നല്ല പാല്‍, നല്ല ആരോഗ്യം
Thursday, October 31, 2019 5:29 PM IST
അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്ന എല്ലാ പാലും നല്ലതാണെന്നു പറയാന്‍ കഴിയില്ല. മോശമാണെന്നും പറയാന്‍ കഴിയില്ല. ടാങ്കറുകളില്‍ എത്തുന്ന പാലിന്റെ നല്ലൊരു ശതമാനം സംഘടിത മേഖലയിലെ ഡയറി പ്ലാന്റുകളിലേക്കും ബാക്കി സ്വകാര്യ ഡയറി പ്ലാന്റുകളിലേക്കുമാണ് പോകുന്നത്. ഈ പാല്‍ സംസ്‌കരിച്ച് വിപണിയിലെത്തുമ്പോള്‍ ദിവസങ്ങളുടെ പഴക്കമുണ്ടാകാം. ട്രക്കുകളിലും ടെ മ്പോകളിലും എത്തുന്നതില്‍ കൂടുതലും പായ്ക്കറ്റ് പാലാണ്. രാസവസ്തുക്കളാല്‍ നിര്‍മിക്കപ്പെടുന്ന കൃത്രിമപ്പാലിന്റെ സാന്നിധ്യവും തള്ളിക്കളയാനാവില്ല. വിപണിയില്‍ ലഭ്യമായ വിവിധ ബ്രാന്‍ഡുകളില്‍ നിന്ന്, നല്ല പാല്‍ തെരഞ്ഞെടുക്കാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.
1. ഉപയോഗിക്കാന്‍ ഏറ്റവും അനുയോജ്യമായ പാല്‍ ക്ഷീരകര്‍ഷകനില്‍ നിന്ന് നേരിട്ടു വാങ്ങുന്ന പാലാണ്. ഗ്രാമപ്രദേശങ്ങളില്‍ ഇതിനുള്ള സൗകര്യമുണ്ടെങ്കിലും ടൗണുകളില്‍ ഇത്തരം പാല്‍ ലഭിക്കുക അത്ര എളുപ്പമല്ല. ക്ഷീരസഹകരണ സംഘങ്ങളുടെ വരവോടെ ക്ഷീരകര്‍ഷകര്‍ സ്വന്തം ആവശ്യം കഴിഞ്ഞുള്ള പാല്‍ മുഴുവനും ക്ഷീരസഹകരണ സംഘത്തില്‍ അളക്കണമെന്ന വ്യവസ്ഥ വന്നു. ഇതുമൂലം ഗ്രാമപ്രദേശങ്ങളിലും ക്ഷീരകര്‍ഷകനില്‍ നിന്ന് നേരിട്ട് നറുംപാല്‍ കിട്ടുന്നതിനുള്ള അവസരം കുറഞ്ഞിരിക്കുകയാണ്.
2. ക്ഷീരകര്‍ഷകരില്‍ നിന്നു നേരിട്ട് പാല്‍ ലഭിക്കാന്‍ സാഹചര്യമില്ലെങ്കില്‍ ക്ഷീരസഹകരണസംഘത്തിന്റെ പാല്‍ ഉപയോഗിക്കാം. പശുവില്‍പാലില്‍ 3.2 ശതമാനം കൊഴുപ്പും, 8.3 ശതമാനം കൊഴുപ്പിതര ഖരപദാര്‍ഥങ്ങളും അടങ്ങിയിരിക്കണം. ക്ഷീരസഹകരണസംഘങ്ങളില്‍ നിന്നു പാല്‍ വാങ്ങുമ്പോള്‍, ആ പാലിന് ഏറ്റവും കുറഞ്ഞത് മേല്‍പ്പറഞ്ഞ നിലവാരമെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തണം.
3. മുകളില്‍പറഞ്ഞ രണ്ടു രീതികളിലും പാല്‍ ലഭിക്കുന്നില്ലെങ്കില്‍ മാത്രമേ പായ്ക്കറ്റ് പാല്‍ ഉപയോഗിക്കാവൂ. പായ്ക്കറ്റ് പാല്‍ നറുംപാല്‍ അല്ല. സംസ്‌കരണ പ്രക്രിയയ്ക്ക് വിധേയമാക്കിയ പാലാണ്.
4. വാങ്ങുന്ന പാലിന്റെ തനിമ ഉറപ്പുവരുത്തണം. അസാധാരണ നിറമോ മണമോ, രുചിയോ മറ്റു മാലിന്യങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തണം.
5. പായ്ക്കറ്റ് പാലാണ് ഉപയോഗിക്കുന്നതെങ്കില്‍ മാര്‍ക്കറ്റില്‍ വിശ്വാസ്യത തെളിയിച്ച കമ്പികളുടെ പാല്‍ മാത്രം ഉപയോഗിക്കുക.
6. പായ്ക്കറ്റിന്റെ പുറത്ത് നിര്‍മാതാവിന്റെ പേര്, വിലാസം എന്നിവ ഇല്ലാത്ത പാല്‍ വാങ്ങാതിരിക്കുക.
