എയർടെലും ഐസിഐസിഐയും കോർപറേറ്റ് ഏജൻസി കരാറിൽ
Tuesday, November 5, 2019 3:30 PM IST
തൃശൂർ: ഇൻഷ്വറൻസ് കന്പനിയായ ഐസിഐസിഐ പ്രുഡൻഷലും എയർടെൽ പേമെന്റ് ബാങ്കും തമ്മിൽ കോർപറേറ്റ് ഏജൻസി കരാർ ഒപ്പുവച്ചു. എയർടെൽ പേമെന്റ് ബാങ്ക് ഇടപാടുകാർക്കു ലൈഫ് ഇൻഷ്വറൻസ് ഉത്പന്നങ്ങളും സന്പാദ്യപദ്ധതികളും ലഭ്യമാക്കാനാണ് കരാർ.
എയർടെൽ പേമെന്റ് ബാങ്കിന് ഇന്ത്യയിൽ അറുപതിനായിരത്തിലേറെ ബാങ്കിംഗ് പോയിന്റുകൾ ഉണ്ട്. ഇൻഷ്വർ ചെയ്യപ്പെടാത്ത ദശലക്ഷക്കണക്കിന് ആളുകൾക്കു ബാങ്കിംഗ് പോയിന്റുകളിലൂടെ ഇൻഷ്വറൻസ് ഉത്പന്നങ്ങൾ ലഭ്യമാക്കും.
സുരക്ഷാപ്ലാനായ ഐസിഐസിഐ പ്രൂഐ പ്രൊട്ടക്ട് സ്മാർട്ടും സേവിംഗ്സ് പ്ലാനായ അൻമോൽ ബചതും ആണ് എയർടെൽ ബാങ്കിംഗ് പോയിന്റുകൾ വഴി ആദ്യം ലഭിക്കുക. സന്പാദ്യത്തിന്റെയും സംരക്ഷണത്തിന്റെയും ആനുകൂല്യമുള്ള മൈക്രോ ഇൻഷ്വറൻസ് ഉല്പന്നമാണ് ഐസിഐസിഐ അൻമോൽ ബചത്. ടേം ഇൻഷ്വറൻസ് ഉത്പന്നമാണ് ഐസിഐസിഐ പ്രൂ ഐ പ്രൊട്ടക്ട്.
എയർടെൽ പേമെന്റ് ബാങ്കിന്റെ ഇടപാടുകാരുടെ കുടുംബങ്ങൾക്കു സാന്പത്തിക സുരക്ഷയാണ് ഐസിഐസിഐ പ്രുഡൻഷൽ ലക്ഷ്യമിടുന്നതെന്നു കന്പനി മാനജിംഗ് ഡയറക്ടറും സിഇഒയുമായ എൻ.എസ്. കണ്ണൻ പറഞ്ഞു.