പരിസ്ഥിതി സൗഹൃദം വര്‍ക്കിയുടെ ഇക്കോ സിസ്റ്റം
Monday, July 22, 2019 3:15 PM IST
കൃഷിയിടങ്ങളുടെ വ്യാപ്തി കുറയുന്നത് കാലാവസ്ഥയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. പ്രകൃതിയില്‍ മനുഷ്യര്‍ നേരിട്ടും അല്ലാതെയും നടത്തുന്ന പരിസ്ഥിതി സൗഹൃദമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടുന്നു. ഇത് നിയന്ത്രിക്കണമെങ്കില്‍ പ്രകൃതിയെയും മണ്ണിനെയും അറിഞ്ഞുള്ള കൃഷി രീതികളും വികസനവും ഉണ്ടാകണമെന്ന് ഓര്‍മപ്പെടുത്തുകയാണ് ചാലക്കുടി പോട്ടയിലുള്ള വര്‍ക്കി വെളിയത്ത്. ഇദ്ദേഹത്തിന്റെ പ്രകൃതിദത്ത ഉദ്യാനമായ കൗതുക പാര്‍ക്ക് കണ്ണിനും കാതിനും ഇമ്പമേകുന്ന ഒറ്റയാള്‍ നിര്‍മിത പാര്‍ക്കാണ്.
ഒരു കൃഷിയിടം എങ്ങനെ ഒരുക്കാമെന്നും പരിസ്ഥിതി സംരക്ഷിച്ച്, ശുദ്ധവായുവിന്റെ അളവെങ്ങനെ വര്‍ധിപ്പിക്കാമെന്നും ഒന്നേകാല്‍ ഏക്കറിലെ പാര്‍ക്ക് കാട്ടിത്തരുന്നു. വിവിധതരം വിളകളും മരങ്ങളും പക്ഷി മൃഗാദികളും മീനുകളുമെല്ലാം പാര്‍ക്കിന്റെ സവിശേഷതകളാണ്. കേരളത്തിന്റെ ഭൂപടം പോലെ നീളത്തിലുള്ള കൃഷിഭൂമിയില്‍ ജാതിയും തെങ്ങും പ്ലാവുമാണ് അധികവും. പരിസ്ഥിതി സൗഹൃദ ഇടപെടലുകളിലൂടെ ഭൂമിക്ക് സുരക്ഷയൊരുക്കുന്നു. അപൂര്‍വ ജനുസുകളി ല്‍പ്പെട്ട സസ്യങ്ങളെയും ജന്തുക്കളെയും വംശനാശത്തില്‍നിന്നു സംരക്ഷിക്കുന്നു.
പ്രകൃതിയില്‍ സൗഹൃദപരമായി ജീവിക്കുന്ന പക്ഷി മൃഗാദികളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഈ ചെറുപ്പക്കാരന്‍ അവയുടെ ജീവിതരീതികള്‍ പഠിക്കാന്‍ തുടങ്ങി. ശാന്തസ്വഭാവക്കാരും ക്രൂരരും പരസ്പരം സൗഹൃദത്തോടെ ജീവിക്കുന്നു. ഇവിടെ വംശനാശം സംഭവിക്കുന്നില്ല. ചെറുതും വലുതുമായ സസ്യങ്ങളും ഒരുമയോടെ വളരുന്നു. ഈ രീതിയിലാണ് പൂര്‍വീകര്‍ കൃഷി ചെയ്തിരുന്നത്. കൃഷിക്കൊപ്പം പക്ഷിമൃഗാദികളെയും വളര്‍ത്തിയിരുന്നു. ഇന്നെല്ലാം വെവ്വേറെയാണ്. പക്ഷിമൃഗാദികളെ കൂടുകളില്‍ ഒതുക്കുന്നു. തുറന്നിട്ട ജീവിത രീതികള്‍ ഒരു കൃഷിയിടത്തിലും കാണാനില്ലെന്ന് ഇദ്ദേഹം പറയുന്നു. ഗള്‍ഫിലെ ജോലിക്കുശേഷം നാട്ടില്‍ തിരിച്ചെത്തി പ്രകൃതിസൗഹൃദ രീതിയില്‍ പക്ഷികളെയും മൃഗങ്ങളെയും വളര്‍ത്താന്‍ തുടങ്ങി. ഓരോ ദിവസവും മനസില്‍ തെളിയുന്ന ആശയങ്ങള്‍ കൃഷിയിടത്തില്‍ ചിട്ടപ്പെടുത്തിയപ്പോള്‍ സ്വന്തക്കാരും നാട്ടുകാരും കളിയാക്കി. എന്നാല്‍ ഇതിലൊന്നും തളരാതെ മൂന്നേറിയ പ്രകൃതിസ്‌നേഹിയായ വര്‍ക്കിയെത്തേടി ലിംകാ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സ് ഉള്‍ പ്പെടെ നിരവധി അംഗീകാരങ്ങ ളെത്തി. ഇന്നീ കൃഷിയിടം നാടി ന്റെ വളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒരു പരിസ്ഥിതി പ്രദേശമായി മാറിക്കഴിഞ്ഞു.