7. പായ്ക്കറ്റിനു പുറത്തുള്ള തീയതി നോക്കി അതാതു ദിവസത്തെ പാല്‍ തന്നെ വാങ്ങാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ യൂസ് ബൈ തീയതിക്കുള്ളില്‍ തന്നെ വാങ്ങണം.
8. വാങ്ങുന്ന പാല്‍ പായ്ക്കറ്റ് നന്നായി തണുപ്പിച്ചതാണെന്ന് ഉറപ്പുവരുത്തണം. സാധാരണ 8ീ സി താഴെയുള്ള ഊഷ്മാവിലാണ് പാല്‍ പായ്ക്കറ്റ് സൂക്ഷിക്കേണ്ടത്. എന്നാല്‍ വൈദ്യുതി ലാഭിക്കുന്നതിനുവേണ്ടി ശീതീകരണ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാതെ, പായ്ക്കറ്റുകളത്രയും ശീതീകരണ യൂണിറ്റിന് വെളിയില്‍ അലക്ഷ്യമായി വെച്ചിരിക്കുന്ന കാഴ്ചയും കാണാവുന്നതാണ്. കഴിവതും ഇത്തരം സ്ഥലങ്ങളില്‍ നിന്ന് പാല്‍ വാങ്ങാതിരിക്കുക.
9. പാല്‍ പായ്ക്കറ്റിനു പുറത്ത് അളവു രേഖപ്പെടുത്തിയിരിക്കും. പായ്ക്കറ്റിനു പുറത്ത് രേഖപ്പെടുത്തിയിരിക്കുന്നത്ര അളവ് പാല്‍തന്നെ പായ്ക്കറ്റിനു ള്ളിലും ഉണ്ടെന്ന് ഉറപ്പു വരുത്തണം.
10. നിലവാരം കുറഞ്ഞ മെറ്റീരിയല്‍ കൊണ്ട് നിര്‍മിച്ച പായ്ക്കറ്റിലുള്ള പാല്‍ പെട്ടെന്നു കേടാകും. പാല്‍ പായ്ക്കറ്റ് ലീക്ക് ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തുക. പാല്‍ പായ്ക്കറ്റുകള്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് സൂക്ഷിച്ചിരിക്കുന്നതെങ്കില്‍ വാങ്ങാതിരിക്കുക.
11. സ്‌കീംമില്‍ക്ക്, ഡബിള്‍ടോണ്‍ഡ് മില്‍ക്ക്, ടോണ്‍ഡ് മില്‍ക്ക്, സ്റ്റാന്റാര്‍ ഡൈസ്ഡ് മില്‍ക്ക്, സ്റ്റെറിലൈസ്ഡ് മില്‍ക്ക് തുടങ്ങിയവയാണ് മാര്‍ക്കറ്റില്‍ ലഭിക്കുന്ന പാലുകള്‍. ആവശ്യത്തിനനുസരിച്ചുള്ള പാല്‍ തെരഞ്ഞെടുക്കുക. ഉദാഹരണത്തിന് കൊഴുപ്പ് വളരെ കുറഞ്ഞ പാല്‍ വേണ്ടവര്‍ക്ക് സ്‌കിം മില്‍ക്കും കൂടുതല്‍ കൊഴുപ്പുള്ള പാല്‍ വേണ്ടവര്‍ക്ക് സ്റ്റാന്റാ ര്‍ഡൈസ്ഡ് മില്‍ക്കും തെരഞ്ഞെടുക്കാം. ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്നു പറഞ്ഞ് ഉപഭോക്താവില്‍ നിന്ന് കൂടുതല്‍ വില ഈടാക്കാനുള്ള ശ്രമങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്.
12. പാല്‍ ഉപയോഗിച്ച് തൈര് ഉണ്ടാക്കവാന്‍ കഴിയുന്നില്ലെങ്കില്‍ പ്രത്യേ കം ശ്രദ്ധിക്കണം. അത്തരം പാലില്‍ ആന്റി ബയോട്ടിക് പോലുള്ളവ ചേര്‍ ത്തിരിക്കുവാന്‍ സാധ്യതയുണ്ട്.
13. ഹോമോജെനൈസ്ഡ് മില്‍ക്ക് എ ന്നത് കൊഴുപ്പു കണികകള്‍ ചെറുതാക്കി ക്രമീകരിച്ചിരിക്കുന്ന പാല്‍ എന്നേ അര്‍ഥമുള്ളു. സ്റ്റോറേജ് സമയത്ത് കൊഴുപ്പ് ഊറിക്കുടി ഫുഡ് അപ്പീല്‍ നശിക്കാതിരിക്കാനാണ് പ്രധാനമായും ഹോമോജെനൈസ് ചെയ്യുന്നത്. ഹോമോജെനൈസ് ചെയ്ത പാലിന് ഏറെ ഗുണങ്ങളുണ്ടെന്ന് ധരിച്ച് വശാകേണ്ടതില്ല.

