക്കുന്നതും താരനെ ഇല്ലാതാക്കാന്‍ സഹായിക്കും.
ആന്റി ഡാന്‍ഡ്രഫ് ഷാംപൂ
നിരവധി ആന്റി ഡാന്‍ഡ്രഫ് ഷാംപൂകള്‍ വിപണിയില്‍ ലഭ്യമാണ്. വീര്യം കുറഞ്ഞ ഷാംപൂ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. കാരണം ഇത് ചെറിയ ഇടവേളകളില്‍, ആവശ്യമുള്ള പ്പോഴെല്ലാം ഉപയോഗിക്കാനാകും. തലയോിയില് പറ്റിയിരിക്കുന്ന താരന് നീക്കം ചെയ്യാന്‍ ഷാംപൂ സഹായിക്കും. മാത്രമല്ല ഇവ തലമുടിയുടെ തിളക്കവും ഭംഗിയും വീണ്ടെടുക്കുകയും ചെയ്യും.
ബ്യൂട്ടിപാര്‍ലറിലും ചികിത്സ
താരന് ബ്യൂട്ടി പാര്‍ലറുകളിലും ചികിത്സ സുലഭമാണ്. സ്റ്റീമിംഗ്, സ്പാ, ഹോട്ട് ഓയില്‍ മസാജ്, ഓസോണ്‍, ഹെയര്‍ പായ്ക്ക്, പ്രോട്ടീന്‍, ഓയില്‍ തുടങ്ങി പലവിധ ചികിത്സകളും 500 രൂപ വരെ മുടക്കിയാല്‍ ലഭിക്കും.
കീര്‍ത്തി കാര്‍മല്‍ ജേക്കബ്