വര്‍ക്കീസ് ഇക്കോ സിസ്റ്റം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പുത്തന്‍ രീതി. വിദേശികളും സ്വദേശികളുമായ പക്ഷികളും മൃഗങ്ങളും സൗമ്യമായി ഒരിടത്തു വസിക്കുന്നു. പറമ്പിലെ കുളങ്ങളിലെല്ലാം കൗതുകം പകരുന്ന വിവിധയിനം മീനുകള്‍, തവളകള്‍. കണ്ണാടിപോലെ തെളിഞ്ഞ വെള്ളത്തിലൂടെ കുളങ്ങളുടെ അടിഭാഗം വരെ കാണാം. രണ്ടു കുളങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതരത്തില്‍ ഒരു ഗുഹയും നിര്‍മിച്ചിട്ടുണ്ട്. ഇതിലൂടെ സഞ്ചരിക്കാനും സാധിക്കും. ചെടികളുടെ വേരുകളും വള്ളികളുമെല്ലാം ആകര്‍ഷകമായ രീതിയില്‍ ക്രമപ്പെടുത്തിയിരിക്കുന്നു. 'എവര്‍ ഷൈന്‍ ബ്യൂട്ടി വ്യൂ' എന്ന പേരില്‍ തുടങ്ങിയ ഈ കൗതുകകേന്ദ്രം ചാലക്കുടി നഗരസഭയുടെ അനുമതിയോടെ കൗതുക പാര്‍ക്കായി 2006 ല്‍ മാറി. എമു, ഗിനിപ്പന്നികള്‍, മുയലുകള്‍, ടര്‍ക്കി, വിവിധതരം കോഴികള്‍, വാത്ത, താറാവുകള്‍, വെള്ളയെലി, പ്രാവുകള്‍ തുടങ്ങി നിരവധി പക്ഷികളും മൃഗങ്ങളും. നരിച്ചീറുകള്‍ക്കായി പ്ര ത്യേക ഗുഹ യും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആരും ആട്ടിയോടിക്കില്ലെന്നും ഭക്ഷണം ലഭിക്കുമെന്നും ഉറപ്പുള്ളതിനെ തുടര്‍ന്ന് ത്തുന്ന അതിഥികളേറെ. മയിലുകള്‍, അണ്ണാന്‍, ചീവീടുകള്‍, വിവിധ ഇനം പക്ഷികള്‍, ശലഭങ്ങള്‍ എന്നിവയെല്ലാം വിരുന്നുകാരായെത്തുന്നു. സീസണ്‍ അനുസരിച്ചെത്തുന്ന പക്ഷി കളെയും ഇവിടെ കാണാം,
സഞ്ചരിക്കുന്ന വൃക്ഷവും മുളയും ഓക്‌സിജന്‍ ചെടിയുമൊക്കെ ഈ കൃഷിഭൂമിക്ക് പ്രത്യേക സൗന്ദര്യം പകര്‍ന്നു നല്‍കുന്നു. നാളികേരവും ജാതിക്കായും ശേഖരിക്കും. പഴവര്‍ഗങ്ങളെല്ലാം പക്ഷികളും ചെറുമൃഗങ്ങളും ഭക്ഷിക്കുന്നു. തുറസായസ്ഥലത്ത് ഓരോന്നും അവരുടേതായ രീതിയില്‍ ഭക്ഷിച്ചു വളരുന്നു. സന്ധ്യയാകുമ്പോള്‍ എല്ലാ പക്ഷിമൃഗാദികളും അവരുടേതായ താവളങ്ങളിലെത്തുന്നു. സന്ദര്‍ശകരോട് ഇണക്കത്തോടെയാണ് ഇവ ഇടപഴകുന്നത്. കുട്ടികള്‍ക്കു മുതല്‍ വൃദ്ധര്‍ക്കുവരെ ഇഷ്ടപ്പെടുന്ന രീതിയില്‍ വിളകളും കുളങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത് വര്‍ക്കി തന്നെയാണ്. കുളങ്ങള്‍ക്കു മുകളില്‍ പാലങ്ങള്‍ തീര്‍ത്തിട്ടുള്ളതിനാല്‍ അതിലൂടെ നടക്കുകയും ചെയ്യാം. ചുറ്റുപാടും നല്ല ചൂടാണെങ്കിലും ഈ പരിസ്ഥിതി സൗഹൃദകൃഷിയിടത്തില്‍ എപ്പോഴും തണുപ്പാണ്.