14. ഫ്രിഡ്ജില്‍ പാല്‍ സൂക്ഷിച്ചിരിക്കുന്ന അറയില്‍തന്നെ പഴങ്ങള്‍, ഇലകള്‍, മത്സ്യം, മാംസം, പൂക്കള്‍ എന്നിവ സൂക്ഷിക്കാതിരിക്കുക. പാല്‍ കേടാകാന്‍ ഇടയുണ്ട്. ഇവയുടെ മണം പാലില്‍ കലരുവാനും സാധ്യതയുണ്ട്.
15. തൈര്, സംഭാരം എന്നിവയുടെ കൂടെ സൂക്ഷിച്ചിട്ടുള്ള പാല്‍ കേടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
16. വീട്ടില്‍ റഫ്രിജറേറ്റര്‍ ഇല്ലാത്ത സാധാരണക്കാര്‍, പാല്‍ പായ്ക്കറ്റ് വെള്ളത്തില്‍ ഇട്ട് സൂക്ഷിക്കാറുണ്ട്. വെള്ളത്തിന്റെ ചൂട് 22 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരിക്കും. ഇത് പായ്ക്കറ്റിനകത്തെ പാലിന്റെ താപം ഉയരുവാന്‍ ഇടയാക്കും. ഉ യര്‍ന്ന താപനിലയില്‍ അണുക്കള്‍ വളരുകയും പാല്‍ കേടാകുകയും ചെയ്യും.
17. വേണ്ടത്ര ഫ്രീസിംഗ് സൗകര്യമില്ലാതെ സൂക്ഷിച്ച തൈര് വല്ലാതെ പുളിയ്ക്കുകയും പായ്ക്കറ്റ് ചിലപ്പോള്‍ ബലൂണ്‍പോലെ വീര്‍ക്കുകയും ചെയ്യും. ഇത്തരം തൈര് ശരീരത്തിനു ദോഷം ചെയ്യുമെന്നതിനാല്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
18. റഫ്രിജറേറ്റര്‍, ഫ്രീസര്‍ തുടങ്ങിയവ കഴുകുവാന്‍ രൂക്ഷഗന്ധമുള്ള ലായനി ഉപയോഗിച്ചതിനു ശേഷമാണ് പാല്‍ സൂക്ഷിക്കുന്നതെങ്കില്‍, പാലില്‍ ഈ ലായനിയുടെ മണമുണ്ടാകാന്‍ സാധ്യതയുണ്ട്.
19. സുതാര്യമായ പായ്ക്കറ്റില്‍ നിറച്ച പാലിനേക്കാള്‍ നല്ലത് വെള്ള നിറത്തിലോ ക്രീം നിറത്തിലോ ഉള്ള പായ്ക്കറ്റില്‍ നിറച്ച പാലാണ്.
20. പാല്‍ പായ്ക്കറ്റുകള്‍ എത്തിയാലുടന്‍ കൂളറില്‍ ലോഡ് ചെയ്യുവാന്‍ പല വിതരണക്കാരും ശ്രദ്ധിക്കാറില്ല. വില്പനയ്ക്കു ശേഷം ബാക്കി വരുന്ന പായ്ക്കറ്റുകള്‍ മാത്രമേ കൂളറില്‍ ലോഡു ചെയ്യാറുള്ളു. ഇത് പാല്‍, തൈര് തുടങ്ങിയവയുടെ സൂക്ഷിപ്പ് ഗുണമേന്മയെ വളരെയധികം ദോഷകരമായി ബാധിക്കും. കാര്യങ്ങള്‍ നേരായ രീതിയില്‍ ചെയ്യുന്ന ഏജ ന്റിന്റെ പക്കല്‍ നിന്നും മാത്രം പാല്‍, തൈര് തുടങ്ങിയവ വാങ്ങാന്‍ ശ്രദ്ധിക്കണം.
21. വലിയ അളവില്‍ പാല്‍ ഉപയോഗിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അല്പം പാല്‍ (ഏകദേശം 20 മില്ലി) ചെറിയ പാത്രത്തില്‍ എടുത്ത് തിളപ്പിച്ചു നോക്കി പിരിയുന്നില്ലെന്ന് ഉറപ്പു വരുത്തിയതിനുശേഷം മാത്രം മറ്റു വിഭവങ്ങളില്‍ ചേര്‍ക്കുക.
22. ആവശ്യത്തിനു മാത്രമുള്ള പാല്‍ വാങ്ങുക. കൂടുതല്‍ വാങ്ങി സ്റ്റോക്ക് ചെയ്യുന്നത് പാല്‍ കേടാകാനിടയാക്കും.
23. വീട്ടു പടിക്കല്‍ പാല്‍ എത്തിച്ചു തരുന്ന സ്വകാര്യ പാല്‍ കച്ചവടക്കാരില്‍ നിന്നും പാല്‍ വാങ്ങുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം. കൃത്യമായ ഇടവേളകളില്‍ ഇത്തരം പാലിന്റെ സാമ്പിള്‍ എടുത്ത് ക്ഷീരവികസനവകുപ്പിന്റെ ജില്ലാ ഡയറി ലാബില്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പു വരുത്തുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
മോഹനന്‍ പി.
മുന്‍ പ്രിന്‍സിപ്പല്‍
ഡയറി ട്രെനിംഗ് സെന്റര്‍, കോഴിക്കോട്, ഫോണ്‍: -97440 75991