പഴമയും പുതുമയും നിറഞ്ഞു നില്‍ക്കുന്ന ചെറുകൃഷിയിടത്തില്‍ പഴയകാലത്തെ കാര്‍ഷിക ഉപകരണങ്ങളെയും പരിചയപ്പെടാം. കാളത്തേക്ക് കുട്ട, തേക്കുകുട്ട, കയറ്റുകുട്ട, വേത്തുകുട്ട, ജലചക്രം, നുകം, ചെരുപ്പുമുട്ടി, തിരിക്കല്ല്, ഉപ്പുമരിയ, പറ തുടങ്ങിയ ഉപകരണങ്ങളും മുന്‍ തലമുറക്കാര്‍ ഉപയോഗിച്ചിരുന്ന കുടക്കല്ല്, നന്നങ്ങാടി, ഡോംമെന്‍ തുടങ്ങിയ ശവസംസ്‌കാര രീതികളുടെ മാതൃകകള്‍ വിജ്ഞാനം പകരുന്നവയാണ്. ഒരു ഇക്കോ ഫാമിന്റെ കാര്യങ്ങള്‍ പെട്ടെന്ന് അറിയുവാനും പഠിക്കുവാനും കഴിയുന്ന വിധത്തിലാണ് ഓ രോന്നും ക്രമീകരിച്ചിരിക്കുന്നത്. എല്ലാത്തിനും ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മനസില്‍ വിരിയുന്ന ആശയങ്ങള്‍ എത്ര കഷ്ടപ്പെട്ടായാലും നടപ്പാക്കാന്‍ ശ്രമിക്കുന്ന ഒരു പ്രകൃതി സ്‌നേഹികൂടിയാണ് വര്‍ക്കി.
വേനല്‍ക്കാലത്ത് അന്തരീക്ഷ ഊഷ്മാവ് ക്രമീകരിക്കുന്നതിനായി സ്പ്രിങ്ക്‌ളര്‍ സിസ്റ്റം ഒരുക്കിയിട്ടുണ്ട്. വര്‍ഷകാലത്ത് സന്ദര്‍ശകര്‍ക്ക് നനയാതിരിക്കാന്‍ പ്രത്യേ ക ഷെല്‍ട്ടറുകളും ഈ കൃഷിയിടത്തില്‍ ഒരുക്കിയിട്ടുണ്ട്. ആല്‍മരത്തിന്റെ വേരുകള്‍ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ജീവനുള്ള ഏറുമാടം മറ്റൊരിടത്തും കാണാന്‍ കിട്ടില്ല. സുവോളജി, ബോട്ടണി വിദ്യാര്‍ഥികളോടൊപ്പം കുട്ടികളും മുതിര്‍ന്നവരും കുടുംബസമേതം ഈ ഫാം കാണാനെത്തുന്നുണ്ട്. പരിസ്ഥതി സൗഹൃദ കൃഷിരീതികളെക്കുറിച്ച് പഠിക്കാനും നല്ലത് ഉള്‍ക്കൊള്ളാനും പ്രചോദനമാണ് ഫാം. പ്രകൃതിസൗഹൃദകൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്നവരും ഈ പ്രകൃതിസ്‌നേഹിയുടെ മണ്ണ് കാണാനെത്തുന്നു. ഓരോരുത്തര്‍ക്കും അവര്‍ക്കാവശ്യമായ വിവരങ്ങള്‍ നല്‍കാനും സംശയങ്ങള്‍ക്കു മറുപടി നല്‍കാനും വര്‍ക്കി വെളിയത്ത് എപ്പോഴും തയാറാണ്. ഫോണ്‍: 9446231551
നെല്ലി ചെങ്ങമനാട്